UPDATES

വൈറ്റില മേല്‍പ്പാലത്തിന് പാലാരിവട്ടത്തിന് സമാനമായ ഗുരുതര തകരാറോ? ഇ ശ്രീധരനെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി കണ്ടെത്തിയ പിഴവുകള്‍ തന്നെയാണ് വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലും ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് മനസിലാകുന്നത്

വൈറ്റില മേല്‍പ്പാല നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിന് ഇ. ശ്രീധരനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യം. പാലം നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭഗം ചൂണ്ടിക്കാട്ടിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇ. ശ്രീധരന്റെ മേല്‍നോട്ടം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കം രംഗത്തു വന്നിരിക്കുന്നത്. പാലം നിര്‍മാണത്തില്‍ അപാതകയുണ്ടെങ്കില്‍ അത് തുറന്നു പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും ആവശ്യമുണ്ട്. അപാകത ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടിയെടുത്തുകൊണ്ട് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് അഴിമതി മൂടിവയ്ക്കാനാണെന്നും അതിനെതിരേ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നുണ്ട്.

പാലാരിവാട്ടം മേല്‍പ്പാലത്തിനു പിന്നാലെയാണ് വൈറ്റിലയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലവും അഴിമതിയുടെ നിഴലിലായിരിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട മേല്‍പ്പാലങ്ങളില്‍ മുന്നില്‍ നില്‍ക്കാന്‍ ഒരുങ്ങുന്ന വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിന്റെ എഴുപത് ശതമാനത്തിലേറെയും പിന്നിട്ടിരിക്കുന്ന വേളയിലാണ് ഇത്തരമൊരു ക്രമക്കേട് പുറത്തു വന്നിരിക്കുന്നത്. പാലം നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നു നിര്‍മാണ മേല്‍നോട്ടം വഹിക്കുന്നവരിലെ പ്രധാനപ്പെട്ടൊരു സ്ഥാനം വഹിച്ചിരുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ഈ വിഷയത്തെ ഗൗരവത്തിലാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ഉദ്യോഗസ്ഥയ്‌ക്കെതിരേയാണ് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തിരിക്കുന്നത്.

വൈറ്റില മേല്‍പ്പാലത്തില്‍ കുണ്ടന്നൂര്‍ ഭാഗത്തു നിന്നുവരുന്ന ദിശയില്‍ ഒരു സ്ലാബിലും മധ്യഭാഗത്തുള്ള പിയര്‍ ക്യാപ്പിലും ഇടപ്പള്ളി ഭാഗത്തേക്കുള്ള ദിശയിലെ ഒരു ഗാര്‍ഡറിലും സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് ഫലപ്രദമായ രീതിയില്‍ കോണ്‍ക്രീറ്റിംഗ് നടന്നിട്ടില്ല എന്നു ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓര്‍ഡിനറി കോണ്‍ക്രീറ്റിംഗ്, സ്റ്റാന്‍ഡേര്‍ഡ് കോണ്‍ക്രീറ്റിംഗ്, ഹൈ സ്‌ട്രെങ്ത് കോണ്‍ക്രീറ്റീംഗ് എന്നിങ്ങനെ മൂന്നു ഗ്രൂപ്പായി കോണ്‍ക്രീറ്റിംഗ് തിരിച്ചാണ് നിര്‍മാണം നടത്തുന്നതെന്നും ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് കോണ്‍ക്രീറ്റിംഗിന്റെ സ്‌പെസിഫിക്കേഷനില്‍ എം 35 എന്‍എംഎം സ്‌ക്വയര്‍ (350 ടണ്‍ ഭാരം താങ്ങാന്‍ കഴിയുന്ന തരത്തില്‍ കോണ്‍ക്രീറ്റിംഗ് നടത്തുന്നതിന്റെ അനുപാതം) അനുപാതത്തിലാണ് കോണ്‍ക്രീറ്റിംഗ് നടത്തേണ്ടതെന്നിരിക്കെ അത് ചെയ്യാതെ പോരായ്മയോടെയാണ് കോണ്‍ക്രീറ്റിംഗ് നടത്തിയതെന്നും പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഷൈലമോളുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് വിവരം. ഗുണമേന്മയില്ലാത്ത സിമന്റാണ് കരാറുകാര്‍ നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും കോണ്‍ക്രീറ്റ് ക്യൂറിംഗിന് അവശ്യമായ രീതിയില്‍ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നും ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാലത്തിന്റെ ഡെക്ക് സ്ലാബ്, പിയര്‍ ക്യാംപിലും ഗാര്‍ഡറുകളിലും നിലവാരക്കുറവുളളതായും ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നടത്തിയ അന്വേഷണത്തിലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാംഘട്ട പരിശോധനയിലായിരുന്നു ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം വീഴ്ച്ചകള്‍ കണ്ടെത്തിയത്. നിര്‍മാണത്തിന് ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന് നിലവാരം ഇല്ലെന്നത് ഗുരുതരമായ നിര്‍മാണ വീഴ്ച്ചയാണ്. പാലം നിര്‍മാണത്തിന്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയര്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉത്തരവാദിത്വപ്പെട്ട നിലയില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്ന പരാതിയും ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി കണ്ടെത്തിയ പിഴവുകള്‍ തന്നെയാണ് വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലും ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് മനസിലാകുന്നത്. ഗുണനിലവാരമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളായിരുന്നു പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ നടന്നതെന്ന് ചെന്നൈ ഐഐടി വിദഗ്ദര്‍ കണ്ടെത്തിയിരുന്നു. മേല്‍പ്പാലത്തിന്റെ റോഡിലെ ടാര്‍ ഇളകി പോകാനും ഗര്‍ഡറുകള്‍ക്കും തൂണിനും തകരാര്‍ സംഭവിച്ചതിനും കാരണവും ഇതായിരുന്നു. പാലാരിവട്ടം മേല്‍പ്പാലത്തില്‍ അവശ്യമായ സിമന്റ് നിര്‍മാണഘട്ടത്തില്‍ ഉപയോഗിച്ചിരുന്നില്ലെന്നു കണ്ടെത്തിയിടത്ത് വൈറ്റില മേല്‍പ്പാലത്തെ കുറിച്ചുള്ള ആക്ഷേപം ഗുണനിലവാരമില്ലാത്ത സിമന്റാണ് ഉപയോഗിക്കുന്നതെന്നാണ്. കോണ്‍ക്രീറ്റ് പാകപ്പെടുത്തലും നിര്‍ദശിക്കപ്പെട്ട അനുപാതത്തില്‍ നടത്താത്തത് പാലത്തിന് ബലക്ഷയം ഉണ്ടാക്കുമെന്നതാണ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ നല്‍കുന്ന മുന്നറിയിപ്പ്. പാലാരിവട്ടം പാലത്തിന്റെയും പിയര്‍, പിയര്‍ ഗ്യാപ്പ്, ഗര്‍ഡര്‍, ഡക്ക് സ്ലാബ് എന്നിവയുടെ നിര്‍മാണത്തിലും ഗുരുതരമായ പാളിച്ച വന്നിരുന്നു. വൈറ്റിലയിലേയും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍, ഡക്ക് എന്നിവയുടെ നിര്‍മാണത്തിനും കോണ്‍ക്രീറ്റ് മിക്സ് എം 35 എന്‍എംഎം സ്‌ക്വയര്‍ ആയിരുന്നു നിര്‍ദേശിക്കപ്പെട്ട അനുപാതമെങ്കിലും പരിശോധനയില്‍ കണ്ടെത്തിയത് എം 22 എന്‍എംഎം സ്‌ക്വയര്‍ മാത്രമാണെന്നു മദ്രാസ് ഐഐടി വിദഗ്ദര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 13 എന്‍എംഎം സ്‌ക്വയര്‍ കുറവിലാണ് പാലാരിവട്ടത്ത് കോണ്‍ക്രീറ്റ് മിക്സിംഗ് നടത്തിയത്. പിയറിനും പിയര്‍ ക്യാപ്പിനും ഗര്‍ഡറിനും ഡക്ക് സ്ലാബിനും ആവശ്യമായ റിഇന്‍ഫോഴ്സ്മെന്റും ഇല്ലായിരുന്നു. വൈറ്റിലയില്‍ കോണ്‍ക്രീറ്റ് മിക്‌സിംഗില്‍ എത്രമാത്രം കുറവ് ഉണ്ടായിട്ടുണ്ടെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നാലേ മനസിലാകൂ. പാലത്തിന്റെ തകരാറിന് കാരണമായ ക്രമക്കേടുകളാണിവ. കേരളത്തിലെ ഏറ്റവും വലിയ ട്രാഫിക് ജംഗ്ഷനാണ് വൈറ്റില. ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അതായത് പാലാരിവട്ടം മേല്‍പ്പാലത്തേക്കാള്‍ വാഹനങ്ങള്‍ വൈറ്റില മേല്‍പ്പാലത്തിലൂടെ കയറിയിറങ്ങിപ്പോകും. ചെറിയ തകരാറുകള്‍ പോലും അതീവഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന് അര്‍ത്ഥം. പിയര്‍ ക്യാംപ്, ഗര്‍ഡറുകള്‍ എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചാല്‍ എത്രമാത്രം അപകടമാണെന്നു തൊട്ടടുത്ത് തന്നെയുളള പാലാരിവട്ടം മേല്‍പ്പാലം ഉദ്ദാഹരണമായി നില്‍ക്കുമ്പോഴാണ് വൈറ്റില മേല്‍പ്പാലത്തിനു നേരെയും അതേ പരാതികള്‍ ഉയരുന്നത്.

ക്വാളിറ്റി കണ്‍ട്രോള്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈല മോളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും പുറത്തു വന്നാല്‍ മാത്രമെ വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലെ അപാകതകളെ കുറിച്ച് പൂര്‍ണമായ വ്യക്തത വരൂ. ഈ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പൊതുമരാത്ത് വകുപ്പ് തയ്യാറാകണമെന്നാണ് പി ടി തോമസ് എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്. പാലം നിര്‍മാണത്തില്‍ എന്തൊക്കെ വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊതുജനത്തിന് അറിയാനുള്ള അവകാശമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിക്കുന്നൊരു പാലമാണിതെന്നും അതുകൊണ്ട് തന്നെ ക്വാളിറ്റി കണ്‍ട്രേളറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുക തന്നെ വേണമെന്നും പി ടി തോമസ് എംഎല്‍എ പറയുന്നു.

പാലത്തിന്റെ മധ്യഭാഗത്തായുള്ള ഗര്‍ഡറിനും അപകാതയുണ്ടെന്ന കണ്ടെത്തില്‍ ശരിയാണെങ്കില്‍ ഭാവിയില്‍ പാലത്തിന് ബലക്ഷയം ഉണ്ടാകുന്നതിന് അതു കാരണമാകും. പാലത്തിന്റെ ഉലച്ചില്‍ കൂടാനും ടാര്‍ ഇളകാനും കോണ്‍ക്രീറ്റ് പൊട്ടാനുമൊക്കെ ഇടവരുത്താന്‍ ഗര്‍ഡറുകളുടെ തകരാര്‍ കാരണമാകും. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവിടെ ഗര്‍ഡറുകളിലെ ഡിഫ്ളക്ഷനുകളില്‍ വലിയ വീഴ്ച്ചയാണ് ഉണ്ടായത്. പരമാവധി 26.75 മില്ലീമീറ്റര്‍ ഡിഫള്ക്ഷന്‍ ആണ് 35 എന്‍എംഎം സ്‌ക്വയറില്‍ അനുവദനീയമെന്നിരിക്കെ എം 35 ന്റെ സ്ഥാനത്ത് എം 22 എന്‍എംഎം സ്‌ക്വയര്‍ മാത്രമേ ഉണ്ടായിരുന്നുവുള്ളുവെങ്കിലും 67.92 ഡിഫളക്ഷന്‍ ആയിരുന്നു പാലാരിവട്ടത്ത് കണ്ടെത്തിയത്. 41 മില്ലി മീറ്റര്‍ ഡിഫളക്ഷന്‍ അധികമായി വന്നു. ഒരു ക്രാക്ക് (പോറല്‍) വന്നാല്‍ അത് പരമാവധി 0.2 മില്ലീ മീറ്ററെ വരാന്‍ പാടുള്ളൂ എന്നിടത്ത് 2.35 മില്ലി മീറ്റര്‍ ആയി എന്നതും ഗര്‍ഡറിലെ ഡിഫ്‌ളക്ഷനില്‍ ഉണ്ടായ വീഴ്ച്ചയായിരുന്നു. ക്രാക്കുകളിലും ഡിഫ്‌ളക്ഷനില്‍ വന്ന വ്യത്യാസവും റിഇന്‍ഫോഴ്‌സ്‌മെന്റിന്റെ അഭാവങ്ങളും എല്ലാം ചേര്‍ന്നായിരുന്നു പാലാരിവട്ടം മേല്‍പ്പാലത്തിലെ ഗര്‍ഡറുകളില്‍ അകല്‍ച്ച ഉണ്ടാക്കിയത്. പാലത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത് അധികമായ ഡിഫ്‌ളക്ഷന്‍ മൂലവും വശങ്ങളിലെ റിഇന്‍ഫോഴ്സ്മെന്റിന്റെ കുറവും കോണ്‍ക്രീറ്റിന്റെ ഗുണമേന്മ കുറഞ്ഞതും കൊണ്ടാണെന്നും സ്ട്രക്ചറല്‍ ഡിസൈനില്‍ ഉണ്ടായ പാളിച്ചയും ഗുണമേന്മയിലെ കുറവുമാണ് ഗര്‍ഡറുകളിലെ അകല്‍ച്ചയ്ക്ക് കാരണമെന്നും ഐഐടിയുടെ പാലം തകര്‍ന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കമായി പറഞ്ഞിട്ടുമുണ്ട്. ഇത്തരം വീഴ്ച്ചകള്‍ വൈറ്റിലയും ഉണ്ടാകുമോ എന്നതറിയാനാണ് ക്വാളിറ്റി കണ്‍ട്രോളര്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെടുന്നതിനു പിന്നില്‍.

എന്നാല്‍ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ യാതൊരു അപാതകയും ഇല്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് രണ്ടാം ഘട്ട പരിശോധനയുടെ സമയത്ത് ഉണ്ടായതാണ്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കോതമംഗലം എംഎ കോളേജിലെ വിദഗ്ദരെ നിയോഗിച്ച് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇവരുടെ കണ്ടെത്തിലിന്റെ റിപ്പോര്‍ട്ടും ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും വ്യത്യസ്തമാണെന്നും പാലം നിര്‍മാണത്തില്‍ തകരാറുകളൊന്നും മൂന്നാംഘട്ട പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചട്ടം ലംഘിച്ച് പരസ്യമാക്കിയതിനാണ് അസി. എക്‌സ്യിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരേ നടപടിയെടുത്തതെന്നും വകുപ്പ് വിശദീകരിക്കുന്നുണ്ട്. തന്റെ മുകളിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കാതെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ ക്വാളിറ്റി കണ്‍ട്രോള്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഷാലമോളുടെ നടപടി ചട്ടലംഘനമായതുകൊണ്ടാണ് അവര്‍ക്കെതിരേ വകുപ്പ് തല നടപടിയെടുത്തതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

അഴിമതിക്കാരും കൃത്യവിലോപം കാണിക്കുന്നവരുമായി ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്നു പറയുന്ന മന്ത്രി ജി. സുധാകരന്‍, മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ തന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കിയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സത്യസന്ധയായി ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് മന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്തു വരണം. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന കാര്യമാണിത്. മെട്രോമാന്‍ ഇ. ശ്രീധരനെ കൊണ്ട് അടിയന്തിരമായി വൈറ്റില മേല്‍പ്പാലത്തിന്റെ പരിശോധന നടത്തണം. ആ ആവശ്യവുമായി ബന്ധപ്പെട്ട് സമരത്തിന് കോണ്‍ഗ്രസ് തയ്യാറായിരിക്കുകയാണ്. ഇത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വൈറ്റില മേല്‍പ്പാല നിര്‍മാണത്തിനുള്ള അനുമതി ലഭിക്കുന്നത്. സര്‍ക്കാര്‍ മാറിയെങ്കിലും ധാരാളം ജനങ്ങളുടെയും ജില്ലയുടെ വികസനത്തിന്റെയും പ്രതീക്ഷയായ മേല്‍പ്പാലം യാതൊരു അപാകതയുമില്ലാതെ പൂര്‍ത്തിയാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ ദൗത്യം. അതില്‍ വീഴ്ച്ച വരുത്തുന്നത് ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. ഒരു പാലം അപകടത്തിലായാല്‍ അതുണ്ടാക്കുന്ന അപകടഭീഷണി മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയണം. അതറിഞ്ഞു പ്രവര്‍ത്തിക്കേണ്ടത്. പാലത്തിന്റെ നിര്‍മാണത്തില്‍ അപകാതയുണ്ടെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥലം എംഎല്‍എയോ എംപിയോ ഒന്നുമല്ല പരാതി ഉന്നയിച്ചത്. ഈ നിര്‍മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നൊരു ഉദ്യോഗസ്ഥ തന്നെയാണ്. ആ ഗൗരവം സര്‍ക്കാര്‍ മനസിലാക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍