UPDATES

പ്രവാസം

ഉമ്മന്‍ ചാണ്ടിയ്ക്ക് പുതുപ്പള്ളിയിലെ ഒരു അമ്മയുടെ കത്ത്; ‘എന്നെ മകളെ കാണാന്‍ അനുവദിക്കൂ..’

Avatar

സനിത ഷാജി

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

താങ്കള്‍ ‘വാക്കു പാലിച്ചത്’ കാരണം ഞാനിന്നും എന്റെ മകളെ കാണാന്‍ കഴിയാതെ കുവൈറ്റിലാണ്. ഞാന്‍ മരിച്ചാല്‍ ശവം പോലും നാട്ടിലെത്തും എന്നെനിക്കുറപ്പില്ല. അവസാനമായി എന്റെ കുട്ടിയെ ഒന്നു കാണാന്‍ കഴിയുമോ എന്നും എനിക്കറിയില്ല.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിട്ടും എന്റെ സ്വന്തം സംസ്ഥാനത്തു നിന്നും ഒരു ചെറുവിരല്‍ പോലും അനക്കാത്തതിനാല്‍, പേരിനു പോലും ഒരു നടപടി ഉണ്ടാവാത്തതിനാല്‍ ഞാന്‍ ഇന്നും നാട്ടിലെത്താനാവാതെ കുവൈറ്റില്‍ കുടുങ്ങിക്കിടക്കുകയാണ് മുഖ്യമന്ത്രീ. സ്വന്തം സ്ഥാനം നിലനിര്‍ത്താനുള്ള ഓട്ടത്തില്‍ താങ്കള്‍ ചവിട്ടിയരയ്ക്കുന്ന എന്നെപ്പോലെയുള്ള പ്രവാസികളുടെ ജീവിതങ്ങള്‍ക്ക് ഒരിക്കല്‍ നിങ്ങള്‍ മറുപടി പറയേണ്ടി വരും.

താങ്കള്‍ എന്നെ മറക്കാന്‍ സാധ്യതയില്ല, എന്റെ മകള്‍ ശ്രീക്കുട്ടിയെയും. അഥവാ മറന്നെങ്കില്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കാം.

എന്റെ പേര് സനിത..മുഴുവന്‍ പേര് സനിത ഷാജി. താങ്കളുടെ സ്വന്തം നാട്ടുകാരിയാണ്…പുതുപ്പള്ളി.

നാലു വര്‍ഷമായി ഞാന്‍ കുവൈറ്റില് കുടുങ്ങിയിരിക്കുകയാണ്. ഇവിടെയെത്തിയ ഞാന്‍ സ്വദേശിയായ ഒരാളുടെ വീട്ടില്‍ ജോലിക്കായി കയറി. രണ്ടര വര്‍ഷം ഞാന്‍ അവിടെക്കഴിഞ്ഞു. 50 കുവൈറ്റ് ദിനാര്‍ കൂലിയില്‍ അവിടെ എല്ലുമുറിയെ പണിയെടുത്ത ഞാന്‍ വീട്ടുടമസ്ഥരുടെ ചെയ്തികള്‍ കാരണം അവിടന്നിറങ്ങുകയായിരുന്നു. ഭക്ഷണം പോലും കിട്ടാതെ കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലും കഴിക്കണമെങ്കില്‍ ആകെ കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും എടുത്തു വേണം.

ഒരു വര്‍ഷമായിരുന്നു ജോലിക്കായി കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതേപ്പറ്റി ഞാന്‍ അറിയുന്നത് പിന്നെയും ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ്. ഹൌസ് ഓണറെ ഞങ്ങള്‍ ജോലിക്കാര്‍ വിളിക്കുന്നത്‌ ബാബ എന്നാണ്. 2013 ജൂലൈ 9ന് അവസാനിച്ച കരാര്‍ അദ്ദേഹം എംബസിയുമായി ബന്ധപ്പെട്ട് പുതുക്കുകയായിരുന്നു. എന്‍റെ പാസ്പോര്‍ട്ടും വിസയും മറ്റു രേഖകളും അയാളുടെ കൈവശമായിരുന്നു.

ദുരിതം ഒരു വര്‍ഷം കൂടി തുടര്‍ന്നപ്പോള്‍ മറ്റൊരു വഴിയും ഇല്ലാതെ ഞാന്‍ അവിടം വിട്ടിറങ്ങി എംബസിയില്‍ അഭയം പ്രാപിച്ചു. അത് നടന്നത് 2014 ജൂലൈ 13ന് ആണ്. എംബസി എന്നെ ഒരു ഷെല്‍ട്ടറില്‍ ആക്കുകയും ചെയ്തു. രക്ഷപ്പെട്ടു എന്നാണ് ഞാന്‍ വിചാരിച്ചത്, പക്ഷേ ഞാന്‍ ചതിക്കപ്പെട്ടു. പരിശോധിക്കാന്‍ വാങ്ങിയ രേഖകള്‍ എല്ലാം അവര്‍ തിരികെ നല്‍കിയത് സ്പോണ്‍സര്‍ക്കു തന്നെയാണ്. നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നപേക്ഷിച്ച എന്നോട് അയാള്‍ പറഞ്ഞത് 550 കുവൈറ്റ് ദിനാര്‍ നല്‍കണം എന്നാണ്. എംബസിയെങ്കിലും എന്നെ എങ്ങനെയെങ്കിലും കാക്കും എന്ന് കരുതിയ ഞാന്‍ ഇതെല്ലാം കുവൈറ്റികളും എംബസിയും തമ്മിലുള്ള അഡ്‌ജസ്റ്റ്മെന്റ് എന്നറിഞ്ഞപ്പോള്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയായി.

ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുന്ന സ്ത്രീകളെ നാട്ടിലേക്ക് അയക്കാതെ , മറ്റ് കുവൈറ്റികളുടെ വീട്ടില്‍ ജോലിക്ക് അയയ്ക്കുകയാണ് ഇവര്‍ ചെയ്യുക. അതിനായി കമ്മീഷനും വാങ്ങും. അത്തരത്തിലുള്ള ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരെ എംബസിയുടെ കീഴിലുള്ള ജയില്‍ തുല്യമായ ഷെല്‍ട്ടറുകളില്‍ താമസിപ്പിക്കും. പുറം ലോകവുമായി ബന്ധപ്പെടാനോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാതെ മാസങ്ങളോളം അവിടെ കഴിയേണ്ടി വരും. എനിക്കും അങ്ങനെ അനുഭവമുണ്ടായി.

അങ്ങനെയിരിക്കുന്ന സമയമാണ് എംബസിയിലെ അശോക്‌ കുമാര്‍ എന്ന ഹിന്ദിക്കാരന്‍ ഉദ്യോഗസ്ഥന്‍ എന്നോട് സംസാരിച്ചത്. എനിക്ക് ഹിന്ദി അറിയാഞ്ഞതും കൊണ്ട് മറ്റൊരു സാര്‍ ആണ് കാര്യം മനസ്സിലാക്കിത്തന്നത്. അതറിഞ്ഞ ഞാന്‍ ആകെ തകര്‍ന്നു. എന്റെ പേരില്‍ രണ്ടു കേസാണ് സ്പോണ്‍സര്‍ കൊടുത്തത്. വീട്ടില്‍ നിന്നും ചാടിപ്പോയി എന്ന പേരില്‍ ഓഗസ്റ്റ് 5ന് ഒരു കേസും മോഷണക്കുറ്റത്തിന് ഓഗസ്റ്റ് 13ന് മറ്റൊന്നും. എന്നാല്‍ ജൂലൈയില്‍ ഞാന്‍ അവിടം വിട്ടിരുന്നു. കേസ് നില്‍ക്കുന്നതുകാരണം ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു എംബസിയുടെ മറുപടി.

ഇത് കുവൈറ്റികളും എംബസിയും ചെയ്ത ചതി. എന്നാല്‍ എന്നെ കൂടുതല്‍ തകര്‍ത്തത് നിങ്ങളും മന്ത്രി കെസി ജോസഫും നല്‍കിയ കപട വാഗ്ദാനങ്ങളാണ്.

നിങ്ങളില്‍ പലരും അടിക്കടി പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വച്ച് ഇവിടെയെത്താറുണ്ടല്ലോ. അപ്പോഴൊക്കെ നിങ്ങളെയെല്ലാം കാണാന്‍ എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്തണം എന്നപേക്ഷിക്കാന്‍ ഞാന്‍ എത്തിയിട്ടുമുണ്ട്. കെസി ജോസഫ് സാര്‍ ഒരിക്കല്‍ പാര്‍ട്ടി ഓഫീസ് തുറക്കാന്‍ ഇവിടെയെത്തിയപ്പോള്‍ നേരിട്ടുകണ്ട് പരാതി ബോധിപ്പിച്ചിരുന്നു ഞാന്‍. എല്ലാം ഉടനെ ശരിയാക്കാം എന്നുറപ്പു നല്‍കിയ അദ്ദേഹം മൊബൈല്‍ നമ്പരും കൈമാറിയിരുന്നു. എംബസിക്ക് ഒരിക്കല്‍ മെയില്‍ അയച്ചതല്ലാതെ വേറൊന്നും നടന്നിട്ടില്ല. നോര്‍ക്ക സിഇഒ യെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല.

ഇതിനേക്കാളും വേദനയുണ്ടാക്കുന്നത് മുഖ്യമന്ത്രീ അങ്ങ് എന്റെ മകള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. അമ്മയെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാം എന്ന് എത്ര തവണ താങ്കള്‍ വാക്കു നല്‍കി. പണം എത്ര ചെലവായാലും ഫണ്ടില്‍ നിന്നും ചെലവാക്കി സനിതയെ നാട്ടില്‍ എത്തിക്കുമെന്ന് എന്റെ  ശ്രീക്കുട്ടിയോട് പറഞ്ഞതായി അറിഞ്ഞു. പണം വേണ്ട മുഖ്യമന്ത്രീ, എങ്ങനെയെങ്കിലും ഒന്ന് നാട്ടില്‍ എത്തിയാല്‍ മതി. അവള്‍ എത്ര തവണ ഈ ആവശ്യത്തിനായി നിങ്ങളുടെ വീട്ടില്‍ കയറിയിറങ്ങി എന്നറിയാമോ.

മൂന്നു ദിവസം മുന്പ് വരെ താങ്കളുടെ പിഎമാരെ വിളിച്ചു. ഞാന്‍ ചത്താലെങ്കിലും നിങ്ങള്‍ എന്റെ ബോഡി നാട്ടില്‍ എത്തിക്കുമോ എന്ന് ചോദിക്കേണ്ടി വന്നു. കാരണം അത്രയും സഹികെട്ടിരിക്കുന്ന അവസ്ഥയാണ്‌ ഇപ്പോള്‍. അശോക്‌ എന്ന പിഎയെ വിളിച്ചപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ മാത്രമല്ല എന്നെപ്പോലെ ഒരുപാട് പേര്‍ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. അവരെ നാട്ടില്‍ എത്തിക്കാന്‍ നിങ്ങള്‍ എന്തു ചെയ്തു. ഈ മാസം 25 ആകുമ്പോള്‍ ഞാന്‍ ഇവിടെത്തിയിട്ടു നാലു വര്‍ഷം തികയും. ഇതാണോ നിങ്ങളൊക്കെ പറയുന്ന വികസനം.നാട്ടില്‍ എത്താന്‍ പറ്റുമെന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. ഞാന്‍ ഇവിടെ ആത്മഹത്യ ചെയ്യും. അതേ എന്റെ മുന്‍പില്‍ ഇനി ഒരു മാര്‍ഗ്ഗമായി ഉള്ളൂ. ഞാനൊരു മലയാളി അല്ലേ. എന്നെ നാട്ടില്‍ എത്തിക്കാനുള്ള ഒരു ബാധ്യതയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കില്ലേ.. കഷ്ടപ്പാട് കൊണ്ടാണ് ഇങ്ങോട്ടു വന്നത്. അമ്മയുടെ അനിയത്തി ഇവിടെയുള്ളതു കൊണ്ടും ചില സംഘടനകളുടെ സഹായം കൊണ്ടുമാണ്. അവര്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവനോടെ കഴിയുന്നത്‌. എനിക്ക് പണം ഉണ്ടായിരുന്നെങ്കില്‍ രാഷ്ട്രീയക്കാര്‍ എന്നെ സഹായിച്ചേനെ. 

എനിക്ക് മരിക്കുന്നതിന് മുന്‍പ് എന്റെ മകളെ ഒന്ന് കണ്ടാല്‍ മതി. അവള്‍ക്ക് ഞാന്‍ മാത്രമേയുള്ളൂ, എനിക്ക് അവളും. ഇനിയെങ്കിലും താങ്കള്‍ നടപടി സ്വീകരിച്ചാല്‍ എനിക്ക് നാട്ടിലെത്താം. മകളെ കാണാം. ഒരുപാടു പ്രതീക്ഷകളോടെ. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍