UPDATES

ട്രെന്‍ഡിങ്ങ്

ഇതാണോ സമാധാനം? ഫാസിസ്റ്റ് വിരുദ്ധത? കേരള സംരക്ഷണ യാത്ര കാസറഗോഡ് ജില്ല വിടുന്നതിനു മുന്‍പേ രണ്ടു കൊലപാതകങ്ങള്‍; സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധം

സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിനിന്നിരുന്ന പ്രദേശമായിരുന്നു പെരിയ. അതിനാല്‍ തന്നെയാണ് കൊലപാതകത്തിലെ സിപിഎം പങ്ക് ഉന്നയിക്കപ്പെടുന്നതും

ഫാസിസ്റ്റ് ഭരണം നടത്തുന്ന ബിജെപിയെ ഇനി അധികാരത്തിലെത്തിക്കരുതെന്ന ആഹ്വാനവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന കേരള സംരക്ഷണ യാത്ര കാസറഗോഡ് ജില്ല വിട്ടു പോരുന്നതിനു മുന്നെ രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയ കുറ്റം സിപിഎമ്മിനെതിരെ. കാസറഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കല്ലിയോട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ കൃപേഷിനു 19 ഉം ശരത്തിനു 21 ഉം വയസുമാത്രമാണ് പ്രായം. കൊലയാളികള്‍ ആരാണെന്നു വ്യക്തമായിട്ടില്ലെങ്കിലും കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ആണെന്ന ആരോപണമാണ് ശക്തം. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുകയെന്നതും എല്‍ഡിഎഫിന്റെ ജാഥയിലെ ഒരു മുദ്രവാക്യമാണ്!

സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിനിന്നിരുന്ന പ്രദേശമായിരുന്നു പെരിയ. അതിനാല്‍ തന്നെയാണ് കൊലപാതകത്തിലെ സിപിഎം പങ്ക് ഉന്നയിക്കപ്പെടുന്നതും. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും സിപിഎമ്മില്‍ നിന്നും ഭീഷണിയും ഉണ്ടായിരുന്നു. സിപിഎം പക്ഷേ, ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.

കൊലപാതങ്ങളിലേക്ക് വഴിവച്ച സംഭവങ്ങളുടെ തുടക്കമായി പറയുന്നത് കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. കാസറഗോഡ് മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളായ കല്യോട്ട് നിന്നുള്ള കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേ നിരന്തരം ആക്രമം സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുമായിരുന്നുവെന്നാണാണ് ആരോപണം. പല സംഘര്‍ഷത്തിലും കെഎസ് യു പ്രവര്‍ത്തകര്‍ക്ക് സാരമായ മര്‍ദ്ദനവും ഏറ്റിരുന്നു. ഇത് പ്രദേശത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തിനും കാരണമായി. കെ എസ് യു കാര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമങ്ങള്‍ ഉണ്ടായത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എച്ചിലടുക്കത്തെ എം പിതാംബരന്‍, കേരള പ്രവാസി സംഘം വില്ലേജ് സെട്രകട്ടറി കല്യോട്ട് സുരേന്ദ്രന്‍ എന്നിവരെ കല്യോട്ട് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ച ഒരു സംഘം മാരകമായി ആക്രമിച്ചിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണക്കേസില്‍ ശരത് ലാല്‍ ഒന്നാം പ്രതിയായിരുന്നു. കൃപേഷും കേസിലെ പ്രതിയായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടു പേര്‍ക്കും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഭീഷണി നേരിടുന്നത്. കല്യോട്ടെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശരത്തിനും കൃപേഷിനും നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.

ഞായറാഴ്ച്ച രാത്രി എട്ടുമണിയോട് അടുത്തായിരുന്നു ശരതിനും കൃപേഷിനും നേരെ ആക്രമണം ഉണ്ടാകുന്നത്. കല്യോട്ട് ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. കൃപേഷിനെ വീട്ടില്‍ കൊണ്ടു വിടാന്‍ പോകുമ്പോഴായിരുന്നു ജീപ്പിലെത്തിയ അക്രമികള്‍ രണ്ടുപേരെയും ഇടിച്ചു വീഴ്ത്തുന്നത്. മൂന്നംഗസംഘമായിരുന്നു അക്രമികള്‍ എന്നു പറയുന്നു. തുടര്‍ന്ന് ഇരുവരെയും സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചു കൊണ്ടുപോയി മാരകമായി വെട്ടുകയായിരുന്നു. അക്രമം നടക്കുന്നത ഒരു സിപിഎം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ ആയിരുന്നുവെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നു പറയാന്‍ ഒരു കാരണം ഇതാണെന്നും കോണ്‍ഗ്രസ് പറയുന്നു. സംഭവത്തിനു സാക്ഷികളായി ആരും ഉണ്ടാകാതിരുന്നതിനും കാരണവും ഇതാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പിന്നീട് ഇതുവഴി പോയ ചിലരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ശരത്തിനെയും കൃപേഷിനെയും കാണുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രണ്ടു പേരെയും ആശുപത്രിയില്‍ എത്തിക്കുന്നത്. സംഭവസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി തന്നെ കൃപേഷ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേ ശരത്തും മരണത്തിനു കീഴടങ്ങുകയായിരുന്നു.

തങ്ങള്‍ക്ക് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നും സംഭവത്തെ ശക്തമായി അപലിക്കുകയാണെന്നും സിപിഎം കാസറഗോഡ് ജില്ല സെക്രട്ടേറിയേറ്റ് പറയുമ്പോഴും ഈ ദാരുണകൃത്യത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിയുടെ ചുമലിലാണ് വന്നു വീണിരിക്കുന്നത്. ശക്തമായ പ്രതിഷേധം സിപിഎമ്മിനെതിരേ സംസ്ഥാന വ്യാപകമായി ഉണ്ടാകുന്നത്. കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് പെരിയയില്‍ നടത്തിയതെന്നും ആസൂത്രിതമായി തന്നെയാണ് വളരെ നിഷ്ഠൂരമായ രീതിയില്‍ രണ്ടു യുവാക്കളെ സിപിഎം കൊലപ്പെടുത്തിയതെന്നും ഡിസിസി പ്രസിഡന്റ് ഹകകിം കുന്നേല്‍ ആരോപിച്ചു. കൊലപാതകം സിപിഎം ആസൂത്രിതമായി നടത്തിയാതാണെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഭരണത്തിന്റെ തണലില്‍ നിന്നും സിപിഎം ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് കാസറഗോഡ് എത്തും. കെഎസ് യുവും യൂത്ത് കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കാസറഗോഡ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് സിപിഎമ്മിനെതിരേ ഉണ്ടാകുന്നത്. സിപിഎം പാര്‍ട്ടി ഓഫിസ് തകര്‍ക്കുകയും എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രയുടെ ഫഌകസ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. പലയിടങ്ങളിലും വാാഹനങ്ങള്‍ തയുകയും റോഡില്‍ ഗതാഗതസ്തംഭനം ഉണ്ടാക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടങ്ങളിലും വാക്കേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.പൊലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. മൃതദേഹങ്ങളുമായി ഇന്ന് നടക്കുന്ന വിലാപ യാത്രയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രദ്ധിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍