UPDATES

എ ജെ വിജയന്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

എ ജെ വിജയന്‍

ട്രെന്‍ഡിങ്ങ്

മുന്നറിയിപ്പ് കൊടുക്കേണ്ട ശാസ്ത്രജ്ഞന്‍ വിദേശത്ത് പോയാല്‍ ഉറങ്ങുന്ന ദുരന്തനിവാരണ അതോറിറ്റിയാണ് പ്രശ്നം

24 മുതല്‍, കമ്മിറ്റിയില്‍ ആകെയുള്ള ഒരു ശാസ്ത്രജ്ഞന്‍, ശേഖര്‍ കുര്യാക്കോസ് വിദേശത്ത് ഒരു സമ്മേളനത്തിന് പോയിരിക്കുകയായിരുന്നു

ഒഖി ദുരന്തവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ മത്സ്യമേഖലയിലെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും സുരക്ഷാസംവിധാനങ്ങളും സംബന്ധിച്ച് സംസാരിക്കുകയാണ് സമുദ്രമേഖലയിലെ പ്രശ്‌നങ്ങളുമായി (ഓഷ്യന്‍ ഗവേണന്‍സ്) ബന്ധപ്പെട്ട വിദഗ്ധനും സാമൂഹ്യപ്രവര്‍ത്തകനുമായ എജെ വിജയന്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങള്‍ മനസിലാക്കുന്നതിലും ദുരന്ത നിവാരണ അതോറിറ്റിയുടേയും ഫിഷറീസ് വകുപ്പിന്റേയും അപര്യാപ്തതകള്‍ എ.ജെ വിജയന്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും നിലവില്‍ രജിസ്‌ട്രേഷനുണ്ട്. ഫിഷറീസ് വെല്‍ഫയര്‍ ബോര്‍ഡില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. അപാകതകളുണ്ടാകാം. ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടി ഇതിനകത്ത് കയറിപ്പറ്റുന്നവരുണ്ടാകാം. എന്നാല്‍ ഈ രജിസ്‌ട്രേഷന്‍ നടപടികള്‍ എത്രത്തോളം പ്രായോഗികമാണന്ന് സംശയമുണ്ട്. തിരുവനന്തപുരത്തുള്ളൊരു മത്സ്യത്തൊഴിലാളി ചിലപ്പോള്‍ കടലില്‍ പോകുന്നത് കൊല്ലത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഒക്കെയാവാം. തിരുവനന്തപുരത്ത് പൂന്തുറയിലുള്ള ആളുകള്‍ വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോകും. കടല്‍തീരത്ത് കല്ലടുക്കിയിരിക്കുന്നത് കൊണ്ടോ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടോ ഒക്കെയാകാം അത്.

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി, കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യങ്ങളില്‍ അവര്‍ പോകുന്നത് ഒഴിവാക്കുക എന്നതാണ് ദുരന്തമൊഴിവാക്കാനുള്ള ഏറ്റവും പ്രായോഗികമായ വഴി. രജിസ്‌ട്രേഷന്‍ കൊണ്ട് ആ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ല. ആറ് മാസം കൊച്ചിയില്‍ വലിയ ഫിഷിംഗ് ബോട്ടില്‍ ജോലി ചെയ്ത് പിന്നീട് ഇവിടെ വന്ന് ചെറുവള്ളങ്ങളില്‍ പോകുന്നവരുണ്ട്. ഓരോ സീസണ്‍ അനുസരിച്ച് ഇത് മാറും. പല സ്ഥലങ്ങളില്‍ പല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു പ്രത്യേക ജോലിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതില്‍ പോരായ്മകളുണ്ടാകും. അവരുടെ സ്ഥിരതാമസം അടിസ്ഥാനമാക്കി വെല്‍ഫയര്‍ ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തു എന്ന് മാത്രം.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം: ലൈവ് സെന്‍സര്‍ ചെയ്ത് മനോരമ

ജിപിഎസ് പല ഫിഷിംഗ് ബോട്ടുകളിലും ഇപ്പോഴുണ്ട്. ജിപിഎസ് ഇല്ലാത്തതല്ലല്ലോ ദുരന്തത്തിന്റെ പ്രശ്‌നം. ബയോമെട്രിക് കാര്‍ഡ് മത്സ്യത്തൊഴിലാളികളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്നതിന്റെ സാധ്യതകളെപ്പറ്റിയുള്ള ആലോചനകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ബയോമെട്രിക് കാര്‍ഡുമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് ഇതിനകത്തുള്ളത്. അപകടമുണ്ടായാലുള്ള രക്ഷാപ്രവര്‍ത്തനം പ്രധാനമാണ്. പക്ഷെ ഏറ്റവും പ്രധാനം ഇത്തരമൊരു സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കുക എന്നത് തന്നെയാണ്.

ഇപ്പൊ ഒഖി ദുരന്തത്തിന്റെ കാര്യമെടുത്താല്‍, തിരുവനന്തപുരം ജില്ലയില്‍ തന്നെ എടുത്താല്‍ കൂടുതല്‍ ഉപകരണങ്ങളുള്ള രണ്ടുമൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ ഒരൊറ്റ മത്സ്യത്തൊഴിലാളിയും അന്ന് കടലില്‍ പോയിട്ടില്ല. ഏറ്റവും കൂടുതല്‍ പ്ലൈവുഡ് വള്ളങ്ങളുള്ള തീരപ്രദേശങ്ങളായ അഞ്ചുതെങ്ങും മരിയനാടും നോക്കാം. കടലിലെ പ്രക്ഷുബ്ധ സാഹചര്യം പരിഗണിച്ച് ആരും കടലില്‍ പോകുന്നില്ലെന്ന് അവിടത്തെ മത്സ്യത്തൊഴിലാളികള്‍ ഉറപ്പുവരുത്തി. അവിടെ മണല്‍ത്തീരമാണ്. കല്ലൊന്നും അടുക്കിയിട്ടില്ല. പൂന്തുറയിലൊക്കെ മൊത്തം കല്ല് അടുക്കിയിരിക്കുകയാണ്. വള്ളങ്ങള്‍ അടുപ്പിക്കാന്‍ ആകെ ചെറിയൊരു തുരുത്താണുള്ളത്. ഒരാഴ്ച മുമ്പ് അവിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുപോയിരുന്നു. കടലിലെ കോള് തിരിച്ചറിയാന്‍ മറ്റിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിയാത്തത് കൊണ്ട് അവര്‍ കടലില്‍ പോയി. വിഴിഞ്ഞം ഹാര്‍ബറിലെയൊക്കെ തൊഴിലാളികള്‍ക്ക് ഇത് തിരിച്ചറിയുന്നതില്‍ പരിമിതികളുണ്ടാവും. പൊതുവെ സംരക്ഷിത മേഖലകളാണല്ലോ. ഇത് ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത കടല്‍ക്കോളായിരുന്നെങ്കില്‍ അഞ്ചുതെങ്ങിലും മരിയനാടും എങ്ങനെ തൊഴിലാളികള്‍ ഇത് തിരിച്ചറിഞ്ഞു.

ദുരന്തത്തിന്റെ ആറാം ദിവസം വന്ന പ്രധാനമന്ത്രിയുടെ ആദ്യ ഒഖി ട്വീറ്റ്; പേടിപ്പിക്കുന്നത് തെരഞ്ഞെടുപ്പോ?

കൂടുതല്‍ ദിവസം കടലില്‍ തങ്ങി മീന്‍ പിടിക്കുന്ന ഫിഷിംഗ് ബോട്ടുകളുണ്ട്. അങ്ങനെയുള്ള ബോട്ടുകളില്‍ വയര്‍ലെസ് അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ സാധ്യമാണ്. തിരുവനന്തപുരത്ത് നിന്ന് ഇപ്പോള്‍ കാണാതായിരിക്കുന്നത് അങ്ങനെയുള്ള ബോട്ടുകളില്‍ പോയവരല്ല. മറ്റ് ബോട്ടുകള്‍ ലക്ഷദ്വീപിലും മഹാരാഷ്ട്രയിലുമെല്ലാം എത്തിയിട്ടുണ്ട്. ഒഡീഷ പോലെയുള്ള കിഴക്കന്‍ തീരത്ത് സംഭവിക്കുന്ന തരത്തിലുള്ള വലിയ ചുഴലിക്കാറ്റല്ല ഇവിടെ ഉണ്ടായിരിക്കുന്നത്. വലിയ കാറ്റായിരുന്നെങ്കില്‍ ദുരന്തം ഇപ്പോഴത്തേതിനേക്കാള്‍ എത്രയോ വലുതാകുമായിരുന്നു. വലിയ ബോട്ടുകളെ മറിച്ചിടാന്‍ ശേഷിയുള്ള കാറ്റല്ല ഇവിടെ ഉണ്ടായത് എന്ന് വ്യക്തം. അതേസമയം ചെറുവള്ളങ്ങളെ അപായപ്പെടുത്താന്‍ കഴിയുന്നതായിരുന്നു അത്.

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യമെടുക്കാം. സാറ്റലൈറ്റ് ചിത്രങ്ങള്‍ നോക്കി മുന്നറിയിപ്പ് കൊടുക്കാന്‍ അറിവുള്ള ഒരേയൊരു വ്യക്തി മെമ്പര്‍ സെക്രട്ടറിയായ ശാസ്ത്രജ്ഞന്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഓഫീസിലുള്ള മറ്റുള്ളവരെല്ലാം ക്ലറിക്കല്‍ ജോലി ചെയ്യുന്നവരാണ്. ചെയര്‍മാന്‍ പദവി വഹിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടേതെല്ലാം ഓണററി പോസ്റ്റുകളാണ്. കൂടുതല്‍ വിദഗ്ധരായ അംഗങ്ങളെ ഇതിനകത്ത് ആവശ്യമുണ്ട്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ മാത്രം പോര. ദുരന്തം എന്ന് പറഞ്ഞാല്‍ അത് തീരം മാത്രമല്ലല്ലോ. കാട്ടില്‍ ദുരന്തമുണ്ടായാലും ഉരുള്‍പൊട്ടലുണ്ടായാലും അതെല്ലാം ദുരന്തങ്ങള്‍ തന്നെയാണല്ലോ. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ പെട്ടവര്‍ ഈ അതോറിറ്റിയില്‍ വേണ്ടിയിരുന്നു.

24 മുതല്‍ കമ്മിറ്റിയില്‍ ആകെയുള്ള ഒരു ശാസ്ത്രജ്ഞന്‍, ശേഖര്‍ കുര്യാക്കോസ് വിദേശത്ത് ഒരു സമ്മേളനത്തിന് പോയിരിക്കുകയായിരുന്നു. 29ന് ബാങ്കോക്ക് വിമാനത്താവളത്തിലാണ്. 30ന് ദുരന്തമുണ്ടായിക്കഴിഞ്ഞാണ് തിരുവനന്തപുരത്തെത്തുന്നത്. ഇങ്ങനെയുള്ളവര്‍ വിദേശത്തുള്ള സമ്മളനങ്ങളിലൊക്കെ പങ്കെടുക്കേണ്ടതാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രശ്‌നം എന്താണ് എന്ന് വച്ചാല്‍ മുന്നറിയിപ്പ് നല്‍കാന്‍ മറ്റ് വിദഗ്ധരൊന്നും തന്നെ ഇവിടെ ഇല്ലായിരുന്നു എന്നതാണ്. 28 മുതല്‍ തന്നെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചുഴലിക്കാറ്റ് സാധ്യത സംബന്ധിച്ച് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ഓഖിയെ സംബന്ധിച്ച് ചിത്രങ്ങള്‍ സഹിതം ദുരന്തനിവാരണ അതോറിറ്റി അടക്കമുള്ളവര്‍ക്ക് വിവരം നല്‍കുന്നുണ്ടായിരുന്നു. ആ ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടന്നാണ് എന്റെ അറിവ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ദുരന്തം ബാധിക്കുന്നത് എന്നാണ് തോന്നുന്നത്. ഏതായാലും ഇത് ജാഗ്രത സംവിധാനങ്ങള്‍ വിപുലപ്പെടുത്തിയേക്കും എന്നത് നല്ല കാര്യമാണ്. ഫിഷറീസ് മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതിയുണ്ടാക്കാന്‍ ശേഖര്‍ കുര്യാക്കോസിന് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം.

ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും; കാരണം ഞങ്ങൾ മുക്കുവരാണ്

ഡിസംബര്‍ പൊതുവെ കടലിനെ സംബന്ധിച്ച് സാധാരണ ഏറ്റവും ശാന്തമായ സമയമാണ്. മതിയായ തയ്യാറെടുപ്പുകളും ആവശ്യമായ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിന്റേയും പ്രശ്‌നങ്ങളുണ്ട്. പരിസ്ഥിതി വകുപ്പ് തന്നെ പേര് മാറ്റി പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകുപ്പായിട്ടുണ്ട്. ഇത്തരത്തില്‍ പേരുകളൊക്കെ മാറിയിട്ടുണ്ട്. പക്ഷെ മതിയായ നടപടികളുണ്ടാകുന്നില്ല. 1000 കോടി രൂപ അഞ്ച് വര്‍ഷത്തേയ്ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. അതൊക്കെ ഉപയോഗിച്ച് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നെല്ലാം വളരെ ഗൗരവമായി ആലോചിക്കേണ്ട കാര്യങ്ങളാണ്. ഇതിന് വികേന്ദ്രീകരണ സംവിധാനം വേണം. കാരണം തിരുവനന്തപുരത്ത് ചെയ്യേണ്ട കാര്യങ്ങളായിരിക്കില്ല അതോറിറ്റിക്ക് കൊച്ചിയില്‍ ചെയ്യാനുണ്ടാവുക. കോഴിക്കോട് മറ്റൊന്നായിരിക്കും.

ദുരന്തങ്ങൾ ഉണ്ടാവുമ്പോള്‍ മാധ്യമങ്ങള്‍ ഓഫീസിൽ ലഡു വിതരണം നടത്തുന്നുണ്ടാവുമോ?

ഓരോ പ്രദേശത്തേയും മത്സ്യബന്ധന രീതികളിലും ഉപകരണങ്ങളിലുമെല്ലാം വലിയ വ്യത്യാസങ്ങളുണ്ട്. ഇതൊക്കെ മനസിലാക്കി ചെയ്യാനുള്ള തയ്യാറെടുപ്പുകളുണ്ടായിട്ടില്ല. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇത് സംബന്ധിച്ച് ഒന്നുമറിയില്ല. മീന്‍പിടുത്ത ഉപകരണങ്ങള്‍ സംബന്ധിച്ച വ്യക്തമായ കണക്കുകളില്ല. പണ്ടേതോ കാലത്ത് ചില സ്വകാര്യ ഏജന്‍സികള്‍ നടത്തിയ പഠനം മാത്രമാണുള്ളത്. അത്തരമൊരു സെന്‍സസ് നടത്താനുള്ള യാതൊരു പരിപാടിയും ഫിഷറീസ് വകുപ്പിനില്ല. ഫിഷറീസ്, കാലാവസ്ഥാ, ദുരന്തനിവാരണ അധികൃതര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. സമുദ്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വളരെ കുറവാണ് അടുത്ത കാലത്ത് കാലാവസ്ഥ വ്യതിയാനവും തീരദേശത്തെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് പഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി ചേര്‍ന്നുള്ള പഠങ്ങളുണ്ടായിട്ടുണ്ട്.

മുഖ്യമന്ത്രിയോട്, ജനങ്ങളെ ചെന്നു കാണുക എന്നത് ജനാധിപത്യത്തിലെ മോശം ആചാരമല്ല

ചെറിയ വള്ളങ്ങളുടെ കാര്യമെടുത്താല്‍, അത് മറിഞ്ഞുപോകുന്ന സാഹചര്യത്തില്‍ പോലും അതില്‍ പിടിച്ചുകിടക്കാന്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്ന തരത്തിലുള്ള ചെറിയ സംവിധാനങ്ങള്‍ ഒരുക്കാനാകും. അതുപോലും വള്ളങ്ങളിലില്ല. വാതില്‍ പിടികള്‍ പോലുള്ള പിടികള്‍, ഹുക്കുകള്‍ ഒക്കെ ആവശ്യമാണ്. ഇതെങ്കിലുമുണ്ടായിരുന്നെങ്കില്‍ പല മത്സ്യത്തൊഴിലാളികളും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. ബോട്ട് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇടപെട്ട് അത് നിര്‍ബന്ധമാക്കാന്‍ ഫിഷറീസ് വകുപ്പിന് കഴിയും. എല്ലാ സ്വകാര്യ ബോട്ടുകളും നിര്‍മ്മിക്കുന്നത് തീരദേശത്ത് തന്നെയാണ്. പക്ഷെ ഇത്തരം കാര്യങ്ങളുമായി ഫിഷറീസ് വകുപ്പിനോ ദുരന്തനിവാരണ അതോറിറ്റിക്കോ ഒരു ബന്ധവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ഇങ്ങനെയൊരു ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഇനിയെങ്കിലും കരുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഒഖി: നമ്മുടെ ദുരന്തനിവാരണ വകുപ്പ് ഒരു ‘ദുരന്തമോ’? വ്യാപക വിമര്‍ശനം

കടലില്‍ പോയവര്‍ക്കായി അവരിപ്പോഴും കാത്തിരിക്കുകയാണ്; പൂന്തുറയിലെ കണ്ണീരുണങ്ങുന്നില്ല

എ ജെ വിജയന്‍

എ ജെ വിജയന്‍

സാമൂഹ്യപ്രവര്‍ത്തകന്‍, ഓഷ്യന്‍ ഗവേണിംഗ് വിദഗ്ധന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍