UPDATES

ട്രെന്‍ഡിങ്ങ്

‘ഹൃദയശൂന്യരാ’യ കോളേജ് അധ്യാപകര്‍ പ്രതികരിക്കുന്നു; കഴിഞ്ഞ 12 വര്‍ഷമായി ശമ്പളം പരിഷ്ക്കരിച്ചിട്ടില്ലെന്ന്

മാനേജ്മെന്റുകള്‍ അദ്ധ്യാപകരെ നിരുത്സാഹപ്പെടുത്തിയെന്ന് ഇടതുപക്ഷ സംഘടന; ഞങ്ങള്‍ വിസമ്മതം പ്രകടിപ്പിക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല എന്നു കോണ്‍ഗ്രസ്സ് അനുകൂല സംഘടന

പ്രളയാനന്തരം നവകേരള നിര്‍മിതിക്കായി സര്‍ക്കാര്‍ ആരംഭിച്ച സാലറി ചലഞ്ചിനോട് ആദ്യം മുതല്‍ തന്നെ പ്രതികൂല നിലപാടാണ് കോളേജ് അധ്യാപകര്‍ സ്വീകരിച്ചിരുന്നത്. പ്രളയം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അധ്യാപകരും സാലറി ചലഞ്ചില്‍ പങ്കാളികളായി. എന്നാല്‍ എയ്ഡഡ് കോളേജ് അധ്യാപകരാകട്ടെ പ്രളയം ബാധിച്ച് ഇനി എന്തെന്ന് അറിയാതെ നില്‍ക്കുന്ന സമൂഹത്തോട് അവരുടെ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുകയാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്ക് ഒരു പ്രയാസം നേരിടുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തില്‍ നിന്ന് മൂന്നുദിവസത്തെ വേതനം പത്ത് മാസമെടുത്ത് നല്‍കാന്‍ പോലും തയ്യാറാകാത്ത എയ്ഡഡ് കോളേജ് അധ്യാപകരുടെ നടപടിയെ ഹൃദയ ശൂന്യതയാണെന്ന് വിമര്‍ശിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇന്ന് രംഗത്തെത്തിയിരുന്നു. 82% എയ്ഡഡ് കോളേജ് അധ്യാപകരാണ് സാലറി ചലഞ്ചിലേക്ക് കാശ് തരാനാകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നവരെ വലതുപക്ഷ അധ്യാപകസംഘടനകള്‍ നിര്‍ബന്ധപൂര്‍വം എതിര്‍ക്കുന്നുണ്ടെന്നും അതിനായി അവര്‍ ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഇടതുപക്ഷ അധ്യാപകസംഘടനകള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ അധ്യാപകര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാനോ പങ്കെടുക്കാതിരിക്കാനോ നിര്‍ബന്ധിച്ചിട്ടില്ല എന്ന മറുപടിയാണ് വലതുപക്ഷ അധ്യാപക സംഘടനകള്‍ നല്‍കുന്നത്.

‘ഗവണ്‍മെന്റ് കോളേജ് അധ്യാപകരില്‍ അറുപത് ശതമാനം പേര് സാലറി ചലഞ്ചില്‍ പങ്കെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി ഒക്ടോബറില്‍ ഒരു അവസരം കൂടിയുണ്ട്. സാലറി ചലഞ്ചിന് അവസാനമായപ്പോഴേക്കും ഒരു രാഷ്ട്രീയ നിറം വന്നു. അത് പത്രമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറച്ചാളുകളുടെ അജണ്ടയുടെ ഭാഗമായി നടന്നതാണ്. സാലറി ചലഞ്ചിന് തയാറായിരുന്നവരെ നിരുല്‍സാഹപ്പെടുത്തുന്ന പ്രവര്‍ത്തനം നല്ല രീതിയില്‍ ഇപ്പോഴും നടക്കുന്നുണ്ട്. വലതുപക്ഷ സംഘടനയുടെ ആളുകള്‍ അതൊരു സംഘടനാ പ്രവര്‍ത്തനമായാണ് ഏറ്റെടുത്തിരിക്കുന്നത്. നോട്ട് വില്ലിങ് ഫോം എടുക്കുകയും അധ്യാപകരെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള പ്രചരണത്തിന്റെ ഫലമായി മാറി നില്‍ക്കുന്നവരുമുണ്ട്. അവരെക്കൂടി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായാല്‍ സാലറി ചലഞ്ചില്‍ പങ്കെടുത്ത അധ്യാപകരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. 86.6 ശതമാനം ആളുകള്‍ ഇടതുപക്ഷ അധ്യാപക സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള ഗവര്‍ണ്‍മെന്റ് കോളേജ് ടീച്ചേഴ്സ് സംഘടനയില്‍ നിന്നും കൊടുത്തിട്ടുണ്ട്.’ എകെജിസിടി ജനറല്‍ സെക്രട്ടറി ദാമോദരന്‍ വിശദീകരിച്ചു.

എയ്ഡഡ് കോളേജുകളിലെ 82 ശതമാനം അധ്യാപകര്‍ സാലറി ചലഞ്ചില്‍ നിന്ന് വിട്ടു നിന്നുവെന്ന കണക്കില്‍ നോണ്‍ ടീച്ചേഴ്‌സ് സ്റ്റാഫുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇടതുപക്ഷ അധ്യാപകസംഘടനയായ ആള്‍ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ വിശദീകരണം നല്‍കുന്നത്. ‘കേരളത്തിലെ പ്രൈവറ്റ് കോളേജുകളില്‍ ഏകദേശം 8400 അധ്യാപകരാണുളളത്. അതില്‍ 82 ശതമാനം സാലറി ചലഞ്ചില്‍ നോ പറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. അതില്‍ നോണ്‍ ടീച്ചേഴ്സ് സ്റ്റാഫുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പല മാനേജ്മെന്റുകളും അധ്യാപകരെ നിരുല്‍സാഹപ്പെടുത്തുന്നു. കോളേജ് മാനേജ്മെന്റ് വലതുപക്ഷ സംഘടനകളോട് അനുഭാവം കാട്ടുന്നതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.’ എകെപിസിടി സംഘടനാ സംസ്ഥാന പ്രസിഡന്റ്‌ പദ്മനാഭന്‍ ആരോപിച്ചു.

‘സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. സര്‍ക്കാര്‍ യെസ് പറയാനും നോ പറയാനും ഓപ്ഷന്‍ വെച്ചിട്ടുണ്ട്. അധ്യാപകരില്‍ തന്നെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചവര്‍ ഉണ്ട്. അല്ലാതെയും യഥാര്‍ത്ഥമായ പ്രശ്നങ്ങള്‍ ഉള്ളവരുമുണ്ട്. അവര്‍ക്കൊക്കെ നോ പറയാനുള്ള ഓപ്ഷന്‍ ഇവിടെയുണ്ട്. പക്ഷേ വലതുപക്ഷ സംഘടനകള്‍ അങ്ങനെയൊരു ഓപ്ഷന്‍ നല്‍കുന്നില്ല അവര്‍ നിര്‍ബന്ധപൂര്‍വം സാലറി ചലഞ്ചിന് നോ പറയിപ്പിക്കുകയാണ് ചെയ്യുന്നത്.’ പദ്മനാഭന്‍ പറഞ്ഞു.

‘സാലറി ചലഞ്ചിനോട് യെസ് പറയാനും നോ പറയാനും ഓപ്ഷന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് പറയുമ്പോള്‍ പിന്നെ എന്തിന് നോ പറയുന്നവരില്‍ നിന്നും വിസമ്മതം എഴുതി വാങ്ങുന്നുവെന്ന ചോദ്യം ഉന്നയിക്കുകയാണ് വലതുപക്ഷ സംഘടനകള്‍. സാലറി ചലഞ്ചിനെ അനുകൂലിക്കാത്തവരോടുള്ള സര്‍ക്കാര്‍ നടപടികള്‍ മാധ്യമങ്ങള്‍ തന്നെയല്ലേ പുറത്തു കൊണ്ടുവന്നത്? അതുകൊണ്ട് തന്നെ സാലറി ചലഞ്ചില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും സ്വന്തം ഇഷ്ടപ്രകാരമോ പൂര്‍ണ മനസോടെയോ ആകില്ല പങ്കെടുത്തത് എന്നാണ് വിലയിരുത്തുന്നത്.’ വലതുപക്ഷ അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോബി തോമസ് അഭിപ്രായപ്പെട്ടു.

‘ഹൈസ്‌കൂള്‍ അധ്യാപകരെക്കാള്‍ കുറവ് ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകരുണ്ട്. മന്ത്രി പറഞ്ഞതുപോലെ ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുന്നത് സീനിയര്‍ അധ്യാപകര്‍ മാത്രമാണ്. അതൊരു 15 ശതമാനം അധ്യാപകര്‍ മാത്രമേ വരുന്നുള്ളൂ. ബാക്കി 85 ശതമാനം അധ്യാപകരും കുറഞ്ഞ ശമ്പളം വാങ്ങുന്നവരാണ്. കോളേജ് മേഖലയില്‍ 2005 വരെ നിയമന നിരോധനമായിരുന്നു. അതായത് ഇപ്പോള്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ 2006ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരാണ്. അവര്‍ക്കൊക്കെ അമ്പതിനായിരം അറുപതിനായിരമൊക്കെ ശമ്പളം വാങ്ങുന്നവരാണ്. 2006ലുള്ള ഫെയര്‍ റിവിഷന്റെ അരിയര്‍ മുഴുവനായി നല്‍കിയിട്ടില്ല. 2016ല്‍ പാസാക്കിയ ഫെയര്‍ റിവിഷന്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തില്‍ മാത്രമാണ് ശമ്പളപരിഷ്‌കരണമോ പ്രമോഷനോ പരിഗണിക്കാത്തത്. ബാക്കി എല്ലാ സെക്ടറിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌കരണം നടത്തുന്നുണ്ട്. അതിന്റെയൊക്കെ പ്രതിഷേധം അധ്യാപകര്‍ക്കിടയില്‍ വ്യാപകമായി ഉണ്ട്.’ ജോബി തോമസ് വിശദീകരിച്ചു. എന്നാല്‍ ഇതല്ല സാലറി ചലഞ്ചിനെ അനുകൂലിക്കാതിരിക്കാനുള്ള കാരണമെന്നും അദ്ധ്യാപകര്‍ വ്യക്തിപരമായി എടുത്ത തീരുമാനമാണ് എന്നും ജോബി തോമസ് കൂട്ടിച്ചേര്‍ത്തു.

മറ്റുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളപരിഷ്‌കരണത്തിന്റെ കുടിശ്ശിക സെപ്തംബറില്‍ കൊടുത്തു. അത് പ്രളയശേഷമാണ് കൊടുത്തിരിക്കുന്നത്. അങ്ങനെ നല്‍കിയ കുടിശ്ശികയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാമെന്ന ഓര്‍ഡറും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. അതേസമയം കോളേജ് അധ്യാപകരുടെ കാര്യത്തില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. സാലറി ചലഞ്ചിനെ സംഘടനയില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ വിലക്കിയിട്ടില്ല. അതേസമയം സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ചിട്ടുമില്ല. എന്ന മറുപടിയാണ് വലതുപക്ഷ അധ്യാപക സംഘടനകള്‍ നല്‍കുന്നത്.

‘കഴിഞ്ഞ 12 വര്‍ഷമായി കോളേജ് അധ്യാപകര്‍ക്കുള്ള റിവിഷന്‍ ഫെയറോ, പ്രമോഷനോ ലഭ്യമാക്കിയിട്ടില്ല. ഇന്ത്യയില്‍ തന്നെ കേരളത്തില്‍ മാത്രമാണ് 2016ലെ ഫെയര്‍ റിവിഷന്‍ നടപ്പിലാക്കിയിട്ടുള്ളത്. 15600 രൂപയാണ് അധ്യാപകരുടെ ബേസിക് പേ. എട്ട്, പത്ത് വര്‍ഷമായി ലഭിക്കുന്ന ശമ്പളത്തില്‍ പരിഷ്‌കരണമൊന്നുമില്ലാത്തതില്‍ അധ്യാപകര്‍ക്ക് അസംതൃപ്തിയുണ്ട്. അത് തന്നെയാണ് സാലറി ചലഞ്ചിനോട് കൂടുതല്‍ പേരും നോ പറഞ്ഞതിലുള്ള കാരണം.’ ഗവര്‍ണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘അറ്റകൈക്ക് ഉപ്പു തേക്കാത്ത എന്റെ വർഗത്തെ ഓർത്ത് ലജ്ജിക്കുന്നു’;സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത എയ്‌ഡഡ്‌ കോളേജ് അധ്യാപകർക്കെതിരെ ഡോ: കെടി ജലീൽ

അടുത്ത തവണ അത് നമ്മളായിരിക്കും എന്ന് കണക്കാക്കി എടുക്കുന്ന ഒരു ഇൻഷ്വറൻസ് ആയി സാലറി ചലഞ്ചിനെ കണ്ടാല്‍ മതി

കമ്പിളി വിൽക്കാൻ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലെന്ന അപകർഷതയോടെ…

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍