UPDATES

“മഴക്കാലത്ത് ഖനനം നിര്‍ത്തിയിട്ട് എന്ത് കാര്യം? മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് പോലുള്ള ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ ഇനി ഞങ്ങളോട് പറയണ്ട”

ഇന്ന് ആലപ്പാട് ഗ്രാമത്തില്‍ നിന്നുള്ള നൂറ് പേര്‍ നിരാഹാര സമരമിരുന്നു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമ്പതാം തീയതി ആലപ്പാടും സമീപ പ്രദേശങ്ങളിലുമുള്ള എട്ട് തുറകളില്‍ സമരപ്പന്തല്‍ കെട്ടി സമരം തുടങ്ങും.

ഖനനം അവസാനിപ്പിക്കാതെ ആലപ്പാട് തീരം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കാലത്ത് ഖനനം നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മഴക്കാലത്ത് മാത്രം മണല്‍വാരല്‍ നിര്‍ത്തിയാല്‍ എങ്ങനെ തീരം രക്ഷപ്പെടുമെന്ന് ആലപ്പാട് കരിമണല്‍ ഖനന വിരുദ്ധ സമരസമിതി. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നിയമസഭ പരിസ്ഥിതി കമ്മറ്റി മുന്നോട്ട് വച്ച നിര്‍ദ്ദേശം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മഴക്കാലത്തൊഴികെ മറ്റുള്ള സമയങ്ങളില്‍ ഖനനം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ഇത് ആലപ്പാടുകാരെ പരിഹസിക്കുന്ന നിലപാടാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഖനനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ പ്രതിഷേധം ശക്തിപ്പെടുത്താനാണ് ആലപ്പാട്ടുകാരുടെ തീരുമാനം. നിയമസഭാ പരിസ്ഥിതി സമിതി കണ്ടെത്തിയതും ശുപാര്‍ശചെയതതുമായ നിരവധി കാര്യങ്ങള്‍ അവഗണിച്ചുകൊണ്ടാണ് മഴക്കാലത്ത് മാത്രം ഖനനം അവസാനിപ്പിക്കാം എന്നുള്ള നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയതെന്ന് ആലപ്പാടുകാര്‍ പറയുന്നു.

നിയമസഭ പരിസ്ഥിതി സമിതിയുടെ കണ്ടെത്തലുകള്‍

*ഖനനത്തിന് ശേഷം ഖനന പ്രദേശം പ്രത്യേക ഭാഗങ്ങളായി തിരിച്ച് ഹരിത മേഖലയാക്കണമെന്നും വട്ടക്കായലിന് സമീപമുള്ള പ്രദേശങ്ങള്‍ കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഖനനം മൂലം സ്വാഭാവികമായ കണ്ടല്‍കാടുകളും തീരസംരക്ഷണത്തിനായി വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങളും നഷ്ടപ്പെട്ടു.
*സിആര്‍ഇസെഡ് മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ നിലനില്‍ക്കെ ആലപ്പാട് ഐആര്‍ഇഎല്‍ന്റെ ഒരു ഗോഡൗണ്‍ നിര്‍മ്മിച്ചിട്ടുണ്ട് പ്രദേശവാസികളുടെ സമ്മതമില്ലാതെ ഖനന പ്രദേശത്തുണ്ടായിരുന്ന ഒരു ക്ഷേത്രവും വിദ്യാലയവും മാറ്റി സ്ഥാപിച്ചു.
*ഖനനാനുമതി നല്‍കുന്നതിന് മുമ്പുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിലെ 21-ഓളം റീസര്‍വേ നമ്പറുകളിലുണ്ടായിരുന്ന 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇല്ലാതായി എന്ന് പരാതി ഒരളവ് വരെ ശരിയാണ്. ഇതില്‍ തണ്ണീര്‍പ്രദേശങ്ങളും കിണറുകളും ഉറവകളുമുണ്ടായിരുന്നു.
*പ്രദേശത്തുണ്ടായിരുന്ന പ്രകൃതിദത്ത മണല്‍ക്കുന്നുകള്‍ ഖനനം മൂലം ഇല്ലാതായതിനെ തുടര്‍ന്ന് കടലാക്രമണ പ്രതിരോധ ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്.
*മത്സ്യസമ്പത്തിന്റെ പ്രജനനത്തിന് ദോഷം വരുന്നു. തീരത്തുള്ള കുഴമ്പു രൂപത്തിലുള്ള മാലിന്യ നിക്ഷേപം ഖനന ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.
*കഴിഞ്ഞ 50 വര്‍ഷമായി ഐആര്‍ഇഎല്‍ ഖനനം ചെയ്യുന്ന സ്ഥലങ്ങള്‍ ഖനനത്തിന് ശേഷം ചുറ്റുമുള്ള പ്രദേശങ്ങളുടെ ലെവലില്‍ വീണ്ടെടുപ്പ് നടത്തണമെന്ന് അനുമതി വ്യവസ്ഥയിലുണ്ടെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
*ലാന്‍ഡ് മൈനിങ് നടത്തിയ സ്ഥലങ്ങളിലെ കുഴികള്‍ റീഫില്‍ ചെയ്തിട്ടില്ല.

ശുപാര്‍ശകള്‍ ഇപ്രകാരം

*ഖനനപ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ഭൂജലവകുപ്പിന്റെ കീഴില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിഷയ വദഗ്ദ്ധര്‍ എന്നവര്‍ ഉള്‍പ്പെട്ട മേല്‍ നോട്ട സമിതി. ഈ സമതി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുകയും വ്യവസ്ഥാ ലംഘനം നടന്നാല്‍ ഉചിതമായ നടപടിയും വേണം.
* അനുമതി നല്‍കിയപ്പോള്‍ നിര്‍ദ്ദേശിച്ച എല്ലാ വ്യവസ്ഥകളും കമ്പനികള്‍ പാലിക്കണം. ഉദ്യോഗസ്ഥര്‍ ഇത് കൃത്യമായി നിരീക്ഷിക്കണം. പുലിമുട്ട് സഥാപിക്കണം.
* മണല്‍ വാരുന്നതിനനുസരിച്ച് വന്നടിയുന്ന മണല്‍ തിട്ടകള്‍ വീണ്ടും കോരിയെടുക്കുന്നത് അശാസ്ത്രീയമാണ്. സീവാഷിങ്ങിന് ആറുമാസത്തില്‍ കുറയാതെ ഇടവേളകള്‍ നല്‍കണം.
*മാനദണ്ഡങ്ങള്‍പാലിച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും തൊഴിലവസരങ്ങള്‍ക്കും ഹാനി വരാത്ത തരത്തില്‍ മാത്രമേ ഖനനം നടത്താവൂ.
*കമ്പനിക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കണം. ചട്ടലംഘനങ്ങള്‍ തിരുത്തണം.
*ഖനനത്തിന്റെ ഭാഗമായി ഉണ്ടായ കുഴികള്‍ മണ്ണിട്ട് നികത്തി സ്ഥലം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണം.
* പരിസ്ഥിതി നാശം സംഭവിച്ച സ്ഥലങ്ങളില്‍ കണ്ടല്‍വനങ്ങളും ജലസ്രോതസ്സുകളും പുന:സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കണം.
*ഐആര്‍ഇഎല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ നിലനിര്‍ത്തേണ്ടതായതിനാല്‍ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരിഹാരമായി ലാഭവിഹിതം ജനങ്ങളുടെ ഉന്നമനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കും ചെലവാക്കുക.
* ഭൂവിസ്തൃതി നഷ്ടമാവാതിരിക്കാനും കടല്‍വെള്ളം കയറി കൃഷിനാശം സംഭവിക്കാതിരിക്കാനും ശാസ്ത്രീയമായ പഠനം നടത്തി അടിയന്തിര നടപടി സ്വീകരിക്കണം.
* കരിമണല്‍ ഖനനം മൂലം ഭൂമി, തൊഴില്‍, വാസസ്ഥലം എന്നിവ നഷ്ടപ്പെട്ട ആലപ്പാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.

കണ്ടെത്തലുകളും ശുപാര്‍ശകളും ഇങ്ങനെയായിരിക്കെ മഴക്കാലത്ത് മാത്രം ഖനനം അവസാനിപ്പിച്ച് സര്‍ക്കാര്‍ കണ്ണില്‍ പൊടിയിടരുതെന്നാണ് സമരക്കാരുടെ അഭിപ്രായം. മഴക്കാലത്ത് കടല്‍കയറുന്നതിനാല്‍ ആ സമയം ഖനനം നിര്‍ത്തിവക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സീവാഷിങ് നിര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതൊഴിച്ചാല്‍ മറ്റ് ഒരു ശുപാര്‍ശകളും നടപ്പിലായിട്ടില്ല. സമിതിയുടെ കണ്ടെത്തലുകള്‍ ഗൗരവത്തോടെ കണക്കാക്കി നടപടിയുമുണ്ടായിട്ടില്ലെന്നും സമരസമിതി പറയുന്നു. സീവാഷിങ് നിര്‍ത്തണമെന്ന് ഉത്തരവുണ്ടായിട്ടും അത് തുടരുന്നതായും അവര്‍ ആരോപിക്കുന്നു.

സമരസമിതി നേതാവ് ശ്രീകുമാര്‍ മഴക്കാലത്ത് ഖനനം നിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളോട് പ്രതികരിച്ചതിങ്ങനെയാണ്. ‘നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഗൗരവപ്പെട്ട പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. പല നിര്‍ദ്ദേശങ്ങളും വച്ചു. എന്നാല്‍ അവയെല്ലാം അടര്‍ത്തിമാറ്റി സര്‍ക്കാരിന് ആവശ്യമുള്ളത് മാത്രം പറയുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് പോലുള്ള ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ ഇനി ഞങ്ങളോട് പറയണ്ട. ഈ സമയമാണ് ബീച്ച് ഉണ്ടാവുന്നത്. അപ്പോള്‍ അടിഞ്ഞ മണ്ണെല്ലാം വാരിയെടുത്ത് കൊണ്ടുപോവുകയാണ്. പിന്നെ മഴക്കാലത്ത് ഖനനം നിര്‍ത്തിയിട്ട് എന്ത് കാര്യമാണുള്ളത്? ഞങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവരാണെന്നായിരുന്നു ആക്ഷേപം. സ്വകാര്യകമ്പനികള്‍ക്ക് മണല്‍ കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് വ്യവസായ മന്ത്രി തന്നെ പറഞ്ഞിരിക്കുന്നു. അതില്‍ നിന്ന് ആരാണ് സ്വകാര്യമേഖലക്കായി പ്രവര്‍ത്തിക്കുന്നത് വ്യക്തമല്ലേ? കടല്‍കയറ്റം വരുമ്പോള്‍ അവരുടെ മിഷ്യനറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ല. ആ സമയത്ത് ഖനനം നിര്‍ത്തിവക്കുന്നു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഈ സമയത്ത് അടിഞ്ഞുകൂടുന്ന മണല്‍ എടുത്താല്‍ തീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടും. ഒരു ചാല്‍ ഉണ്ടാക്കിയാണ് അവര്‍ ബീച്ചില്‍ നിന്ന് ഇപ്പോള്‍ മണല്‍ വാരുന്നത്. കടലാമകള്‍ അവിടെ ചത്തടിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി ‘ഇടതുപക്ഷം ചെയ്യേണ്ടത്’ എന്ന പുസ്തകം എഴുതിയയാളാണ്. അതില്‍ അദ്ദേഹം എടുത്തുപറഞ്ഞിരിക്കുന്ന ചില കാര്യങ്ങളുണ്ട്. കടല്‍ത്തീരത്ത് മണല്‍ കോരിയെടുക്കുന്നത് വഴി ചാകരയും മത്സ്യസമ്പത്തും ഇല്ലാതാവും മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗമില്ലാതാവും ചെറുദ്വീപുകള്‍ മുങ്ങിപ്പോവും. അത് പറയുന്നതിന് ലോകത്ത് പലരാജ്യങ്ങളിലും മണല്‍ഖനനം കൊണ്ടുണ്ടായ പ്രത്യാഖാതങ്ങള്‍ ഉദാഹരണങ്ങളായും അദ്ദേഹം പ്രതിപാദിക്കുന്നു. മണല്‍ പോലെയുള്ള വിഭവങ്ങളുടെ അമിത ചൂഷണം നാടിന് അപകടം ചെയ്യുമെന്നും അദ്ദേഹം ഒരു ലേഖനത്തില്‍ പറയുന്നു. അതേ ആളാണ് നിയമസഭയില്‍ ഖനനം തുടരുമെന്ന് പറഞ്ഞിരിക്കുന്നത്..’

ഇന്ന് ആലപ്പാട് ഗ്രാമത്തില്‍ നിന്നുള്ള നൂറ് പേര്‍ നിരാഹാര സമരമിരുന്നു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമ്പതാം തീയതി ആലപ്പാടും സമീപ പ്രദേശങ്ങളിലുമുള്ള എട്ട് തുറകളില്‍ സമരപ്പന്തല്‍ കെട്ടി സമരം തുടങ്ങും. കൂടുതല്‍ ആളുകളുള്ള തുറകളില്‍ രണ്ട് സമരപ്പന്തല്‍ വരെ ഉയര്‍ത്താനുമാണ് സമരസമിതി തീരുമാനം. നാടിനെ ഇല്ലാതാക്കുന്ന ഖനനം അവസാനിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് സമരസമിതി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍