UPDATES

കേരളം

വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ രക്ഷിക്കാന്‍ പദ്ധതി: അറിയേണ്ട 5 കാര്യങ്ങള്‍

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിക്കായി 500 മുതല്‍ 600 കോടി രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു

വിദ്യാഭ്യാസ വായ്പാ കുടിശ്ശികയും ബാങ്കുകളുടെ നടപടികളും ഗൗരവമായ സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ വായ്പയ്ക്കായി വീടും വസ്തുക്കളും ഈടുവച്ച് കടക്കെണിയില്‍പ്പെട്ട, സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന ഒരു തിരിച്ചടവ് സഹായപദ്ധതിയാണ് ആവശ്യം. അപ്രകാരമുള്ള പദ്ധതി സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി
സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ഒരു വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി (Education Loan Repayment Support Scheme) നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതൊരു കടാശ്വാസ പദ്ധതിയല്ല. വായ്പാ തിരിച്ചടവ് അവധിക്കുശേഷം (Repayment Holiday) ഉള്ള നാലു വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിയാണ്.

പദ്ധതിയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

1. സാമ്പത്തിക സഹായം
(i) നിഷ്ക്രിയ ആസ്തി ആകാത്ത 9 ലക്ഷം രൂപ വരെ വായ്പകള്‍ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകള്‍. (01.04.2016-ന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവര്‍ക്ക്) ഈ തിരിച്ചടവ് സഹായം ലഭിക്കും. ഒന്നാം വര്‍ഷം വായ്പയുടെ 90% ഉം രണ്ടാം വര്‍ഷം 75% ഉം മൂന്നാം വര്‍ഷം 50% ഉം നാലാം വര്‍ഷം 25% ഉം സര്‍ക്കാര്‍ വിഹിതമായി നല്‍കി തിരിച്ചടയ്ക്കാന്‍ സഹായിക്കും.
(ii) 31.03.2016-നോ അതിനു മുമ്പോ നിഷ്ക്രിയ ആസ്തിയായി (NPA) മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് വായ്പാ തുകയുടെ 40% മുന്‍കൂറായി അടയ്ക്കുകയും വായ്പയിേډലുള്ള പലിശ ബാങ്ക് ഇളവുചെയ്ത് കൊടുക്കുകയും ചെയ്താല്‍ 60% സര്‍ക്കാര്‍ നല്‍കി ലോണ്‍ ക്ലോസ് ചെയ്യാന്‍ സര്‍ക്കാര്‍ സഹായിക്കും.
(ii) (എ) 31.03.2016നോ അതിനു മുമ്പോ നിഷ്ക്രിയ ആസ്തിയായി (NPA) മാറിയിട്ടുള്ളതും നാലുലക്ഷത്തിനു മേല്‍ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളില്‍ ഒരു പ്രത്യേക പാക്കേജായി ലോണ്‍ ക്ലോസ് ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറാകുന്നപക്ഷം മുതലിന്‍റെ 50% (പരമാവധി 24,000 രൂപ) സര്‍ക്കാര്‍ സഹായമായി നല്‍കും. ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നല്‍കുകയോ, വായ്പയെടുത്തയാള്‍ മുഴുവനായി അടയ്ക്കുകയോ വേണം.
(ബി) വായ്പയുടെ കാലയളവില്‍ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും.

2. റിലീഫ് കാലയളവ്
തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷത്തേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കും.

3. പ്രാബല്യ തീയതി
ഈ പദ്ധതി 01.04.2016 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നിലവില്‍ വരും.

4. വരുമാന പരിധി
01.04.2016-ല്‍ ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും.

5. വായ്പാ പരിധി
ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ള വായ്പകള്‍ക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കും. റിസര്‍വ് ബാങ്കിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിഷ്ക്രിയ ആസ്തിയായ സെക്വേര്‍ഡ് വായ്പാ അക്കൗണ്ടുകള്‍ (നാലുലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ സെക്വേഡ് വായ്പകളായി കണക്കാക്കുന്നു) പുനഃക്രമീകരിക്കാന്‍ അനുവദിക്കുന്നില്ല. അതിനാല്‍, നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലു മുതല്‍ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകള്‍ പലിശ ഇളവ് നല്‍കിക്കൊണ്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വായ്പ ക്ലോസ് ചെയ്യാന്‍ സാധിക്കില്ലെന്ന് എസ്.എല്‍.ബി.സി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍, ഈ തിരിച്ചടവ് പദ്ധതി നടപ്പിലാക്കിയശേഷം, ബാങ്കുകളുമായി കൂടിയാലോചിച്ച് പ്രത്യേക പാക്കേജ് നാലുലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്കായി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കും.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി) അറിയിച്ചിട്ടുണ്ട്. ഇതിനായി 500 മുതല്‍ 600 കോടി രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍