UPDATES

അഡ്വ. രഹനാസ് ഇപ്പോള്‍ അതിജീവനത്തിന്റെ മറ്റൊരു പേരാണ്

മുഖം മറക്കാനും പേര് നിശബ്ദമാക്കപ്പെടാനും ഇരുട്ടിലേക്ക് ജീവിതത്തെ തള്ളാനും കാരണമാകേണ്ട ഒന്നല്ല ബലാല്‍സംഗമെന്ന് കാണിച്ചു തരികയാണ് ഈ പെൺകുട്ടി

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ഇര എന്നതിനോളം എളുപ്പത്തില്‍ ലൈംഗികാതിക്രമങ്ങൾ നേരിട്ടവർക്ക് നേരെ എഴുതി വെക്കപ്പെടാത്ത വാക്കാണ് അതിജീവനം. അതിജീവിച്ചയാൾ എന്ന് അത്രയൊന്നും സാധാരണമായി ഉപയോഗിക്കാൻ തക്ക സാമൂഹ്യ സാഹചര്യങ്ങൾ നിലനിൽക്കാത്ത ഒരിടം ആണിത് എന്നതുകൊണ്ടാകാം അങ്ങനെ. ബലാല്‍സംഗത്തെ മാനഭംഗമെന്ന് അടയാളപ്പെടുത്തി ശീലിച്ച ഒരു ലോകത്തിന് മുന്നിലേക്കാണ് രഹനാസ് എന്ന ഇരുപത്തഞ്ചുകാരി പ്രത്യാശയുടെ ഒരു വെട്ടം തെളിച്ച് വെക്കുന്നത്.

പൊള്ളിയടർക്കുന്ന അനുഭവങ്ങളിൽ നിന്ന് രഹനാസ് വെട്ടിപ്പിടിച്ച വിജയങ്ങൾ വെറും വാക്കുകള്‍ക്ക് പിടിതരുന്നതല്ല. ഇന്നലെ കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്ത 760 പേരിൽ നിന്ന് രഹനാസ് വ്യത്യസ്തയാകുന്നതും കടന്നുപോയ ജീവിതത്തിന്‍റെ പോരാട്ടങ്ങൾ കൊണ്ടാണ്. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് മുഖവും പേരും ആവശ്യമില്ലെന്ന് കരുതുന്ന നമ്മളോടു കൂടിയാണ് രഹനാസ് പൊരുതി വന്നത്, പഠനം തുടർന്നത്, തന്റെ പേരും അനുഭവങ്ങളും വിളിച്ച് പറഞ്ഞത്, നിയമരംഗത്തെ ആദ്യ കാൽവെപ്പ് നടത്തിയത്. ആ പേര് ആവർത്തിച്ചെഴുതുക എന്നത് കൂടി ഇന്നിന്‍റെ ആവശ്യവും അഭിമാനവുമായി മാറുന്നു.

പതിനാറ് വയസ്സുള്ളപ്പോഴാണ് രഹനാസ് അച്ഛന്‍ എൻ.പി.കെ ഹാരിസുൾപ്പെടെ പന്ത്രണ്ട് പേരാൽ ബലാല്‍സംഗം ചെയ്യപ്പെടുന്നത്. ഒട്ടും ഉലയാതെ മൊഴിയിൽ ഉറച്ച് നിന്ന് മുഴുവന്‍ പേർക്കും ശിക്ഷ വാങ്ങിക്കൊടുത്ത ആ പെൺകുട്ടി ഇന്നലെ അഭിഭാഷകയായി എൻറോൾ ചെയതു. ഉമ്മയും അനിയനും അനിയത്തിയും അടങ്ങുന്ന കുടുംബത്തെ മുഴുവന്‍ വൈകുന്നേരങ്ങളിലെത്തി മർദ്ദിക്കുന്നത് അച്ഛന്‍റെ പതിവായിരുന്നു. വളർന്ന് വരുന്ന മകളുടെ ശരീരത്തെ അതേ അധികാരത്തോടെയാണ് അയാൾ കാമപൂർത്തിക്കായി സമീപിച്ച് തുടങ്ങിയത്.

മൈക്ക് കെട്ടി പരസ്യപ്രചരണം നടത്തുന്ന ജോലിയാണ് ഹാരിസിന്. രഹനാസും അയാൾക്കൊപ്പം തിരഞ്ഞെടുപ്പ് സമയത്തും കടകളുടെ ഉത്ഘാടനത്തിനുമൊക്കെ അനൗൺസ്മെൻറിനു പോകും. ഏഴാം ക്ളാസൊക്കെ എത്തിയപ്പോൾ ഇയാളുടെ പെരുമാറ്റത്തിൻറെ രീതികൾ മാറിത്തുടങ്ങി. തടഞ്ഞാലോ ഉമ്മയോട് പറയുമെന്നായാലോ ഉപദ്രവവും ഭീഷണിയും. കുഞ്ഞനിയത്തിയെ കൊല്ലുമെന്നൊക്കെ പറഞ്ഞാണ് പേടിപ്പിക്കുക.

ആയിടക്കാണ് സർക്കാർ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിച്ച് ഉത്തരവിറക്കിയത്. അതോടെ മകളെ ഉപയോഗിച്ച് പണമുണ്ടാക്കലായി ഹാരിസിന്‍റെ ഉന്നം. നമുക്ക് പൈസ വേണം, അതിന് നീ വിചാരിച്ചാൽ മതിയെന്ന് മകളെ ഉപദേശിക്കുന്ന പിതാവ്. അതോടെ പരസ്യത്തിന്‍റെ ജോലികൾ വന്നാലും രഹനാസ് കൂടെ പോകാൻ മടിച്ചു.

പഠിക്കാന്‍ മിടുക്കിയായിരുന്ന അവളുടെ സ്കൂളില്‍ പോക്കും ഇക്കാലത്ത് അയാൾ നിർത്തിയിരുന്നു. പകരം പപ്പടക്കമ്പനിയിലേക്ക്, തയ്യല്‍ കടയിലേക്ക്, വീടുകളിലേക്കൊക്കെ ജോലിക്കയച്ചു. ഇതിനിടക്ക് പരസ്യത്തിന്‍റെ റെക്കോർഡിങ്ങിനാണെന്ന് പറഞ്ഞ് പലയിടങ്ങളിലേക്കും കൊണ്ടുപോകാൻ തുടങ്ങി. കടകൾ നടത്തുന്നവരുടെ വീട്ടിൽ ചെന്ന് പരസ്യങ്ങൾ ചെയ്ത് കൊടുക്കാറുണ്ടായിരുന്നതിനാൽ കൂടെ പോയപ്പോഴും ആദ്യം സംശയം തോന്നിയിരുന്നില്ല. റിസോർട്ടിലേക്ക് കൊണ്ടുപോയത് പലർക്കും കാഴ്ച വെക്കാനാണെന്ന് അവിടെ ചെന്ന സമയത്താണ് രഹനാസ് തിരിച്ചറിയുന്നത്. നിരന്തരമായ ഈ കൊണ്ടുപോക്കുകളിൽ സംശയം തോന്നിയ അയൽവാസികളായ ചിലരാണ് ആദ്യം കാര്യം അന്വേഷിക്കുന്നത്. മുമ്പേ നല്ല സൗഹൃദമുണ്ടായിരുന്ന രണ്ട് ചേച്ചിമാരോട് അവൾ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അതോടെയാണ് പോലീസ് ഇടപെട്ട് മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തത്.

കേസാകുന്നതിനു മുമ്പേ ഉമ്മയോട് അവൾ കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇത് ചോദിക്കാൻ ചെന്നതോടെ അയാൾ ഉമ്മയെ ഭീകരമായി മർദ്ദിക്കാൻ തുടങ്ങി. മിക്കവാറും ദിവസങ്ങളിൽ പാതിരാത്രിയാകുമ്പോൾ അടിയും കരച്ചിലും പതിവായത് കൊണ്ട് അയൽവാസികൾ പോലും അന്വേഷിക്കാൻ മെനക്കെട്ടില്ല. അടുത്ത വീട്ടിലെ ആളുകൾ ജനലിനരികിൽ നോക്കി നിൽക്കുന്നതും ഒന്നും മിണ്ടാതിരുന്നതും അന്നത്തെ പോലെ ഓർക്കുന്നുണ്ടെന്ന് രഹനാസ് പറയുന്നു. പക്ഷേ കേസായതോടെ നാട്ടുകാരൊക്കെ ഒഴുകി വരാൻ തുടങ്ങി.

പന്ത്രണ്ട് പ്രതികളിൽ ഒരാൾ അന്ന് മുതല്‍ ഒളിവിലാണ്. ബാക്കി പതിനൊന്ന് പേരും ശിക്ഷിക്കപ്പെട്ടു. മകൾ ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ നാളിലും അവളോട് അങ്ങേയറ്റം ക്രൂരത കാണിച്ച പിതാവിന്‍റെ ജീവപര്യന്തം തടവ് അവസാനിച്ചിട്ടില്ല. പോക്സോ നിയമം വരുന്നതിനു മുമ്പായതിനാൽ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ടത്. 2008 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. രണ്ട് മാസങ്ങൾക്ക് ശേഷം അവളെ സർക്കാർ മേൽനോട്ടത്തിൽ തിരുവനന്തപുരത്തേക്ക് മാറ്റി. സംസ്ഥാന സർക്കാറിന്‍റെ മഹിളാ സമഖ്യ ഹോമിൽ നിന്നാണ് രഹനാസ് പുതിയ ജീവിതം ആരംഭിക്കുന്നത്.

“പഠനം തുടരാൻ സാധിക്കും എന്ന് പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. നമ്മുടെ നാട്ടിലെ അവസ്ഥ വെച്ച് ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ പിന്നെ ആ കുട്ടിയെ പുറത്തിറക്കില്ലല്ലോ. കേസ് നടക്കുന്ന സമയത്ത് നാട്ടിലായിരിക്കുമ്പോൾ എനിക്ക് മുറ്റത്തിറങ്ങാൻ പോലും പറ്റുമായിരുന്നില്ല. മുറ്റത്ത് കണ്ടാല്‍ അടുത്ത വീട്ടിലെ ഉമ്മാമ ഓടി വന്ന് ചീത്ത പറയും. തിരുവനന്തപുരത്ത് വന്നാലും അങ്ങനെ ആയിരിക്കുമെന്നാണ് കരുതിയത്.” രഹനാസ് ഓർത്തെടുക്കുന്നു.

പക്ഷേ തിരുവനന്തപുരത്തെത്തി രണ്ടാം ദിവസം തന്നെ അവളെ സ്കൂളില്‍ ചേർത്തു. മറ്റൊന്നും ആലോചിക്കാൻ നേരമുണ്ടാകാത്ത വിധം പഠനവും ക്യാംപുകളും കൂട്ടുകാരുമായി നിറമുള്ളൊരു ലോകം അവളുടെ മുന്നിലെത്തി. ഒരുമിച്ച് പഠിച്ചും ഭക്ഷണം കഴിച്ചും ഉറങ്ങിയുമൊക്കെ, മുമ്പ് പരിചിതമായിരുന്ന വീട്ടോർമകളെ കൂട്ടുകാരികൾ അവളിൽ നിന്ന് മാറ്റിക്കൊടുത്തു. അത് ശരിക്കും വീടായിരുന്നു!

പ്ളസ് ടു കൊമേഴ്സാണ് എടുത്തത്. ശേഷം നിയമപഠനത്തിനുള്ള പ്രവേശനപ്പരീക്ഷ എഴുതി. പൂത്തോട്ട എസ്സ്.എൻ ലോ കോളേജിൽ പ്രവേശനം ലഭിച്ചു. സാമൂഹ്യ നീതി വകുപ്പാണ് പഠനചിലവുകളെല്ലാം വഹിച്ചത്.

കേസ് നടക്കുന്ന സമയത്ത് എൽ.എൽ.ബി പഠിക്കണമെന്ന് പലരും അവളോട് പറയുമായിരുന്നു. സ്കൂൾ പഠനം പോലും മുടങ്ങിയിരിക്കുന്ന ഒരാൾ കൊടുക്കുന്ന ലാഘവമേ അന്നതിന് നൽകിയുള്ളു. പ്ളസ് ടു വിൽ എത്തിയപ്പോഴാണ് നിയമം പഠിക്കണമെന്ന തീരുമാനം ഉറച്ചത്. കോളേജിലെത്തിയിട്ടും എറണാകുളം പോലൊരു നഗരത്തിലെത്തിയതിന്‍റെയും ഹോമിൽ നിന്ന് മാറിയതിന്‍റെയും ഒക്കെ അങ്കലാപ്പ് വിട്ട് മാറിയിരുന്നില്ല. ഞാൻ തിരിച്ചു പോരുകയാണെന്ന് പലവട്ടം അവൾ ആന്‍റിമാരെ വിളിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലായ്പ്പോഴും എന്ന പോലെ അത്ര വേഗം തളരുക അവളുടെ വഴിയായിരുന്നില്ല. ആദ്യ സെമസ്റ്ററിൽ ഇംഗ്ളീഷിലുള്ള ക്ളാസുകൾ കേട്ട് പകച്ചു പോയ രഹനാസിനായിരുന്നു എട്ടാം സെമസ്റ്ററിൽ യൂണിവേഴ്സിറ്റിയിൽ റാങ്ക് കിട്ടിയത്.

രഹനാസ് വരുന്നത് ‘ഹോമിൽ’ നിന്നാണെന്ന് സഹപാഠികൾക്കും അറിയാമായിരുന്നു. അവരൊരിക്കലും അവളോട് ഉപ്പ വന്നോ, ഉമ്മ വന്നോ എന്ന് ചോദിക്കുമായിരുന്നില്ല. ആന്‍റിമാരെയാണ് അന്വേഷിക്കുക. ഹോമിലെ പ്രവര്‍ത്തകരും മഹിളാ സമഖ്യ സൊസൈറ്റി ഡയറക്ടർ പി.ഇ ഉഷയുമൊക്കെയാണ് രഹനാസിന്‍റെ രക്ഷാകർത്താക്കൾ.

ഡോ.സുനിതാ കൃഷ്ണന്‍റെ ജീവിത കഥ രഹനാസിന്‍റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു റേപ്പ് സർവൈവറായ സുനിത നൂറുക്കണക്കിന് പെൺകുട്ടികളെ മനുഷ്യക്കടത്തിൽ നിന്നും മാംസക്കച്ചവടത്തിൽ നിന്നും രക്ഷിച്ചു കൊണ്ട് വന്ന സാമൂഹ്യ പ്രവർത്തകയാണ്. അവരുടെ കഥ അറിഞ്ഞത് താനും മുഖമില്ലാതെ ഒളിച്ചിരിക്കേണ്ട ഒരാളല്ലെന്ന ബോധ്യം അവൾക്ക് നൽകി. ആയിടക്കാണ് ഷെമി എഴുതിയ ‘നടവഴിയിലെ നേരുകൾ’ വായിക്കുന്നത്. ദാരിദ്ര്യം നിറഞ്ഞ് നിന്ന കുട്ടിക്കാലത്തെ കുറിച്ചും അന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ചും ഷെമി എഴുതിയത് അവളുടെ ജീവിതത്തിലേക്കും ചേർത്ത് വെക്കാവുന്നത്ര സാമ്യമുള്ള അനുഭവങ്ങളായിരുന്നു. അങ്ങനെയാണ് എന്ത് കൊണ്ട് എനിക്കും എഴുതിക്കൂടാ എന്ന ചിന്ത മുളപൊട്ടുന്നത്. എഴുതിത്തുടങ്ങിയത് ഹോമിലെ ആന്‍റിമാരോട് പറഞ്ഞപ്പോൾ അവരും പിന്തുണ നൽകി. തീക്ഷ്ണമായ അനുഭവങ്ങളുടെ ജീവിത കഥ അവള്‍ എഴുതി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അതിനിടക്ക് തന്നെ പിതാവ് ഉൾപ്പെടെ തന്നോട് ചെയ്ത ക്രൂരതയും അതിനെ മറികടന്നതും എന്തുകൊണ്ടിത് പറയുന്നു എന്ന ബോധ്യത്തിന്‍റെ മേലെ നിന്നുകൊണ്ട് രഹനാസ് മാധ്യമങ്ങളോട് പങ്കുവെച്ചു. ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായവരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ സജീവമായ ഒരു സമയത്താണ് ഇതുണ്ടായതെന്നതാണ് പ്രധാനം. ജീവിച്ച് കാണിച്ചു തരിക എന്നതിനപ്പുറം എന്ത് പ്രസ്താവനയാണ് ഒരാൾക്ക് സമൂഹത്തിന് മുന്നിൽ വെക്കാനാകുക.

സമകാലികമലയാളം വാരികയിലൂടെയാണ് രഹനാസിന്റെ ജീവിതകഥ ആദ്യം പുറത്ത് വന്നത്. ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായവരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ സജീവമായ ഒരു സമയത്താണ് ഇതുണ്ടായതെന്നതാണ് പ്രധാനം. ജീവിച്ച് കാണിച്ചു തരിക എന്നതിനപ്പുറം എന്ത് പ്രസ്താവനയാണ്  ഒരാൾക്ക്  സമൂഹത്തിന് മുന്നിൽ വെക്കാനാകുക.

സഹപാഠികളിൽ നിന്നും ചുറ്റുമുള്ളവരിൽ നിന്നുമുള്ള നല്ല അനുഭവങ്ങളാണ്  എല്ലാവർക്കും സ്വാഭാവികമായി തന്നെ കാണാൻ കഴിയുമെന്ന് മനസിലാക്കിച്ചതെന്ന് രഹനാസ് പറയുന്നു. ഇത്തരം അനുഭവങ്ങൾ കൊണ്ട് നമ്മൾ മറഞ്ഞിരിക്കുന്നതിനെന്തിനാണെന്നും എത്ര നാളിങ്ങനെ സ്ഥലപ്പേരിൽ അറിയപ്പെടുമെന്നും അവൾ ചോദിക്കുന്നു.

ഇന്നലെ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വെച്ച് ഔദ്യോഗികമായി വക്കീലാകുന്നത് കാണാൻ വയനാട്ടിൽ നിന്ന് ഉമ്മയും സഹോദരങ്ങളും എത്തിയിരുന്നു. കേസ് നടക്കുന്ന കാലത്ത് അവരുടേയും ജീവിതം താളം തെറ്റിയതാണ്. പല സർക്കാർ സ്ഥാപനങ്ങളിലായാണ് സഹോദരങ്ങളും പഠിച്ചത്. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് പറിച്ചു മാറ്റി. ഇപ്പോൾ അനിയത്തിയുടെ വിവാഹം കഴിഞ്ഞു. അനിയന്‍ പത്താം ക്ളാസിലായി. ഭർത്താവ് ചെയ്ത കൊടും ക്രൂരതയോട് ക്ഷമിക്കാതെ, യാതൊരു സ്വാധീനങ്ങൾക്കും വഴങ്ങാതെ കേസിനൊപ്പം നിന്നതാണ് അവളുടെ ഉമ്മ. ബലാല്‍സംഗം ചെയ്യപ്പെടുന്നവർക്കൊപ്പം കുറ്റപ്പെടുത്തലും മാറ്റിനിർത്തലും സമ്മർദ്ദങ്ങളും അനുഭവിക്കുക അവരുടെ കുടുംബവും കൂടിയാണ്. പ്രതിയും ഇരയും ഒരേ കുടുംബത്തിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും. അതിനെയെല്ലാം കവച്ച് വെച്ച് മുന്നോട്ട് പോകുന്നതിൽ രഹനാസിന്‍റെ വിജയങ്ങൾ ചില്ലറ ഊർജജമല്ല അവർക്ക് നൽകുന്നത്.

അടുത്ത ദിവസം അവൾക്ക് എൽ.എൽ.എം പ്രവേശന പരീക്ഷയാണ്. ഉപരിപഠനത്തിനൊപ്പം സിവില്‍ സർവീസിനു വേണ്ടി കൂടി തയ്യാറെടുക്കാനാണ് തീരുമാനം. അതിജീവനമെന്ന വാക്കിന് തന്‍റെ ജീവിതം കൊണ്ട് ഇങ്ങനെയൊക്കെ രഹനാസ് അർത്ഥം കൊടുക്കുന്നു. ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്കായി അവൾ തുറന്നിട്ട വഴി ഒട്ടും നിസ്സാരമല്ല. മുഖം മറക്കാനും പേര് നിശബ്ദമാക്കപ്പെടാനും ഇരുട്ടിലേക്ക് ജീവിതത്തെ തള്ളാനും കാരണമാകേണ്ട ഒന്നല്ല ബലാല്‍സംഗമെന്ന് കാണിച്ചു തരികയാണ് ഈ പെൺകുട്ടി.. കൊടുംക്രൂരതകൾക്ക് വിധേയരായതിനൊപ്പം പൊതുബോധം അദൃശ്യരാക്കിയ നൂറ് നൂറ് പെണ്ണുങ്ങള്‍ക്ക് വേണ്ടി അവൾ പറയുന്നു. ‘എന്‍റെ പേര് രഹനാസ് എന്നാണ്, ഞാനൊരു സ്ഥലപ്പേരല്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍