UPDATES

ട്രെന്‍ഡിങ്ങ്

സുരേഷ് ഗോപിക്ക് നന്ദി, സഹായിക്കേണ്ട സര്‍ക്കാരില്‍ നിന്നും കിട്ടിയത് ശകാരം; നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി

ഡിസംബര്‍ 10ന് തുടങ്ങിയ സമരത്തില്‍ നാലും മൂന്നും വയസുള്ള കുട്ടികളുമായാണ് വിജി എത്തിയത്

വാക്ക് തര്‍ക്കത്തിനിടയില്‍ നെയ്യാറ്റിന്‍കര ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ടു കൊന്ന സനല്‍ കുമാറിന്റെ ഭാര്യ വിജി സഹായത്തിനായി അഭ്യര്‍ത്ഥിച്ച് കൊണ്ട് സമരം തുടങ്ങിയിട്ട് 20 ദിവസം പിന്നിട്ടിരിക്കുന്നു. വിജിയുടെ കുടുംബപ്രാരാബ്ധങ്ങളും ആവശ്യങ്ങളും സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തി വിവരിച്ചിട്ടും കണ്ണ് തുറക്കാത്ത മട്ടാണ് അധികാരികള്‍ക്ക്.

ഇരുപത് ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ നടക്കുന്ന സമരത്തിലേക്ക് സര്‍ക്കാരിന്റെ പ്രതിനിധികളാരും എത്തിയിട്ടില്ല. ഫോണ്‍ വിളിച്ചുണര്‍ത്തല്‍ സമരപരിപാടിയില്‍ മന്ത്രി എംഎം മണിയെ വിളിച്ചപ്പോഴാകാട്ടെ ലഭിച്ചത് ശകാരവും. ‘അങ്ങനെയൊന്നും ജോലി തരാന്‍ ഇവിടെ വകുപ്പൊന്നുമില്ല.’ എന്നാണ് എംഎം മണി വിജിയോടായി പറഞ്ഞത്.

കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ പോലീസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെടുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറും സനലും തമ്മില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തിനിടെ സനലിനെ ഹരികുമാര്‍ പിടിച്ച് തള്ളുകയും മറ്റൊരു വാഹനത്തിന് മുന്നിലേക്ക് വീണ് പരിക്കേറ്റ സനല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. സനലിന്റെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാര്‍ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

26 വയസുകാരിയായ വിധവയായ വിജി, നാലും മൂന്നും വയസുള്ള മക്കള്‍, ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട അസുഖ ബാധിതയായ അമ്മ, ജപ്തിഭീഷണിയിലായ വീട്, 35 ലക്ഷത്തോളം കടം ഇതാണ് സനലിന്റെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് കഴിഞ്ഞ ഒരു മാസമായി ഇവരുടെ ജീവിതം കഴിഞ്ഞു പോകുന്നത്. സനലിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലിയും ലഭിച്ചില്ല എന്ന സാഹചര്യത്തിലാണ് വയസായ ഭര്‍തൃ മാതാവും നാലും മൂന്നും വയസുള്ള കുഞ്ഞുകുട്ടികളുമായി വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ റിലേ സമരത്തിനിറങ്ങിയത്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് പടിക്കല്‍ തന്നെ ശബരിമല വിഷയവുമായി നിരാഹാര സമരത്തിലിരിക്കുന്ന ശോഭാ സുരേന്ദ്രനെ എം.പി സുരേഷ് ഗോപി സന്ദര്‍ശിച്ചപ്പോള്‍ വിജിക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. “സുരേഷ് ഗോപി സര്‍ 3 ലക്ഷമാണ് നല്‍കിയത്. ബാങ്ക് ലോണ്‍ എഴുതി തള്ളാന്‍ കഴിയുമോ എന്ന് അന്വേഷിക്കാമെന്നും സര്‍  അറിയിച്ചിട്ടുണ്ട്”, വിജി പറഞ്ഞു. 35 ലക്ഷത്തോളം കടബാധ്യതയുള്ള ഇവര്‍ക്ക് സുരേഷ് ഗോപി നല്‍കിയ തുക വലിയ സഹായമാണ്. “ബാങ്ക് ലോണ്‍ എഴുതിതള്ളിയാല്‍ കിട്ടിയ തുക മറ്റ് കടങ്ങള്‍ തീര്‍ക്കാനായിട്ട് എടുക്കാന്‍ പറ്റും”, വിജി പ്രതീക്ഷയോടെയാണ് സംസാരിച്ചത്.

ഡിസംബര്‍ 10ന് തുടങ്ങിയ സമരത്തില്‍ നാലും മൂന്നും വയസുള്ള കുട്ടികളുമായാണ് വിജി എത്തിയത്. എന്നാല്‍ കുട്ടികള്‍ക്ക് സുഖമില്ലാതായതിനെ തുടര്‍ന്ന് മക്കളെ സമരത്തിന് കൊണ്ട് വരുന്നില്ലെന്നും അമ്മയ്‌ക്കൊപ്പമാണ് അവരെ നിര്‍ത്തിയിരിക്കുന്നതെന്നും വിജി അറിയിച്ചു.

‘എന്റെ കുഞ്ഞിന് പെന്‍സില്‍ വാങ്ങണമെങ്കില്‍ ബന്ധുക്കളുടെ അടുത്ത് കൈനീട്ടണം’; ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ടു കൊന്ന സനല്‍കുമാറിന്റെ ഭാര്യ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍