തല്‍ക്കാലം ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നാലും വര്‍ഷങ്ങളായി ചെയ്തു പോന്ന തൊഴില്‍ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടില്ലെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍
പത്തുവര്‍ഷത്തിലേറെക്കാലം തൊഴിലാളിയായി എത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയിലേക്ക് മണി ഇന്ന് വന്നത് യൂണിഫോമും ടാഗുമൊന്നുമില്ലാതെയാണ്. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ടിക്കറ്റ് മെഷീനുമായി ഡ്യൂട്ടിയെടുത്തു പോകുന്നതും നോക്കി മാറി നില്‍ക്കുമ്പോള്‍ മണി ചോദിക്കുന്നു, ‘ഇത്തിരി സാമ്പത്തിക ശേഷിയുള്ളവര്‍ എംപാനല്‍ ജീവനക്കാരായി ജോലി നോക്കുമോ? നാലായിരം പേരുടെ തൊഴില്‍ പോകുകയല്ല ഇപ്പോഴുണ്ടായിരിക്കുന്നത്, നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്.’
കോഴിക്കോട് ഡിപ്പോയിലെ ഇരുപത്തിനാല് എംപാനല്‍ കണ്ടക്ടര്‍മാരിലൊരാളാണ് മണി. എംപാനല്‍ ജീവനക്കാരെയെല്ലാം ഒരാഴ്ചയ്ക്കകം പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് വന്നപ്പോഴും, കെ.എസ്.ആര്‍.ടി.സി എം.ഡിയുടേയും സര്‍ക്കാരിന്റെയും നിലപാട് വ്യത്യസ്തമായിരുന്നതിനാല്‍ മറ്റ് ജീവനക്കാരെപ്പോലെ മണിയും ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ എംപാനല്‍ ജീവനക്കാരെയാരെയും ഇനി ഡ്യൂട്ടിയില്‍ വിടേണ്ടതില്ലെന്ന നിര്‍ദ്ദേശം ഇന്ന് രാവിലെ ഡിപ്പോയിലെത്തിയതോടെ മുന്നോട്ടുള്ള വഴി കാണാതെ ആശങ്കയിലാണ് മണിയടക്കം എല്ലാവരും. ‘ആര്‍ക്കും രേഖാമൂലം നിര്‍ദ്ദേശം കിട്ടിയിട്ടൊന്നുമില്ല. മറ്റു പല ഡിപ്പോകളിലും ടാഗ് തിരിച്ചേല്‍പ്പിക്കാന്‍ പറഞ്ഞെന്നും, ഏല്‍പ്പിച്ചില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരുമെന്നു പോലും അറിയിച്ചെന്നും കേള്‍ക്കുന്നുണ്ട്. ഇവിടെ അങ്ങിനെയൊന്നും പറഞ്ഞില്ലെങ്കിലും രാവിലെ മുതല്‍ ഡ്യൂട്ടിക്ക് വിടേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലു മണിക്ക് ഡ്യൂട്ടിക്ക് കേറുന്ന കുറച്ചു പേര്‍ മാത്രം പതിവു പോലെ ഇന്നും പോയിട്ടുണ്ട്. അവരെ പാതി വഴിക്ക് തിരിച്ചു വിളിക്കാന്‍ സാധിക്കില്ലല്ലോ. പലരും എറണാകുളത്തും ബാംഗ്ലൂരുമൊക്കെയാണുള്ളത്. എല്ലാവര്‍ക്കും വലിയ ആശങ്കയാണ്.’
പുലര്‍ച്ചയ്ക്കുള്ള ബസ്സുകള്‍ പോയതിനു ശേഷം പത്തുമണിയോടെയാണ് നിര്‍ദ്ദേശമെത്തിയതെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ സത്യന്‍ പറയുന്നു. എംപാനല്‍ ജീവനക്കാര്‍ എല്ലാവരും പുറത്താക്കപ്പെടുന്നതോടു കൂടി സര്‍വീസുകളില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുമെന്നാണ് സത്യനടക്കമുള്ള മറ്റു ജീവനക്കാരുടെയും പക്ഷം. 3,872 ജീവനക്കാരാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം പുറത്തു പോയിരിക്കുന്നത്. 2016ല്‍ പത്തു വര്‍ഷം തികയ്ക്കുന്നവരെ പുറത്താക്കേണ്ടതില്ലെന്ന് പറയുന്നുണ്ടെങ്കിലും, ചെറിയ കാലവ്യത്യാസത്തിന്റെ പുറത്ത് ജോലി നഷ്ടപ്പെടുന്നവരാണ് അധികവും. 2013ലെ പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്. ഇവരില്‍ അയ്യായിരത്തോളം പേര്‍ക്ക് നിയമന ശുപാര്‍ശ കിട്ടിയിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എംപാനല്‍ ജീവനക്കാരെ മാറ്റി പകരം ലിസ്റ്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുള്ള ഹൈക്കോടതി ഉത്തരവ്.
എന്നാല്‍, ഇരു കൂട്ടരെയും സംരക്ഷിച്ചു കൊണ്ടുള്ള നീക്കത്തിന് എന്താണ് തടസ്സമെന്ന ചോദ്യമാണ് മണിക്ക് മുന്നോട്ടുവയ്ക്കാനുള്ളത്. ‘നിലവില്‍ ജീവനക്കാര്‍ കൂടുതലാണെന്ന വാദമൊക്കെ വെറുതെയാണ്. എംപാനല്‍ ജീവനക്കാര്‍ ഉണ്ടായിട്ടുപോലും കോഴിക്കോട്ട് മാത്രം പത്ത് കണ്ടക്ടര്‍മാരുടെ കുറവാണുള്ളത്. എംപാനല്‍കാരെ പിരിച്ചു വിടാനുള്ള നടപടി ഇന്ന് തുടങ്ങിയതോടെ, അധികജോലി എടുക്കേണ്ടി വരുന്ന സ്ഥിരജീവനക്കാര്‍ക്കുള്ള അലവന്‍സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജീവനക്കാരില്ലാത്ത പ്രശ്‌നം ഇനിയാണ് തിരിച്ചറിയാന്‍ പോകുന്നത്. മിനിമം വേതനത്തിലും കുറഞ്ഞ തുകയ്ക്ക് ജോലിയെടുക്കുന്ന ഞങ്ങളുള്ളത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ ലാഭമാണ്. ദിവസം 480 രൂപ മാത്രം കിട്ടുന്നതു കൊണ്ട് ഡബിള്‍ ഡ്യൂട്ടിയൊക്കെയെടുത്താണ് പിടിച്ചു നിന്നിരുന്നത്. ഇനി എന്തു ചെയ്യുമെന്നറിയില്ല. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നിട്ട് അത് ഈ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയോ? എത്ര വിധികള്‍ അങ്ങനെ പാലിക്കപ്പെടാതെ പോകുന്നു. ഞങ്ങളുടെ കാര്യത്തില്‍ മാത്രം..’
പുലര്‍ച്ചെ നാലു മണിക്ക് ഡ്യൂട്ടിക്കെത്തുന്ന മണി, ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞിറങ്ങും. അന്നത്തെ തൊഴിലിനു ലഭിക്കുന്ന തുച്ഛമായ തുക കൊണ്ട് മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്ന് വ്യക്തമായി അറിയാവുന്നതിനാല്‍, അന്നു തന്നെ അടുത്ത ഡ്യൂട്ടിക്കും കയറും. ഇങ്ങനെ വിശ്രമമില്ലാതെ മാസത്തില്‍ ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ ജോലിയെടുക്കുന്നവരാണ് എംപാനല്‍ ജീവനക്കാര്‍. മോശമല്ലാത്ത വരുമാനം കണ്ടെത്താന്‍ ഈയൊരു മാര്‍ഗ്ഗം മാത്രമേ ഉള്ളൂവെങ്കിലും, സ്ഥിരം ജീവനക്കാരുടെ വരുമാനത്തിന് അടുത്തു പോലും അപ്പോഴും തങ്ങള്‍ക്ക് സമ്പാദിക്കാനാവില്ലന്ന് മണി വിശദീകരിക്കുന്നു. ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ച് ജോലിക്കെത്തുന്നവരാണ് മിക്ക എംപാനല്‍കാരും. പെട്ടന്നൊരു ദിവസം പിരിച്ചു വിടുന്ന നടപടി അവരെ വലിയ മാനസിക സംഘര്‍ഷത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്നത് വസ്തുതയായിത്തന്നെ നിലനില്‍ക്കുമ്പോഴും, എംപാനല്‍കാരെയും നിലനിര്‍ത്തിക്കൊണ്ടുള്ള നീക്കമായിരിക്കും നടത്തുക എന്ന് അധികാരികള്‍ പലവട്ടം ഇവര്‍ക്കു വാക്കു കൊടുത്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരും ഇപ്പോഴും ഇവര്‍ക്കു പിന്തുണയറിയിക്കുന്നുണ്ട് താനും. എങ്കിലും, തങ്ങളാവശ്യപ്പെടുന്നതു പോലെ ഉടനെയൊരു നടപടി ഈ വിഷയത്തിലുണ്ടാകുന്നില്ലെന്ന പരാതിയാണിവര്‍ക്ക്.
പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ജോലിക്കെത്താന്‍ സാധ്യതയുള്ളൂ എന്ന ആശങ്കയും ജീവനക്കാര്‍ പങ്കുവയ്ക്കുന്നുണ്ട്. 2013ല്‍ പുറത്തു വന്ന ലിസ്റ്റില്‍ ഇതുവരെ നിയമനമാകാത്തതിനാല്‍ മറ്റു ജോലികള്‍ തേടിയവര്‍ അധികമായിരിക്കുമെന്നും, അവരാരും ജോലിക്കെത്താതാകുമ്പോള്‍ ജീവനക്കാരുടെ എണ്ണത്തിലെ വിടവ് എങ്ങിനെ നികത്തപ്പെടുമെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. കേസുമായി കോടതിയെ സമീപിച്ച ഒരു ചെറിയ വിഭാഗമൊഴികെ മറ്റുള്ളവരില്‍ ഭൂരിഭാഗവും മാറിപ്പോകാനാണ് സാധ്യത എന്ന് മണിയടക്കം എല്ലാവരും കരുതുന്നു.
തിങ്കളാഴ്ച മുതല്‍ തങ്ങളുടെ ജോലി ഇല്ലാതെയാവുകയാണ് എന്നറിഞ്ഞ പലരും ഇന്ന് ഡിപ്പോയില്‍ എത്തുകപോലുമുണ്ടായില്ലെന്ന് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘കെ.എസ്.ആര്‍.ടി.സി ഇത് കാരണം വലിയ നഷ്ടത്തിലേക്കാണ് പോകുന്ന’തെന്ന് ആധിയോടെ പറഞ്ഞ ജീവനക്കാരനും, മറ്റു ഡിപ്പോകളില്‍ നിന്നും വരുന്ന ഓരോ ഫോണ്‍കോളിനും മറുപടിയായി ‘നമ്മുടെ കണ്ടക്ടര്‍മാരെയെല്ലാം അവര്‍ പറഞ്ഞുവിട്ടില്ലേ’യെന്ന് വിഷമിക്കുന്ന സ്റ്റേഷന്‍മാസ്റ്ററുമെല്ലാം പങ്കുവയ്ക്കുന്നത് ഒരേ ആശങ്ക തന്നെയാണ്. വിവരമന്വേഷിക്കാന്‍ ബന്ധപ്പെടുന്ന എംപാനല്‍ ജിവനക്കാരോട് പറയേണ്ടതെന്തെന്ന് അവര്‍ക്കറിയില്ല.
എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലോടെ വരാനിരിക്കുന്ന പ്രതിസന്ധികളുടെ ആദ്യ രൂപം ഇന്നു തന്നെ മിക്ക ഡിപ്പോകളിലും പ്രകടമായിരുന്നു. ആലപ്പുഴ ഡിപ്പോയില്‍ മാത്രം 55 സര്‍വീസുകളാണ് ജീവനക്കാരില്ലാത്തതിനാല്‍ ഇന്ന് റദ്ദു ചെയ്തിരിക്കുന്നത്. കോട്ടയം ഡിപ്പോയിലും കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ സര്‍വീസുകള്‍ ഇന്ന് മുടങ്ങി. തെക്കന്‍ കേരളത്തിലെ മിക്ക ഡിപ്പോകളും സര്‍വീസ് മുടക്കാതെ പിടിച്ചു നിന്നത് ഡബിള്‍ ഡ്യൂട്ടിയെടുക്കുന്ന എംപാനല്‍ ജീവനക്കാരുള്ളതുകൊണ്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എംപാനല്‍ ജീവനക്കാരില്ലാത്ത ആദ്യ ദിനം തന്നെ കെ.എസ്.ആര്‍.ടി.സിക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍, തുടര്‍ന്നുള്ള ദിവസങ്ങള്‍ എങ്ങിനെയായിരിക്കുമെന്നത് കാര്യമായിത്തന്നെ കണക്കിലെടുക്കേണ്ടതുണ്ട്.
അതേസമയം, തങ്ങള്‍ക്കു കൂടി അംഗത്വമുള്ള തൊഴിലാളി യൂണിയനുകളെല്ലാം വിഷയത്തില്‍ ഉടനടി ഒരു നടപടിക്ക് തയ്യാറാകാന്‍ മടിക്കുന്നതായും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും അടക്കം എല്ലാവരും തങ്ങളുടെ പക്ഷത്താണെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെന്നും, അപ്പോഴും പെട്ടന്നൊരു നീക്കുപോക്കിലെത്താന്‍ ആരും മുന്‍കൈയെടുക്കുന്നില്ലെന്നുമാണ് ജീവനക്കാരുടെ ആരോപണം. ‘എല്ലാ എംപാനല്‍ ജീവനക്കാരും യൂണിയനുകളില്‍ അംഗത്വമെടുത്ത് മാസം പണമടയ്ക്കുന്നവരാണ്. ഇന്ന് ഉത്തരവ് വന്നപ്പോള്‍ എല്ലാ തൊഴിലാളി യൂണിയനുകളേയും ബന്ധപ്പെട്ടു. ‘നിങ്ങളെന്തിനാണ് പേടിക്കുന്നത്’ എന്നാണ് അവര്‍ ചോദിക്കുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ പേടിക്കാതെ പിന്നെ എന്തു ചെയ്യണം? എംപാനല്‍ തൊഴിലാളികളുടെ ഒരു സംഘടന പണ്ടു ഞങ്ങള്‍ ആരംഭിച്ചിരുന്നു. യൂണിയനുകളില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആവശ്യങ്ങള്‍ക്കൊന്നും അവരാരും ഒപ്പം നില്‍ക്കില്ല എന്നു പറഞ്ഞപ്പോഴാണ് ആ സംഘടന മുന്നോട്ടു കൊണ്ടുപോകാതായത്. ഇപ്പോള്‍ ഞങ്ങള്‍ ആ പേരില്‍ തന്നെ സംഘടിക്കാന്‍ പോകുകയാണ്.’ മണി പറയുന്നു.
കോഴിക്കോട് ജില്ലയിലെ അഞ്ഞൂറോളം വരുന്ന എംപാനല്‍ ജീവനക്കാര്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സൂചകമായി സംഘടിക്കും. നേരത്തേ എംപാനല്‍ ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളതിനാല്‍, കാലക്രമേണ തങ്ങളെയും ജോലിയില്‍ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവു കാത്തിരിക്കുകയായിരുന്നു ഇവരെല്ലാം. തുച്ഛമായ വേതനത്തിന് അധിക സമയം പോലും ജോലിയെടുക്കുന്ന എംപാനല്‍കാരെ പിരിച്ചുവിട്ട്, ജീവനക്കാര്‍ക്കും കോര്‍പ്പറേഷനും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ നടപടി ഹൈക്കോടതി പുനഃപരിശോധിക്കണമെന്നാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യം.
ഹൈക്കോടതി വിധിയില്‍ പുനഃപരിശോധനയാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാനത്തെ എംപാനല്‍ ജീവനക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്. ഒന്നരക്കോടിയോളം രൂപ കേസുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി ആവശ്യം വന്നേക്കുമെന്നും, സുപ്രീം കോടതിയില്‍ കേസ് എത്തിച്ച് അതില്‍ ഒരു തീരുമാനമാകുന്നതു വരെ തങ്ങളുടെ ഭാവിയെന്തെന്നറിയില്ലെന്നും മണി പറയുന്നുണ്ട്. എന്നാല്‍, കേസിനു പോകുന്നതടക്കം ജീവനക്കാരുടെ എല്ലാ നീക്കങ്ങള്‍ക്കും പൂര്‍ണ പിന്തുണയാണ് തൊഴിലാളി യൂണിയനുകള്‍ നല്‍കുന്നതെന്നാണ് യൂണിയന്‍ ഭാരവാഹികളുടെ പക്ഷം.
അടുത്ത ദിവസം തന്നെ സംസ്ഥാനത്തെ എല്ലാ എംപാനല്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തിയുള്ള കാല്‍നടയാത്രയ്ക്ക് തയ്യാറെടുക്കുകയാണിവര്‍. ആലപ്പുഴ നിന്നും തിരുവനന്തപുരം വരെ ജാഥയായി നടന്നു ചെന്ന് പ്രതിഷേധം രേഖപ്പെടുത്താനും ബന്ധപ്പെട്ടവരുടെ ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടുവരാനുമാണ് ഇനി ഇവരുടെ ലക്ഷ്യം. എംപാനല്‍ ജീവനക്കാരുടെ ഈ ലോംഗ് മാര്‍ച്ച്, ഹൈക്കോടതിയുടെ തീരുമാനത്തെ പുനഃപരിശോധിച്ച് ഇരുവിഭാഗക്കാര്‍ക്കും ഗുണകരമായ ഒരു നിലപാടിലെത്തിച്ചേരാന്‍ സഹായിക്കും എന്നിവര്‍ ഉറച്ചു വിശ്വസിക്കുന്നു. തല്‍ക്കാലം ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നാലും വര്‍ഷങ്ങളായി ചെയ്തു പോന്ന തൊഴില്‍ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടില്ലെന്ന പ്രതീക്ഷ ഇവര്‍ക്കുണ്ട്.