UPDATES

ട്രെന്‍ഡിങ്ങ്

അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളാകാനുള്ള കുതിപ്പിനിടെ നീലേശ്വരം സ്‌കൂളില്‍ സംഭവിച്ചത്; ഉത്തരക്കടലാസ് തിരുത്തിയ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ നാട്ടുകാര്‍

മികച്ച ഭൗതിക സാഹചര്യങ്ങളടക്കം ഒരുക്കിക്കൊണ്ട് സര്‍ക്കാര്‍ സ്‌കൂളികളിലേക്ക് കുട്ടികളെ തിരികെയെത്തിക്കാനുള്ള പദ്ധതികള്‍ വിജയം കണ്ടു തുടങ്ങുന്ന ഘട്ടത്തില്‍ ഇത്തരമൊരു തിരിമറി പുറത്തുവന്നിരിക്കുന്നത് ദോഷം ചെയ്യും

ശ്രീഷ്മ

ശ്രീഷ്മ

പൊതുവിദ്യാലയങ്ങളിലേക്കുള്ള പ്രവേശനത്തിന് പതിവിലേറെ തിരക്കേറിയിട്ടുള്ള ഒരു അധ്യയന വര്‍ഷമാണ് വരാനിരിക്കുന്നത്. സ്വകാര്യ സ്‌കൂളുകളില്‍ ഇടക്കാലത്ത് കണ്ടിരുന്ന നീണ്ട വരികളും അഡ്മിഷന്‍ ലഭിക്കാനുള്ള നെട്ടോട്ടവും ഇത്തവണ കണ്ടത് സര്‍ക്കാര്‍ സ്‌കൂളുകളിലാണെന്നത് ഏറെ ശ്രദ്ധേയമായിരുന്നു. കോഴിക്കോട് ജില്ലയില്‍ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുള്ള നടക്കാവ്, മെഡിക്കല്‍ കോളേജ് ക്യാംപസ്, കാരപ്പറമ്പ് സര്‍ക്കാര്‍ സ്‌കൂളുകളിലും കഥ ഇതുതന്നെയാണ്. ഇക്കൂട്ടത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് മികവിന്റെ നിരയിലേക്ക് ഉയരുകയും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്ത പൊതുവിദ്യാലയങ്ങളിലൊന്നാണ് കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി നീലേശ്വരം സ്‌കൂള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഹയര്‍ സെക്കന്ററി പരീക്ഷാ ഉത്തരക്കടലാസിലെ തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലാണ്. മലയോര മേഖലയിലെ മികച്ച സ്‌കൂളുകളിലൊന്നായി മാറിക്കൊണ്ടിരുന്ന നീലേശ്വരം സ്‌കൂളില്‍, അഡ്മിഷനുമായി ബന്ധപ്പെട്ട് തിരക്കേറിയിരിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് അധ്യാപകന്‍ തിരുത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിജയശതമാനത്തില്‍ താഴെത്തട്ടിലായിരിക്കുകയും, രണ്ടു വിദ്യാര്‍ത്ഥികള്‍ മാത്രം മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടുകയും ചെയ്ത സ്‌കൂളായിരുന്നു മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍. ചുരുങ്ങിയ കാലത്തിനിടെ സ്‌കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ വളരെ വലുതാണ്. പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും രക്ഷിതാക്കളും അധ്യാപകരും എല്ലാവരും ചേര്‍ന്ന് ഏറെ പ്രയത്‌നിച്ചതിന്റെ ഫലമായാണ് ഇന്നത്തെ ഉയര്‍ന്ന റിസള്‍ട്ടും അഡ്മിഷന്‍ നേടാനുള്ള വലിയ തിരക്കും സ്‌കൂളിനുണ്ടായതെന്ന് നീലേശ്വരത്തുകാര്‍ ആവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഹയര്‍ സെക്കന്ററി പരീക്ഷയില്‍ തൊണ്ണൂറ്റിയെട്ട് ശതമാനത്തിലധികം വിജയം നേടാനും ഇരുപത്തിരണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിക്കൊടുക്കാനും സ്‌കൂളിന് സാധിച്ചുവെന്നതില്‍ നാട്ടുകാരും സന്തോഷിക്കുന്നതിനിടെയാണ് തിരിമറിയുടെയും ആള്‍മാറാട്ടത്തിന്റെയും വാര്‍ത്തകള്‍ എത്തുന്നത്. പത്താം ക്ലാസ് ഫലത്തിലും തൊണ്ണൂറ്റിയൊമ്പത് ശതമാനത്തോളം വിജയം സ്‌കൂളിനുണ്ട്. നാലു വര്‍ഷത്തിനിടെ നീലേശ്വരം സ്‌കൂള്‍ കൈവരിച്ചിട്ടുള്ള എല്ലാ നേട്ടങ്ങളെയും ചോദ്യം ചെയ്യുന്ന ആരോപണമാണ് പ്രധാനാധ്യാപികയടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത് എന്നതില്‍ നാട്ടുകാര്‍ക്കും വലിയ ആശങ്കയുണ്ട്. തങ്ങളും വിവമറിഞ്ഞത് വാര്‍ത്താ മാധ്യമങ്ങള്‍ വഴിയാണെന്നും, സത്യാവസ്ഥയെന്താണെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് ഓഫീസ് റൂമിലിരുന്ന് പരീക്ഷയെഴുതുകയായിരുന്നുവെന്നും, ഇന്‍വിജലേറ്റര്‍ കൊണ്ടുവന്ന ഉത്തരക്കടലാസ്സുമായി ഇത് മാറ്റിവയ്ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പൂര്‍ണമായും മാറ്റിയെഴുതുകയും, കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ മുപ്പത്തിരണ്ട് ഉത്തരക്കടലാസ്സുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മൂല്യ നിര്‍ണയക്യാമ്പിലെ അധ്യാപകര്‍ ഉത്തരക്കടലാസ്സിലെ കൈയക്ഷരത്തില്‍ വ്യത്യാസം കണ്ടെത്തിയതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഉത്തരക്കടലാസ്സുകള്‍ പരീക്ഷാ ബോര്‍ഡിലേയ്ക്ക് അയച്ച്, മറ്റു വിഷയങ്ങളിലെ ഉത്തരക്കടലാസ്സുകള്‍ വിലയിരുത്തി കൈയക്ഷരത്തിലെ വ്യത്യാസം സ്ഥിരീകരിക്കുകയായിരുന്നു. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ ജയശ്രീ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തിരിമറി സ്ഥിരീകരിച്ചതോടെ, നിഷാദ് വി മുഹമ്മദ്, പ്രധാനാധ്യാപികയും പരീക്ഷാ ചീഫ് സൂപ്രണ്ടുമായ കെ. റസിയ, പരീക്ഷയുടെ ഡപ്യൂട്ടി ചീഫ് പി.കെ. ഫൈസല്‍ എന്നിവരെ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. ഉത്തരക്കടലാസ്സ് തിരുത്തിയ കുറ്റം നിഷാദ് വി മുഹമ്മദ് സമ്മതിച്ചിട്ടുണ്ടെങ്കിലും, താന്‍ വിവരങ്ങളൊന്നുമറിഞ്ഞിരുന്നില്ലെന്നും നിരപരാധിയാണെന്നുമാണ് പ്രധാനാധ്യാപികയുടെ പക്ഷം. എന്നാല്‍, പ്രധാനാധ്യാപികയുടെ ഒത്താശയില്ലാതെ ഉത്തരക്കടലാസ്സ് തിരുത്താനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.

അതേസമയം, പ്രധാനാധ്യാപിക ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് കൂട്ടുനില്‍ക്കുമെന്ന് കരുതാന്‍ വയ്യെന്നും, മറ്റ് അധ്യാപകര്‍ ആരും തന്നെ ഇത്തരമൊരു തിരിമറിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് തനിക്കു ലഭിക്കുന്ന വിവരമെന്നും, വാര്‍ഡ് മെംബറും സ്‌കൂളിന്റെ വികസന പ്രവൃത്തികളില്‍ ഭാഗമാകുകയും ചെയ്തിട്ടുള്ള ബുഷറ പി പറയുന്നു. ‘ഇങ്ങനെയെന്തെങ്കിലും മോശം പ്രവൃത്തികള്‍ക്ക് കൂട്ടു നില്‍ക്കുന്ന ഒരു പ്രിന്‍സിപ്പാളല്ല റസീന ടീച്ചര്‍. വളരെ ചിട്ടയോടു കൂടി എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരു അധ്യാപികയാണ്. അധ്യാപകന്‍ ഇങ്ങനെ ചെയ്തത് ടീച്ചര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് സംസാരിച്ചപ്പോള്‍ എന്നോടു പറഞ്ഞത്. അധ്യാപകനല്ലാതെ മറ്റൊരാള്‍ക്കും ഇതില്‍ പങ്കില്ല എന്നാണ് മറ്റുള്ളവര്‍ പറയുന്നത്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. റസിയ ടീച്ചര്‍ വന്നതിനു ശേഷമാണ് ഞങ്ങളുടെ സ്‌കൂള്‍ ഇത്രയധികം മെച്ചപ്പെട്ടത്. മികച്ച റിസള്‍ട്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങി, എല്ലാ ക്ലാസ്സിലേക്കും അഡ്മിഷന് തിരക്കായി. ഒരു ഗ്രാമീണ സ്‌കൂള്‍ ഇത്തരത്തില്‍ വലിയൊരു മാറ്റത്തിലേക്ക് വന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ പ്രശ്‌നമെല്ലാം ഉണ്ടായിരിക്കുന്നത്.’ കഴിഞ്ഞ വര്‍ഷങ്ങളിലെ റിസള്‍ട്ടിലെ മികവ് ഒരു വസ്തുത തന്നെയാണെങ്കിലും, ആ മികവിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യമാണ് ഇപ്പോള്‍ നീലേശ്വരത്തു നിന്നും ഉയരുന്നത്.

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഹയര്‍ സെക്കന്ററി വിജയത്തില്‍ മുന്‍പന്തിയിലുള്ള നീലേശ്വരം സ്‌കൂള്‍ മുന്‍പും പല തവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം ചുരുങ്ങിയ കാലയളവില്‍ മികവിന്റെ വഴിയിലെത്തിയതിന്റെ പേരിലായിരുന്നു. പരീക്ഷകള്‍ക്കു മുന്‍പായി വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തുന്ന മോക്ക് ടെസ്റ്റുകള്‍, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക പരിശീലന പരിപാടികള്‍, വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പഠനം വിലയിരുത്തുന്ന പദ്ധതി, രക്ഷിതാക്കളുമായി എസ്.എം.എസ് വഴി തുടര്‍ന്നു പോന്നിരുന്ന സമ്പര്‍ക്കം, എ പ്ലസ് ക്ലബ്ബുകള്‍ എന്നിങ്ങനെ ഒരു നാടു മുഴുവനായി പരിശ്രമിച്ചാണ് നീലേശ്വരം സ്‌കൂളിനെ ഉന്നതിയിലെത്തിച്ചതെന്നായിരുന്നു അധ്യാപകരുടെ പക്ഷം. സര്‍ക്കാര്‍ പദ്ധതികളില്‍പ്പെടുത്തി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിയുടെ നിര്‍മാണ ഘട്ടം നടക്കുന്നതിനിടെയാണ് ഉത്തരക്കടലാസ്സ് തിരുത്തല്‍ വിവാദമായത്.

എന്നാല്‍, ഒട്ടേറെപ്പേര്‍ പരിശ്രമിച്ചു നേടിയ സ്‌കൂളിന്റെ പ്രവര്‍ത്തനമികവിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തേണ്ടതില്ലെന്നും, രക്ഷിതാക്കളോ അധ്യാപകരോ വിദ്യാര്‍ത്ഥികളോ പോലും അറിയാതെയാണ് ഉത്തരക്കടലാസ്സുകള്‍ മാറ്റിയെഴുതപ്പെട്ടതെന്നും സ്‌കൂള്‍ മോണിട്ടറിംഗ് കമ്മറ്റിയുടെ ചെയര്‍മാന്‍ സാദിഖും വിശദീകരിക്കുന്നു. നേരത്തേ, ഉത്തരകടലാസ് മാറ്റിയത് തന്റെ അറിവോടെയല്ലെന്നും അധ്യാപകനും സ്‌കൂളധികൃതരും തന്റെ വിദ്യാഭ്യാസം തന്നെ താറുമാറാക്കിക്കളഞ്ഞെന്നുമുള്ള വിദ്യാര്‍ത്ഥിയുടെ പ്രതികരണവും പുറത്തുവന്നിരുന്നതാണ്. പരീക്ഷയില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതാണെന്നും അധ്യാപകനോട് ഒരിക്കലും സംസാരിച്ചിട്ടുപോലുമില്ലെന്നും വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതോടെ, വിദ്യാര്‍ത്ഥികളെ സഹായിക്കാനായി അവരുടെ സമ്മതത്തോടെ ഉത്തരക്കടലാസ് തിരുത്തിയെന്ന അധ്യാപകന്റെ വാദവും സംശയത്തിന്റെ നിഴലിലായിരുന്നു.

സ്‌കൂളിന്റെ സല്‍പ്പേരിന് കളങ്കം വരുത്താനായി നടക്കുന്ന പ്രചാരണങ്ങളാണ് ഇപ്പോഴുള്ളതെന്നും, നീലേശ്വരം സ്‌കൂളിന്റെ പോയ വര്‍ഷങ്ങളിലെ മികച്ച റിസള്‍ട്ടിനെ സംശയിക്കുന്നതില്‍ അര്‍ത്ഥമില്ലന്നും സാദിഖ് പറയുന്നു. ‘സ്‌കൂളിലെ മറ്റധ്യാപകരോ കമ്മറ്റിയംഗങ്ങളോ ഇക്കാര്യം ഒരു തരത്തിലും അറിഞ്ഞിട്ടുള്ളതല്ല. നൂറു ശതമാനം വിജയം ഈ രീതിയിലുണ്ടാക്കുന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമായി അറിയാവുന്നവരാണ് ഇവിടെയുള്ളത്. ഒരു കമ്മറ്റിയും അത്തരം കുറുക്കുവഴി പ്രോത്സാഹിപ്പിക്കില്ല. നീലേശ്വരം ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്നാല്‍, നല്ല വിജയശതമാനമുള്ള, നല്ല കുട്ടികള്‍ മാത്രം പഠിക്കുന്നയിടമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന അധ്യാപകരും ഇവിടെയുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം ഈ നിലയിലെത്തണമെങ്കില്‍ എത്ര കഷ്ടപ്പെട്ടിട്ടാണെന്ന് ഊഹിക്കാമല്ലോ. എന്തിനാണ് ഈ അധ്യാപകന്‍ ഇത് ചെയ്തത് എന്ന കാര്യത്തില്‍ മാത്രം വ്യക്തതയില്ല. വളരെ വൈകിയും സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സഹായിക്കുകയും, അവരോട് ഏറ്റവും നന്നായി ഇടപെടുകയും ചെയ്യുന്ന ഒരു അധ്യാപകനാണ്. ഇന്നേവരെ ഒരു പരാതിയും അദ്ദേഹത്തെപ്പറ്റി ഉണ്ടായിട്ടില്ല. നന്നായി പഠിക്കാന്‍ കഴിവുണ്ടായിട്ടും പരീക്ഷപേപ്പറില്‍ ഒന്നും എഴുതാറില്ലാത്ത കുട്ടിയെ സഹായിക്കാന്‍ വേണ്ടി ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്. ഏത് നിലയ്ക്കായാലും, അധ്യാപകരോ പിടിഎയോ മറ്റുള്ളവരോ ഒരു തരത്തിലും ഇതിനോട് യോജിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. ഈ പ്രദേശത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ചത് എന്ന നിലയില്‍, അടുത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വാഭാവികമായും നിലേശ്വരം സ്‌കൂളിനോട് വിദ്വേഷമുണ്ടായിരിക്കാം. അവരില്‍ ആരുടെയെങ്കിലും കൈ ഇതിനു പിറകിലുണ്ടോ എന്നതും സംശയിക്കേണ്ടതുണ്ട്. ബോധപൂര്‍വം സ്‌കൂളിനെത്തന്നെ തകര്‍ക്കാന്‍ ഉന്നം വച്ചുള്ള റിപ്പോര്‍ട്ടുകളാണ് പലയിടത്തും കാണുന്നത്. പ്രദേശത്തുള്ള മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കാണ് ഈ വിവാദം വളമാകുക. അവരത് കഴിയുന്നത്ര മുതലെടുക്കുന്നുമുണ്ട്.’

വിദ്യാഭ്യാസ രംഗത്തിനു തന്നെ വലിയ അപവാദമായി മാറിയിട്ടുള്ള ഉത്തരക്കടലാസ്സ് തിരുത്തല്‍ വിവാദം പരോക്ഷമായി ബാധിക്കുക നീലേശ്വരം സ്‌കൂളടക്കമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നേടിയെടുത്തിട്ടുള്ള മികവിനെത്തന്നെയാണ്. ഒരു ഘട്ടത്തില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കു പിറകെ പോയിരുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും, മികച്ച ഭൗതിക സാഹചര്യങ്ങളടക്കം ഒരുക്കിക്കൊണ്ട് സര്‍ക്കാര്‍ സ്‌കൂളികളിലേക്ക് തിരികെയെത്തിക്കാനുള്ള പദ്ധതികള്‍ വിജയം കണ്ടു തുടങ്ങുന്ന ഘട്ടത്തില്‍ ഇത്തരമൊരു തിരിമറി പുറത്തുവന്നിരിക്കുന്നത് ആ നീക്കത്തിന് തീര്‍ച്ചയായും ദോഷം ചെയ്യും. തങ്ങള്‍ക്ക് അഭിമാനിക്കാനുള്ള പേരായി മാറിയിരുന്ന നീലേശ്വരം സ്‌കൂള്‍ ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറയുന്നതില്‍ പ്രദേശവാസികള്‍ക്കും വലിയ ദുഃഖമുണ്ട്. അധ്യാപകന്‍ സ്വയം ചെയ്ത തിരിമറിയാണിത് എന്ന വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടില്ലെങ്കിലും, പിടിഎ അടക്കമുള്ളവര്‍ ആവര്‍ത്തിക്കുന്നത് വിഷയത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ്. സാമ്പത്തിക നേട്ടം മുന്നില്‍ക്കണ്ടുകൊണ്ടാണോ അധ്യാപകന്‍ ഉത്തരക്കടലാസ്സ് മാറ്റിയെഴുതിയതെന്നും, സ്‌കൂളിനൊട്ടാകെ ഇതില്‍ പങ്കുണ്ടോയെന്നുമാണ് ഈ വിഷയത്തിലുയരുന്ന മറ്റു ചോദ്യങ്ങള്‍. താന്‍ വിഷയത്തില്‍ നിരപരാധിയാണെന്ന് സംഭവത്തിലുള്‍പ്പെട്ട വിദ്യാര്‍ത്ഥിയും മൊഴി നല്‍കിയതോടെ, വിദ്യാര്‍ത്ഥിയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്ന വിഷയം തിരിച്ചറിഞ്ഞ് അധ്യാപകന്‍ തന്നെ ഉത്തരക്കടലാസ് തിരുത്തുകയായിരുന്നു എന്നാണ് സൂചനകള്‍. തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് മറ്റധ്യാപകരും പ്രധാനാധ്യാപികയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, എത്രത്തോളം വിശ്വാസ യോഗ്യമാണെന്നും കണ്ടെത്തേണ്ടതുണ്ട്.

വിഷയത്തില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിലപാടെടുത്തിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടി മതിയായില്ലെങ്കില്‍ പൊലീസിന് കേസ് കൈമാറാനും ആലോചനയുണ്ട്.

Read More: ടൈം മാഗസിനില്‍ മോദിയെ വിമര്‍ശിക്കുന്ന കവര്‍ സ്‌റ്റോറി വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍