സൂപ്പിക്കടയിലെ നിപ്പാ മരണങ്ങളും, ആയിടയ്ക്കുണ്ടായ മറ്റ് അപകടമരണങ്ങളും മഖ്ബറ ശരിയായി സംരക്ഷിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണെന്ന പ്രചരണം പ്രദേശത്ത് ശക്തമാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം
കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തുള്ള ചങ്ങരോത്ത് എന്ന ഗ്രാമത്തിലുള്ള സൂപ്പിക്കട തീരെ ചെറിയൊരു പ്രദേശമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മലയാളികള്‍ക്കിടയില്‍ പരിചിതമായ സ്ഥലപ്പേരുകളിലൊന്നുമാണ് സൂപ്പിക്കട. നിപ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും, ആദ്യമായി രോഗബാധിതനായ സാബിത്ത് അടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ നിപ ബാധിതരായി മരിച്ചതും സൂപ്പിക്കടയിലാണ്. സംസ്ഥാനത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ പൊട്ടിപ്പുറപ്പെട്ടയിടം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സൂപ്പിക്കടയെ പിന്നീട് ലോകമറിഞ്ഞത്, വൈറസിനെതിരായ കൂട്ടായ പോരാട്ടത്തിന്റെ പേരിലാണ്. എല്ലായിടത്തു നിന്നും നേരിടേണ്ടിവന്ന അവഗണനകളും ഒറ്റപ്പെടുത്തലുകളും തരണം ചെയ്ത്, നിപ വൈറസ് സാബിത്തിന്റെ കുടുംബത്തിനു പുറത്തുള്ള മറ്റൊരു പ്രദേശവാസിക്കും പകരാതെ ജാഗ്രത പുലര്‍ത്തിയ സൂപ്പിക്കടക്കാര്‍ ഒരു വര്‍ഷത്തിനിപ്പുറവും തങ്ങളന്നു നേരിട്ട ആശങ്കകളെക്കുറിച്ച് വ്യക്തമായി ഓര്‍ക്കുന്നുണ്ട്. അന്നത്തെ ഭീതിയ്ക്കു ശേഷം, മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കരിമ്പനിയും സൂപ്പിക്കടയില്‍ തലപൊക്കിയിരുന്നു. വീണ്ടും വീണ്ടും രോഗങ്ങള്‍ എന്തുകൊണ്ട് സൂപ്പിക്കടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്ന് സംസ്ഥാനത്തെ ആരോഗ്യവിദഗ്ധരടക്കം സംശയിച്ചപ്പോഴും, സൂപ്പിക്കടക്കാര്‍ സംയമനത്തോടെത്തന്നെയാണ് ഇടപെട്ടത്. കരിമ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തി ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.
കേരളത്തിലെ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഗവേഷകരും ആരോഗ്യപ്രവര്‍ത്തകരും അക്കാലയളവില്‍ സൂപ്പിക്കടയിലെത്തിയിരുന്നു. നിപ വൈറസ് ഭീതിയൊഴിഞ്ഞ് ഒരു വര്‍ഷമാകുന്ന ഈ ദിവസങ്ങളില്‍, സൂപ്പിക്കട എന്ന പ്രദേശം വാര്‍ത്തയിലിടം നേടുന്നത് പക്ഷേ, മറ്റൊരു വിഷയത്തിന്റെ പേരിലാണ്. സൂപ്പിക്കടയില്‍ നിപ ബാധിച്ചു മരിച്ച സാബിത്തിന്റെ വീട്ടില്‍ നിന്നും കഷ്ടിച്ച് നൂറു മീറ്റര്‍ മാത്രമകലെയുള്ള, വര്‍ഷങ്ങള്‍ പഴക്കം ചെന്നതെന്ന് പറയപ്പെടുന്ന മഖ്ബറയാണ് നിപ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചര്‍ച്ചയാകുന്നത്. നിപ വൈറസ് ബാധയ്ക്കു ശേഷമുള്ള മാസങ്ങളില്‍ത്തന്നെ മഖ്ബറയെക്കുറിച്ച് ധാരാളം കഥകള്‍ പുറത്തുവന്നിരുന്നു. കഥകളേക്കാളേറെ, മഖ്ബറയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ആരോപണങ്ങളുമായിരുന്നു അധികവും.
വര്‍ഷങ്ങളായി ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന മഖ്ബറ നിപയ്ക്കു ശേഷം പുതുക്കിപ്പണിതതും കെട്ടിടമാക്കി സംരക്ഷിക്കാനാരംഭിച്ചതും എന്തിനാണെന്നായിരുന്നു ഒരു ചോദ്യം. സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയുണ്ടാകാന്‍ കാരണം മഖ്ബറയ്ക്ക് വേണ്ട ശ്രദ്ധ കൊടുക്കാതിരുന്നതാണെന്ന് ഒരു വിഭാഗമാളുകള്‍ വ്യാജപ്രചരണം നടത്തുകയും ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നതായിരുന്നു മറ്റൊരു ആരോപണം. ഇതിനെല്ലാം പുറമേ, മഖ്ബറയ്ക്കു ചുറ്റും കെട്ടിടം നിര്‍മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണെന്ന വാദവും ഉയര്‍ന്നിരുന്നു. ആത്മീയവ്യാപാരവും അന്ധവിശ്വാസ പ്രചരണവുമടക്കം മഖ്ബറയ്‌ക്കെതിരെ സജീവമായി കേട്ടുകൊണ്ടിരുന്ന ആരോപണങ്ങള്‍ അനവധിയാണ്. എങ്കിലും, കെട്ടിടം പണി പൂര്‍ത്തീകരിക്കുകയും, മഖ്ബറയിലേക്ക് വിശ്വാസികള്‍ എത്തുകയും ചെയ്തിരുന്നു.
2018 സെപ്തംബര്‍ മുതല്‍ക്കു തന്നെ മഖ്ബറയുടെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും പ്രദേശത്തെ മുസ്ലിം മതവിശ്വാസികള്‍ക്കിടയില്‍ സമ്മിശ്ര അഭിപ്രായങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. സൂപ്പിക്കടയിലെ നിപ മരണങ്ങളും, ആയിടയ്ക്കുണ്ടായ മറ്റ് അപകടമരണങ്ങളും മഖ്ബറ ശരിയായി സംരക്ഷിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണെന്ന പ്രചരണം പ്രദേശത്ത് ശക്തമാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനും ആത്മീയചൂഷണം വഴി പണം തട്ടാനുമുള്ള മാര്‍ഗ്ഗം മാത്രമാണ് മഖ്ബറയെന്നും, കെട്ടിട നിര്‍മാണം തടയേണ്ടതുണ്ടെന്നും ഒരു വിഭാഗമാളുകള്‍ വാദിച്ചിരുന്നു. എന്നാല്‍, മഖ്ബറകള്‍ വിശ്വാസത്തിന്റെ ഭാഗമാണെന്നും സുന്നി വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്കെതിരായി മറ്റുള്ളവര്‍ നടത്തുന്ന അപവാദപ്രചരണങ്ങളാണ് മഖ്ബറയെക്കുറിച്ച് കേള്‍ക്കുന്നതെന്നും ആവര്‍ത്തിച്ചിരുന്ന മറ്റൊരു കൂട്ടരും സൂപ്പിക്കടയിലുണ്ടായിരുന്നു. ഈ അഭിപ്രായഭിന്നതകള്‍ രൂക്ഷമായിത്തുടങ്ങിയതോടെ കെട്ടിടം പണി ഏറ്റെടുത്ത കരാറുകാരനും പിന്മാറി. മഖ്ബറയുടെ നിര്‍മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കുറിപ്പുകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചു. കെട്ടിടം പണിതിരിക്കുന്നത് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണെന്നും, പൊളിച്ചുമാറ്റേണ്ടിവരുമെന്നും കാണിച്ചുള്ള നോട്ടീസും അതിനിടെ ചര്‍ച്ചയിലേക്ക് കടന്നുവന്നിരുന്നു. ഇടക്കാലത്ത് നിശ്ശബ്ദമായതിനു ശേഷം മഖ്ബറയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും പരിശോധിക്കപ്പെടുകയാണ്.
വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനാ വേളകളിലൊഴികെ മറ്റെല്ലായ്‌പ്പോഴും ആളൊഴിഞ്ഞയിടമാണ് സൂപ്പിക്കടയിലെ മഖ്ബറ. കോഴിക്കോടു നിന്നും മറ്റും കേട്ടറിഞ്ഞെത്തുന്ന ഒന്നോ രണ്ടോ പേരൊഴിച്ചാല്‍, ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ മഖ്ബറയില്‍ സന്ദര്‍ശകര്‍ പോലുമുണ്ടാകാറില്ല. മഖ്ബറ നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനായ ചേലക്കര അബ്ദുല്ലയും മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ അസ്വസ്ഥനാണ്. “വിശ്വാസമുള്ളവര്‍ വരും. അങ്ങനെയുള്ളവര്‍ മാത്രം വരട്ടെ. അതല്ലാതെ മഖ്ബറയെക്കുറിച്ചോ അതിന്റെ ചരിത്രത്തെക്കുറിച്ചോ ഒന്നും സംസാരിക്കാന്‍ താല്‍പര്യമില്ല” എന്നാണ് അബ്ദുല്ലയുടെ നിലപാട്. നിപ വൈറസ് ബാധയ്ക്കു കാരണമായത് മഖ്ബറയെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതിരുന്നതാണെന്ന് പ്രചരിപ്പിച്ചവരില്‍ അബ്ദുല്ലയുമുണ്ടെന്ന് നാട്ടുകാരിലൊരു വിഭാഗം ആവര്‍ത്തിക്കുന്നുണ്ട്. മഖ്ബറയെ ആത്മീയ കേന്ദ്രമാക്കി മാറ്റിയാല്‍ അതിന്റെ എല്ലാ ഗുണവും സ്ഥലത്തിന്റെ ഉടമസ്ഥനായിരിക്കും എന്നാണ് ഇവരുടെ ഭാഷ്യം. പഴയ ഇടിഞ്ഞുപൊളിഞ്ഞ ശവകുടീരത്തിനു ചുറ്റും ഇപ്പോള്‍ പ്രാര്‍ത്ഥനയ്ക്കായുള്ള ഹാളും, കെട്ടിടവും കൊടിമരവും പണിതിട്ടുണ്ട്. മഖ്ബറയിരിക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് അബ്ദുല്ലയുടെ വീടുമുള്ളത്.
അതേസമയം, ആത്മീയതയുടെ മറവില്‍ സാമ്പത്തിക ചൂഷണം നടക്കുന്നുവെന്നത് തെറ്റായ ആരോപണമാണെന്നും മറിച്ച് അന്ധവിശ്വാസത്തിന്റേതായ ഒരു വിഷയം മാത്രമാണ് സൂപ്പിക്കടയിലെ മഖ്ബറയുമായി ബന്ധപ്പെട്ട് നിലവിലുള്ളത് എന്നുമാണ് സൂപ്പിക്കട ഉള്‍പ്പെടുന്ന പന്തിരിക്കര വാര്‍ഡ് മെംബര്‍ ജയേഷിന്റെ പക്ഷം. “ഈ പറയുന്നപോലെ സാമ്പത്തിക തട്ടിപ്പൊന്നും നടക്കുന്നില്ലെന്നാണ് അറിവ്. ഇതൊരു അന്ധവിശ്വാസത്തിന്റെ ഭാഗമായുള്ളതാണെന്നതാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ആയിടയ്ക്ക് സൂപ്പിക്കട ഭാഗത്ത് ഒരുപാട് മരണങ്ങള്‍ നടന്നിരുന്നു. ആക്‌സിഡന്റില്‍ മൂന്നു പേര്‍ മരിക്കുന്നു, നിപ ബാധിച്ച് നാലു മരണങ്ങളുണ്ടാകുന്നു. അങ്ങനെ വന്നപ്പോള്‍ വന്ന ഒരു പ്രചരണമാണ്”. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് മഖ്ബറ പണിയുന്നത് എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ, മഖ്ബറ പുനര്‍നിര്‍മിച്ചവരോ പള്ളിയിലുള്ളവരോ പ്രതികരിക്കാന്‍ താല്‍പര്യപ്പെടാത്ത സാഹചര്യവുമുണ്ട്.
മുന്നൂറു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇപ്പോള്‍ തര്‍ക്കത്തിലായിരിക്കുന്ന മഖ്ബറ എന്നാണ് പ്രധാന വാദങ്ങളിലൊന്ന്. ആരുടേതാണെന്നതിനെക്കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മദീനയില്‍ നിന്നും മതപ്രചാരണത്തിനായി എത്തിയ പണ്ഡിതന്മാരിലൊരാളുടേതാണ് ശവകുടീരമെന്നാണ് പൊതുവേയുള്ള വിശ്വാസം. ചങ്ങരോത്ത് സൂപ്പിക്കടയിലും, കൊയിലാണ്ടിയില്‍ പാറപ്പള്ളിയിലും ഇത്തരത്തിലുള്ള കുടീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ഗവേഷകര്‍ എത്തിയാണ് അവയുടെ പഴക്കം നിര്‍ണയിച്ചതെന്നും സമീപവാസികള്‍ പറയുന്നുണ്ട്. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ പോലെ നിപയ്ക്കു ശേഷം കെട്ടിയുണ്ടാക്കിയ മഖ്ബറയല്ല ഇതെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വിശ്വാസികള്‍ സന്ദര്‍ശിക്കാനായി എത്തിയിരുന്നയിടമാണെന്നും സൂപ്പിക്കടയിലെ റിയാസ് പറയുന്നു. “ഇത് എത്രയോ കാലമായി ഇവിടെയുള്ളതാണ്. വര്‍ഷങ്ങളായി എല്ലാ വെള്ളിയാഴ്ചയും പ്രാര്‍ത്ഥനയ്ക്കായി അവിടെ വിശ്വാസികള്‍ കൂടും, മഖ്ബറയില്‍ അടക്കിയിട്ടുള്ള ദിവ്യന്റെ അനുഗ്രഹം ഈ പ്രദേശത്തെല്ലാവര്‍ക്കും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കും. അത് ഒരു വിശ്വാസം എന്ന നിലയ്ക്ക് ചെയ്യുന്നതാണ്. അതല്ലാതെ ഈ പറയുന്നതുപോലുള്ള ചൂഷണമൊന്നും അതിലില്ല. നിപ വരാന്‍ കാരണം മഖ്ബറ സംരക്ഷിക്കാത്തതാണെന്ന് ഇവിടെയാരും പറഞ്ഞു പരത്തിയിട്ടുമില്ല. സുന്നി വിശ്വാസങ്ങളെ എതിര്‍ക്കുന്നവരുടെ വ്യാജപ്രചരണമാണത്. ഇവിടെയാര്‍ക്കും നിപയ്ക്കു കാരണം മഖ്ബറയാണെന്ന വിശ്വാസമേയില്ല. മഖ്ബറ നശിച്ചു പോകാതെ സംരക്ഷിക്കാനായി കെട്ടിടം പണിയാന്‍ തീരുമാനിച്ചതും പണിഞ്ഞു തുടങ്ങിയതും നിപ വന്നു പോയതിനു ശേഷമായിപ്പോയെന്നേയുള്ളൂ. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഞങ്ങള്‍ പിന്തുടരുന്ന വിശ്വാസങ്ങളെ എന്തിനാണ് വിമര്‍ശിച്ച് ശബരിമല വിഷയം പോലെയാക്കുന്നത്?”
സൂപ്പിക്കടയില്‍ നിപ പടര്‍ന്നതിനു കാരണം മഖ്ബറ സംരക്ഷിക്കാത്തതാണെന്ന പ്രചരണമൊന്നും ഇവിടെയില്ലെന്നും, ഉണ്ടെങ്കില്‍ത്തന്നെ അതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും നിപ ബാധിച്ചു മരിച്ച മറിയത്തിന്റെ ഭര്‍ത്താവായ മൊയ്തീനും പറയുന്നുണ്ട്. “എന്റെ ഭാര്യ മരിച്ചത് നിപ ബാധിച്ചാണ്. അതിനു കാരണം മഖ്ബറ സൂക്ഷിക്കാത്തതാണെന്ന് എനിക്കു വിശ്വാസമില്ല. അങ്ങനെ ഞങ്ങളിലാരും പറഞ്ഞിട്ടുമില്ല. കാരണമില്ലാതെ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്”.
മഖ്ബറ നിര്‍മാണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചവരില്‍ പ്രദേശത്തെ കുയ്യണ്ടം മഹല്ല് ഖുതുബ് അടക്കമുള്ള പ്രദേശത്തെ മതപണ്ഡിതന്മാരുമുണ്ടായിരുന്നു. എന്നാല്‍, ‘പുതിയ മഖ്ബറ’ സൂപ്പിക്കടയില്‍ ചര്‍ച്ചാ വിഷയമായതോടെ സമസ്ത കേരള ജമിയത്തുല്‍ ഉലമ വിഷയത്തില്‍ പഠനം നടത്താനായി കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മറ്റിയുടെ നിര്‍ദ്ദേശം പുറത്തുവന്നതിനു ശേഷമേ നിലപാടെടുക്കാനാകൂ എന്നാണ് മതപണ്ഡിതന്മാരുടെ ഇപ്പോഴത്തെ പ്രതികരണം. മഖ്ബറയില്‍ വിശ്വാസികള്‍ പോകുന്നതിന് പിന്തുണയോ എതിര്‍പ്പോ ഇല്ലെന്നും ഈ വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്നുമാണ് പള്ളിയുമായി ബന്ധപ്പെട്ടവരുടെ നിലപാട്.
മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയതോടെ ചര്‍ച്ചകളുണ്ടാകുന്നതിനോട് താത്പര്യമില്ലാത്തതിനാല്‍ പ്രതികരിക്കാന്‍ മടിക്കുകയാണ് സൂപ്പിക്കടയിലെ വിശ്വാസികള്‍. അതേസമയം, നിപയുമായി മഖ്ബറയെ ബന്ധപ്പെടുത്തി പ്രചരണങ്ങള്‍ നടത്തിയവരും പരസ്യമായ അവകാശവാദങ്ങളില്‍ നിന്നെങ്കിലും പിന്നോട്ടു പോയിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. എന്തിന്റെ പേരിലായാലും, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനെ എതിര്‍ക്കണമെന്ന് വാദിക്കുന്നവരും മറുവശത്തുണ്ട്. മഖ്ബറ നില്‍ക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായതും ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.
നിപ വൈറസ് എന്ന മഹാവിപത്ത് സൂപ്പിക്കടക്കാര്‍ക്ക് നല്‍കിയ മരണഭയം ചെറുതല്ല. ദിവസങ്ങളോളം വീടിനു പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടവരുണ്ടിവിടെ. നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലും ബന്ധുക്കളെ കാണിക്കാതെ അടക്കം ചെയ്തതിന്റെ ഓര്‍മകള്‍ ഇവിടത്തുകാര്‍ക്കുണ്ട്. നിപയെ അതിജീവിച്ച നാടാണെങ്കിലും, ആ ഭീതി ഇന്നും ഇവിടത്തെ ഓരോ വ്യക്തിയുടെയും ഉള്ളിലുണ്ടെന്നതാണ് വാസ്തവം. ആ ഭീതി മുതലെടുത്ത് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന ഒരു വിഭാഗം നാട്ടുകാരുടെ വാദത്തിന് പ്രസക്തിയുണ്ടുതാനും. അതേസമയം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കരുത് എന്ന നിലപാട് മറ്റൊരു വിഭാഗമാളുകള്‍ എടുത്തതോടെ, മഖ്ബറ വിഷയം വീണ്ടും സൂപ്പിക്കടയില്‍ ചേരിതിരിവുണ്ടാക്കുകയാണ്.