UPDATES

ബീഫ് രാഷ്ട്രീയം

യൂത്ത്‌ കോണ്‍ഗ്രസിന്റെ വകതിരിവില്ലായ്മയും സംഘപരിവാറിന്റെ വര്‍ഗീയതന്ത്രവും

കണ്ണൂരില്‍ നടന്നത് ബുദ്ധിശൂന്യമായ നടപടിയാണെങ്കില്‍ മലപ്പുറത്ത് ആസൂത്രിതമായ നീക്കമായിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

ഒട്ടും ആശ്വാസ്യകരമല്ലാത്ത രണ്ടു സംഭവങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ അരങ്ങേറി. ഒന്ന് കണ്ണൂരിലും മറ്റൊന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിലും. കശാപ്പു നിരോധന നീക്കത്തിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിന് കിരാത ഭാവം കൈവരുന്നതാണ് കണ്ണൂരില്‍ ദൃശ്യമായതെങ്കില്‍, ഒരു ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവത്തെ വര്‍ഗീയ മുതലെടുപ്പിനുവേണ്ടി സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തിയ നീക്കത്തിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത്. ഒന്ന് അമിതാവേശവും ബുദ്ധിശൂന്യതയും ചേര്‍ന്ന് വരുത്തിവെച്ച വിനയാണെങ്കില്‍ മറ്റൊന്ന് വര്‍ഷങ്ങളായി സംഘപരിവാറുകാര്‍ നടത്തിവരുന്ന ഗൂഢനീക്കമായിരുന്നു.

കശാപ്പു നിരോധന നീക്കത്തിനെതിരെ കേരളമെങ്ങും പ്രതിഷേധം അലയടിച്ച ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂരിലെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹീനവും നികൃഷ്ടവുമായ ക്രൂരകൃത്യത്തിലൂടെ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചത്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും ബീഫ് ഫെസ്റ്റുമൊക്കെ അരങ്ങേറിയപ്പോള്‍ കണ്ണൂരിലെ യൂത്തന്മാര്‍ തങ്ങളുടെ പ്രതിഷേധത്തെ വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം തികച്ചും കിരാതമായ ഒന്നായി മാറി. ഒന്നര വയസുള്ള ഒരു കന്നുകുട്ടിയെ സംഘടിപ്പിച്ച് മുദ്രാവാക്യവിളികളുമായി അവര്‍ നഗരം ചുറ്റി. തുടര്‍ന്ന് നടുറോഡില്‍ പരസ്യമായി കന്നുകുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി വിതരണം ചെയ്തു.

കിരാതമായ ഈ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് എല്ലാ കോണുകളില്‍ നിന്നും ഉയരുന്നത്. കണ്ണൂരിലെ യൂത്തന്മാര്‍ ബീഫ് പ്രക്ഷോഭത്തെ ഒറ്റുകൊടുത്തുവെന്നും തങ്ങളെ അടിക്കാനുള്ള വടി സംഘികളുടെ കൈയ്യില്‍ വെച്ചുകൊടുത്തുവെന്നും ഡിവൈഎഫ്‌ഐക്കാര്‍ പറയുമ്പോള്‍ കണ്ണൂരിലെ പ്രതിഷേധം കടന്ന കയ്യായിപ്പോയി എന്ന ആക്ഷേപം കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും ഉന്നയിക്കുന്നു. സംഭവത്തെ അപലപിച്ച രാഹുല്‍ ഗാന്ധി അതിനെ വമര്‍ശിച്ചത് കാടത്തം എന്നാണ്.

എന്നാല്‍ ആരൊക്കെ തള്ളിപ്പറഞ്ഞാലും അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ കാട്ടുപോത്തിനേക്കാള്‍ തൊലിക്കട്ടിയുള്ള കണ്ണൂരിലെ യൂത്തന്മാര്‍ തയ്യാറല്ല. തങ്ങള്‍ ചെയ്താണ് ശരിയെന്നും തങ്ങളുടേതാണ് യഥാര്‍ത്ഥ പ്രതിഷേധ രീതി എന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണവര്‍.

കണ്ണൂര്‍ യൂത്തന്മാരുടേതു വകതിരിവില്ലായ്മയില്‍ നിന്നുമുണ്ടായ കാടത്തം ആണെങ്കില്‍ മലപ്പുറത്ത് സംഘപരിവാര്‍ ചെയ്തത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുക തന്നെയായിരുന്നു. കൃത്യത്തിനു പിന്നില്‍ ആരെന്നു കണ്ടെത്തും മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അവര്‍ നടത്തിയ പ്രചാരണം ഇതിനു തെളിവാണ്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്നും ഹിന്ദുക്കളുടെ ജീവനും സ്വത്തും അപകടത്തിലാണെന്നും ടിപ്പുവിന്റെ പടയോട്ട കാലത്തും 1921-ലെ കലാപ കാലത്തും എന്ന പോലെ ഹിന്ദുക്കള്‍ കൂട്ട പലായനം നടത്തേണ്ട അവസ്ഥ ആണെന്നുമൊക്കെയായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. പ്രതിയെ കൃത്യ സമയത്തു പിടികൂടുക വഴി പോലീസ് ഒരു വലിയ വിപത്തിനു തടയിട്ടു എന്ന് പറയേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍