UPDATES

സര്‍വകക്ഷി യോഗം പരാജയം; വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ലെന്ന് മുഖ്യമന്ത്രി

ബഹിഷ്ക്കരിച്ച് യുഡിഎഫ്; സര്‍ക്കാര്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നു ബിജെപി

സര്‍വകക്ഷി യോഗം പരാജയപ്പെട്ടു. യോഗം തീരുമാനമെത്താതെ പിരിഞ്ഞു. സര്‍ക്കാര്‍ വിധി നടപ്പാക്കുന്നതില്‍ സാവകാശമാവശ്യപ്പെടില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനത്തിന് പ്രത്യേക ദിവസം അനുവദിക്കാം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും യോഗം ബഹിഷ്‌കരിച്ചു. സര്‍ക്കാരും പ്രതിപക്ഷവും ബിജെപിയും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ യോഗം തീരുമാനമെത്താതെ പിരിയുകയായിരുന്നു.

വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ‘റിവ്യൂ പെറ്റീഷന്റെയും റിട്ട് ഹര്‍ജികളുടേയും കാര്യത്തില്‍ സുപ്രീംകോടതി എടുത്ത നിലപാടും ചര്‍ച്ച ചെയ്തു. പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് ഒന്നായിരുന്നു. സര്‍ക്കാര്‍ മുന്‍വിധിയോടെയാണ് സമീപിച്ചതെന്ന് ഇരുവരും പറഞ്ഞു. യഥാര്‍ഥത്തില്‍ സര്‍ക്കാരിന് മുന്‍വിധിയുണ്ടായിരുന്നില്ല. സുപ്രീംകോടതി വിധിയാണ് നടപ്പാക്കുന്നത്. ദുര്‍വാശി കാണിച്ചു എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ വിധി നടപ്പാക്കുന്നത് ദുര്‍വാശിയാണെന്ന് കണക്കാക്കേണ്ട ആവശ്യമില്ല. മറ്റൊരു വാശിയും ഞങ്ങള്‍ക്ക് ഇക്കാര്യത്തിലില്ല. സര്‍ക്കാര്‍ വിശ്വാസികളോടൊപ്പമാണ്. ഒരു ആശങ്കയും അക്കാര്യത്തില്‍ ഉണ്ടാവേണ്ടതില്ല. സുപ്രീംകോടതി നിലപാട് വ്യക്തമാക്കിക്കൊണ്ട് സെപ്തംബര്‍ 28ലെ വിധി അതേപോലെ നിലനില്‍ക്കുന്നു എന്ന് പറഞ്ഞു. അപ്പോള്‍ വേറെ ഓപ്ഷനും സര്‍ക്കാരിനില്ല. ക്രമീകരണം ഉണ്ടാക്കാം എന്നതാണ് സര്‍ക്കാര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. യോഗം അവസാനിച്ചതിന് ശേഷം ഞങ്ങള്‍ ഇറങ്ങിപ്പോവുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഇത് ശരിയായ നിലപാടല്ലെന്ന് ശ്രീധരന്‍ പിള്ളയും പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ഇതല്ലാതെ വേറെ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ വിധി നടപ്പാക്കുന്നതിന് സാവകാശം തേടില്ല.’ എന്നും മുഖ്യമന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍വകക്ഷി യോഗം പ്രഹസനമായിരുന്നു എന്നും സര്‍ക്കാര്‍ സുവര്‍ണാവസരം തുലച്ചുകളഞ്ഞു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.’സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ഇത് നല്ല അവസരമായിരുന്നു. ആമുഖ പ്രസംഗത്തില്‍ പറഞ്ഞ അതേ നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച് നില്‍ക്കുകയായിരുന്നു. ഞങ്ങളെല്ലാം നിലപാട് വ്യക്തമാക്കിയിട്ടും അതില്‍ മാറ്റമമുണ്ടായില്ല. രണ്ട് നിര്‍ദേശമാണ് യുഡിഎഫ് മുന്നോട്ട് വച്ചത്. റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞസന്ദര്‍ഭത്തില്‍ സാവകാശം തേടണം എന്നതായിരുന്നു ഒന്ന്. ജനുവരി 22 വരെ സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നത് നിര്‍ത്തിവക്കണം എന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. രണ്ട് അഭിപ്രായവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ശബരിമല പ്രശ്‌നം പരിഹരിക്കാനുള്ള സുവര്‍ണാവസരമായിരുന്നു സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ അത് സര്‍ക്കാര്‍ കളഞ്ഞുകുളിച്ചു. പാസ് പിന്‍വലിക്കണം എന്ന് കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. അത് കേട്ടില്ല. ശബരിമല തീര്‍ഥാടനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടേയും കയ്യാങ്കളിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. ആര്‍എസ്എസും ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. ശാന്തിയും സമാധാനവും നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സഹകരിക്കാന്‍ തയ്യാറായിരുന്നു.’എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യോഗം നാടകമായിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എഴുതി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ് യോഗത്തില്‍ നടന്നതന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്നത് ശരിയല്ല എന്ന് ഉന്നയിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് പാടില്ലെന്നും ആവശ്യപ്പെട്ടു. ഇതടക്കം അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. സിപിഎ്മിന്റെ ഭരണഘടനയല്ല നടപ്പാക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തുടക്കം മുതല്‍ സര്‍വകക്ഷി യോഗത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. 11 മണിക്ക് ആരംഭിച്ച യോഗം രണ്ടര മണിക്കൂറിലധികം നീണ്ടു. ബിജെപിയും യുഡിഎഫും വിധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സുപ്രീംകോടതിയോട് സാവകാശം തേടണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉന്നയിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറിയും സര്‍ക്കാരിന് സാവകാശം തേടാന്‍ കഴിയില്ല എന്ന നിലപാടും എടുത്തു. ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. പമ്പയിലും നിലയ്ക്കലും അതിനുള്ള സംവിധാനവും സൗകര്യവുമില്ലെന്നും അതിനാല്‍ കോടതിയോട് സാവകാശം തേടണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. യുഡിഎഫ് തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും ആചാരം സംരക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിരുന്ന ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വിധി നടപ്പാക്കരുതെന്ന് യോഗത്തില്‍ ആവശ്യം ഉന്നയിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വിശ്വാസികളെ പരിഗണിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം ഉന്നയിച്ച അദ്ദേഹം വിശ്വാസികളെ അപമാനിക്കുകയാണ് സര്‍ക്കാര്‍ എന്നും അഭിപ്രായപ്പെട്ടു. ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ മാത്രമാണ് അത്തരത്തിലൊരു പരമാര്‍ശം നടത്തിയതെന്നും ശ്രീധരന്‍പിള്ള യോഗത്തില്‍ പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. പി സി ജോര്‍ജ്ജ് എംഎല്‍എയും മുസ്ലിംലീഗ് നേതാക്കളും സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനമുന്നയിച്ചു.

12 പേജുകളുള്ള എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. മുഖ്യമന്ത്രി കുറിപ്പ് വായിച്ചുകൊണ്ട് വിധി നടപ്പാക്കേണ്ട സാഹചര്യത്തെക്കുറിച്ച് വിവരിച്ചു. സുപ്രീംകോടതി വിധി വന്നതിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം കോടതി വിധി നടപ്പാക്കേണ്ട ബാദ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിധി നടപ്പിലാക്കാന്‍ എല്ലാവരുടേയും സഹായം അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നിലപാടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിക്കുകയായിരുന്നു യുഡിഎഫും ബിജെപിയും.

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

യുവമോര്‍ച്ചാ പ്രസംഗം മാത്രമല്ല, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പിള്ളേച്ചന് പുലിവാലാകും

ശബരിമലയില്‍ വരുന്ന പുരുഷന്മാരുടെ നൈഷ്ഠിക ബ്രഹ്മചാര്യവും പരിശോധിക്കേണ്ടതുണ്ട്: രാഹുല്‍ ഈശ്വര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍