UPDATES

ചാവക്കാട് ഇങ്ങനെയൊരു സംഭവം സിപിഎം അറിയാതെ നടക്കുമോ?; കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ-സിപിഎം ഗൂഢാലോചന ആരോപിച്ച് അനില്‍ അക്കര എംഎല്‍എ

നൗഷാദ് കോണ്‍ഗ്രസില്‍ എത്തിയത് മുതല്‍ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നവരാണ് സിപിഎം

കോണ്‍ഗ്രസ് ബുത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരേ വിരല്‍ ചൂണ്ടി അനില്‍ അക്കര എംഎല്‍എ. കൊലപാതകത്തില്‍ സിപിഎമ്മിന് നേരിട്ട് പങ്കുണ്ടാകില്ലെങ്കിലും എസ്ഡിപിഐ നടത്തിയ ഈ ഹീനകൃത്യം സിപിഎം അറിയാതെ ആയിരിക്കില്ലെന്നാണ് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര അഴിമുഖത്തോട് പറഞ്ഞത്.

1999 ല്‍ ആണ് നൗഷാദ് കോണ്‍ഗ്രസില്‍ എത്തുന്നത്. അന്നു മുതല്‍ നൗഷാദിനെതിരേ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നവരാണ് സിപിഎം എന്ന് എംഎല്‍എ പറയുന്നു. ഇപ്പോള്‍ പുന്നയില്‍ സിപിഎമ്മിന്റെയും എസ്ഡിപിഐയുടെയും പൊതുശത്രുവായി നൗഷാദ് മാറിയിരുന്നു. പലതവണ നൗഷാദ് ആക്രമിക്കപ്പെട്ടപ്പോഴും പൊലീസ് സിപിഎമ്മിന്റെ വാക്കുകേട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. എസ്ഡിപിഐക്ക് നൗഷാദ് ശത്രുവായി മാറിയിട്ട് കുറച്ചു കാലമെ ആയിട്ടുള്ളൂ. അതിനുശേഷം നൗഷാദിനെതിരെ അവര്‍ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ഇതു കാണിച്ച് സുഹാജ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് ആ പരാതിയുടെ മേല്‍ എടുത്ത നടപടി എസ്ഡിപിഐക്കാരെ താക്കീത് ചെയ്തു വിടുക എന്നതായിരുന്നു; അനില്‍ അക്കര പറയുന്നു.

നൗഷാദിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനു നേരിട്ടു പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അനില്‍ അക്കര വ്യക്തമാക്കുന്നു. എന്നാല്‍ സിപിഎമ്മിന് സ്വാധീനമുള്ളൊരു സ്ഥലത്ത് ഇങ്ങനെയൊരു ആക്രമണം നടക്കുമ്പോള്‍ അതവര്‍ അറിഞ്ഞില്ലെന്നു പറയുമ്പോഴാണ് സംശയം. അവര്‍ക്ക് ഇതില്‍ യാതൊരു പങ്കും ഇല്ലെങ്കില്‍ എന്തിനാണ് ഭയക്കുന്നത് എന്നും എംഎല്‍എ ചോദിക്കുന്നു.

കാലങ്ങളായി ചാവക്കാട് നഗരസഭ ഭരിക്കുന്നത് സിപിഎമ്മാണ്. ഇരുപത്തിയഞ്ചോളം വര്‍ഷമായി ഈ പ്രദേശം കൂടി ഉള്‍പ്പെടുന്ന ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതും സിപിഎം പ്രതിനിധിയാണ്. അങ്ങനെയുള്ളൊരിടത്താണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. പുന്ന സെന്‍ട്രല്‍ നഗരപ്രദേശമാണ്. ചാവക്കാട് ടൗണിന് അടുത്താണ്. അവിടെയാണ് വൈകിട്ട് ആറരയോടെ ഭീകാരാന്തരീക്ഷം സൃഷിച്ച് ആക്രമണം നടത്തിയത്. 14 പേര്‍ ഒമ്പതു ബൈക്കുകളിലായാണ് എത്തിയത്. അതും മുഖം മൂടി ധരിച്ച്, പ്രത്യേക വസ്ത്രമൊക്കെ ധരിച്ച്. അവര്‍ വന്ന് നാലുപേരെ കൊലപ്പെടുത്താന്‍ വേണ്ടിയെന്ന വണ്ണം വെട്ടിയിട്ട് യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചു പോവുകയും ചെയ്യുന്നു. പൊലീസ് ഇതൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. സിപിഎമ്മുകാരും ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാലും എങ്ങനെ വിശ്വസിക്കും? അനില്‍ അക്കര എംഎല്‍എ ചോദിക്കുന്നു.

ചാവക്കാട് പ്രദേശത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ ബന്ധം ഉണ്ടെന്ന ആരോപണവും അനില്‍ അക്കര ഉയര്‍ത്തുന്നുണ്ട്. നേതൃത്വ തലത്തില്‍ എസ്ഡിപിഐ സിപിഎമ്മുമായി ബന്ധമൊന്നും ഇല്ലെന്നു പറയുമ്പോഴും പ്രാദേശിക തലത്തില്‍ അവര്‍ പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആറു മാസങ്ങള്‍ക്ക് മുമ്പ് 42 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആ വൈരാഗ്യമൊക്കെ അവര്‍ക്കുണ്ട്. ചാവക്കാട് സിപിഎമ്മിന് രണ്ട് ലോക്കല്‍ കമ്മിറ്റികളുണ്ട്. അതില്‍ ഒരു കമ്മിറ്റി നൗഷാദിനെ പിന്തുണയ്ക്കുന്നതും മറ്റേത് നൗഷാദിനെ എതിര്‍ക്കുന്നതുമാണ്. ഇവിടുത്തെ സിപിഎമ്മിന്റെ ഇടയില്‍ തന്നെ നൗഷാദിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ട്. അതുപോലെ പുന്നയില്‍ രണ്ട് നഗരസഭ ഡിവിഷനുകളുണ്ട്. ഇതില്‍ രണ്ടിലും കോണ്‍ഗ്രസ് ആണ് ജയിച്ചു വരുന്നത്. അതുകൊണ്ട് നൗഷാദ് ഇല്ലാതാകേണ്ടത് എസ്ഡിപിഐയെ പോലെ സിപിഎമ്മിനും അത്യാവശ്യമാണ്. എസ്ഡിപി ഐക്കാര്‍ ഇക്കാര്യത്തില്‍ സിപിഎമ്മിനെ ബന്ധപ്പെട്ടിട്ടുമുണ്ടാകാം. എസ്ഡിപിഐക്കാര്‍ നൗഷാദിനെ ആക്രമിക്കുമെന്ന വിവരം കിട്ടിയിട്ടും മിണ്ടാതിരുന്നത് സിപിഎം അവരോട് കാണിച്ച മൃദുസമീപനമാണ്; അനില്‍ അക്കര ആരോപിക്കുന്നു.

നൗഷാദിന്റെ കൊലപാതകത്തോടെ പുന്നയില്‍ എസ്ഡിപിഐയും സിപിഎമ്മും ഒന്നിക്കുമെന്ന ആക്ഷേപവും അനില്‍ അക്കര ഉയര്‍ത്തുന്നുണ്ട്. നൗഷാദ് പോയതോടെ ഇനി കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയെന്നതായിരിക്കും ലക്ഷ്യം. അതിനുവേണ്ടി എസ്ഡിപിഐയും സിപിഎമ്മും ഒന്നിക്കും. നാന്നൂറോളം ചെറുപ്പക്കാരെ ഒരുമിച്ചു കൊണ്ടു പോയിരുന്ന നേതാവായിരുന്നു നൗഷാദ്. അങ്ങനെയൊരാള്‍ ഇല്ലാതായതോടെ ആ പ്രദേശത്ത് എസ്ഡിപിഐക്കും സിപിഎമ്മിനും സ്വാധീനം കൂട്ടാന്‍ കഴിഞ്ഞേക്കാമെന്നും കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു.

നൗഷാദിന്റെ കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐക്കാര്‍ ആണെന്നു വ്യക്തമാണെങ്കിലും സമഗ്രമായ അനേഷണമാണ് പൊലീസ് നടത്തേണ്ടതെന്നും അഭിമന്യുവിന്റെ കൊലപാതകത്തിലെ ഒന്നാം പ്രതിയെ ഇനിയും പിടികൂടാത്തതുപോലുള്ള ദുരൂഹതകള്‍ ഇവിടെയും ആവര്‍ത്തിക്കരുതെന്നും അനില്‍ അക്കര എംഎല്‍എ പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍