എംഎല്‍എയുടെ സമരം നാടകമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളവുമായി രംഗത്തു വരികയായിരുന്നു.
ദളിത് വിഭാഗക്കാരിയായ എംഎല്‍എ ഗീതാ ഗോപി സമരമിരുന്നയിടത്ത് ചാണകവെള്ളം തളിച്ച് ‘ശുദ്ധി’ വരുത്തി യൂത്ത് കോണ്‍ഗ്രസ്. നാട്ടിക എംഎല്‍എയായ ഗീതാ ഗോപിയാണ് ഇന്ന് ചേര്‍പ്പ് സിവില്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. അപകടാവസ്ഥയിലായിട്ടും റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എംഎല്‍എയെ റോഡില്‍ തടഞ്ഞിരുന്നു. ഇതെത്തുടര്‍ന്നാണ് ചേര്‍പ്പ് പൊതുമരാമത്ത് ഓഫീസിനു താഴെ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
എന്നാല്‍ എംഎല്‍എയുടെ സമരം നാടകമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളവുമായി രംഗത്തു വരികയായിരുന്നു. ചാണകവെള്ളം തളിച്ച് ഗീതാ ഗോപി ഇരുന്നയിടം ‘ശുദ്ധം വരുത്തി’.
ചേര്‍പ്പ് മണ്ഡലം പ്രസിഡണ്ട് എം സുജിത് കുമാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സികെ വിനോദ് കുമാര്‍ എന്നിവരാണ് ചാണകവെള്ളം തളിക്കലിന് നേതൃത്വം നല്‍കിയത്. പ്രതിഷേധവുമായി സിപിഐയും എഐവൈഎഫും രംഗത്തു വന്നിട്ടുണ്ട്. ജാത്യധിക്ഷേപമാണ് നടന്നതെന്ന് സിപിഐ പ്രതികരിച്ചു.
ചാണകവെള്ളം തളിച്ച് ശുദ്ധം വരുത്തുന്നത് അയിത്താചരണത്തിന്റെ ഭാഗമാണ്. താഴ്ന്ന ജാതിക്കാര്‍ സ്പര്ശിച്ചയിടങ്ങളില് ചാണകവെള്ളം തളിക്കുന്നത് ജാതിവാഴ്ചക്കാലത്ത് സാധാരണമായിരുന്നു.