അന്വേഷിയുടെ സംഘടിത ശക്തി കേരളത്തിലും ദേശീയതലത്തിലും വരെ രേഖപ്പെടുത്തപ്പെട്ടത് ലീഗ് നേതാവും അന്നത്തെ വ്യവസായ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ ഇടപെടലിലൂടെ
ലിംഗനീതിക്കായുള്ള അവകാശസംഘടനകള്‍ ഇത്രമേല്‍ പ്രാധാന്യം നേടുന്നതിന് മുന്നേ കേരളം കേട്ടു പരിചയിച്ച പേരുകളിലൊന്നാണ് അന്വേഷി. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന ഒരു വേദിയായി ആദ്യഘട്ടം മുതല്‍ കേരളത്തില്‍ നിറഞ്ഞു നിന്നിട്ടുള്ള അന്വേഷി സ്ഥാനമുറപ്പിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. വാര്‍ഷികത്തിരക്കുകളില്‍ മുഴുകിയിരിക്കുന്ന അന്വേഷിയുടെ ഓഫീസിലേക്കാണ് കയറിച്ചെന്നത്. ഒരു ചെറിയ ഇടവഴിയുടെ ഓരത്തുള്ള ആ കെട്ടിടത്തില്‍ അഞ്ചോ ആറോ സ്ത്രീകള്‍ പല ജോലികളിലായി തിരക്കിലാണ്. ക്ഷണക്കത്തൊരുക്കലിനും പത്രസമ്മേളനത്തിനു തയ്യാറെടുക്കലിനുമിടെ ഓടിയെത്തിയ അന്വേഷി അജിത എന്ന നക്‌സല്‍ അജിത ഇരുപത്തിയഞ്ചു വര്‍ഷത്തെ സ്ത്രീ അവകാശപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍ ഓര്‍ത്തെടുത്തു പറഞ്ഞുതുടങ്ങി:
‘ഇരുപത്തിയഞ്ചാം വാര്‍ഷികമാണ്. 1993ല്‍ ആരംഭിച്ച അന്വേഷിയുടെ സ്ഥാപകാംഗങ്ങളൊന്നും ഇന്ന് ഒപ്പമില്ല. ഞാനേയുള്ളൂ. പിന്നെ കൂടെയുള്ളത് സംഘടനയുടെ സാമ്പത്തിക ഞെരുക്കങ്ങള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘം സ്ത്രീകളാണ്. സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാകില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ തങ്ങളെപ്പോലുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍. അങ്ങിനെയും ചിലരുള്ളതുകൊണ്ട് മുന്നോട്ടു പോകുന്നു.’
അന്വേഷി എന്ന സംഘടനയ്ക്ക് കോഴിക്കോടിന്റെ വൃത്തങ്ങളില്‍ മുഖവുരയോ മേല്‍വിലാസമോ ആവശ്യമില്ല. കോട്ടൂളിയിലെ ഒരു ഊടുവഴിക്കു മുന്നിലുള്ള അന്വേഷി എന്ന സൂചനാഫലകം പിന്തുടര്‍ന്നു പോയാല്‍, തങ്ങളുടെ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമുണ്ടെന്നു വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം സ്ത്രീകള്‍ ഇവിടെയുണ്ട്. ഈ വിശ്വാസം വളര്‍ത്തിയെടുക്കാനായി എന്നതു തന്നെയാണ് ഇത്ര കാലത്തെ ക്ലേശകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സംഘടനയുടെ ഏറ്റവും വലിയ നേട്ടവും.
അന്വേഷി എന്ന അവകാശപ്രസ്ഥാനം
സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കാന്‍ അധികമാളുകളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് സ്ത്രീ വിമോചന പ്രസ്ഥാനവുമായി അന്വേഷി കടന്നുവരുന്നത്. മാനുഷി, പ്രചോദന, ചേതന എന്നിങ്ങനെ കേരളത്തില്‍ അന്നു പ്രവര്‍ത്തിച്ചുവന്നിരുന്ന ബോധനയായിരുന്നു അന്ന് കോഴിക്കോട്ട് അജിതയടക്കമുള്ള അവകാശപ്രവര്‍ത്തകരുടെ തട്ടകം. മതം, സാമൂഹിക വ്യവസ്ഥിതികള്‍, പുരുഷാധിപത്യ സമൂഹം എന്നിങ്ങനെ പല തലങ്ങളില്‍ നിന്നും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന ചര്‍ച്ചയില്‍ കൊണ്ടുവരാനും, അവയ്ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള ഉപാധിയെന്ന നിലയ്ക്കാണ് അന്വേഷി രൂപം കൊണ്ടതെന്നാണ് സ്ഥാപകാംഗങ്ങള്‍ വിശദീകരിക്കുന്നത്.
അജിത, വിജി, ലളിത, സാവിത്രി, അംബുജം എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാരംഭിച്ച അന്വേഷിയുടെ പ്രാഥമികമായ ലക്ഷ്യം സാധാരണ കുടുംബങ്ങളില്‍ നി്ന്നുള്ള സ്ത്രീകള്‍ക്ക് സംസാരിക്കാനുള്ള ഇടമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു. നഗരത്തിലെ ചെറു തയ്യല്‍ യൂണിറ്റിനോടു ചേര്‍ന്നുള്ള അന്നത്തെ ഒറ്റമുറി ഓഫീസില്‍ സഹായമഭ്യര്‍ത്ഥിച്ച് എത്തിയത് ജില്ലയ്ക്കകത്തു നിന്നുള്ള നിരവധി സ്ത്രീകളായിരുന്നു. ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കുന്നവരായിരുന്നു അവരിലധികവും എന്ന് അജിത ഓര്‍ത്തെടുക്കുന്നുണ്ട്. മദ്യപാനികളായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാകാത്തവര്‍, സ്വന്തം വീടുകളില്‍ സുരക്ഷിതരല്ലാത്തവര്‍, സാമ്പത്തികമായും ശാരീരികമായും വീടിനകത്തും പുറത്തും വച്ച് ചൂഷണം ചെയ്യപ്പെടുന്നവര്‍ – അരക്ഷിതരായ സ്ത്രീകളുടെ എണ്ണം ഒരു ചെറിയ പ്രദേശത്തു പോലും വളരെയധികമാണെന്ന് അന്വേഷി തിരിച്ചറിയുകയായിരുന്നു.
നിലവില്‍ അഭ്യസ്തവിദ്യരും പരിചയസമ്പന്നരുമായ കൗണ്‍സിലര്‍മാരുടെ സേവനമുണ്ടെങ്കിലും, ആരംഭഘട്ടത്തില്‍ അന്വേഷിയുടെ കൗണ്‍സലിംഗ് എന്നാല്‍ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ചോദിച്ചു മനസ്സിലാക്കുക എന്നതു തന്നെയായിരുന്നു. പ്രശ്‌നമുന്നയിക്കുന്നവരുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും പോയി വിവരമന്വേഷിച്ച്, പരാതിയുയര്‍ത്തിയ സ്ത്രീ ഒറ്റയ്ക്കല്ല എന്നു സ്ഥാപിക്കുന്നതു തന്നെ വലിയൊരു കൗണ്‍സലിംഗ് മെക്കാനിസമായിരുന്നു. തങ്ങളെ കേള്‍ക്കാന്‍ ആരുമില്ലെന്നു കരുതിയിരുന്ന വീട്ടമ്മമാര്‍ക്ക് അതു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഒപ്പം എതിര്‍കക്ഷികളെ സമീപിച്ചുള്ള അനുനയശ്രമങ്ങളും ആവശ്യമായ കേസുകളില്‍ നിയമസഹായവും ഉറപ്പുവരുത്തി നിലപാടുറപ്പിച്ചിരുന്നു അന്വേഷി എന്നതില്‍ സ്ഥാപകാംഗമായ സാവിത്രിക്കും ഒരേ അഭിപ്രായമാണ്.
ഐസ്‌ക്രീം പാര്‍ലര്‍ കേസും തുടര്‍ പോരാട്ടങ്ങളും
കോഴിക്കോടിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിസ്സാരമല്ലാത്ത ഒരു സ്ഥാനം തന്നെ ചുരുങ്ങിയ കാലത്തിനിടയില്‍ കണ്ടെത്തിയ അന്വേഷിയുടെ സംഘടിത ശക്തി പക്ഷേ കേരളത്തിലും ദേശീയതലത്തിലും വരെ രേഖപ്പെടുത്തപ്പെട്ടത് ലീഗ് നേതാവും അന്നത്തെ വ്യവസായ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസ് ചര്‍ച്ചയായതിനെത്തുടര്‍ന്നാണ്. കോഴിക്കോട് ബീച്ചിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഐസ്‌ക്രീം പാര്‍ലറിന്റെ മറവില്‍ നടന്നു പോന്ന ലൈംഗിക ചൂഷണ സംഘത്തെ വെളിച്ചത്തു കൊണ്ടുവന്നത് അന്വേഷി നടത്തിയ സമയോചിതമായ ഇടപെടലുകളായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള പെണ്‍കുട്ടികളെ അകപ്പെടുത്തിയുള്ള റാക്കറ്റിനു സഹായമായിരുന്ന ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയായിരുന്നു പോരാട്ടം.
മൊഴിമാറ്റങ്ങളും ദുരൂഹമായ പല ഇടപെടലുകളും നടന്ന കേസില്‍ പിന്നീടു സംഭവിച്ചതെന്തെന്ന് കേരളത്തിന്റെ പൊതു ബോധത്തിന് വ്യക്തമായറിയാം. ഇരകളായിരുന്ന പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മൊഴിമാറുകയും കേസു തന്നെ ഇല്ലാതാകുകയും ചെയ്തു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഇപ്പോള്‍ ഒരു കോടതിയിലും നിലനില്‍ക്കുന്നില്ല. കേസ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു ഹര്‍ജി വര്‍ഷങ്ങളായി പരിഗണിക്കപ്പെടാതെ കിടക്കുന്നതൊഴിച്ചാല്‍, നിയമവ്യവഹാരങ്ങളിലൊന്നും നിലവില്‍ ഐസ്‌ക്രീം കേസില്ല. ഇരുപതു വര്‍ഷത്തോളം അന്വേഷിയും അജിതയും നടത്തിയ നിയമപോരാട്ടമാണ് എങ്ങുമെങ്ങുമെത്താതെ പോയത്.
‘മൊഴിമാറ്റിയ പെണ്‍കുട്ടികളെ ഞാനൊരിക്കലും കുറ്റപ്പെടുത്തില്ല. അവര്‍ക്കു വലിയ തുകകള്‍ ലഭിച്ചു. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ അവരെ വച്ചേക്കില്ലെന്നു ഭീഷണിയുമുണ്ടായിരുന്നു. അവര്‍ക്ക് ഈ സാമ്പത്തിക സഹായമൊന്നും ചെയ്യാന്‍ നമുക്കു കഴിവില്ലല്ലോ. അവരുടെ ജീവിതത്തിനു നല്ലതെന്തോ, അത് അവര്‍ തെരഞ്ഞെടുത്തു. അതില്‍ അവരെ കുറ്റം പറയാനാകുമോ?’ വര്‍ഷങ്ങളുടെ സമരം വെറുതെയായതിന്റെ നിരാശയല്ല ഇതു പറയുമ്പോള്‍ അജിതയ്ക്കുള്ളത്. അങ്ങേയറ്റം ശിഥിലമായ ഒരവസ്ഥയില്‍ നില്‍ക്കുന്ന നിസ്സഹായരായ പെണ്‍കുട്ടികളുടെ ദൈന്യത തിരിച്ചറിയുകയാണ് അന്വേഷി.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടും, തുടര്‍ന്നു നടത്തിയ പല ഇടപെടലുകളെത്തുടര്‍ന്നും വലിയ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അജിതയ്ക്കും സംഘത്തിനും. പണം നല്‍കാമെന്ന വാഗ്ദാനങ്ങളായും, പിന്നീട് ജീവനു തന്നെയുള്ള ഭീഷണികളായും പലരും പലപ്പോഴും സമീപിച്ചിട്ടുണ്ടെന്ന് അജിത പറയുന്നു. എന്നിട്ടും, നിലപാടുകളില്‍ ഉറച്ചു നില്‍ക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയം, സാങ്കേതികമായി പലയിടത്തും തോല്‍വി നേരിടേണ്ടി വന്നെങ്കിലും. ‘കോഴിക്കോട്ടായതു കൊണ്ടാണ്, മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഞങ്ങളെ നാമാവശേഷമാക്കിയേനെ.’
പരിവര്‍ത്തനം, പല തലങ്ങളില്‍
കുടുംബന്ധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെന്നും, ലൈംഗിക അരാജകത്വത്തിനായി വാദിക്കുന്നവരെന്നുമെല്ലാം ധാരാളം പഴി കേട്ടിട്ടുണ്ട് അന്വേഷി, തുടക്കക്കാലത്ത്. അപകടകരമാം വിധം സാമാന്യവല്‍ക്കരിക്കപ്പെട്ടു പോയിരുന്ന കുടുംബങ്ങളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചു തുടങ്ങിയവരെ പുരുഷസമൂഹം മറ്റെങ്ങനെ നേരിടാനാണ്. അതെന്തായാലും, സ്വന്തം കൈയില്‍ നിന്നുമെടുക്കുന്ന ചെറിയ തുകകളെയും ചില്ലറ സംഭാവനകളെയും മാത്രമാശ്രയിച്ചിരുന്ന സംഘടനയുടെ പ്രവര്‍ത്തനം ഗ്രാന്റുകളിലേക്കു കൂടി വളര്‍ന്നതോടെ സൗകര്യങ്ങള്‍ മെച്ചപ്പെട്ടതായി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നുണ്ട്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പു വഴി ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള ഗ്രാന്റുകള്‍ കിട്ടിത്തുടങ്ങിയ കാലത്താണ് അന്വേഷി ശക്തിപ്പെടുന്നതും. തുടര്‍ന്നും ഗ്രാന്റുകളിലൂടെ വിമന്‍സ് ലൈബ്രറി, ഷോര്‍ട്ട് സ്‌റ്റേ ഹോം പോലുള്ള സംരംഭങ്ങളും ആരംഭിക്കാനായി. പ്രതിസന്ധികളോട് എതിരിടുന്ന സ്ത്രീകള്‍ക്കുള്ള താല്‍ക്കാലിക വാസസ്ഥലം എന്ന നിലയ്ക്കാണ് ഷോര്‍ട്ട് സ്‌റ്റേ ഹോം വരുന്നത്. ഈ ഇടത്താവളത്തിനു പുറമേ, ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സര്‍ക്കാരിന്റെ നിര്‍ഭയ ഹോം കോഴിക്കോട്ട് നടത്തുന്നതും അന്വേഷിയാണ്.
സഹായമാവശ്യമുള്ളവര്‍ക്കായി നിയമോപദേശങ്ങള്‍ നല്‍കുന്ന നിയമസഹായ സെല്ലും അന്വേഷിയുടെ ഭാഗമാണ്. കുടുംബകോടതിയിലെ കേസുകള്‍ നോക്കാനും ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കാനും നിയമക്ലാസുകള്‍ എടുക്കുന്നതിനായും അഭിഭാഷകര്‍ ഈ സെല്ലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമകാര്യങ്ങളില്‍ അറിവും ബോധ്യവും താരതമ്യേന കുറവായ വീട്ടമ്മമാര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാനും പ്രശ്‌നങ്ങള്‍ നിയമപരമായി പരിഹരിക്കപ്പെടുന്നു എന്നുറപ്പുവരുത്താനും ഒരു വലിയ പരിധിവരെ ഇവര്‍ക്കാകുന്നുണ്ട്. വക്കീലിനെ തേടിപ്പോകാതെ അവര്‍ അന്വേഷിയിലെത്തുന്നതിനു കാരണവും അതുതന്നെ.
കമ്മ്യൂണിറ്റി വര്‍ക്കും കൗണ്‍സലിംഗുമാണ് അന്വേഷിയുടെ ഭാഗമായുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി ധൈര്യപ്പെടുത്തിയെടുക്കാനുള്ള സഹായങ്ങള്‍ കൗണ്‍സലിംഗ് വിംഗ് ഉറപ്പുവരുത്തുന്നതായി അസിസ്റ്റന്റ് കൗണ്‍സിലര്‍ സ്മിത പറയുന്നു. അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിവും വര്‍ദ്ധിച്ചുവരുന്നതായാണ് സ്മിതയുടെ നിരീക്ഷണം. പുറത്തേക്കു വരാന്‍ മടിക്കുന്ന സമൂഹങ്ങളിലേക്കു നേരിട്ടിറങ്ങിച്ചെന്നു സഹായമെത്തിക്കുന്ന കമ്മ്യൂണിറ്റി വര്‍ക്കര്‍മാര്‍ക്കു പറയാനുള്ളതാകട്ടെ, തങ്ങള്‍ കണ്‍മുന്നില്‍ക്കണ്ട അവിശ്വസനീയമായ ചില ജീവിതങ്ങളുടെ കഥകളും. വീടിനകത്തു നിന്നും പെണ്‍കുട്ടികള്‍ നേരിടുന്ന ശാരീരിക അതിക്രമങ്ങളും, ആത്മഹത്യയായി മാറുന്ന കൊലപാതകങ്ങളും കൈകാര്യം ചെയ്യുന്നവരാണിവര്‍.
ന്യൂസ് ലെറ്ററായി തുടങ്ങി മാസികയായി മാറിയ ‘സംഘടിത’യാണ് അന്വേഷിയുടെ ജിഹ്വ. അതോടൊപ്പം ശില്പശാലകളും ആരോഗ്യപ്രവര്‍ത്തനങ്ങളും തൊഴില്‍ പരിശീലനവുമെല്ലാം കോഴിക്കോട്ടു മാത്രമല്ല, മറിച്ച് കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും അന്വേഷി നടത്തുന്നുണ്ട്. ഗ്രാന്റുകളുടെ അഭാവത്തിലും മുന്നോട്ടു പോകാതിരിക്കാന്‍ ന്യായങ്ങള്‍ കണ്ടെത്തുന്നില്ല ഇവര്‍. അന്വേഷിയില്‍ പല ഘട്ടങ്ങളിലായി എത്തിപ്പെടുന്നവര്‍ക്കാര്‍ക്കും അതൊരു തൊഴിലല്ലാത്തതുകൊണ്ടു തന്നെ.
‘വാര്‍ഷികത്തിന്റെ തിരക്കുകളാണ്. ഇത്തവണ പൊതുയോഗം മാത്രമേയുള്ളൂ, മറ്റു പരിപാടികളൊന്നുമില്ല. ഫണ്ടൊന്നുമില്ല അതിന്. തിരക്കിനിടയിലും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു പോയിരുന്നു. കന്യാസ്ത്രീ സമരം അവസാനിച്ചിട്ടില്ല. ഫ്രാങ്കോയുടെ ജാമ്യം റദ്ദു ചെയ്യാനുള്ള ഹര്‍ജികള്‍ കൊടുത്തിട്ടുണ്ട്.’ അജിതയുടെ വാക്കുകളിലുണ്ട്, അന്വേഷിയുടെ സംക്ഷിപ്തം.
ഓഫീസില്‍ നിന്നിറങ്ങി തിരിച്ചു നടക്കുന്നതിനിടെ ഇടവഴിയുടെ തിരിവുകളിലൊന്നില്‍ ശങ്കിച്ചു നില്‍ക്കുന്ന മധ്യവയസ്സു കടന്ന ഒരു അമ്മയെ കണ്ടിരുന്നു. ഒഴിഞ്ഞ വഴിയില്‍ ഒരാളെ കണ്ടതും അവര്‍ അടുത്തു വന്ന്, കൈയിലെ കടലാസ്സുകള്‍ മുഷിഞ്ഞ സാരിത്തലപ്പില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ട് ചോദിച്ചതിതാണ്: ‘മോളേ, അന്വേഷിയിലേക്ക് ഇതിലേയാണോ?’ അതേയെന്നു പറഞ്ഞപ്പോള്‍, അവിടെ ചെന്നാല്‍ സംസാരിക്കാന്‍ ആരെങ്കിലുമുണ്ടോ എന്നായി. സാരിത്തലപ്പില്‍ അവര്‍ പൊതിഞ്ഞു പിടിച്ച ആശങ്കയെന്തായാലും, അതിനുള്ള പരിഹാരം അന്വേഷിയുടെ കെട്ടിടത്തിനകത്തുണ്ടെന്ന വിശ്വാസത്തോടെത്തന്നെയാണ് അവര്‍ വഴി ചോദിച്ചു മനസ്സിലാക്കി നടന്നു നീങ്ങിയത്. നേരത്തേ പറഞ്ഞതു പോലെ, അവരുടെ വിശ്വാസം തന്നെയാണ് അന്വേഷിയുടെ മൂലധനവും.
തീയില്‍ കുരുത്ത ജീവിതം-അജിതയിലേക്ക് മാങ്ങാട് രത്നാകരന്‍ നടത്തുന്ന യാത്ര
നക്സല്‍ബാരി മുതല്‍ പശ്ചിമഘട്ടം വരെ; കേരളത്തിലെ നക്സല്‍ പോരാട്ടം- നാള്‍വഴികളിലൂടെ
നീതി കിട്ടത്തക്കവണ്ണം അവളെ ചേര്‍ത്തു നിര്‍ത്താന്‍ എന്നാണ് മലയാളി തയ്യാറാവുക
പിടി ചാക്കോ മുതല്‍ എകെ ശശീന്ദ്രന്‍ വരെ: ലൈംഗികാരോപണങ്ങളില്‍ രാജി ആദ്യമല്ല