UPDATES

ട്രെന്‍ഡിങ്ങ്

ഭൂമിയില്‍ പിടിച്ച വിഎസും ഭൂമിയില്‍ തൊടാത്ത സിപിഎമ്മും; ‘രാഷ്ട്രീയ ലക്ഷ്യങ്ങള്‍’ മോശമാവുമ്പോള്‍

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമീപിക്കുന്നത്. പന്ത് ഇനി സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും കോര്‍ട്ടിലാണ്. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഗോളടിക്കുമോ അതോ സങ്കുചിത വ്യക്തി താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി സെല്‍ഫ് ഗോള്‍ അടിക്കുമോ എന്ന് നോക്കാം.

“നമ്പൂതിരിപ്പാടിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്” എന്നൊരു ആരോപണം ഒരു പ്രശ്‌നത്തില്‍ വന്നപ്പോള്‍ ഇഎംഎസ് നമ്പൂതിരിപ്പാട് അതിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്: “ഞാനൊരു രാഷ്ട്രീയക്കാരനാണ്. ഞാന്‍ ചെയ്യുന്നതിലും പറയുന്നതിലും ഒക്കെ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം കാണും”. എന്നാല്‍ ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയവത്കരിക്കരുത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. എന്താണ് കോടിയേരി ഇതിലൂടെ ഉദ്ദേശിക്കുന്നത്? രാഷ്ട്രീയ പാര്‍ട്ടികള്‍ ഏത് പ്രശ്‌നങ്ങളിലായാലും ഇടപെടുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. സിപിഎമ്മിന്റെ ലക്ഷ്യമാവണമെന്നില്ല, കോണ്‍ഗ്രസിന്റെ ലക്ഷ്യം. ബിജെപിയുടെ ലക്ഷ്യം മറ്റൊന്നായിരിക്കും.

തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമീപിക്കുന്നത്. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് ലോ അക്കാദമി സമരത്തെ സമീപിക്കുന്നതെന്നും അവിടെ നടക്കുന്നത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരമാണെന്നും സിപിഎമ്മിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് നിലപാടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കോടിയേരി പറഞ്ഞത് എന്ത് മാത്രം അബദ്ധമായ കാര്യമാണെന്ന് ആലോചിക്കണം. ബിജെപിക്ക് ഈ സമരത്തില്‍ ഇടപെട്ട് രാഷ്ട്രീയം കളിക്കാന്‍ ആരാണ് അവസരമൊരുക്കുന്നത്? ഈ സമരത്തോട് സ്വീകരിക്കുന്ന തണുപ്പന്‍ സമീപനത്തിലൂടെ, അല്ലെങ്കില്‍ ഇതില്‍ ഇടപെടാതെ മാറി നിന്നതിലൂടെ സിപിഎമ്മിനുണ്ടായിരുന്ന രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അല്ലെങ്കില്‍ സംരക്ഷിക്കേണ്ടിയിരുന്ന താല്‍പര്യങ്ങള്‍ എന്തൊക്കെയായിരുന്നു? വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അന്യവത്കരിക്കുന്ന രാഷ്ട്രീയ സംസ്‌കാരമല്ല സിപിഎമ്മിനുണ്ടായിരുന്നത്. ലോ അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ, കുറഞ്ഞത് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെയെങ്കിലും ആദ്യം ചെന്ന് കാണേണ്ടിയിരുന്നത് സിപിഎമ്മിന്റെ നേതാക്കളായിരുന്നു. എന്തുകൊണ്ട് അതുണ്ടായില്ല. അവിടെയാണ് രാഷ്ട്രീയ ലക്ഷ്യം സംബന്ധിച്ചുള്ള കോടിയേരിയുടെ പ്രസ്താവന പരിഹാസ്യമാകുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് പ്രവര്‍ത്തിക്കുക. അത് ചിലപ്പോള്‍ സങ്കുചിതമാവാം, അല്ലാതിരിക്കാം. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കപ്പെട്ടതായി ആരോപിച്ചുള്ള കേസില്‍ വിഎസ് അച്യുതാനന്ദന് രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളതെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞ സംഭവം നമ്മള്‍ കേട്ടതാണ്. സിപിഎമ്മിന് വേണ്ടിയാണ് വിഎസ് ഈ കേസ് നടത്തുന്നത് എന്നത് കൂടി ഓര്‍ക്കണം. അപ്പോള്‍ വിഎസ് അച്യുതാനന്ദനും സിപിഎമ്മിനും അക്കാര്യത്തില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. എന്നിട്ടും സിപിഎം നയിക്കുന്ന സര്‍ക്കാരിന് ആ രാഷ്ട്രീയ ലക്ഷ്യം മനസിലാവാത്തതിനെ സിപിഎമ്മുകാര്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ ന്യായീകരിക്കുന്ന ദുരന്തവും കണ്ടു.

ലോ അക്കാദമിയില്‍ ഏറെക്കാലമായി തുടരുന്ന വിദ്യാര്‍ത്ഥി പീഡനത്തിനെതിരായ പ്രതിഷേധവും രോഷവും പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയത് കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ക്കെതിരെ പടര്‍ന്ന് പിടിച്ച സമരമാണ്. സ്വാഭാവികമായും കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയാണ് ഈ സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. തൃശൂര്‍ തിരുവില്വാമല, പാമ്പാടിയിലുള്ള നെഹ്രു എഞ്ചിനീയറിംഗ് കോളേജില്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയതോടെയാണ് കേരളത്തിലെ സ്വാശ്രയ പ്രക്ഷോഭം കത്തിപ്പടര്‍ന്നത്. സ്വാശ്രയ കോളേജുകളിലെ ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങള്‍ വലിയ ചര്‍ച്ചയായി. വിദ്യാര്‍ത്ഥി സംഘടനകളിലാത്ത സ്വാശ്രയ കോളേജുകളില്‍ മാനേജ്‌മെന്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളും ഗുണ്ടായിസവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. നെഹ്രു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടില്‍ ഉള്ളതടക്കമുള്ള എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ വലിയ പരാതികളുണ്ട്.

നെഹ്രു കോളേജ് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ അടിച്ച് തകര്‍ത്തപ്പോള്‍ അതുവരെ അക്രമരാഷ്ട്രീയം എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കുകയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുകയും ചെയ്തിരുന്നവരടക്കം കാര്യമായി എതിര്‍ത്ത് ഒന്നും പറഞ്ഞില്ല. സ്വാശ്രയ കോളേജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളിലുള്ള പ്രതിഷേധം അത്ര ശക്തമായിരുന്നു. അത്രയ്ക്ക് അസഹനീയമാവുന്നുണ്ട് സ്ഥിതിഗതികള്‍. ഈ പ്രശ്‌നങ്ങളുടെ തീ കെടുമ്പോള്‍ സ്വാശ്രയ ഗുണ്ടായിസം നിര്‍ബാധം തുടരുമെന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള അമര്‍ഷവുമായി വീണ്ടും ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്യുമെന്നുമാണ് എല്ലാ വിഷയത്തിലും നമുക്കുള്ള മുന്‍ അനുഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍ സാദ്ധ്യതയുള്ളത്.

കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഇടിമുറികളേയും പീഡനങ്ങളേയും കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകളും പരമ്പരകളും വന്നു. പുതിയ കണ്ടുപിടിത്തമെന്ന നിലയില്‍. നെഹ്രു കോളേജിലെ വിദ്യാര്‍ഥിയുടെ ദുരൂഹ മരണവും വിദ്യാര്‍ഥി പീഡനം സംബന്ധിച്ച പരാതികളും ഒട്ടുമിക്ക മാധ്യമങ്ങളും തമസ്‌കരിച്ചെങ്കിലും സ്വാശ്രയ കോളേജുകളിലെ പീഡനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഒരു കുറവുമുണ്ടായില്ല. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന കാര്യം ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമേ മാധ്യമങ്ങള്‍ അറിയാന്‍ പാടൂ എന്നില്ലല്ലോ. ലോ അക്കാദമിയില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏറെ കാലമായി വലിയ പരാതികള്‍ ഉണ്ടായിട്ടും നിരവധി വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടികള്‍ വന്നിട്ടും ഒരു മാധ്യമവും ഇതൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അങ്ങനെയുള്ളവരാണ് ഇപ്പോള്‍ ഒരു പേജ് മൊത്തം ലോ അക്കാദമിക്ക് വേണ്ടി മാറ്റി വയ്ക്കുന്നത്.

നെഹ്രു കോളേജിന് പിന്നാലെ കോട്ടയത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജായ മറ്റക്കര ടോംസ് കോളേജിലേയ്ക്ക് എസ്എഫ്‌ഐ പ്രക്ഷോഭം പടര്‍ന്നു. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് അടക്കമുളളയിടങ്ങളിലും വലിയ പ്രശ്‌നങ്ങളുണ്ട്. സ്വാഭാവികമായും പ്രിന്‍സിപ്പാളിന്റെ വിദ്യാര്‍ത്ഥി പീഡന നടപടികള്‍, ഇന്റേണല്‍ മാര്‍ക്കിലേയും അറ്റന്‍ഡന്‍സിലേയും കടുത്ത വിവേചനങ്ങള്‍, ജാതി അധിക്ഷേപം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ അസംതൃപ്തി പുകയുകയായിരുന്ന ലോ അക്കാദമിയിലും വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടങ്ങി. വിദ്യാര്‍ത്ഥി സമരത്തെ അവഗണിച്ച് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ കോളേജ് അടച്ചിട്ടു. തുടക്കത്തില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി യൂണിയന് നേതൃത്വം നല്‍കുന്ന എസ്എഫ്‌ഐ സമരരംഗത്തുണ്ടായിരുന്നില്ല. കെ എസ് യുവും എഐഎസ്എഫും എംഎസ്എഫും ചേര്‍ന്ന സംയുക്ത സമരസമിതിയാണ് പ്രിന്‍സിപ്പാളിനെതിരെ ശക്തമായ സമരവുമായി രംഗത്തെത്തിയത്. ഇതോടെയാണ് എസ്എഫ്‌ഐയും സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്. ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന എബിവിപി പിന്നീട് സംയുക്ത സമര സമിതിയുടെ ഭാഗമായി. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ബിജെപി നേതാവ് വി മുരളീധരന്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി. ഇങ്ങനെയിരിക്കുമ്പോള്‍ ഈ സമരത്തെ മറ്റ് പാര്‍ട്ടികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിട്ടുകൊടുക്കാതെ സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന സിപിഎം മറ്റ് പല സങ്കുചിത താല്‍പര്യങ്ങളിലും കുടുങ്ങിക്കിടക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി സമരത്തോടുള്ള അനുഭാവം കൊണ്ടോ പ്രിന്‍സിപ്പാളിന്റേയോ മാനേജ്‌മെന്റിന്റേയോ വിദ്യാര്‍ത്ഥി പീഡന നടപടികളില്‍ പ്രതിഷേധമുള്ളത് കൊണ്ടോ ഒന്നുമല്ല ബിജെപിയും കോണ്‍ഗ്രസുമെല്ലാം സമരത്തെ പിന്തുണക്കുന്നതെന്ന് വ്യക്തമാണ്. ലോ അക്കാദമി മാനേജ്‌മെന്റുമായി സിപിഎം നേതാക്കള്‍ക്കുള്ള ബന്ധം അറിയാവുന്നത് കൊണ്ട് തന്നെയാണിത്. പക്ഷെ വിദ്യാര്‍ത്ഥികള്‍ ന്യായമായ ആവശ്യമുന്നയിച്ച് സമരം നടത്തുമ്പോള്‍ അതിനെ രാഷ്ട്രീയ പ്രശ്‌നമായി കാണരുത് എന്ന് പറയുന്ന കോടിയേരി എന്ത് സന്ദേശമാണ് നല്‍കുന്നത്? സിപിഎമ്മിന് ഭൂരിപക്ഷമുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ബോദ്ധ്യപ്പെട്ടിരിക്കുന്നു. ലക്ഷ്മി നായര്‍ക്ക് പരീക്ഷാ ചുമതല അടക്കമുള്ളവയില്‍ അഞ്ച് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. സ്വാഭാവികമായും അവര്‍ക്ക് പ്രിന്‍സിപ്പാളായി തുടരാനാവില്ല. പക്ഷെ മറ്റൊരാളെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് ഇരുത്തി അവര്‍ റിമോട്ട് കണ്ട്രോള്‍ ഭരണം നടത്തിയേക്കാം. പക്ഷെ കോളേജിന് യഥാര്‍ത്ഥത്തില്‍ അഫിലിയേഷന്‍ ഇല്ലെന്ന ആരോപണവുമായി അക്കാഡമിക്കെതിരെ നേരത്തെ കേസ് നടത്തിയിട്ടുള്ള അഡ്വക്കേറ്റ് വിന്‍സെന്റ് പാനിക്കുളങ്ങര രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും അഫിലിയേഷന്‍ സംബന്ധിച്ച കൃത്യമായ രേഖകളുണ്ട് എന്നും ലോ അക്കാദമി അധികൃതര്‍ പറയുന്നു.

1966ല്‍ രാഷ്ട്രപതി ഭരണകാലത്താണ് തിരുവനന്തപുരത്ത് ലോ അക്കാദമി സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അന്ന് പ്രമുഖ അഭിഭാഷകനും മുന്‍ മന്ത്രിയുമായിരുന്ന ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ളവരായിരുന്നു ഇതിന് പിന്നില്‍. 1968ല്‍ ഗവര്‍ണര്‍ വി വിശ്വനാഥന്‍ മുഖ്യ രക്ഷാധികാരിയായും മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് രക്ഷാധികാരിയായും മന്ത്രിമാരായ കെആര്‍ ഗൗരി, സിഎച്ച് മുഹമ്മദ് കോയ തുടങ്ങിയവര്‍ അംഗങ്ങളുമായും ട്രസ്റ്റ് രൂപീകരിച്ചു. ലോ അക്കാദമി സ്ഥാപിതമായി. തിരുവനന്തപുരം പേരൂര്‍ക്കടയിലെ 11.41 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് അക്കാഡമിയ്ക്കായി സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. 1971ല്‍ അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പാട്ടക്കാലാവധി അവസാനിച്ചിരുന്നു. 1976ല്‍ അച്യുത മേനോന്‍ ഗവണ്‍മെന്റ് ലോ അക്കാദമിയുടെ പാട്ടക്കാലാവധി 30 വര്‍ഷത്തേയ്ക്ക് നീട്ടിക്കൊടുത്തു. എന്നാല്‍ 1985ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ഭൂമി ലോ അക്കാഡമിക്ക് പതിച്ച് കൊടുത്തു. കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കപ്പെട്ട ഒരേയൊരു അണ്‍ എയ്ഡഡ് കോളേജാണ് കേരള ലോ അക്കാഡമി. കേരള സർവകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും വോട്ടവകാശം കിട്ടാൻ സർക്കാർ കോളേജിലെയും എയിഡഡ് കോളേജിലെയും അധ്യാപകർക്കും എയിഡഡ് കോളേജിലെ മാനേജർമാർക്കും മാത്രമാണ് യോഗ്യതയുള്ളത്. അൺഎയിഡഡ് കോളേജിലെ അധ്യാപകർക്കും മാനേജർമാർക്കും ആ അവകാശമില്ല. എന്നാൽ ലോ അക്കാദമിയിലെ മാനേജറും ചില അധ്യാപകരും സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും വോട്ടവകാശമുള്ളവരാണ്. (ലോ അക്കാദമിയിലെ എല്ലാ അധ്യാപകർക്കും വോട്ടവകാശമില്ല, മാനേജ്മെന്‍റ്ന് താല്‍പര്യമുള്ള ചിലർക്ക് മാത്രമേ അതുള്ളൂ)

യഥാര്‍ത്ഥത്തില്‍ 1962 മുതല്‍ 66 വരെ തിരുവനന്തപുരം എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പിഎന്‍ നടരാജ പിള്ളയുടേതായിരുന്നു ഈ ഭൂമി. തിരുവിതാംകൂറിലെയും ബ്രിട്ടീഷ് ഇന്ത്യയിലേയും സ്വാതന്ത്ര്യ സമര പങ്കാളിത്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഭൂമി കണ്ടുകെട്ടി. സ്വാതന്ത്ര്യത്തിന് ശേഷം 1954 – 55 കാലത്ത് അദ്ദേഹം തിരുകൊച്ചിയില്‍ മന്ത്രിയായി. കണ്ടുകെട്ടിയ ഭൂമി തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടരാജ പിള്ള അത് നിരസിക്കുകയും തന്റെ കയ്യിലുള്ള മറ്റ് ഭൂമികള്‍ കൂടി സര്‍ക്കാരിന് വിട്ടുകൊടുക്കുകയുമായിരുന്നു. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ സാബ്ലു തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുണ്ട്.

“പ്രശസ്ത തമിഴ് പണ്ഡിതനും പ്രഗൽഭനായ അധ്യാപകനുമായിരുന്ന മനോമണിയം സുന്ദരനാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രൊഫസർ പി സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഒരു കാലത്തു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കർ 41 സെന്റ് സ്ഥലം.(തിരുനെൽവേലി മനോമണിയം സുന്ദരനാർ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ പേരിലാണ് സ്ഥാപിച്ചത്.)
അദ്ദേഹത്തിന്റെ മരണ ശേഷം ഏക മകനും കോൺഗ്രസ്സ് നേതാവുമായ പി എസ് നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നു ചേർന്നു. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഭൂമി സർക്കാർ കണ്ടുകെ ട്ടി. സ്വത്വന്ത്ര്യം കിട്ടിയ ശേഷം പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയിൽ 1954 -55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചു നൽക്കാൻ സർക്കാർ ആലോചിച്ചപ്പോൾ അത് വേണ്ടായെന്നു നടരാജ പിള്ള പറഞ്ഞു.അത് മാത്രമല്ല, തന്റെ അച്ഛന്റെ പേരിൽ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂൾ പോലും അദ്ദേഹം സർക്കാരിന് വിട്ടു കൊടുത്തു.ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി എസ് നടരാജ പിള്ള മെമ്മോറിയൽ ഗവർമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ. 1962 ൽ തിരുവനന്തപുരത്തു നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം പിയായിരിക്കുമ്പോഴാണ് 1966ൽ മരണമടഞ്ഞത്. അന്ന് സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

1968 ലാണ് ഈ ഭൂമി ലോ അക്കാദമിക്ക് മൂന്ന് വർഷത്തേക്ക് പാട്ടത്തിനു നൽകിയത്. അന്ന് കൃഷി മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ മണലൂർ എം എൽ എയായിരുന്ന എൻ ഐ ദേവസ്സിക്കുട്ടിക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞത്, ഗവർണർ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റെവന്യൂ മന്ത്രി കെ ആർ ഗൗരി,വിദ്യാഭ്യാസ മന്ത്രിസി എച്ച് മുഹമ്മദ് കോയ, ഹൈക്കോടതി ജഡ്ജിമാർ എന്നിവർ അംഗംങ്ങളുമായ ഒരു ട്രസ്റ്റിനാണ് ഭൂമി കൈമാറുന്നത് എന്നാണ്.(എന്ത് കൊണ്ട് റവന്യു മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് കൃഷി മന്ത്രി മറുപടി കൊടുത്തവെന്ന് അറിയില്ല) എന്നാൽ പിൽക്കാലത്ത് ആ ട്രസ്റ്റ് ഒരു കുടുംബത്തിന് കൂടുതൽ പ്രാതിനിധ്യമുള്ള ഒന്നായി മാറി.

1971നു പട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ൽ മുപ്പത് വർഷത്തേക്ക് പാട്ടക്കാലാവധി ദീർഘിപ്പിച്ചു കൊടുത്തു. അത് കരുണാകരൻ 1985ൽ അസൈൻ ചെയ്തു ട്രസ്റ്റിന് സ്വന്തമാക്കി കൊടുത്തു. 1972ൽ ഡയറക്റ്റ് പേയ്‌മെന്റ് എഗ്രിമെന്റിൽ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പ് വെച്ച് എയിഡഡ് ആയി മാറിയപ്പോൾ ആ എഗ്രിമെന്റിൽ നിന്നും ലോ അക്കാദമി വിട്ടു നിന്നു. തീർച്ചയായും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂമി അസൈൻ ചെയ്തു സർക്കാർ കൊടുത്തിട്ടുണ്ട്. എന്നാൽ അവയെല്ലാം എയിഡഡ് സ്ഥാപനങ്ങളാണ്. കേരളത്തിൽ തന്നെ ഭൂമി അസൈൻ ചെയ്തു നൽക്കപ്പെട്ടിട്ടുള്ള ഏക അൺഎയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്.

കേരള സർവകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും രജിസ്റ്റർ ചെയ്തു വോട്ടവകാശം കിട്ടാൻ യോഗ്യത സർക്കാർ കോളേജിലെയും എയിഡഡ് കോളേജിലെയും അധ്യാപകർക്കും എയിഡഡ് കോളേജിലെ മാനേജർമാർക്കും മാത്രമാണ്.കേരള സർവകലാശാലയുടെ കീഴിലെ അൺഎയിഡഡ് കോളേജിലെ അധ്യാപകർക്കും മാനേജർമാർക്കും ആ അവകാശമില്ല. എന്നാൽ ലോ അക്കാദമിയിലെ മാനേജറും ചില അധ്യാപകരും സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും വോട്ടർമാർ ആണ്. ( ലോ അക്കാദമിയിലെ എല്ലാ അധ്യാപകർക്കും വോട്ടവകാശമില്ല. ചിലർക്ക് മാത്രമേ അതുള്ളൂ)”.

ഏതായാലും 49 വര്‍ഷത്തെ ലോ അക്കാദമി ചരിത്രം കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈ കഴുകാനാവാത്ത അവിശുദ്ധ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഇത്രയും വര്‍ഷം ആദ്യം അണ്‍എയ്ഡഡ് എന്നും പിന്നീട് സ്വാശ്രയമെന്നും വിളിക്കപ്പെടുന്ന ഒരു കോളേജിന് അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി മുന്നോട്ട് പോകാന്‍ കഴിഞ്ഞു എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. സിപിഎം, കോണ്‍ഗ്രസ്, സിപിഐ, മുസ്ലീംലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് വാങ്ങി കുടുംബ സ്വത്തായി പ്രവര്‍ത്തിക്കുന്ന ലോ അക്കാദമി എന്ന വലിയ തെറ്റില്‍ കൈ കഴുകാനാവില്ല. ഇതുവരെ കേരളത്തിന്റെ അധികാര രാഷ്ട്രീയത്തില്‍ പങ്ക് കിട്ടാത്തത് കൊണ്ട് മാത്രം ബിജെപിക്ക് അതില്‍ കാര്യമായ പങ്കില്ലായിരിക്കാം. ലോ അക്കാഡമി ഡയറക്ടറും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ പിതാവും അക്കാദമി സ്ഥാപകരില്‍ ഒരാളുമായ നാരായണന്‍ നായര്‍ സിപിഐയുമായി ബന്ധമുള്ളയാളാണ്. നാരായണന്‍ നായരുടെ സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണ്.

ഗവര്‍ണറും മുഖ്യമന്ത്രിയും രക്ഷാധികാരികളും മന്ത്രിമാരും പ്രമുഖ നിയമജ്ഞരും അംഗങ്ങളുമായി സ്ഥാപിതമായ ഒരു ട്രസ്റ്റും അതിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയും ഇത്തരത്തില്‍ എങ്ങനെ ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി എന്ന ചോദ്യം പ്രസക്തമാണ്. വിശാലമായ കാഴ്ചപ്പാടും നല്ല ലക്ഷ്യവുമുണ്ടായിരുന്ന ഒരു സ്ഥാപനം എങ്ങനെ ഇത്തരത്തില്‍ മാറി? സാധാരണ സ്വാശ്രയ കോളേജ് പോലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം വിലക്കുന്നില്ല, യൂണിയന്‍ തിരെഞ്ഞെടുപ്പ് നടത്തുന്നു എന്നതൊന്നും എന്തെങ്കിലും മറച്ചു പിടിക്കാനുള്ള ന്യായീകരണങ്ങളല്ല. വിദ്യാര്‍ത്ഥി സംഘടനാ നേതാവാകാന്‍ എല്‍എല്‍ബി പഠിക്കുക എന്നത് നമ്മുടെ നാട്ടില്‍ ഒരു കീഴ് വഴക്കമായി പലരും കാണുന്നുണ്ടല്ലോ. തിരുവനന്തപുരം കേന്ദ്രമാക്കി പഠിക്കുന്ന വിദ്യാര്‍ത്ഥി നേതാക്കളെല്ലാം അനായാസമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനായി ആശ്രയിക്കുന്നത് ലോ അക്കാഡമിയെ ആണ്. ഇതിന് വേണ്ടിയാണ് അക്കാഡമിയിലെ ഈവനിംഗ് ബാച്ച്. മാനേജ്മെന്റിന് അലോസരമുണ്ടാക്കാതിരുന്നാല്‍ പിന്നെ അറ്റന്‍ഡന്‍സും ഇന്‍റെണല്‍ മാര്‍ക്കും ഒരു പ്രശ്നമേ അല്ല. ലോ അക്കാഡമിയില്‍ സീറ്റിനായി വിവിധ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും നല്‍കിയ ശുപാര്‍ശകള്‍ക്ക് കയ്യും കണക്കുമുണ്ടാവില്ല. സിപിഎം നേതാക്കള്‍ക്ക് ലോ അക്കാഡമി മാനേജ്‌മെന്റുമായുള്ള ദൃഢമായ ബന്ധം തന്നെയാണ് എസ്എഫ്‌ഐയുടെ തുടക്കത്തിലുള്ള ഉദാസീനതയ്ക്ക് പിന്നിലെന്ന് കാണാം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലോ അക്കാദമി മാനേജ്മെന്റുമായി അടുത്ത ബന്ധമുണ്ടെങ്കിലും ഒളിച്ച് കളിയുടെ ഭാഗമായെങ്കിലും അവര്‍ രംഗത്ത് വരുന്നുണ്ട്.

അവസാനം ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കും വിദ്യാര്‍ത്ഥികളെ കാണേണ്ടി വന്നു. ആരോ തള്ളി വിട്ട പോലെ. ഭൂമി പ്രശ്‌നത്തെ കുറിച്ച് പറയണ്ട. അത് വേറെ പ്രശ്‌നമാണ് എന്നാണ് കോടിയേരി അപ്പോഴും പറഞ്ഞത്. ലോ അക്കാദമിയിലെ ഭൂമിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോടിയേരിയും സിപിഎമ്മും വിമുഖത പ്രകടിപ്പിക്കുന്നത് എന്തിനാണ്. ഭൂമി പ്രശ്‌നത്തിന്റെ പ്രസക്തി വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. വിഎസിന് തീര്‍ച്ചയായും അദ്ദേഹത്തിന്‌റേതായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കാരണം അദ്ദേഹം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായ ബോദ്ധ്യമുള്ളയാളാണ്. കോണ്‍ഗ്രസും ബിജെപിയും ഭൂമിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. അത് വിദ്യാര്‍ത്ഥികളുടെ ആവശ്യമല്ല എന്നാണ് അവര്‍ പറയുന്ന ന്യായീകരണം. അത് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നമാണെങ്കിലും അല്ലെങ്കിലും അതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണല്ലോ.

സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവയെല്ലാം എയിഡഡ് സ്ഥാപനങ്ങളാണ്. 1972ല്‍ ഡയറക്റ്റ് പേയ്‌മെന്റ് എഗ്രിമെന്റില്‍ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പ് വെച്ച് എയിഡഡ് ആയി മാറിയപ്പോള്‍ ആ എഗ്രിമെന്റില്‍ നിന്നും ലോ അക്കാദമി വിട്ടു നില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ അണ്‍ എയ്ഡഡ് സ്ഥാപനത്തിന് ഭൂമി പതിച്ച് കൊടുത്ത നടപടി പരിശോധിക്കപ്പെടേണ്ടതല്ലേ? ഭൂമിയെ സംബന്ധിച്ച വിവാദങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യം ഒരു വശത്തുണ്ട്. ഒപ്പം വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങളില്‍ ലോ അക്കാദമിക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരിക്കുന്നു. ലക്ഷ്മി നായര്‍ക്കെതിരായ പരാതികളില്‍ ചിലത് ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നും അവര്‍ക്കെതിരെ കേസ് എടുക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇത് പരിശോധിക്കാനും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യമുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളെ കുറിച്ചുള്ള അപഹാസ്യമായ പ്രസ്താവനകള്‍ സിപിഎം തുടരുമോ, അതോ രാഷ്ട്രീയ ലക്ഷ്യം മനസിലാക്കി പ്രവര്‍ത്തിക്കുമോ എന്നതാണ് ചോദ്യം. പന്ത് ഇനി സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും കോര്‍ട്ടിലാണ്. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഗോളടിക്കുമോ അതോ സങ്കുചിത വ്യക്തി താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി സെല്‍ഫ് ഗോള്‍ അടിക്കുമോ എന്ന് നോക്കാം.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സുജയ്)

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍