UPDATES

രാഹുല്‍ യെച്ചൂരിയുടെ കൈ പിടിക്കുമ്പോള്‍ ആന്റണി പിണറായിയെ കുത്തുന്നു

കോൺഗ്രസിനെ തൊട്ടിട്ടായാലും കേന്ദ്രത്തിൽ ബി ജെ പി വിരുദ്ധ സർക്കാർ എന്ന് ഉറപ്പിച്ചു കഴിഞ്ഞ സി പി എമ്മിനെയും അതിന്റെ കേരളത്തിലെ സർക്കാരിനെയും എ കെ ആന്റണിയെ പോലെ ഇത്രയും മുതിർന്ന ഒരു കോൺഗ്രസ് നേതാവ് വിമർശിച്ചത് ശരിയായോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്

കെ എ ആന്റണി

കെ എ ആന്റണി

അറക്കൽ പറമ്പിൽ കുര്യൻ ആന്റണി എന്ന എ കെ ആന്റണി ഇന്നലെയാണ് ചെങ്ങന്നൂരിൽ എത്തിപ്പെട്ടത്. അതും അദ്ദേഹം ജനിച്ചു വളർന്ന ചേർത്തലയോടു വളരെ അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ചെങ്ങന്നൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയ വേളയിൽ. എന്തിത്ര വൈകിയെന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. കൊച്ചു പിള്ളേർ കുട്ടീം കോലും കളിക്കുന്നതുപോലുള്ള ഇത്തരം ചെറിയ ചെറിയ തിരഞ്ഞെടുപ്പുകൾക്ക് തുടക്കം മുതൽ പോകാത്ത ശീലമില്ലാത്തതുകൊണ്ടോ നമുക്കൊക്കെ പ്രായമായില്ലേ പിള്ളേര് കളിക്കട്ടെ എന്ന് കരുതിയിട്ടോ ആവാനുമിടയില്ല. പണ്ടൊന്നും ഡല്‍ഹി വാസം അത്ര പിടുത്തമില്ലാതിരുന്ന എ കെ ആന്റണിക്ക് ഇപ്പോൾ ഡല്‍ഹി വല്ലാതെയങ്ങു പിടിച്ച മട്ടാണ്. ആ പഴയ ഹോം സിക്ക്നെസ്സ് ഒക്കെ മാറിയെന്നു തന്നെ വേണം കരുതാൻ.

കൂടെ നടന്നവർ പിന്നില്‍ കുത്തിയപ്പോൾ ഇങ്ങനെയൊരു തോന്നൽ ഉണ്ടായതാവാം എന്ന് പറയുന്നവരുണ്ടാകാം. അല്ലെങ്കിലും സ്വന്തം നാട്ടിൽ ആദരിക്കപ്പെടാത്ത ഏതു പ്രവാചകനാണ് ജനിച്ച നാടിനെ തിരിച്ചു ആദരിക്കുക എന്നൊക്കെ ചോദിച്ചുപെരിപ്പിക്കുന്നവരും ഉണ്ടാകാം. പക്ഷെ ആന്റണിക്ക് ഇപ്പോഴും കേരളം സ്വന്തം മണ്ണ് തന്നെയാണെന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവർ പറയും. പക്ഷെ ജോലി അങ്ങ് ഡല്‍ഹിയിൽ ആയിപ്പോയതിനാൽ കേരളത്തെ അത്ര കണ്ടങ്ങു ആശ്ലേഷിക്കാൻ പറ്റുന്നില്ലായെന്നാണ് അവരുടെ വാദം. ഈ വാദത്തെ അത്രകണ്ട് എഴുതിത്തള്ളേണ്ടതില്ല. ആൾ ഇന്ത്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും അതിന്റെ അച്ചടക്ക സമിതി അധ്യക്ഷനുമൊക്കെയായ എ കെ കേരളത്തിൽ പെറ്റു കിടക്കണമെന്നു ശഠിക്കുന്നത് ഒട്ടും ശരിയല്ല.

ഇപ്പറഞ്ഞതൊക്കെ ഏറെ ശരിയെന്നു ശരിവെക്കുമ്പോഴും ഇന്നലെ ബംഗളുരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘ പരിവാറിനുമെതിരെ ഒരു വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനിടയിൽ അവിടെ പോകാതെ ചെങ്ങന്നൂരിൽ വന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും എ കെ എന്തിനു ഊടുപാട്‌ വെട്ടി പരിക്കേൽപ്പിക്കാൻ നോക്കുകയായിരുന്നു എന്നൊരു ചർച്ച കേരളത്തിൽ രൂപപ്പെടുകയും ശക്തി പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ആന്റണിയെ ബെംഗളുരുവിലേക്ക് ക്ഷണിക്കാഞ്ഞിട്ടാണോ അതോ പോകാതിരുന്നതാണോ എന്നൊന്നും അറിയില്ല. എന്ത് തന്നെയായാലും കേരള മുഖ്യൻ സ്ഥലത്തില്ലാത്ത നേരം നോക്കി അദ്ദേഹം ചെങ്ങന്നൂരിൽ വന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പിണറായി സർക്കാർ വിരുദ്ധതയുമൊക്കെ ആവോളം പ്രസംഗിച്ചു. മറ്റു സംസ്ഥാനങ്ങളിൽ കെട്ടി വെച്ച കാശു പോലും നേടാനാകാതെ നോട്ടക്കും പിന്നിൽ പോകുന്ന സി പി എം ആണ് ബി ജെ പി യെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന് വീരസ്യം പറയുന്നതെന്നതായിരുന്നു ആന്റണിയുടെ ഒരു വിമർശം. പിന്നാലെ വന്ന് യഥാർഥ മനസ്സിലിരുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും ഏതെങ്കിലും കാര്യങ്ങൾക്കു അഭിനന്ദിച്ചാൽ രാജഭക്തന്മാർക്കു പട്ടും വളയും ലഭിച്ചതുപോലെ സന്തോഷത്തിൽ തുള്ളിച്ചാടുകയാണ് പിണറായി സർക്കാർ എന്നതായിരുന്നു അത്. ആന്റണിയുടെ വിമർശനത്തിന്റെ മൂർച്ച സാത്യത്തിൽ അളക്കേണ്ടതും അളക്കപ്പെട്ടതും ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി തന്നെയായിരുന്നു.

പ്രസ്താവന വന്ന ഉടൻ തന്നെ പലരും നെറ്റി ചുളിച്ചു. കേന്ദ്ര തലത്തിൽ നരേന്ദ്ര മോദിക്കും സംഘ പരിവാർ പേക്കൂത്തിനുമെതിരെ ഒരു വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടുന്നതിന്റെ കേളികൊട്ട് ബംഗളൂരുവിൽ ഉയരുന്നതിനിടയിൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തൊട്ടിട്ടായാലും കേന്ദ്രത്തിൽ ബി ജെ പി വിരുദ്ധ സർക്കാർ എന്ന് ഉറപ്പിച്ചു കഴിഞ്ഞ സി പി എമ്മിനെയും അതിന്റെ കേരളത്തിലെ സർക്കാരിനെയും എ കെ ആന്റണിയെ പോലെ ഇത്രയും മുതിർന്ന ഒരു കോൺഗ്രസ് നേതാവ് വിമർശിച്ചത് ശരിയായോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ആന്റണി തൽക്കാലം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മാത്രമേ കണ്ടുള്ളൂവെന്നും അവിടെ പ്രധാന പോരാട്ടം കോൺഗ്രസ്സും സി പി എമ്മും തമ്മിലാകയാൽ സി പി എമ്മിനെ വിമർശിക്കേണ്ടതുണ്ടെന്നും വാദിക്കുന്നവർ ധാരാളം. ആജീവനാന്ത കമ്മ്യൂണിസ്റ്റ് വിരുദ്ധൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആന്റണിക്കും തന്റെ വിമർശനത്തെകുറിച്ച് കുറ്റബോധം ഉണ്ടാകാൻ ഇടയില്ല. പക്ഷെ മൂന്നു തവണ കേരള മുഖ്യമന്ത്രി ആയിരുന്ന എ കെ ആന്റണി എന്തുകൊണ്ട് ഇന്ത്യൻ ഫെഡറൽ സംവിധാനത്തെക്കുറിച്ചു ചുക്കും ചുണ്ണാമ്പും അറിയാതെ പോയത് എന്ന ചോദ്യത്തോട് അദ്ദേഹം എന്തു മറുപടി പറയും എന്നറിയില്ല. ചുരുങ്ങിയ പക്ഷം കേന്ദ്രം ആര് ഭരിക്കുന്നുവെന്നതല്ല കേന്ദ്രം തരേണ്ടത് തരുമ്പോൾ അത് വേണ്ടെന്നു പറയുന്നത് എത്രകണ്ട് ശരിയെന്ന് ആന്റണി വിശദമാക്കേണ്ടതുണ്ട്.

ആന്റണിയുടെ വിമർശനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നേരിട്ടത് തികഞ്ഞ പരിഹാസത്തോടെയാണ്. കേരളത്തിന്റെ നേട്ടങ്ങളെ കേന്ദ്രം അംഗീകരിക്കുന്നത് തന്റെ സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കുന്നതു കൊണ്ടാണെന്നു മാത്രം പറഞ്ഞു പിണറായി അവസാനിപ്പിച്ചില്ല. സി പി എമ്മിനെ വിമർശിക്കുന്ന ആന്റണി കർണാടകത്തിലെ എം എൽ എ മാരെ എന്തുകൊണ്ട് റിസോര്‍ട്ടുകളിൽ ഒളിവിൽ പാർപ്പിക്കേണ്ടിവന്നു എന്നും കോൺഗ്രസിന്റെ ഈ ഗതികേടിനെക്കുറിച്ചു ആന്റണി ഇനിയെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും പിണറായി പറഞ്ഞത് ആന്റണിക്ക് മനസ്സിലായോ ആവോ? സാധ്യത വളരെ കുറവാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍