UPDATES

പുറത്ത് ജനമൈത്രിയും അകത്ത് ‘ഇടിയന്മാരു’മായ പോലീസ് ഭരിക്കുന്ന കേരളം; ഇനി എത്ര ജീവനുകള്‍ കൂടി വേണം?

2016 മെയ് മാസത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പോലീസ് അതിക്രമങ്ങളുടേയും മൂന്നാംമുറ പ്രയോഗത്തിന്റെയും നിരവധി സംഭവങ്ങളാണ്

‘ഇടിപ്പോലീസി’ന്റെ മൂന്നാംമുറ സംസ്‌കാരവും അതിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയവും ഒടുവില്‍ എത്തി നില്‍ക്കുന്നത് വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ മരണത്തിലാണ്. 2016 മെയ് മാസത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പോലീസ് അതിക്രമങ്ങളുടേയും മൂന്നാംമുറ പ്രയോഗത്തിന്റെയും നിരവധി സംഭവങ്ങളാണ്. എന്നാല്‍ സര്‍ക്കാരോ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയോ ഇക്കാര്യങ്ങളൊന്നും ‘ഔദ്യോഗികമായി’ അറിയുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ലോക്കപ്പ് മര്‍ദ്ദനം സംബന്ധിച്ച് ആകെ ലഭിച്ചത് മൂന്ന് പരാതികള്‍- ഇതാണ് കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെയാണോ കാര്യങ്ങള്‍? അല്ലെന്നാണ് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും തെളിയിക്കുന്നത്.

കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോനെതിരെ ഉണ്ടായിരുന്നത് ഒരു പെറ്റിക്കേസ് ആയിരുന്നു. കോടതി സമന്‍സ് അയച്ചിട്ടും കുഞ്ഞുമോന്‍ ഹാജരായിരുന്നില്ല. ഒടുവില്‍ വാറണ്ടുമായി പോലീസ് കുഞ്ഞുമോനെ തിരക്കി ഒരു രാത്രി വീട്ടില്‍ ചെന്നു. പിടിച്ചുകൊണ്ട് പോയി. പിറ്റേന്ന് സ്റ്റേഷനിലെത്തിയ കുഞ്ഞുമോന്റെ അമ്മ കാണുന്നത് മകന്‍ സ്‌റ്റേഷനില്‍ മരിച്ചുകിടക്കുന്നതാണ്. പോലീസ് പിടിച്ചുകൊണ്ടുപോയ കുഞ്ഞുമോന് പിന്നീടെന്താണ് സംഭവിച്ചത്? ദളിതനായ കുഞ്ഞുമോന്റേത് കസ്റ്റഡി മരണമാണ് എന്ന് വീട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരുമുള്‍പ്പെടെ ആരോപിച്ചു. എന്നാല്‍ ഹൃദയസ്തംഭനം മൂലമാണ് കുഞ്ഞുമോന്‍ മരിച്ചതെന്നും പോലീസ് മര്‍ദ്ദനം മൂലമല്ലെന്നും വിധിയെഴുതി ആ കേസ് ഒതുക്കി.

തിരുവനന്തപുരം കഴക്കൂട്ടം പരിമടം ഭാഗത്തുനിന്ന് ബീച്ചില്‍ ഡാന്‍സ് കളിച്ചിരുന്ന കുട്ടികളെ പോലീസ് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ പിടിച്ചുകൊണ്ടുപോയി. കുറ്റം, ബീച്ചില്‍ ഡാന്‍സ് കളിച്ചു. ഒരു ദിവസം മുഴുവന്‍ പോലീസ് സ്‌റ്റേഷനില്‍. ‘നിങ്ങളൊന്നും കൂത്താടണ്ട’ എന്ന് പറഞ്ഞ് മൂന്നാംമുറ. ഒടുവില്‍ തൊഴിലെടുത്ത് കിട്ടുന്ന കൂലിയെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ആ കുട്ടികള്‍ ഒന്നനങ്ങാന്‍ പോലുമാവാതെ മാസങ്ങളോളം വീട്ടില്‍ തന്നെ കഴിയേണ്ടി വന്നു. മദ്യപാനമോ പുകവലിയോ ഒന്നും ശീലമാക്കാത്ത ആ കുട്ടികള്‍ പണി കഴിഞ്ഞ് വന്നാല്‍ ബീച്ചില്‍ പോയി ഡാന്‍സ് കളിക്കും. സിനിമാറ്റിക് ഡാന്‍സ് കമ്പമുള്ള അവരുടെ പതിവായിരുന്നു അത്. എന്നാല്‍ പോലീസിന്റെ കണ്ണില്‍ അത് അടികൊണ്ട് തിരുത്തേണ്ട അപരാധമായിരുന്നു. ശരീരമാസകലം പരിക്കുകളും ചതവുകളുമേറ്റിട്ടും ഭയം കൊണ്ട് മാത്രം അവര്‍ ആരോടും പരാതിപ്പെട്ടില്ല. ഈ സംഭവത്തിന് തൊട്ട് പിന്നാലെയാണ് കൊല്ലത്ത് ആറാലുംമൂടില്‍ നിന്ന് രണ്ട് പേരെ മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുക്കുന്നതും മാരകമായി മര്‍ദ്ദനമേറ്റ് അവര്‍ ആശുപത്രിയിലാവുന്നതും. ഇത് മാധ്യമങ്ങളിലെല്ലാം വാര്‍ത്തയുമായിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും പോലീസുകാര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.

അക്രമികളുടെ ‘സൂപ്പർ പൊലീസ്’ സ്ക്വാഡുകളുണ്ടാക്കുന്ന റൂറൽ എസ്‌പി; ശ്രീജിത്തിന്റെ മരണത്തില്‍ കുടുങ്ങുക ആർടിഎഫോ സ്റ്റേഷൻ പൊലീസോ?

മോഷണക്കുറ്റമാരോപിച്ചാണ് മുടിനീട്ടിവളര്‍ത്തിയിരുന്ന വിനായകന്‍ എന്ന ദളിത് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ വിനായകന്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് കേരളം അറിയുന്നത്. റോഡില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ വിനായകനേയും കൂട്ടുകാരനേയും കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയേയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മുടി നീട്ടിവളര്‍ത്തിയതിന്റെ പേരിലും, കഞ്ചാവ് മാഫിയ ബന്ധവും മോഷണക്കുറ്റവും ആരോപിച്ചും പോലീസുകാര്‍ വിനായകനെ അതിഭീകരമായി മര്‍ദ്ദിച്ചിരുന്നതായി കൂട്ടത്തിലുണ്ടായിരുന്ന വിനായകന്റെ കൂട്ടുകാരന്‍ വെളിപ്പെടുത്തുകയും ചെയ്തു. മുടി നീട്ടി വളര്‍ത്തിയ കറുത്ത നിറമുള്ളവനെ മോഷണക്കേസില്‍ പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ അയാളുടെ അച്ഛനെ വിളിച്ച് മുടിവെട്ടിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി പോലീസ് വിനായകനെ പറഞ്ഞയച്ചു. എന്നാല്‍ ശരീരമാസകലമുള്ള പരിക്കുകളും അഭിമാനക്ഷതവും വിനായകനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. സമൂഹം മുഴുവന്‍ ചര്‍ച്ച ചെയ്ത വിനായകന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസപ്ന്‍ഡ് ചെയ്ത് സര്‍ക്കാര്‍ തടിതപ്പി. എന്നാല്‍ സസ്പന്‍ഷന്‍ കാലാവധി ബാക്കി നില്‍ക്കെ കുറ്റക്കാരെന്ന് കണക്കാക്കപ്പെടുന്ന ആ ഉദ്യോഗസ്ഥര്‍ വീണ്ടും സ്‌റ്റേഷനില്‍ ജോലിക്ക് കയറി. ഇതിനെതിരെ വ്യാപക എതിര്‍പ്പുകളുണ്ടായപ്പോള്‍ മാത്രം അവരെ സര്‍വീസില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താന്‍ ഉത്തരവായി. എന്നാല്‍ കേസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

തലശേരി പോലീസ് കഴിഞ്ഞ വര്‍ഷം കാളിമുത്തു എന്ന ഇതരസംസ്ഥാന തൊഴിലാളിയെ മോഷണക്കുറ്റമാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യസമയത്ത് കാളിമുത്തുവിനെ കോടതില്‍ ഹാജരാക്കിയതുമില്ല. ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ആശുപത്രിയിലേക്ക് പോകും വഴി കാളിമുത്തു മരിച്ചു. എന്നാല്‍ അത് കേസ് പോലും ആയില്ല. മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരും പുറകെ നടക്കാനില്ലാത്തതിനാല്‍ കാളിമുത്തുവിന്റെ കസ്റ്റഡി മരണം വാര്‍ത്തപോലുമായില്ല.

എന്റെ കണ്‍മുന്നിലിട്ടാണ് അവരെന്റെ കുഞ്ഞിന്റെ വയറ്റില്‍ തൊഴിച്ചത്, ഒരു കുടുംബം അനാഥമാക്കിയിട്ട് എന്താണ് ആ പൊലീസുകാര്‍ നേടിയത്? ഒരമ്മ ചോദിക്കുന്നു

അബ്ദുള്‍ വഹാബ് എന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിയെ സാമ്പത്തിക ഇടപാട് കേസിലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് രാവിലെ ഇയാളെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അടിവസ്ത്രത്തിന്റെ വള്ളിയില്‍ തൂങ്ങിമരിച്ചു എന്നാണ് പോലീസ് പറഞ്ഞത്. കഴിഞ്ഞവര്‍ഷം ആദ്യം നടന്ന സംഭവത്തില്‍ അന്വേഷണം വേണമന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.

സുരേഷ് എന്ന കേന്ദ്രീയ വിദ്യാലയ ബസ് ഡ്രൈവറെ ഒരിക്കല്‍ പോലീസ് പിടിച്ചുകൊണ്ട് പോയി. തന്റെ മകനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ഒരു അച്ഛന്റെ പരാതിയിന്‍മേലുള്ള പോലീസ് നടപടിയായിരുന്നു അത്. ഇടക്കൊച്ചിയിലാണ് സംഭവം. സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സുരേഷിനെ നടക്കാന്‍ പോലുമാവാത്ത വിധം പോലീസ് തല്ലിച്ചതച്ചു. ഒടുവില്‍ സുരേഷ് അത്തരത്തില്‍ കുറ്റം ചെയ്തില്ലെന്നും പരാതിക്കാരന്‍ വ്യക്തിവൈരാഗ്യം തീര്‍ത്തതാണെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ അന്വേഷണം കഴിഞ്ഞ് സത്യം തെളിഞ്ഞപ്പോഴേക്കും സുരേഷ് പോലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കെത്തിക്കഴിഞ്ഞിരുന്നു. ഈയിടെ പോലീസ് കംപ്ലയിന്റ് അതോറിറ്റി സുരേഷിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു.

ട്രാന്‍സ്ജന്‍ഡേഴ്‌സിനെതിരെ വീണ്ടും കൊച്ചി പോലീസിന്റെ സദാചാര ഗുണ്ടായിസം; സര്‍ക്കാര്‍ അറിയുന്നുണ്ടോ?

കളമശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്നിരുന്നയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കേസില്‍ പ്രതിചേര്‍ത്ത് മര്‍ദ്ദിച്ച സംഭവം ഈ അടുത്തകാലത്താണുണ്ടായത്. മദ്യപിച്ച് വീട്ടില്‍ ബഹളം വച്ച എളമക്കര സ്വദേശി ജോണ്‍സണെ പിടിച്ചുകൊണ്ടുപോയി ഒന്ന് താക്കീത് ചെയ്യണമെന്ന് ജോണ്‍സന്റെ അമ്മ തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അടുത്ത ദിവസം ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയ മകനെ കണ്ട് ആ അമ്മ തകര്‍ന്നു. വീട്ടില്‍ തിരിച്ചെത്തിയ അന്ന് രാത്രി നിന്ന നില്‍പ്പില്‍ ജോണ്‍സണ്‍ മറിഞ്ഞ് വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ജീവിച്ചിരുന്ന ജോണ്‍സണ്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ജോണ്‍സന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലീസ് മര്‍ദ്ദനത്തില്‍ ഉണ്ടായ പരിക്കുകളും പാടുകളും ചതവുകളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ശക്തിയായുള്ള ഇടിയിലോ മറ്റോ തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ജോണ്‍സണ്‍ മരിച്ചതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചെങ്കിലും ഇതേവരെ കേസ് പോലും എടുത്തിട്ടില്ല.

ഒടുവില്‍ വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ മരണം. അത് കസ്റ്റഡി മരണമായി ഒടുവില്‍ പോലീസിനും സര്‍ക്കാരിനും സമ്മതിക്കേണ്ടി വന്നു. തെളിവുകള്‍ പൂര്‍ണമായും എതിരായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വ്യാഴാഴ്ച പരിശോധന നടത്തിയ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളും അടിവയറ്റില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് പറയുന്നു. കുടല്‍ പൊട്ടി, ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടായാണ് ശ്രീജിത് മരിച്ചത്. സംഭവം വിവാദമായതോടെ ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി ശ്രീജിത്തിന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ കേസില്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന മുഴുവന്‍ പോലീസുകാരേയും സസ്പന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത എസ്ടിഎഫ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തപ്പോഴും എസ്ടിഎഫിന് നേതൃത്വം നല്‍കുന്ന ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെതിരെ നടപടിക്ക് സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല.

ട്രാന്‍സ്ജെന്‍ഡര്‍ മുക്ത കൊച്ചിയാക്കുമെന്ന് പോലീസ്; ഇതാണോ ട്രാന്‍സ് നയം? സര്‍ക്കാര്‍ പറയണം

ബിജെപി അനുഭാവിയായ ശ്രീജിത്തിന്റെ മരണം വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബിജെപി യുടെ നീക്കത്തിന് തടയിട്ടുകൊണ്ടാണ് ആഭ്യന്തരവകുപ്പ് കുറ്റസമ്മതം നടത്തിയതും അന്വേഷണ സംഘത്തെ നിയമിച്ച് കുറ്റക്കാരെന്ന് കരുതപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുത്തതും. രാഷ്ട്രീയകാരണങ്ങളാലോ മറ്റ് ചില കാരണങ്ങളാലോ ശ്രീജിത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ട് പോവുന്നുണ്ട്. ആള് മാറി കസ്റ്റഡിയിലെടുത്തതാണെന്നും കസ്റ്റഡിമരണം തന്നെയാണെന്നും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ശ്രീജിത്തിന് മുമ്പ്, കസ്റ്റഡി മരണം എന്ന് ഉറപ്പിക്കാവുന്ന തരത്തില്‍ മരണപ്പെട്ടവരുടെയും, ലോക്കപ്പ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നവരുടേയും കാര്യത്തില്‍ അത് ഉണ്ടായില്ല എന്നുള്ളതും യാഥാര്‍ഥ്യമാണ്.

ഇത്തരത്തില്‍ മരണങ്ങളോ മര്‍ദ്ദനങ്ങളോ ഉണ്ടാവുമ്പോള്‍ ശബ്ദമുയര്‍ത്തുന്ന സാമൂഹ്യപ്രവര്‍ത്തകരും സംഘടനാ നേതാക്കളുമെല്ലാം നാളുകള്‍ കഴിയുമ്പോഴേക്കും കേസ് നടത്തിപ്പില്‍ നിന്ന് ഒഴിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതോടെ പരാതിക്കാരനും സ്റ്റേറ്റും തമ്മിലുള്ള ഒരു യുദ്ധമായി അത് മാറും. സ്വാഭാവികമായും ദുര്‍ബലരായ പരാതിക്കാര്‍ പാതിവഴിയില്‍ കേസ് ഉപേക്ഷിച്ച് പോവേണ്ടി വരികയും അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ പൂര്‍വ്വാധികം പ്രബലരായി സര്‍വ്വീസില്‍ തിരിച്ചെത്തുകയും ചെയ്യുന്നു. ഇതോടെ ആ കേസും തേഞ്ഞുമാഞ്ഞ് പോവും. പോലീസ് വീണ്ടും മൂന്നാംമുറപ്രയോഗങ്ങള്‍ തുടരുകയും ചെയ്യും.

‘കസബ’ സിന്‍ഡ്രോം; മിഠായി തെരുവിന്റെ മുഖം മിനുക്കാന്‍ ട്രാന്‍സ്ജന്‍ഡറുകളുടെ എല്ല് തല്ലിയൊടിക്കണോ?

മേല്‍ പറഞ്ഞ സംഭവങ്ങളെല്ലാം നൂറില്‍ ഒന്നോ രണ്ടോ മാത്രമാണ്. ഇതിലും എത്രയോ ഇരട്ടി കേസുകളാണ് ദിവസവും പുറത്തറിഞ്ഞും അറിയാതെയും ഉണ്ടാവുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ നാല് തവണയാണ് കൊച്ചിയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് നേരെ പോലീസ് അതിക്രം അഴിച്ചുവിട്ടത്. അന്യായമായി കസ്റ്റഡിയിലെടുത്തതും കസ്റ്റഡി മര്‍ദ്ദനമുണ്ടായതുമെല്ലാം ചൂണ്ടിക്കാട്ടി എല്ലാ അവസരത്തിലും ട്രാന്‍സ്ജന്‍ഡറുകള്‍ പോലീസ് മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും കേസ് ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പോലീസിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്.

കോഴിക്കോട് കലോത്സവം കഴിഞ്ഞ് പോവുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ട്രാന്‍സ്ജന്‍ഡറെ ഓടിച്ചിട്ട് മര്‍ദ്ദിച്ചതും വിവാദമായിരുന്നു. ആ വിഷയത്തില്‍ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായി. എന്നാല്‍ കേസന്വേഷണം എവിടെയും എത്തിയിട്ടില്ല. പോലീസ് ക്രൂരതയുടെ മറ്റൊരു മുഖമായിരുന്നു വൈപ്പിനില്‍ ആലുവ റൂറല്‍ എസ്പി എസ്.വി ജോര്‍ജിന്റെ നേതൃത്വത്തിലും മറൈന്‍ ഡ്രൈവില്‍ വച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലും വൈപ്പിന്‍കര നിവാസികള്‍ക്ക് നേരെയുണ്ടായ ലാത്തിചാര്‍ജ്. പ്രകടനവുമായി എത്തിയ വൈപ്പിന്‍ നിവാസികളെ തെരുവില്‍ തല്ലിയോടിച്ച യതീഷ് ചന്ദ്ര ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും അന്വേഷണവിധേയനാവുകയും ചെയ്തു. എന്നാല്‍ വൈപ്പിനില്‍ ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ എസ്.പിക്കെതിരെ യാതൊരു നടപടിയും ഉണ്ടായതുമില്ല.

എന്തു തെറ്റ് ചെയ്തിട്ടാണ് എന്റെ മകനെ നിങ്ങള്‍ ഇടിച്ചു കൊന്നത്? നീതി തേടി വിനായകിന്റെ കുടുംബം സമരത്തിന്

ഇതിനിടെ ഗൗരവമായി കണക്കിലെടുക്കേണ്ട ഒന്നാണ് കഴിഞ്ഞ ദിവസം വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി ബിനു പുറത്തുവിട്ട വിവരാവകാശ രേഖകള്‍. 1129 പോലീസുദ്യോഗസ്ഥരാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് ആ വിവരാവകാശരേഖകള്‍ തെളിയിക്കുന്നു. ഡിവൈഎസ്പി, അസിസ്റ്റന്റ് കമ്മീഷ്ണര്‍ തസ്തികയിലിരിക്കുന്ന പത്ത് പേരും, എട്ട് സിഐമാരും, 195 എസ്‌ഐ, എഎസ്‌ഐമാരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. തിരുവനന്തപുരത്താണ് ഇവരില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇത്രയും ക്രിമിനലുകളാണ് പോലീസ് സേനയില്‍ ഉള്ളവരെന്ന് അറിഞ്ഞിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാതിരുക്കുന്നതാണ് സര്‍ക്കാരിന്റെ പിടിപ്പുകേട്. ക്രിമിനിലുകള്‍ പോലീസിലുണ്ടാവില്ലെന്നും, പോലീസ് ക്രൂരത അനുവദിക്കില്ലെന്നും ഇടക്കിടെ പ്രസ്താവിക്കുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയും ഇതേവരെ ഒരു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.

ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത് സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പോലീസ് സംവിധാനം മാറിയെന്നതാണ്. പോലീസ് സംവിധാനത്തെക്കുറിച്ചുള്ള ഇടത് നയങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ശക്തമായ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ് ദുര്‍ബലമായിപ്പോവുന്നു. പോലീസ് സംവിധാനത്തെ പരിഷ്‌കരിക്കുന്നതിനുള്ള യാതൊരു നടപടികളും സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നില്ല എന്നതും ശ്രദ്ധേയമാണ്. അവരവരുടെ കാര്യം നടത്തിപ്പിനായി, അധികാരം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ പ്രയോഗിക്കാനായി പോലീസിനെ ഒരു ഭീകര സംഘമാക്കി നിര്‍ത്തുക എന്നതാണോ കേരളം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുറത്ത് ജനമൈത്രി പോലീസും അകത്ത് ‘ഇടിയന്‍’ പോലീസുമായി തുടരുമ്പോള്‍ ആര്‍ക്കാണ് നീതി ലഭിക്കുക? എത്ര ജീവനുകളാണ് ഇനിയും പോലീസുകാരുടെ കൈകള്‍ കൊണ്ട് പൊലിയാനിരിക്കുന്നത്?

വിനായകിന്റെ മരണം; കേസ് അട്ടിമറിക്കാന്‍ പാകത്തില്‍ പോലീസിന്റെ എഫ് ഐ ആര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍