UPDATES

‘കഴിഞ്ഞ ബജറ്റിലെ 50 കോടി തന്നിരുന്നെങ്കില്‍ ഞങ്ങളീ വയ്യാത്ത കുഞ്ഞുങ്ങളേം കൊണ്ട് ഇവിടിരിക്കില്ലല്ലോ?’

കാസര്‍കോട്ടെ അമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം സെക്രട്ടേറിയേറ്റിനു മുന്നില്‍ തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം

ശ്രീഷ്മ

ശ്രീഷ്മ

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇരുപതു കോടി രൂപ വകയിരുത്തിക്കൊണ്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പുതിയ ബജറ്റ് പ്രഖ്യാപനം. വര്‍ഷങ്ങളായി ദുരിതബാധിതരോട് സര്‍ക്കാരുകള്‍ തുടര്‍ന്നു പോരുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടെ അമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം സെക്രട്ടേറിയേറ്റിനു മുന്നില്‍ തുടരുന്നതിനിടെയാണ് ഇന്നു പ്രഖ്യാപിച്ച ബജറ്റില്‍ ഇരുപതു കോടി മാറ്റിവച്ചിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച സാമ്പത്തികസഹായങ്ങള്‍ക്കു പുറമേയാണ് ഇരുപതു കോടിയുടെ അധിക സഹായം.

അതേസമയം, വര്‍ഷങ്ങളായി ഇടവിട്ടു നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇന്നലെ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. നേരത്തേ നടത്തിയ സൂചനാ ഉപവാസ സമരങ്ങളും ഡിസംബറില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും ഫലം കാണാതിരുന്നതിനാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് അനിശ്ചിതകാല പട്ടിണിസമരം ആരംഭിക്കുകയായിരുന്നു. മുപ്പതോളം പേര്‍ സമരം ചെയ്യുന്ന സെക്രട്ടേറിയേറ്റിനു മുന്നിലുള്ള പന്തലില്‍ ബജറ്റിലെ സഹായധന പ്രഖ്യാപനത്തിന്റെ വാര്‍ത്ത എത്തിയപ്പോഴും, വാഗ്ദാനങ്ങളില്‍ തങ്ങള്‍ക്കുള്ള അതൃപ്തിയെക്കുറിച്ചാണ് സമരസമിതിക്ക് പറയാനുള്ളത്.

കഴിഞ്ഞ ബജറ്റില്‍ അമ്പതു കോടി രൂപയാണ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ക്ഷേമത്തിനായി നീക്കിവച്ചിരുന്നത്. തുടര്‍ന്ന് കടങ്ങള്‍ എഴുതിത്തള്ളുന്നതിലേക്കായി ഏഴു കോടി രൂപയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തുക ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കില്‍ സുപ്രീം കോടതി നിര്‍ദ്ദശമനുസരിച്ച് ലിസ്റ്റിലുള്ള ഓരോ ദുരിത ബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപ എത്തിക്കാന്‍ സാധിച്ചേനെ എന്നും, അതു നടപ്പില്‍വരുത്താത്ത സ്ഥിതിക്ക് ഇപ്പോഴത്തെ ഇരുപതു കോടി തങ്ങളുടെ കൈകളില്‍ എത്തിച്ചേരുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും സമരസമിതിയില്‍ പ്രവര്‍ത്തിക്കുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു.

“കഴിഞ്ഞ ബജറ്റിലെ അമ്പതു കോടിക്ക് എന്തു സംഭവിച്ചു എന്നറിയില്ല. അതിനിടെ ഒരു കോടി രൂപ വേറെയും പ്രഖ്യാപിച്ചിരുന്നു. ഈ തുകകളൊക്കെ എന്തിലേക്കാണ് ചെലവാക്കുന്നത് എന്നു മനസ്സിലാകുന്നില്ല. സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യമല്ല. പ്രഖ്യാപനത്തിനപ്പുറത്തേക്ക് ഈ തുക എന്തു ചെയ്തു എന്നാണ് അറിയാത്തത്. ഈ തുകയുണ്ടെങ്കില്‍ സുഖമായി എല്ലാവര്‍ക്കും ധനസഹായം എത്തിക്കാമായിരുന്നല്ലോ. ഇവര്‍ക്കു വേണ്ടി മാത്രം ചെലവാക്കേണ്ട തുകയല്ലേ ഇത്? ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇരുപതു കോടിയും എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് വ്യക്തമല്ല.”

ഇന്നലെ തുടങ്ങിയ പട്ടിണി സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളാരും മുന്നോട്ടു വന്നിട്ടില്ലെന്നും സമരസമിതിക്കാര്‍ പറയുന്നുണ്ട്. കാസര്‍കോട്ടു നിന്നുള്ള ജനപ്രതിനിധി കൂടിയായ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ വേണ്ടതെല്ലാം ചെയ്തിരിക്കുന്ന എന്ന തരത്തില്‍ നടത്തിയ പ്രസ്താവനകള്‍ പത്രങ്ങളില്‍ കണ്ടിരുന്നുവെന്നും, എന്നാല്‍ അങ്ങിനെയൊന്ന് ഉണ്ടായിട്ടില്ലെന്നും സമരമിരിക്കുന്ന മാതാപിതാക്കള്‍ പറയുന്നു. “അങ്ങനെ എല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ സുഖമില്ലാത്ത കുട്ടികളേയും കൊണ്ട് ഞങ്ങള്‍ ഇവിടെ വന്നിരിക്കേണ്ട കാര്യമില്ലല്ലോ. ഓരോ സമരം കഴിയുമ്പോഴും അപ്പക്കഷണം പോലെ പ്രഖ്യാപനങ്ങള്‍ ഇട്ടുതരും എന്നല്ലാതെ അതുകൊണ്ട് ഗുണമൊന്നുമുണ്ടായിട്ടില്ല. നൂറു പേര്‍ക്കു കൊടുക്കാനുള്ള ആനുകൂല്യങ്ങളാണെങ്കില്‍, പത്തു പേര്‍ക്ക് കൊടുത്തിട്ടുണ്ട് എന്നു പറയും. പ്രതിപക്ഷ നേതാക്കള്‍ പോലും വിവരമന്വേഷിക്കാന്‍ വന്നിട്ടില്ല. കാസര്‍കോട് എംഎല്‍എ നെല്ലിക്കുന്ന് മാത്രമാണ് ജനപ്രതിനിധി എന്ന നിലയ്ക്ക് വന്നു സന്ദര്‍ശിച്ചത്.”

പുതിയ ധനസഹായങ്ങളുടെ പ്രഖ്യാപനം ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ ആവശ്യങ്ങളില്‍ ഒന്നുമാത്രമാണ് എന്നതാണ് വാസ്തവം. 2017ലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ട അര്‍ഹരായവരെ തിരികെ ലിസ്റ്റില്‍ ചേര്‍ക്കണമെന്നതാണ് സമരത്തിന്റെ മുഖ്യ ആവശ്യം. മാനദണ്ഡങ്ങള്‍ വച്ചു പരിശോധിക്കുമ്പോള്‍ ലിസ്റ്റില്‍പ്പെടാന്‍ അര്‍ഹതയില്ലാത്തവരാണ് പുറത്തു പോയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണമെങ്കിലും, ഇപ്പോഴും ലിസ്റ്റിനു പുറത്തുള്ളവരുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് തിരുത്തുകയാണ് ഇവര്‍. ദീര്‍ഘകാലം ചികിത്സ വേണ്ടിവരുന്ന കുട്ടികളെ പരമാവധി ലിസ്റ്റില്‍ നിന്നും പുറത്താക്കി, പ്രായം ചെന്ന ക്യാന്‍സര്‍ രോഗികളടക്കമുള്ളവരെ ഉള്‍പ്പെടുത്തുകയാണുണ്ടായതെന്നാണ് സമരസമിതിയുടെ ആരോപണം. ദുരിത ബാധിതരുടെ അമ്മമാര്‍ നടത്തുന്ന റിലേ പട്ടിണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍