UPDATES

കേരളം

നാല് മാസത്തിനിടെ കേരളത്തില്‍ 27 ഹര്‍ത്താലുകള്‍: 12 എണ്ണം ബിജെപിയുടെ സംഭാവന

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ ഹര്‍ത്താല്‍ പോലുള്ളവ അനിവാര്യമാണെന്നും മോദിയുടെ നയങ്ങളുമായി ഇതിന് ഭിന്നതയില്ലെന്നുമാണ് ബിജെപി നിലപാട്.

കേരളത്തില്‍ നാല് മാസത്തിനിടെ നടന്നത് 27 ഹര്‍ത്താലുകളാണ്. ഇതില്‍ 12 എണ്ണവും നടത്തിയത് ബിജെപിയാണ്. ഹര്‍ത്താലുകളുടെ കാര്യത്തില്‍ മറ്റ് പാര്‍ട്ടികളെ പിന്നിലാക്കിയിരിക്കുകയാണ് ബിജെപി. എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ നടത്തിയ ഹര്‍ത്താലായിരുന്നു അവസാനത്തേത്. പ്രതിപക്ഷമായ യുഡിഎഫ് നാല് ഹര്‍ത്താലുകള്‍ നടത്തിയപ്പോള്‍ ഭരണ മുന്നണിയായ എല്‍ഡിഎഫും അതിനെ നയിക്കുന്ന സിപിഎമ്മും ചേര്‍ന്ന് മൂന്ന് ഹര്‍ത്താലുകള്‍ ഇതിനകം നടത്തി. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും (എം) ഓരോ ഹര്‍ത്താല്‍ വീതം നടത്തി. മറ്റ് സംഘടനകള്‍ ചേര്‍ന്ന് ആറ് ഹര്‍ത്താലുകള്‍ നടത്തി. ഹര്‍ത്താല്‍ വിരുദ്ധ, പണി മുടക്ക് വിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല വികസന നയങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് പോകുമ്പോളാണ് ബിജെപി കേരളത്തില്‍ ഹര്‍ത്താലില്‍ റെക്കോഡിട്ട് മുന്നേറുന്നത് എന്ന വൈരുദ്ധ്യമുണ്ട്. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ ഹര്‍ത്താല്‍ പോലുള്ളവ അനിവാര്യമാണെന്നും മോദിയുടെ നയങ്ങളുമായി ഇതിന് ഭിന്നതയില്ലെന്നുമാണ് ബിജെപി നിലപാട്.

2005 മുതല്‍ 2012 വരെ കേരളത്തില്‍ 363 ഹര്‍ത്താലുകള്‍ സംഘടിക്കപ്പെട്ടതായാണ് ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയുടെ കണക്ക്. ഇതില്‍ 184 എണ്ണം 2008ലായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ബന്ദ് നിരോധിക്കപ്പെട്ടത് കേരളത്തിലാണ്. 1997ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സംസ്ഥാനത്ത് ബന്ദ് നിരോധിക്കപ്പെട്ടത്. ഇതിനെതിരെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. എന്നാല്‍ 2000ല്‍ ബന്ദുകള്‍ക്ക് പകരം ഹര്‍ത്താല്‍ എന്ന പേര് കൊണ്ടുവന്നാണ് ഈ പ്രശ്‌നം സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും തീര്‍ത്തത്. ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോടതിവിധികളൊന്നും തന്നെ കേരളത്തിന്റെ ഹര്‍ത്താല്‍ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവന്നില്ല. 2015ല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ഹര്‍ത്താല്‍ വിരുദ്ധ ബില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഹര്‍ത്താല്‍ തടയുന്ന ബില്ലല്ല, നിയന്ത്രണ ബില്ലാണ് കൊണ്ടുവന്നത്. എന്നാല്‍ ജനാധിപത്യവിരുദ്ധമെന്നും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമെന്നും ആരോപിച്ച് എല്‍ഡിഎഫ് ശക്തമായി എതിര്‍ത്തു.

ഡെങ്കു പനി മുതല്‍ മാലിന്യ സംസ്കരണം വരെ

സംസ്ഥാന വ്യാപകമായ ഹര്‍ത്താലുകളുടെ എണ്ണം കുറഞ്ഞ് വരുകയും പ്രാദേശിക ഹര്‍ത്താലുകള്‍, അതായത് ജില്ലാ തലത്തിലോ, തദ്ദേശ സ്ഥാപന പരിധിയിലോ വരുന്ന ഹര്‍ത്താലുകളുടെ എണ്ണം കൂടുകയുമാണ്. ഡെങ്കു പനി മുതല്‍ മാലിന്യ സംസ്‌കരണത്തിലെ അപാകത വരെ വിവിധ വിഷയങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഹര്‍ത്താലുകള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ഏപ്രില്‍ 20ന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് നടത്തിയത്. കൊതുക് പരത്തുന്ന ഡെങ്കു വൈറസ് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയും സംസ്ഥാന ആരോഗ്യവകുപ്പും അലംഭാവം കാട്ടിയെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍