UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകള്‍ മാത്രം താമസിക്കുന്നിടത്തെ സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ ഒരു വൈദികന് കിട്ടി? മഠത്തിലെ ഊണുമുറിയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത് എന്തിന്?

സി. ലൂസിക്കെതിരെ ‘അനാശാസ്യ’ പ്രചരണം നടത്തിയ മാനന്തവാടി രൂപതാ വക്താവ് ഫാ. നോബിള്‍ പാറക്കലിനെതിരെ പ്രതിഷേധം ശക്തം

മാനന്തവാടി ബിഷപ്പ് ഹൗസിലെ വൈദികന്‍ ഫാ. നോബിള്‍ പാറക്കല്‍ പ്രചരിപ്പിക്കുന്ന വീഡിയോ സി. ലൂസി കളപ്പുരയ്‌ക്കെതിരേ നടന്നു വരുന്ന ഗൂഢാലോചനകളുടെ ഭാഗമാണെന്ന് ആരോപണം. മാനന്തവാടി കാരയ്ക്കാമലയിലെ എഫ്‌സിസി മഠത്തില്‍ (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍) പുരുഷന്മാരെ പിന്‍വാതില്‍ വഴി വിളിച്ച് അകത്തു കയറ്റിയെന്ന അപകീര്‍ത്തികരമായ ആരോപണങ്ങളുമായാണ് ഫാ. നോബിള്‍ രംഗത്തെത്തിയത്ത്. അച്ചടക്കലംഘനത്തിന്റെ പേരില്‍ സഭയില്‍ നിന്നും സി. ലൂസിയെ പുറത്താക്കിയ നടപടിക്കു പിന്നാലെയാണ് ഇത്തരമൊരു അപവാദ പ്രചാരണവും ഉണ്ടായിരിക്കുന്നത്. തന്നെ പുറത്താക്കിയ എഫ്‌സിസി ജനറല്‍ കൗണ്‍സിലിന്റെ ഉത്തരവിനെതിരേ സി. ലൂസി വത്തിക്കാനില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

അപ്പീല്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പുറത്താക്കല്‍ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. വത്തിക്കാനില്‍ നിന്നും സി. ലൂസിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കാരയ്ക്കാമലയിലെ മഠത്തില്‍ സി.ലൂസിക്ക് തുടര്‍ന്നു താമസിക്കുകയും ചെയ്യാം. എന്നാല്‍ വത്തിക്കാന്‍ തീരുമാനം വരുന്നതിനു മുന്നേ സി. ലൂസിയെ ഏത് വിധേനയും മഠത്തില്‍ നിന്നും പുറത്താക്കാനാണ് എഫ്‌സിസി അധികൃതരും കത്തോലിക്ക സഭ നേതൃത്വം ശ്രമിക്കുന്നതെന്നാണ് സി. ലൂസിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. ഇത്തരം ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഫാ. നോബിളിന്റെ വീഡിയോ എന്നും അവര്‍ കുറ്റപ്പെടുന്നു.

തന്നെ മുറിയില്‍ പൂട്ടിയിട്ടു എന്ന് കഴിഞ്ഞ ദിവസം സി. ലൂസി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. മഠം അധികൃതര്‍ പ്രതിക്കൂട്ടിലായ ഈ സംഭവത്തിനു പിന്നാലെയാണ് ഫാ. നോബിളിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

സി. ലൂസിയെ കാണാന്‍ വന്ന മാധ്യമ പ്രവര്‍ത്തകയുടെ ഭര്‍ത്താവിനെയും സുഹൃത്തിനെയും ചേര്‍ത്തുവച്ചാണ് ഫാ. നോബിള്‍ സഭ്യമല്ലാത്ത തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. മദര്‍ സുപ്പീരിയറിന്റെ അനുമതിയില്ലാതെ സ്ത്രീ സന്ദര്‍ശകര്‍ക്ക് പോലും പ്രവേശനം ഇല്ലാത്ത സ്ത്രീ സന്ന്യസ്ത സമൂഹത്തിന്റെ ആശ്രമത്തിലേക്ക് അടുക്കള വാതില്‍ വഴി രണ്ടു പുരുഷന്മാരെ പ്രവേശിപ്പിച്ചു എന്നാണ് ഫാ. നോബിള്‍ അധിക്ഷേപിക്കുന്നത്. സാങ്കേതികമായി തന്നെ ഇപ്പോഴും കന്യാസ്ത്രീ സമൂഹത്തിന്റെ ഭാഗമായാണ് സി. ലൂസി ഉള്ളതെങ്കിലും മുന്‍ കന്യാസ്ത്രീ എന്നാണ് ഫാ. നോബിള്‍ പരാമര്‍ശിക്കുന്നത്. അടുക്കള വാതില്‍ വഴി സത്രീകളുടെ താമസസ്ഥലത്തേക്ക് പുരുഷന്മാരെ കയറ്റുന്നതാണോ ഈ വിപ്ലവകാരി സന്ന്യാസത്തില്‍ പ്രതീക്ഷിക്കുന്ന കാലോചിതമായ മാറ്റം എന്നു പരിഹസിക്കുന്നുമുണ്ട് വൈദികന്‍. ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ച് സംസാരിക്കുന്ന ഫാ. നോബിള്‍, ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീയേയും നീതിക്കായി സമരം ചെയ്ത കന്യാസ്ത്രീകളെയും കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.

അതേസമയം ഫാ. നോബിളിന്റെ പ്രവര്‍ത്തിയില്‍ കത്തോലിക്ക സഭ വിശ്വാസികളില്‍ നിന്നും പുരോഹിതരില്‍ നിന്നും വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സി. ലൂസിക്കെതിരേ മനഃപൂര്‍വം ഉണ്ടാക്കി വിടുന്ന അപവാദ പ്രചാരണങ്ങളാണ് ഇവയെല്ലാമെന്ന് വിശ്വാസികള്‍ ഫാ. നോബിളിനെ നേരില്‍ വിളിച്ച് കുറ്റപ്പെടുത്തുന്നുണ്ട്. എഫ്‌സിസി മഠം അധികൃതരുടെ ഒത്താശയോടെയാണ് ഇത്തമൊരു വീഡിയോ പുറത്തു വന്നിരിക്കുന്നതെന്നും ആരോപണങ്ങളുണ്ട്.

സി. ലൂസിയെ കാണാന്‍ വരുന്നവരുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത് തന്നെ ഇതിന്റെ പിന്നിലൊരു ഗൂഢാലോചനയുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നാണ് സി. ലൂസിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. അന്യപുരുഷന്മാര്‍ എന്നു ഫാ. നോബിള്‍ അധിക്ഷേപിക്കുന്നവര്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ ഭര്‍ത്താവും സഹൃത്തുമാണ്. രണ്ടു പുരുഷന്മാര്‍ മാത്രമല്ല, ഒരു വനിതയും ആ സമയത്ത് സി. ലൂസിയെ കാണാന്‍ ഉണ്ടായിരുന്നു. എന്നാല്‍ വനിത മാധ്യമപ്രവര്‍ത്തകയെ ദൃശ്യങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. നേരില്‍ കാണാന്‍ വേണ്ടി മുന്‍കൂട്ടി അനുവാദം ചോദിച്ച് എത്തിയവരാണവര്‍. ഇവരെ സ്വീകരിക്കാന്‍ വേണ്ടി മുന്‍വാതില്‍ തുറക്കാന്‍ ചെല്ലുമ്പോഴാണ് പ്രധാന വാതില്‍ പൂട്ടിയിരിക്കുന്നതായി സി. ലൂസിക്ക് മനസിലാകുന്നത്. മഠത്തിന് സമീപത്തുള്ള കപ്പേളയുടെ വെഞ്ചിരിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായാണ് മറ്റ് കന്യാസ്ത്രീകള്‍ പോയിരുന്നത്. എന്നാല്‍ ഇവര്‍ മഠത്തിന്റെ പ്രധാന വാതില്‍ പുറത്തു നിന്നു പൂട്ടുകയായിരുന്നു. സാധാരണ വാതില്‍ പൂട്ടി പോകുമ്പോള്‍ താക്കോല്‍ സ്ഥിരമായി ഒരിടത്ത് വയ്ക്കാറുണ്ട്. അന്നേ ദിവസം അവിടെ താക്കോല്‍ ഉണ്ടായിരുന്നില്ല. മുന്‍വാതില്‍ തുറക്കാന്‍ കഴിയില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് സി. ലൂസി അടുക്കള ഭാഗം വഴി പുറത്തിറങ്ങി തന്നെ കാണാന്‍ വരുന്നവരെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഫാ. നോബിള്‍ തന്റെ ആരോപണങ്ങള്‍ക്കുള്ള തെളിവായി ഉപയോഗിക്കുന്നത്.

എന്നാല്‍ സി. ലൂസി മാധ്യമപ്രവര്‍ത്തകരുമായി അകത്തിരുന്ന് സംസാരിച്ച ഇടം മഠത്തിലെ ഊണ്‍ മുറിയായിരുന്നു. മഠത്തിന്റെ കീഴില്‍ അനാഥമന്ദിരം പ്രവര്‍ത്തിക്കുന്നതിനാല്‍, അമ്പത് പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഊണ്‍ മുറിയാണ് ഉള്ളത്. ഇവിടെയിരുന്നാണ് കാണാന്‍ വന്നവരോട് താന്‍ സംസാരിച്ചതെന്നു ലി. ലൂസിയും പറയുന്നുണ്ട്. പുറത്തുള്ളതുപോലെ സിസിടിവി കാമറ ഊണ്‍ മുറിയിലും ഉണ്ട്. എന്നാല്‍ ഫാ. നോബിള്‍ ഈ ദൃശ്യങ്ങള്‍ ഒഴിവാക്കി കൊണ്ട്, രണ്ട് പുരുഷന്മാര്‍ അകത്തേക്ക് കയറിപ്പോകുന്നതിന്റെ മാത്രം ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത് കാരയ്ക്കാമല മഠം അധികൃതരോ എഫ്‌സിസി മദര്‍ സുപ്പീരയറോ അല്ല, ഒരു വൈദികന്‍ ആണെന്നതാണ് ഗൂഢാലോചന വാദം ഉറപ്പിക്കാന്‍ പറ്റുന്ന മറ്റൊരു തെളിവായി സി. ലൂസിയോട് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ സന്ന്യാസികള്‍ താമസിക്കുന്നയിടത്തെ സിസിടിവി ദൃശ്യങ്ങള്‍ ഒരു വൈദികന് എങ്ങനെയാണ് കിട്ടിയതെന്നാണ് അവര്‍ ചോദിക്കുന്നത്. സി. ലൂസി തെറ്റ് ചെയ്‌തെങ്കില്‍ അക്കാര്യം പുറത്തറിയിക്കാന്‍ മഠം സുപ്പീരിയര്‍ മദറോ പ്രൊവിന്‍ഷ്യാളോ ആയിരുന്നു തയ്യറാകേണ്ടിയിരുന്നത്. അത്തമൊരു നടപടി ഉണ്ടാകാതെ എന്തുകൊണ്ട് ഈ ദൃശ്യങ്ങള്‍ ഫാ. നോബിളിന് കൈമാറിയെന്നാണ് ചോദ്യം. മാനന്തവാടി രൂപതയുടെ ബിഷപ്പ് ഹൗസില്‍ സേവനം ചെയ്യുന്ന ഫാ. നോബിള്‍ പാറയ്ക്കല്‍, ബിഷപ്പ് ഹൗസ് വക്താക്കളില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ ഔദ്യോഗികമായി അല്ല താന്‍ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നും ഫാ. നോബിള്‍ പറയുന്നുണ്ട്. രൂപതയുടെയോ സഭയുടെ അനുമതിയില്ലാതെ ഫാ. നോബിളിന് എന്തിനാണ് മഠം അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയെന്ന ചോദ്യത്തിന് മഠത്തിന്റെ ഭാഗത്തു നിന്നും പ്രതികരണവും കിട്ടുന്നില്ല. ഫാ. നോബിളിന്റെ വീഡിയോയുമായി മാനന്തവാടി രൂപതയ്ക്ക് ബന്ധമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ രൂപതയിലുള്ളവരും തയ്യാറാകുന്നില്ല. സ്വന്തം നിലയ്ക്കാണ് ഫാ. നോബിള്‍ വീഡിയോ പുറത്തു വിട്ടിരിക്കുന്നതെങ്കില്‍ ഒരു കന്യാസ്ത്രീ മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഏതുവിധത്തില്‍ വൈദികന്‍ കൈക്കലാക്കിയെന്ന് അറിയാന്‍ വേണ്ടി പലതവണ ശ്രമിച്ചിട്ടും ഫാ. നോബിളിനെ ഫോണില്‍ കിട്ടുന്നുമില്ല.

നേരത്തെ സഭയില്‍ നിന്നും പുറത്താക്കിയെന്ന് അറിയിച്ചു കൊണ്ട് സി. ലൂസിയുടെ എണ്‍പത്തിനാലുകാരിയായ അമ്മ റോസമ്മയ്ക്ക് അയച്ച കത്തിലും കന്യാസ്ത്രീയെ മോശമാക്കിയാണ് എഫ്‌സിസി മഠം അധികൃതര്‍ ചിത്രീകരിച്ചിരുന്നത്. രാത്രിയില്‍ അന്യവ്യക്തിയെ മുറിയില്‍ താമസിപ്പിച്ചിട്ടുണ്ട് സി. ലൂസി എന്നാണ് റോസമ്മയോട് കത്തിലൂടെ എഫ്‌സിസി മദര്‍ സുപ്പീരിയര്‍ പറയുന്നത്. അനുവാദമില്ലാതെ പുറത്തു പോകുന്നു, യാത്രകള്‍ ചെയ്യുന്നു, സഭ വസ്ത്രങ്ങള്‍ക്ക് പകരം സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും അച്ചടക്കലംഘനങ്ങളുടെ പേരില്‍ മഠം അധികൃതര്‍ പ്രചരിപ്പിച്ചിരുന്നു. സി. ലൂസി വഴിവിട്ട ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മഠത്തില്‍ നിന്നും പുറത്താക്കുന്നതിനെ മദര്‍ സുപ്പീരയറും പ്രൊവിന്‍ഷ്യാളും ന്യായീകരിച്ചിരുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വിധത്തിലാണ് ഫാ. നോബിള്‍ പാറയ്ക്കലിനെ പോലുള്ള വൈദികരും സി. ലൂസിക്കെതിരേ രംഗത്തു വരുന്നത്.

ബിഷപ്പ് ഫ്രാങ്കോ കേസില്‍ ഇരയ്ക്കും കൂടെ നിന്ന കന്യാസ്ത്രീകള്‍ക്കും എതിരേയും ഇത്തരത്തില്‍ അപവാദ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ബിഷപ്പ് ഫ്രാങ്കോ നിരപരാധിയാണെന്നും കന്യാസ്ത്രീകള്‍ സ്വാര്‍ത്ഥലക്ഷ്യം വച്ച് ബിഷപ്പിനെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ആരോപിച്ചവരുടെ കൂടെയുള്ളതാണ് ഇപ്പോള്‍ സി. ലൂസിക്കെതിരേയും സഭ്യമല്ലാത്ത പ്രചാരണങ്ങള്‍ നടത്തുന്ന ഫാ. നോബിള്‍.

കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തിനു പിന്നാലെയാണ് സി. ലൂസി കളപ്പുരയ്ക്കെതിരേ എഫ് സി സി അധികൃതര്‍ അച്ചടക്കലംഘനങ്ങള്‍ ആരോപിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ അഞ്ചു കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ എഫ് സി സി അംഗമായ സി. ലൂസിയും പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയ വഴിയും വാര്‍ത്ത മാധ്യമങ്ങളിലൂടെയും സി. ലൂസി ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ നിരന്തരം ശബ്ദം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പലതരത്തില്‍ സഭയിലെ അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസുകള്‍ അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് മേയ് 11 ചേര്‍ന്ന എഫ് സി സി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സി. ലൂസിയെ പുറത്താക്കാന്‍ തീരുമാനം എടുത്തു. ഈ തീരുമാനം വത്തിക്കാനില്‍ അറിയിച്ച് അനുമതി വാങ്ങിയശേഷം ഓഗസ്റ്റ് ഏഴിന് പുറത്താക്കല്‍ ഉത്തരവ് സി. ലൂസിക്ക് കൈമാറുകയായിരുന്നു. ഇതിനെതിരേയാണ് വത്തിക്കാന് സി. ലൂസി അപ്പീല്‍ നല്‍കിയത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍