UPDATES

ഒരു കോടി ചെലവാക്കി, രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അധികൃതരെ ഞെട്ടിച്ച് മാലിന്യവാഹിനിയായി പാര്‍വ്വതി പുത്തനാര്‍; 2020ല്‍ ഇതിലൂടെ ബോട്ടില്‍ പോകുമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം നടക്കുമോ?

2020 ല്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന കോവളം മുതല്‍ മാഹി വരെയുള്ള ജലപാതാ വികസനത്തിന്റെ ഭാഗമായാണ് പാര്‍വ്വതി പുത്തനാറിന്റെ ശുദ്ധീകരണവും ആഴം വര്‍ദ്ധിപ്പിക്കലും രണ്ട് മാസം മുന്‍പ് നടന്നത്.

തിരുവന്തപുരത്തെ ഏറെ ചരിത്രപ്രാധാന്യമുള്ള ജലപാതയാണ് പാര്‍വ്വതി പുത്തനാര്‍. ഒരുകാലത്ത് ശുദ്ധജലം ഒഴുകിയിരുന്ന പുത്തനാര്‍ ഇന്ന് മാലിന്യം വഹിക്കുന്ന ഒരു ഓടയ്ക്കു തുല്യമാണ്. കുളവാഴയും മാലിന്യവും കെട്ടിക്കിടന്നിരുന്ന ആറ് വൃത്തിയാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയും ഒരുകോടിയോളം രൂപ ചിലവാക്കി പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഒരിക്കലും പഴയ ആറ് തങ്ങള്‍ക്കു തിരിച്ചു കിട്ടില്ല എന്നു കരുതിയിരുന്നവര്‍ക്ക് അതൊരു ആശ്വാസമായി. എന്നാല്‍ എല്ലാ പ്രതീക്ഷയും തകര്‍ത്തു കൊണ്ട് വൃത്തിയാക്കി രണ്ടുമാസത്തിനിപ്പുറം പാര്‍വതി പുത്തനാര്‍ വീണ്ടും മലിന്യവാഹിനിയായിരിക്കുന്നു.

2020 ല്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന കോവളം മുതല്‍ മാഹി വരെയുള്ള ജലപാതാ വികസനത്തിന്റെ ഭാഗമായാണ് പാര്‍വ്വതി പുത്തനാറിന്റെ ശുദ്ധീകരണവും ആഴം വര്‍ദ്ധിപ്പിക്കലും രണ്ട് മാസം മുന്‍പ് നടന്നത്. കൊച്ചി വിമാനത്താവള കമ്പനിയായ സിയാലിന്റെ പങ്കാളിത്തത്തോടെ രൂപീകരിച്ച കേരള വാട്ടര്‍ വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പാര്‍വ്വതി പുത്തനാര്‍ ശുചീകരണത്തിനും ആഴം കൂട്ടലിനും നേതൃത്വം നല്‍കിയത്. വിദേശത്തു നിന്നും കൊണ്ടു വന്ന യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു ശുദ്ധീകരണം.

എന്നാല്‍ ഇപ്പോള്‍ വീണ്ടും പുത്തനാര്‍ മാലിന്യപ്പുഴയായിരിക്കുകയാണ്. ആറിന്റെ പല ഭാഗത്തും മാലിന്യം കെട്ടിക്കിടക്കുന്നു. ദുര്‍ഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് എന്നെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്ന പ്രതീക്ഷ കൈവിട്ടിരിക്കുകയാണ് പരിസരവാസികളിപ്പോള്‍. വൃത്തിയാക്കും തോറും അതിലേറെ മാംസമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തുന്നതാണ് പദ്ധതിക്കു വെല്ലുവിളിയായത്. നാട്ടുകാര്‍ വീണ്ടും മാലിന്യം കൊണ്ടിട്ടതോടെ വെള്ളം കറുത്ത നിറമായി മാറി. ഒഴുക്ക് നിലച്ചതോടെ പലഭാഗത്തും ഒഴുകിയെത്തിയ മാംസമാലിന്യങ്ങള്‍ അടിഞ്ഞ് അഴുകിയ നിലയിലുമായി. പകര്‍ച്ചവ്യാധിക്ക് ഇടയാക്കുന്ന സാഹചര്യമാണ് പാര്‍വതീ പുത്തനാറിന്റെ ഇരുകരകളിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്.

“പണ്ടിത് നല്ല വെള്ളമായിരുന്നു. ഞങ്ങളെല്ലാം ഇറങ്ങി കുളിച്ചിരുന്ന വെള്ളമായിരുന്നു. നമ്മുടെ കിണറ്റിലെ വെള്ളം പോലെ ശുദ്ധമായിരുന്നു ഈ ആറിലെ വെള്ളം. ഇറച്ചി വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ എന്നിവയെല്ലാമാണ് കൂടുതലായും ആറിലുള്ള മാലിന്യം. ഇതിനിടയ്ക്ക് ഇവിടം വൃത്തിയാക്കുകയും ബോട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ സാര്‍ പോവുകയുമൊക്കെ ചെയ്തു. എന്നാല്‍ പകുതി വഴിയില്‍ ബോട്ടില്‍ മാലിന്യം കുടുങ്ങിയതിനാല്‍ തിരിച്ചു വന്നു എന്ന് പേപ്പറില്‍ വായിച്ചു. ബോട്ട് പോകുന്നത് ഞങ്ങള്‍ കണ്ടിരുന്നു. ഇതിങ്ങനെ കിടക്കുന്നത കൊണ്ട് തന്നെ ഇവിടൊക്കെ ഭയങ്കര കൊതുകും ദുര്‍ഗന്ധവുമാണ്. വീട്ടില്‍ പൈപ്പു വെള്ളമായതിനാല്‍ തന്നെ കുടിവെള്ളത്തിന് ഇതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും ആഗ്രഹിക്കുന്നത് ഇതിനൊരു പരിഹാരം വേണം എന്നു തന്നെയാണ്.” പുത്തനാറിനു പരിസരത്തു താമസിക്കുന്ന കസ്തൂരിയമ്മാള്‍ പറയുന്നു.

1824ല്‍ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാര്‍വ്വതി ഭായി തിരുവനന്തപുരത്തെ വള്ളക്കടവ് മുതല്‍ വര്‍ക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി നിര്‍മ്മിച്ച ജലപാതയാണ് പാര്‍വ്വതി പുത്തനാര്‍. അക്കാലത്ത് കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലുമൊക്കെ കരമാര്‍ഗ്ഗം ചരക്കെടുക്കാന്‍ പോയിവരുന്ന കച്ചവടക്കാരുടെ പ്രയാസങ്ങള്‍ കണ്ടാണ് റാണി ഇത്തരമൊരു നീര്‍ച്ചാല്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. എന്നാല്‍ അതല്ല തിരുവിതാംകൂര്‍ ഭരണകര്‍ത്താക്കളുടെ കുലക്ഷേത്രമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപമെന്ന ചടങ്ങിന് പുഷ്പങ്ങളും മറ്റും കൊണ്ടു വരുന്നതിനായാണ് കനാല്‍ നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു.

ജലപാത നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ച റാണിയുടെ പേരും പുതിയതായി ഉണ്ടാക്കിയതുകൊണ്ട് പുത്തനാര്‍ എന്നും ചേര്‍ത്ത് പാര്‍വതി പുത്തനാര്‍ എന്നു പേരു നല്‍കി. ഈ ജലപാത പൂന്തുറയിലും വേളിയിലുമായി സമുദ്രത്തിലേക്കാണ് തുറക്കുന്നത്. വളരെ വീതിയില്‍ കെട്ടുവള്ളങ്ങള്‍ക്കും ചരക്കു വള്ളങ്ങള്‍ക്കുമൊക്കെ സഞ്ചരിക്കുന്നതിനായി സൗകര്യമൊരുക്കിക്കൊണ്ടായിരുന്നു കനാലിന്റെ നിര്‍മ്മാണം. കല്‍പാക്കടവ് കഴിഞ്ഞു മുന്നോട്ട് വരുമ്പോള്‍ ചാക്കയില്‍ ഇന്നത്തെ പാലത്തിനു സമീപമായി കെട്ടുവള്ളങ്ങള്‍ക്കുള്ള വിശ്രമസ്ഥലമുള്‍പ്പെടെ ഒരു ജെട്ടിയും അന്നുണ്ടായിരുന്നു.

ഒരിക്കല്‍ അസാധ്യമെന്നു കരുതിയിരുന്ന പുത്തനാറിന്റെ ശുദ്ധീകരണം സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കിയപ്പോള്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടുപോയ ആറ് വീണ്ടും തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിലായിരുന്നു പരിസരവാസികള്‍. എന്നാല്‍ ആ പ്രതീക്ഷ ഇന്നില്ല എന്നാണിവര്‍ പറയുന്നത്.

ഏകദേശം 40 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ശുദ്ധമായിരുന്ന ജലമൊഴുകിയിരുന്നു പാര്‍വ്വതി പുത്തനാറിലൂടെ. എന്നാല്‍ ഉപരിതലഗതാഗതം പുരോഗമിച്ചത് പുത്തനാറിന്റെ പ്രാധാന്യമില്ലാതാക്കി. അതുകൊണ്ടു തന്നെ പരിസരത്തെ ഹോട്ടലുകളിലെ മാലിന്യവും, ഫ്‌ളാറ്റുകളിലേയും മറ്റും കക്കൂസ് മാലിന്യവും പുത്തനാറിലേക്കൊഴുക്കി വിടാന്‍ ആരംഭിച്ചു. ആശുത്രികളിലെ മാലിന്യവും പുത്തനാറിലേക്കുതന്നെയായിരുന്നു ഒഴുക്കി വിട്ടിരുന്നത്. ഒരു കാലത്ത് കൈകൊണ്ടെടുക്കാന്‍ കഴിഞ്ഞിരുന്ന വെള്ളം പിന്നീട് കൈയ്യില്‍ വീണാല്‍ ചര്‍മ്മരോഗങ്ങള്‍ വരും എന്ന അവസ്ഥയിലേക്കെത്തി. ചാക്കുകളിലും വലിയ പ്ലാസ്റ്റിക് കവറുകളിലുമായി കോഴിമാലിന്യങ്ങളും അറവുശാലകളില്‍നിന്നുള്ള അവശിഷ്ടങ്ങളും നിറച്ചാണ് ആറിലേക്കു തള്ളിയിരിക്കുന്നത്. ആറിന്റെ പലഭാഗത്തും ഇത്തരത്തിലുള്ള എണ്ണമറ്റ ചാക്കുകെട്ടുകളാണ് ഉള്ളത്. മാംസം നിറച്ച ചാക്കുകെട്ടുകളില്‍ വെള്ളംകയറി അവ അഴുകി പുഴുവരിക്കുന്ന സ്ഥിതിയാണ്.

“ഞാന്‍ ഇങ്ങോട്ട് വരുന്ന കാലത്ത് ഇവിടെ നല്ല വെള്ളമായിരുന്നു. ആളുകള്‍ കുളിക്കുകയും മീന്‍ പിടിക്കുകയുമെല്ലാം ചെയ്യുമായിരുന്നു. വെള്ളത്തില്‍ പൈസവീണാല്‍ പോലും കാണുമായിരുന്നു. അത്രയ്ക്ക് തെളിച്ചമുള്ള ശുദ്ധമായ വെളളമായിരുന്നു. ഇപ്പോള്‍ വെള്ളത്തില്‍ വീണാല്‍ എടുക്കാന്‍ പോയിട്ട് കാണാന്‍ പോലും പറ്റില്ല. പോരാത്തതിന് വെള്ളത്തില്‍നിന്നും വരുന്ന മണം. കോഴിവേസ്റ്റൊക്കെ കെട്ടു കണക്കിനാണ് കൊണ്ടുവന്നിടുന്നത്. എന്നാല്‍ ആരാണ് കൊണ്ടുവന്നിടുന്നത് എന്നുമാത്രം അറിയാന്‍ വയ്യ. അപ്പോഴപ്പോഴായി വൃത്തിയാക്കല്‍ ഒക്കെ നടക്കുന്നുണ്ട്. പക്ഷെ അതിലൊന്നും ഒരു കാര്യവുമില്ല. ഡ്രൈനേജൊക്കെ തുറന്നുവിടുന്നുണ്ട് എന്നാണ് പറയുന്നത്. മഴ പെയ്തു കഴിഞ്ഞാല്‍ ഇവിടെ ഇരിക്കാന്‍ പോലും പറ്റില്ല. അത്രയ്ക്ക് നാറ്റമായിരിക്കും.” പുത്തനാറിനു പരിസരത്ത് കട നടത്തുന്ന ലൈല പറയുന്നു.

2011 ല്‍ പാര്‍വ്വതി പുത്തനാറില്‍ ബസ് അപകടം നടന്നിരുന്നു. പായലും മാലിന്യവും നിറഞ്ഞു കിടന്നിരുന്നുത് അന്ന് പുത്തനാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അന്ന് കൂടുതല്‍ കുട്ടികളും മരിക്കാനുണ്ടായ കാരണം വെള്ളത്തില്‍ നിന്നും ഉണ്ടായ അണുബാധയാണ്.

“ഒരുകാലത്ത് കണ്ണീരുപോലെയിരുന്ന വെള്ളമായിരുന്നു. എന്റെ കുട്ടിക്കാലം മുഴുവനും ഈ ആറിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ ഇന്ന് ഇതിലെ വെള്ളം ശരീരത്തില്‍ വീണാല്‍ നമുക്കെന്തെങ്കിലും അസുഖം വന്നു പോകും. പലപ്പോഴായും വൃത്തിയാക്കല്‍ നടക്കുമെങ്കിലും ആരും ആറിനെ കാത്തു സൂക്ഷിക്കില്ല. അതാണ് വലിയ പ്രശ്‌നം.” പ്രദേശവാസിയായ ഉണ്ണി പറയുന്നു.

കേന്ദ്ര ജലഗതാഗത വകുപ്പ് 2006 ല്‍ ഈ കനാലിന്റെ 18.045 കി.മീ നീളം വരുന്ന ആക്കുളം മുതല്‍ കോവളം വരെയുള്ള ഭാഗം ശുചീകരിക്കാനായി 3.62 കോടിയോളം നീക്കി വച്ചിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതു കൊണ്ടും കുളവാഴകളും മറ്റു പായലുകളും നിറഞ്ഞു കിടക്കുന്നതിനാലും ജലപാത ഏറെക്കുറെ ഇല്ലാതായിരുന്നു. പാര്‍വ്വതി പുത്തനാറിന്റെ പുനരുജ്ജീവനത്തിനായി ഇതിനു മുന്‍പു നടന്ന പ്രവര്‍ത്തനങ്ങളെല്ലാം പരാജയമായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

ഞാന്‍ ഇവിടെ ജനിച്ചു വളര്‍ന്നയാളാണ്. ഞങ്ങളുടെ കൊച്ചു നാളില്‍ ഞങ്ങള്‍ ഈ വെള്ളത്തില്‍ കുളിക്കുകയും ഈ വെള്ളം കുടിക്കുകയും ചെയ്തിട്ടുണ്ട്. 5 പൈസ തുട്ടൊക്കെ ഈ വെള്ളത്തില്‍ വീണാല്‍ നമുക്കത് കാണാമായിരുന്നു. ഞങ്ങള്‍ അത് മുങ്ങിയെടുത്തിട്ടുണ്ട്. കണ്ണുനീരു പോലത്തെ വെള്ളമായിരുന്നു അന്നൊക്കെ. ഇപ്പോള്‍ ഇവിടെ ജനസാന്ദ്രത കൂടി. ആളുകള്‍ കച്ചട കൊണ്ടു വന്നിടാന്‍ തുടങ്ങി. വെള്ളം നാശമായി. പണ്ട് പുത്തനാര്‍ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിത് ആറല്ല ഓടയാണെന്നു പറയേണ്ട അവസ്ഥയാണ്. ആളുകളൊക്കെ നമ്മളെ കളിയാക്കാറുണ്ട് ഇത് ആറാണൊ അതോ തോടാണൊ എന്ന് ചോദിച്ച്. ആളുകള്‍ക്ക് വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോള്‍ പുത്തനാറിന്റെ അടുത്ത് എന്നാണ് പറയാറുള്ളത്. എന്നാല്‍ ആള്‍ക്കാരുവന്നിട്ട് ഇത് ആറാണൊ അതോ ഓടയാണൊഡെ എന്നു ചോദിക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ.

ഇപ്പോഴത്തെ ഗവണ്‍മെന്റില്‍ എനിക്കു വിശ്വാസമുണ്ട്. ടൂറിസം വകുപ്പെല്ലാം ഇവിടെ വികസനങ്ങള്‍ നടത്തണം എന്നുള്ള തീരുമാനത്തിലാണെന്നു തോന്നുന്നു. ഇപ്പോള്‍ തന്നെ ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. വൃത്തിയാക്കിയതിന് ശേഷം വീണ്ടും വേസ്റ്റ് വന്നു തുടങ്ങി. വേസ്റ്റ് എന്നു പറയുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ തന്നെയാണ് എടുത്തെറിയണത്. അവരേം കുറ്റം പറയാന്‍ പറ്റില്ല. ഈ വേസ്റ്റെല്ലാം കൊണ്ട് കളയാന്‍ അവര്‍ക്കെന്തെങ്കിലും സംവിധാനം വേണമല്ലെ. അതൊന്നും ഇവിടെയില്ല. പണ്ടൊക്കെയാണെങ്കില്‍ വേസ്റ്റ് കൊണ്ടുിപോയി കളയാന്‍ പുരയിടത്തില്‍ തന്നെ സ്ഥലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ അങ്ങനെയല്ലല്ലോ. അടുത്തടുത്ത് വീടുകളാണിപ്പോള്‍. ഒന്നും കളയാന്‍ സ്ഥലമില്ല. അപ്പൊപിന്നെ കവറിലൊക്കെയിട്ട് കെട്ടി രാത്രി വണ്ടിയിലൊക്കെ വന്ന് എറിഞ്ഞിട്ടങ്ങ് പോകും. നമ്മള്‍ എപ്പോഴും ആഗ്രഹിക്കുന്നത് ആ പഴയ രീതിയില്‍ ഈ ആറിനെകാണാന്‍ ആണ്. ഞങ്ങള്‍ക്കൊക്കെ വലിയ ഭാഗ്യമായിരുന്നു. ഈ ആറില്‍ കളിച്ചും കുളിച്ചുമൊക്കെ വളരാന്‍ പറ്റി. പണ്ട് വീട്ടില്‍ നിന്നും ആളുവരണമായിരുന്നു ഞങ്ങളെ വെള്ളത്തില്‍ നിന്നും കയറ്റാന്‍. എന്നാല്‍ ഈ തലമുറയ്ക്ക് അതിനൊന്നും പറ്റില്ല. അവര്‍ക്ക് നീന്താനും അറിയില്ല. വെള്ളത്തിലൊട്ട് ഇറങ്ങാനും പറ്റത്തില്ല. ഇനി അടുത്തൊരു തലമുറയ്‌ക്കെങ്കിലും ഇങ്ങനെ വരാതിരിക്കണം എന്നുണ്ടെങ്കില്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ശ്രദ്ധിക്കണം. ഇപ്പൊ ശ്രമിച്ചാല്‍ അത് പ്രാവര്‍ത്തികമാകും. പാര്‍വതി പുത്തനാറിനടുത്തു താമസിക്കുന്ന സുകനിവാസ് പറയുന്നു.

2020 മുതല്‍ എല്ലാ ആഴ്ചയും പുത്തനാറിലൂടെ ബോട്ട് സര്‍വ്വീസ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 30 സീറ്റുള്ള ബോട്ട് സൗരോര്‍ജ്ജത്തിലായിരിക്കും പ്രവര്‍ത്തിക്കുക. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗമായിരിക്കും ബോട്ടു നിര്‍മ്മിക്കുക. ആക്കുളം മുതല്‍ വള്ളക്കടവു വരെ ആറ് കിലോമീറ്റര്‍ ദൂരം ശുചീകരണത്തിനു ശേഷം സിയാലിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആറു സീറ്റുള്ള ബോട്ടായിരുന്നു പരീക്ഷണ ഓട്ടത്തിനായി ഉപയോഗിച്ചത്.

കോവളം-ബേക്കല്‍ പാതയുടെ ഭാഗമായാണ് പതിനാറര കിലോമീറ്റര്‍ ദൂരത്തിലുള്ള പാര്‍വതീ പുത്തനാര്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചത്. പാര്‍വതീ പുത്തനാറിന്റെ തുടക്കമായ കോവളം മുതല്‍ ആക്കുളം വരെയാണ് ആദ്യം വൃത്തിയാക്കിയത്. 2018 ജൂണ്‍ എട്ടിനായിരുന്നു ആദ്യത്തെ ശുചീകരണം. യന്ത്രത്തിന്റെ സഹായത്തോടെ ടണ്‍കണക്കിനു മാലിന്യങ്ങളാണ് അന്ന് നീക്കംചെയ്തത്. തുടര്‍ന്ന് ഡിസംബറിലും ശുചീകരണം നടത്തിയിരുന്നു. ഇതിനായി വിദേശത്ത് നിന്നെത്തിച്ച സില്‍റ്റ് പുഷറെന്ന് യന്ത്രത്തിന്റെ സഹായത്തോടെയാണ് കുളവാഴയും ചെളിയും ഒക്കെ നീക്കംചെയ്തത്. ഒരു കോടി രൂപയാണ് രണ്ടുതവണയായി ശുചീകരണത്തിനായി ചെലവാക്കിയത്.

“ആദ്യം ചെയ്യേണ്ടത് ആള്‍ക്കാര് കച്ചട കൊണ്ടുവന്നിടുന്നത് നിരോധിക്കുക എന്നതാണ്. ജനങ്ങള്‍ക്കും ഒരു ബോധം വേണം. പണ്ടൊക്കെ ചരക്കു വള്ളങ്ങളും മറ്റും ഇതു വഴി പോകുമായിരുന്നു. ഇവിടന്ന് ആലപ്പുഴ വരെയൊക്കെ. വള്ളത്തിലായിരുന്നു ആള്‍ക്കാര് കല്യാണത്തിനൊക്കെ പോയിരുന്നത്. അന്ന് വേറെ വാഹനമൊന്നും ഇല്ലല്ലോ. ഗവണ്‍മെന്റിനെ മാത്രം നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. ജനങ്ങള്‍ക്കും ഇതില്‍ നല്ലൊരു പങ്കുണ്ട്. ഇവിടെയെല്ലാവരും ഇപ്പോള്‍ പൈപ്പു വെള്ളമാണ് ആശ്രയിക്കുന്നത്. ആറ് മലിനമായതു കൊണ്ട് തന്നെ കിണറിലേയും വെള്ളം ഒന്നിനും പറ്റില്ല. കുടിക്കാന്‍ പോയിട്ട് ഈ വെള്ളം ചെടിക്ക് നനയ്ക്കാന്‍ പോലും ഉപയോഗിക്കാന്‍ പറ്റില്ല.” സുകനിവാസ് പറയുന്നു.

പാര്‍വതീ പുത്തനാറില്‍ മാലിന്യമെറിയുന്നതു തടയാനായി 13 കിലോമീറ്റര്‍ ദൂരത്തില്‍ ആറിന്റെ ഇരുകരകളിലും വേലി നിര്‍മിക്കാന്‍ പദ്ധതി തയ്യാറാകുന്നുണ്ട്. എട്ടടിയോളം ഉയരത്തില്‍ ഇരുമ്പ് വല സ്ഥാപിച്ചാണ് ആറിനെ സംരക്ഷിക്കുക. ആക്കുളം കായലിന് ഇപ്പുറം മുതല്‍ തിരുവല്ലം വരെയുള്ള പുത്തനാറിന്റെ ഇരുകരകളിലുമാണ് വേലി സ്ഥാപിക്കുക. ജൂണ്‍ 13-ന് മുഖ്യമന്ത്രി അധ്യക്ഷനായ അവലോകനയോഗത്തിലാണ് മാലിന്യമെറിയല്‍ തടയാനായി വേലി സ്ഥാപിക്കണമെന്ന തീരുമാനം അദ്ദേഹം മുന്നോട്ടുവെച്ചത്.

പാര്‍വതീ പുത്തനാറിലേക്കു മാലിന്യമെറിയുന്നവരെ കണ്ടെത്തുന്നതിനു നിശ്ചിത പോയിന്റുകള്‍ കണക്കാക്കി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജില്ലാഭരണകൂടം-തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാകും ഇവ സ്ഥാപിക്കുക. എല്ലാവരുമായി കൂടിയാലോചിച്ച് ഇവ സ്ഥാപിക്കാുള്ള തീരുമാനമെടുക്കു മെന്ന് മേയര്‍ വികെ പ്രശാന്ത് പറഞ്ഞു.

ഒരു ഡീറ്റെയ്ല്‍ഡ് ഡിസ്‌ക്കഷന് പിന്നീട് ഗവണ്‍മെന്റ് വിളിക്കുന്നുണ്ട്. അതിലെ തീരുമാനിക്കൂ. നഗരസഭയുടെ നിരീക്ഷണവും സ്‌കോഡ് സംവിധാനവും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവീകരണ പദ്ധതിയുമായി മുന്നോട്ടു പോകുന്നുണ്ട്. അതുകൊണ്ട് തന്നെ ശുചീകരിച്ചതിലേക്ക് വീണ്ടും മാലിന്യം വരുന്നത് തടയുന്നതിനായാണ് ഇപ്പോള്‍ സ്‌കോഡും മറ്റും സ്ഥാപിച്ചിരിക്കുന്നത്. ക്യാമറവയ്ക്കുന്ന കാര്യം പിന്നീട് ഗവണ്‍മെന്റ് തലത്തില്‍ തീരുമാനിക്കും. മേയര്‍ അഴിമുഖത്തോട് പറഞ്ഞു.

വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്തത്ര ദുര്‍ഗന്ധവും, കൊതുകും എല്ലാം സഹിച്ചാണ് പാര്‍വതി പുത്തനാറിനു സമീപത്തുള്ള ഓരോരുത്തരും ജീവിക്കുന്നത്. ഇതിനൊരു പരിഹാരം കാണുക എന്നത് ഒരു വികസന പ്രശ്‌നം മാത്രമല്ല. മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്.

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍