UPDATES

‘എന്റെ മുണ്ട് അവര്‍ ഊരിയെടുത്തു, ആ മുണ്ടും കൊണ്ടവര്‍ പ്രകടനം നടത്തി’; യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ച എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബു

തൊലിപ്പുറത്തെ ചികിത്സ പോര എസ് എഫ് ഐയിലെ ക്രിമിനല്‍വത്കരണം ഇല്ലാതാക്കാന്‍

തൊലിപ്പുറത്തെ ചികിത്സയല്ല എസ്എഫ്ഐയിലെ ക്രിമിനല്‍വത്കരണം ഇല്ലാതാക്കാന്‍ വേണ്ടതെന്ന് നേതൃത്വം തിരിച്ചറിയണമെന്ന് എ ഐ എസ് എഫ്. ഇനി ഇത്തിരം ചെറിയ ചികിത്സകള്‍ കൊണ്ട് കാര്യമില്ല, അതൊക്കെ മുന്നേ ചെയ്യേണ്ടതായിരുന്നു. ഒരു മഹാരോഗത്തിലേക്ക് വീണു കഴിഞ്ഞിട്ട് ചെറു ചികിത്സകള്‍ കൊണ്ട് എന്തുകാര്യം? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബു എ ഐ എസ് എഫിന്റെ നിലപാട് വ്യക്തമാക്കുന്നത്.

“എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ അല്ല ഞങ്ങള്‍ വിമര്‍ശിക്കുന്നത്. ആ സംഘടനയില്‍ ശക്തി പ്രാപിക്കുന്ന ക്രിമിനല്‍വത്കരണത്തിനെതിരെയാണ് പ്രതിഷേധം. അവര്‍ ഞങ്ങളെക്കാള്‍ വലിയ സംഘടനയാണ്. കേരളത്തിലെ ഭൂരിഭാഗം കലാലയങ്ങള്‍ ഭരിക്കുന്നതും എസ്എഫ്ഐ ആണ്. എന്നാല്‍ അതിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മനസുള്ളവരാക്കി മാറ്റിയെടുക്കാന്‍ ആ സംഘടനയ്ക്ക് കഴിയുന്നില്ല. അവിടെയാണ് വീഴ്ച്ച. തങ്ങളുടെ സംഘടനയിലേക്ക് വരുന്നവരുടെയെല്ലാം യഥാര്‍ത്ഥ രാഷ്ട്രീയം എന്താണെന്നു മനസിലാക്കാന്‍ എസ്എഫ്ഐ ശ്രമിക്കുന്നില്ല. വരുന്നവരില്‍ എബിവിപിക്കാരനും എന്‍ഡിഎഫുകാരനുമൊക്കെ കാണും. നാട്ടില്‍ അവര്‍ അവരുടെ യഥാര്‍ത്ഥരാഷ്ട്രീയമായിരിക്കും നടത്തുക. കോളേജില്‍ എത്തുമ്പോള്‍ അവിടെ ഏതു സംഘടനയാണോ ശക്തര്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ്. ഒരു ഗ്യാംഗ് രാഷ്ട്രീയത്തിന്റെ ഭാഗമാകല്‍ മാത്രമാണത്. ഇക്കൂട്ടരൊന്നും ഒരാശയത്തിന്റെ പുറത്തല്ല എസ്എഫ്ഐയിലേക്ക് വരുന്നത്. അവര്‍ക്ക് ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്നും അറിയില്ല, അതു പഠിപ്പിച്ചുകൊടുക്കാനാകട്ടെ നേതൃത്വം തയ്യാറാവുകയുമില്ല. ഈ പിഴവുമൂലമാണ് കലാലയങ്ങളില്‍ അക്രമങ്ങളും കലാപങ്ങളും നടക്കുന്നത്. ബംഗാളിലും തൃപുരയിലുമൊക്കെ ഇടതുപക്ഷത്തിന് എന്തു സംഭവിച്ചു എന്നു നാം കണ്ടതാണ്. അതു തന്നെ കേരളത്തിലും സംഭവിക്കരുത്. ഇടതുപക്ഷത്തിന് കേരളം നഷ്ടപ്പെടരുത്. ബംഗാളിലേയും ത്രിപുരയിലേയും ജനങ്ങളെക്കാള്‍ ചിന്താശേഷി കൂടിയവരാണ് കേരളത്തിലുള്ള ജനങ്ങള്‍. അക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്ത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. വര്‍ഗീയതയെ കടന്നു കയറാന്‍ അനുവദിക്കാതെ നാമിതുവരെ തടഞ്ഞു നിര്‍ത്തി. പക്ഷേ, നമ്മുടെ ഭാഗത്ത് അക്രമം കൂടിയാല്‍ വര്‍ഗീയ ശക്തികള്‍ അതു മുതലെടുക്കും. അവര്‍ സ്ഥാനമുറപ്പിക്കും. അതിനനുവദിക്കരുത്, അത്തരം അവസരമുണ്ടാക്കി കൊടുക്കുന്നവരെ ഒഴിവാക്കണം. എസ്എഫ്ഐ കാണിക്കേണ്ട ഉത്തരവാദിത്വമാണത്.

ഏതെങ്കിലും ഒരു അക്രമ സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐക്കെതിരേ സംസാരിക്കുകയല്ല. എത്രയോ സംഭവങ്ങള്‍ പറയാനുണ്ട്. നേതൃത്വത്തിനു പോലും നിയന്ത്രിക്കാന്‍ പറ്റാത്ത ക്രിമിനലുകള്‍ അതിനകത്ത് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണത്. ഇത്തരം ക്രിമിനലുകളാണ് കലാപങ്ങള്‍ ഉണ്ടാക്കുകയും അതു വഴി വര്‍ഗീയ സംഘടനകള്‍ക്ക് സ്‌പേസ് ഒരുക്കി കൊടുക്കുന്നതും. ഇപ്പോഴത്തെ സംഭവത്തിലെ പ്രതിയായ നസീം പോലീസിനെ ആക്രമിച്ചൊരാളാണ്. എന്നിട്ട് അയാള്‍ക്കെതിരേ എന്തെങ്കിലും നടപടിയെടുത്തോ? ആത്മഹത്യശ്രമം നടത്തിയ യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരായിരുന്നു യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും. എന്തെങ്കിലും നടപടി അവര്‍ക്കെതിരേ ഉണ്ടായോ? ഇതുപോലെ എത്രയോ സംഭവങ്ങള്‍. അവരുടെ നേതൃത്വം എന്തെങ്കിലും നടപടിയെടുത്തോ? ചെയ്തിരുന്നുവെങ്കില്‍ ഇത്രയും പഴി കേള്‍ക്കേണ്ടി വരില്ലായിരുന്നു. എസ്എഫ്ഐ ഇനിയെങ്കിലും തിരുത്തണം എന്നാഗ്രഹത്തിലാണ് ഇതൊക്കെ പറയുന്നത്. അക്രമ സ്വഭാവത്തില്‍ നിന്നും അവര്‍ മാറണം. അതല്ല, ഇടതുപക്ഷ രാഷ്ട്രീയം.

എ ഐ എസ് എഫിന് എസ്എഫ്ഐയോട് പ്രത്യേക വിരോധമോ അവര്‍ ഇല്ലാതാകണമെന്ന ആഗ്രഹമോ ഇല്ല. പക്ഷേ, ഒരു കാര്യം വ്യക്തമായി തന്നെ പറയേണ്ടതുണ്ട്, കെഎസ് യുവോ എബിവിപിയോ കാമ്പസിനുള്ളില്‍ എ ഐ എസ്എഫുകാരെ മര്‍ദ്ദിച്ചിട്ടില്ല. അതേസമയം എസ്എഫ്ഐയുടെ അക്രമം നിരവധി തവണ ഞങ്ങള്‍ക്കു നേരെയുണ്ടായിട്ടുണ്ട്. ഞാനും ഒരു ഇരയാണ്. 2016 ഡിസംബര്‍ അവസാനം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായിരുന്നു എനിക്കെതിരേ മര്‍ദ്ദനം ഉണ്ടായത്. യൂണിവേഴ്‌സിറ്റി കോളേജില്‍ അതിനു മുമ്പും ഞങ്ങള്‍ മത്സരിക്കാന്‍ ശ്രമിക്കുകയും ഒരു തവണ മത്സിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ ഭയങ്കരമായ പ്രയാസങ്ങളും എസ്എഫ്ഐയില്‍ നിന്നും നേരിടേണ്ടിയും വന്നു. പിന്നീട് അവിടെ എ ഐ എസ് എഫ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാണ് രണ്ട് സീറ്റില്‍ എങ്കിലും മത്സരിക്കാന്‍ തീരുമാനിക്കുന്നത്. എന്തുവന്നാലും ഒരു സീറ്റിലെങ്കിലും നോമിനേഷന്‍ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. ജില്ല കമ്മിറ്റി മെംബറും ദേവികുളം മണ്ഡലം കമ്മിറ്റി സെക്രട്ടറിയമായിരുന്ന മണിമേഖലയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ നോമിനേഷന്‍ കൊടുക്കാന്‍ പോയ മണിമേഖലയേയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയേയും എസ്എഫ്ഐക്കാര്‍ തടഞ്ഞു. വളരെ മോശമായി അവരോട് സംസാരിച്ചു. മണിമേഖലയെ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി അവിടെ തടഞ്ഞുവച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയോട് പുറത്തുപോകാന്‍ പറഞ്ഞു. ഒറ്റയ്ക്കു പോകില്ലെന്നും ഞങ്ങള്‍ രണ്ടുപേരും കൂടിയേ പുറത്തേക്കു പോകൂ എന്ന് ആ പെണ്‍കുട്ടി പറഞ്ഞപ്പോള്‍, നീ ഔട്ട് സൈഡര്‍ ആണ് പുറത്തുപോണമെന്നായിരുന്നു ആജ്ഞ. അതു പറയുന്നവര്‍ ആ കോളേജില്‍ പഠിക്കുന്നവരായിരുന്നില്ലെന്നതാണ് രസം. പുറത്തു നിന്നു വന്നവരാണ്. ഒടുവില്‍ ആ പെണ്‍കുട്ടി മണിമേഖലയില്ലാതെ പുറത്തു വന്നശേഷമാണ് ഞങ്ങളോട് വിവരം പറയുന്നത്. കാമ്പസിനകത്ത് പോലും കയറാതെ ഗേറ്റിനു വെളിയില്‍ നിന്നാണ് ഞങ്ങള്‍ എസ്എഫ്ഐക്കാരോട് കാര്യം തിരക്കിയത്. ആ സമയത്ത് അകത്തു നിന്നും കുറെ എസ്എഫ്ഐക്കാര്‍ ഓടിയെത്തി നീയൊക്കെ ആരാടാ ഇതൊക്കെ ചോദിക്കാനെന്നും പറഞ്ഞ് ഞങ്ങളെ മര്‍ദ്ദിക്കുകയായിരന്നു. അവരെന്നെ പിടിച്ചുവലിച്ച് ഗേറ്റിന് ഉള്ളില്‍ കൊണ്ടുപോയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. എന്റെ മുണ്ട് അവര്‍ ഊരിയെടുത്തു. ആ മുണ്ടും കൊണ്ടവര്‍ പ്രകടനം നടത്തി. എന്നിട്ടവരെന്നെ പുറത്തു തള്ളി. മുണ്ടില്ലാതെ ഞാനാ റോഡില്‍ നില്‍ക്കേണ്ടി വന്നു. ഒരു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകനായ എന്നോടാണ് ആ വിധം പെരുമാറിയതെന്നോര്‍ക്കണം. ഞാനന്ന് എത്ര അപമാനിതനായാണവിടെ നിന്നത്. ഈ വിഷയം ഞങ്ങള്‍ അവരുടെ നേതൃത്വത്തെ അറിയിച്ചു. അവര്‍ ഒരു നടപടിയും എടുത്തില്ല. ഞങ്ങളാ സംഭവത്തിന്റെ പേരില്‍ വാശിയും വിദ്വേഷവുമൊന്നും കാണിക്കാന്‍ പോയില്ല. സഹകരിക്കേണ്ട സാഹചര്യങ്ങളിലൊക്കെ അവരുമായി സഹകരിക്കാനും തയ്യാറായി. എന്നിട്ടും അവര്‍ സ്വയം തിരുത്താനോ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനോ ശ്രമിച്ചില്ല. നേതൃത്വവും ശ്രമിച്ചില്ല. അതിന്റെ ഭവിഷ്യത്താണ് ഇപ്പോഴവര്‍ അനുഭവിക്കുന്നത്.

ഇപ്പോള്‍ ആറോ ഏഴോ പേര്‍ക്കെതിരേയാണ് നടപടിയെടുത്തിരിക്കുന്നത്. അവര്‍ മാത്രമല്ല ഉള്ളത്. കാമ്പസിനകത്ത് 27-ഓളം പേരുള്ള ഒരു ഗ്യാംഗ് ഉണ്ട്. അവര്‍ വടിയും കറക്കി നടക്കുകയാണ്. ഇതൊന്നും ഞങ്ങളുടെ ആരോപണങ്ങളല്ല. യഥാര്‍ത്ഥ എസ്എഫ്ഐക്കാരായ, പാര്‍ട്ടി കുടുംബത്തില്‍ നിന്നും വരുന്ന, എന്താണ് ഇടതുപക്ഷ രാഷ്ട്രീയം എന്നു മനസിലാക്കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നതാണ്. ഇതെന്താ കോണ്‍സ്‌ട്രേഷന്‍ ക്യാമ്പ് ആണോ എന്നാണവര്‍ ചോദിക്കുന്നത്. ഇത്തരം ഹിറ്റ്‌ലര്‍മാരാണോ ഈ സംഘടനയില്‍ വേണ്ടതെന്നാണ് എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം മുന്നോട്ടുപോകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. തെറ്റു ചൂണ്ടിക്കാട്ടുന്ന, തിരുത്താന്‍ ശ്രമിക്കുന്ന അധ്യാപകരുമുണ്ട് ആ കാമ്പസില്‍. പക്ഷേ, അത്തരക്കാര്‍ക്കെതിരേ അക്രമമാണ്. വണ്ടിയുടെ ഓയില്‍ ടാങ്കില്‍ മണ്ണ് വാരിയിടുക, ചില്ല് ഉടയ്ക്കുക, ആണി കൊണ്ട് വണ്ടിയില്‍ വരയുക തുടങ്ങിയ ദ്രോഹങ്ങളാണ് ചെയ്യുന്നത്. ബാക്കിയുള്ള അധ്യാപകരാകാട്ടെ വിദ്യാര്‍ത്ഥികള്‍ എങ്ങനെയെങ്കിലും ആയിക്കോട്ടെ ഞങ്ങള്‍ക്ക് കുഴപ്പമൊന്നും വരരുതെന്ന് ചിന്തിക്കുന്നവരും.

ഇങ്ങനെയൊന്നുമല്ല, ആ വിദ്യാര്‍ത്ഥി പ്രസ്ഥാനം സഞ്ചരിക്കേണ്ടത്. തിരുത്തപ്പെട്ട, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വം മനസിലാക്കിയ ഒരു എസ്എഫ്ഐ ആണ് ഇവിടെ വേണ്ടത്. അതിനവര്‍ ആദ്യം ചെയ്യേണ്ടത് കാമ്പസുകളിലെ ഏകസംഘടനാവാദം ഉപേക്ഷിക്കുകയാണ്. എസ്എഫ്ഐ മാത്രമല്ല, കെഎസ്‌യുവും എബിവിപിയും ഒന്നും അത്തരം സമീപനങ്ങളിലേക്ക് പോകരുത്.

Read More: ആരാണ് എട്ടപ്പന്‍? യൂണിവേഴ്‌സിറ്റി കോളേജ് ഭരിക്കുന്ന ഗുണ്ടാ നേതാക്കന്‍മാര്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍