UPDATES

ആട് ഒരു ഭീകരജീവിയാണ്; കോണ്‍ഗ്രസിനെങ്കിലും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പദയാത്ര ആട് ഇല കടിച്ചു നടക്കുന്നത് പോലെയാണെന്നാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചത്. അമിത് ഷാ ആടാണോ സിംഹമാണോയെന്ന് ഉടന്‍ മനസിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലെ ഇതിന് മറുപടിയും നല്‍കുകയുണ്ടായി. ആട് കടിച്ചപോലെയെന്നത് ഒരു നാട്ടിന്‍പുറ ശൈലിയാണ്. ആട് കടിച്ച ചെടിയുടെ വളര്‍ച്ച മുരടിച്ച് പോകുമെന്നാണ് പറയുന്നത്.

എന്തോ ഒന്നിന്റെ വളര്‍ച്ച മുരടിപ്പിക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വ്യക്തം. അത് സിപിഎമ്മിന്റെയാണെന്നാണ് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സിപിഎമ്മിനെതിരായ ഈ ദേശീയ പ്രഖ്യാപനം കേരളത്തിലെ ജനരക്ഷാ യാത്രയുടെ മുന്നോടിയായി മാത്രമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ചും കേരളത്തില്‍ നിന്നും സിപിഎമ്മിനെ തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് അമിത് ഷാ യാത്രയ്ക്ക് മുന്നോടിയായി പറഞ്ഞത്. അതായത് ഇത്രകാലവും അവര്‍ മുഖ്യശത്രുവായി കണ്ടിരുന്ന കോണ്‍ഗ്രസിനെ ഇപ്പോള്‍ അവര്‍ ഗൗനിക്കുന്നില്ലെന്ന് വ്യക്തം.

എന്നാല്‍ അമിത് ഷാ സിപിഎമ്മിന് നല്‍കുന്ന ഈ അമിത പ്രാധാന്യത്തില്‍ നിന്നു തന്നെ യഥാര്‍ത്ഥ ലക്ഷ്യം കോണ്‍ഗ്രസാണെന്നത് വ്യക്തമാണ്. തുടര്‍ച്ചയായി സിപിഎമ്മിനെ എതിര്‍ക്കുന്നതിലൂടെ ബിജെപിയുടെ മുഖ്യശത്രു അവരാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇവിടെ. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അപ്രസക്തരാണെന്നും തങ്ങളാണ് രണ്ടാം സ്ഥാനത്തെന്നുമാണ് യാഥാര്‍ത്ഥത്തില്‍ ബിജെപി ഇവിടെ പറഞ്ഞു വയ്ക്കുന്നത്. ബിജെപി സിപിഎമ്മിനെയും പിണറായിയെയും മാത്രം ആക്രമിക്കുന്നതിലൂടെ ഭരണ പാര്‍ട്ടിയായ സിപിഎമ്മിനെ എതിര്‍ക്കാന്‍ ഇവിടെ ബിജെപി മാത്രമേയുള്ളൂവെന്ന് ജനങ്ങള്‍ക്കും സ്വാഭാവികമായും തോന്നാം. ബിജെപിയ്ക്ക് വേണ്ടതും അതുതന്നെയാണ്. ഫലത്തില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബിജെപി എത്തിച്ചേരുന്നത്. രണ്ടാം സ്ഥാനത്തെത്തിയാല്‍ തന്നെ കേരളത്തില്‍ അത് വിജയമാണ്. കാരണം കാലങ്ങളായി ഇവിടെ മുന്നണികള്‍ മാറി മാറിയാണല്ലോ ഭരിക്കുന്നത്. അപ്പോള്‍ അഞ്ച് വര്‍ഷം കൂടുമ്പോഴെങ്കിലും ഭരണം നേടാനാകുമെന്ന് ബിജെപി കണക്കു കൂട്ടുന്നുണ്ടാകും. കോണ്‍ഗ്രസ് അപ്രസക്തമാകുന്നതോടെ അവിടെ നിന്നും ബിജെപിയിലേക്ക് ശക്തമായ അടിയൊഴുക്കുണ്ടാകുമെന്ന് ഉറപ്പാണ്. സവര്‍ണ സ്വഭാവമുള്ള പല നേതാക്കളും കോണ്‍ഗ്രസ് വിട്ട് അധികാരമുള്ള ബിജെപിയ്‌ക്കൊപ്പം തന്നെ നില്‍ക്കും.

ആസനസ്ഥമായിരിക്കുന്ന വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം. സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി പോലും കുറ്റിപ്പുറത്ത് പരാജയം രുചിച്ചിട്ടുണ്ട്. അധികാരത്തിലേറി ഒരു വര്‍ഷത്തിലേറെയായിട്ടും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഒരു ആരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. അല്ലെങ്കില്‍ അത്തരമൊരു സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടില്ലെന്നും പറയാം. സര്‍ക്കാരിന്റെ ഭരണപരാജയങ്ങളൊന്നും മുന്നിലില്ലാത്ത വേങ്ങരയിലെ വോട്ടര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിനെ പിന്തുണയ്ക്കാനുള്ള സാധ്യത ഏറെയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് വ്യക്തം. അങ്ങനെ നോക്കിയാല്‍ വേങ്ങര തെരഞ്ഞെടുപ്പ് മുസ്ലിം ലീഗിന്റെയോ കുഞ്ഞാലിക്കുട്ടിയുടെയോ ഖാദറിന്റെയോ വ്യക്തിപ്രഭാവത്തില്‍ നിന്നുമായിരിക്കില്ല പകരം രാഷ്ട്രീയ തെരഞ്ഞെടുപ്പായി മാറും.

ദേശീയ തലത്തില്‍ ഫാസിസ്റ്റ് ഭരണമെന്ന ആരോപണം നേരിടുന്ന ബിജെപി സിപിഎമ്മിന് നേരെ മാത്രം തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ശക്തിപ്രാപിക്കുന്നത് സിപിഎം തന്നെയാണ്. കോണ്‍ഗ്രസിന്റെ ജനാധിപത്യ, ന്യൂനപക്ഷ പ്രതിച്ഛായ സിപിഎമ്മിലേക്ക് വഴുതി വീഴുന്ന കാഴ്ചയാണ് നമുക്ക് ഇവിടെ കാണാന്‍ സാധിക്കുന്നത്. ബിജെപിയ്ക്ക് വേണ്ടതും അതുതന്നെയാണ്. കേരളത്തില്‍ ശക്തമായ ഒരു പ്രതിപക്ഷമാകാന്‍ പോലും സാധിക്കാത്ത കോണ്‍ഗ്രസിന് ബദലാകുകയെന്നത് തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. അമിത് ഷാ ആടാണോ സിംഹമാണോയെന്ന് വഴിയെ മനസിലാകുമെന്ന കുമ്മനത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നതും ഇതേ ലക്ഷ്യം തന്നെയായിരിക്കും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍