UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

മൂന്നാര്‍: നിര്‍ണായക സര്‍വകക്ഷി യോഗം ഇന്ന്; എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിലേക്ക്

ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റില്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരനുമുളളതായി സൂചനയുണ്ട്.

മൂന്നാര്‍ കയ്യേറ്റപ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗം ചേരും. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടരും എന്ന് തന്നെയാണ് റവന്യൂ വകുപ്പിന്റെ നിലപാടെങ്കിലും രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഒഴിപ്പിക്കല്‍ നടപടിയെ വലിയ അനിശ്ചിതത്വത്തില്‍ എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യോഗം നിര്‍ണായകമാവും. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി എല്‍ഡിഎഫില്‍ വലിയ ഭിന്നതയ്ക്കാണ് വഴി വച്ചത്. സിപിഎമ്മും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് പലഘട്ടങ്ങളിലായാവും ചര്‍ച്ച. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി, നിയമവകുപ്പ് മന്ത്രി എകെ ബാലന്‍, ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സര്‍വ്വകക്ഷിയോഗത്തിന് മുന്‍പ് കയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇതുവരെ സ്വീകരിച്ച നടപടികളേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാവും. മൂന്ന് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയത്. സ്റ്റേ നടപടികളുടെ കാലാവധി കഴിഞ്ഞവ, നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തവ, സമീപകാലത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറിയത് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റില്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരനുമുളളതായി സൂചനയുണ്ട്. ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ 154 കയ്യേറ്റക്കാരുടെ പട്ടികയില്‍ മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ ലിജീഷ് ലംബോധരന്റെയും സിപിഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം ആല്‍ബിന്റേയും പേരുണ്ട്. സിപിഎമ്മുകാര്‍ നടത്തിയ വന്‍കിട കയ്യേറ്റത്തില്‍ മുഖ്യമന്ത്രി എന്ത് നിലപാട് എടുക്കുമെന്നുള്ളത് പ്രസക്തമാണ്. കയ്യേറ്റം ഒഴിപ്പിക്കലില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഐയുടെ നിലപാട്. 10 സെന്റില്‍ താഴെയുള്ള ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിവാക്കണമെന്ന നിലപാട് സിപിഎമ്മിനുണ്ട്.

സമവായത്തിലൂടെയുള്ള ഒഴിപ്പിക്കല്‍ എന്ന മുഖ്യമന്ത്രിയുടെ നിലപാട് സിപിഐക്ക് സ്വീകാര്യമല്ല. ഒഴിപ്പിക്കാനിറങ്ങിയ റവന്യു ഉദ്യോഗസ്ഥക്കെതിരെ ആഴ്ചകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എംഎം മണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിലും സിപിഐക്ക് അതൃപ്തിയുണ്ട്. സര്‍വ്വകക്ഷിയോഗത്തിന് മുമ്പ് സിപിഎം നേതാക്കളുടെ കയ്യേറ്റത്തിന്റെ വിവരങ്ങളണ് പുറത്തുവന്നിട്ടുള്ളത്. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമിക്ക് വ്യാജപട്ടയമാണെന്ന് റവന്യു മന്ത്രി തന്നെ രേഖാമൂലം വ്യക്തമാക്കിക്കഴിഞ്ഞു.

പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ക്രിസ്ത്യന്‍ സംഘടന കയ്യേറിയ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ടാണ് രണ്ടാം മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യം വലിയ വിവാദത്തിലേയ്ക്ക് നീങ്ങിയത്. കുരിശ് പൊളിക്കല്‍ നടപടി വലിയ വിവാദമാക്കി ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവച്ചു. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാത്ത ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കുന്ന സബ് കളക്ടടര്‍ ശ്രീരാം വെങ്കിട്ടരാമനെ ചെറ്റയെന്നും കോന്തനെന്നും വിളിച്ച മന്ത്രി എംഎം മണിയുടെ പ്രസ്താവന വലിയ വിവാദമായി.

അതേസമയം കുരിശ് പൊളിച്ച നടപടിയെ ന്യായീകരിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശക്തമായി ന്യായീകരിച്ചു. കള്ളന്റെ കുരിശാണ് പൊളിച്ചതെന്ന് കാനം പറഞ്ഞു. കുരിശ് പൊളിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ എന്ന് മുഖ്യമന്ത്രിയെ ചന്ദ്രശേഖരന്‍ വെല്ലുവിളിച്ചു. കുരിശ് പൊളിച്ച് നീക്കിയതിന് പിന്നില്‍ ആര്‍എസ്എസ് അജണ്ടയാണെന്നായിരുന്നു സിപിഎം വാദം. സബ് കളക്ടറെ ആര്‍എസ്എസുകാരനായാണ് മന്ത്രി എംഎം മണി കണ്ടത്. പല ക്രൈസ്തവ സഭാ നേതൃത്വങ്ങളും സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചപ്പോള്‍ ചില സഭാ അദ്ധ്യക്ഷന്മാര്‍ സംഭവം വേദനിപ്പിച്ചതായി പറഞ്ഞ് ആശങ്ക രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷമായിരുന്നു ഇത്. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത് മുതല്‍ തന്നെ ദേവീകുളം എംഎല്‍എ എസ് രാജേന്ദ്രനും മന്ത്രി എംഎം മണിയും പ്രാദേശിക സിപിഎം നേതാക്കളും സബ് കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നു. ഒഴിപ്പിക്കല്‍ നടപടിയെ സിപിഎം പ്രവര്‍ത്തര്‍ തടയാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍