UPDATES

ട്രെന്‍ഡിങ്ങ്

മഹാരാജാസില്‍ അഭിമന്യു കുത്തേറ്റ് മരിക്കുന്നത് നേരില്‍ കണ്ടയാളാണ് അര്‍ജുന്‍; ഇന്നയാള്‍ ഇരയല്ല, അക്രമിസംഘത്തില്‍

ഒരിക്കല്‍ കാമ്പസില്‍ കുത്തേറ്റ് വീണ 19 വയസ്സുള്ള വിദ്യാര്‍ഥി തിരികെ കാമ്പസില്‍ എത്തുമ്പോള്‍ സമാധാനത്തിനായി നിലകൊള്ളുമെന്ന ധാരണകളെക്കൂടിയാണ് അര്‍ജ്ജുന്‍ തിരുത്തിയതെന്ന് കെ എസ് യു പ്രവര്‍ത്തകര്‍

സഹപാഠിയായ അഭിമന്യു കുത്തേറ്റ് മരിക്കുന്നത് നേരില്‍ കണ്ടയാളാണ് അര്‍ജുന്‍. അഭിമന്യുവിനൊപ്പം കുത്തേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി. അഭിമന്യുവിന്റെ മരണ ശേഷം കാമ്പസിലെ അക്രമരാഷ്ട്രീയത്തിനെതിരായി നടന്ന കാമ്പയിനുകളില്‍ അതിന് ഇരയായ അര്‍ജ്ജുന്റെ പേരും ഉയര്‍ത്തിക്കാട്ടപ്പെട്ടു. വീണ്ടും അര്‍ജ്ജുന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴിയും മറ്റും പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങളില്‍ അര്‍ജ്ജുന്റെ മുഖം വീണ്ടും തെളിഞ്ഞു. എന്നാല്‍ ഇത്തവണ ഇരയായി അല്ല ആക്രമിക്കുന്നവരുടെ കൂട്ടത്തില്‍, അവരുടെ മുന്‍നിരയില്‍ ആയിരുന്നു അര്‍ജ്ജുനെ കണ്ടത്. ഒരേ സമയം ഇരയാവുകയും അക്രമരാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്ത അര്‍ജ്ജുന്‍ അക്രമത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.

2018 ജൂലൈ ഒന്നിന് മഹാരാജാസ് കോളേജിന്റെ പടിക്കല്‍ കുത്തേറ്റ് അഭിമന്യു മരിച്ചപ്പോള്‍ അര്‍ജുന്‍ രക്ഷപെടുമോ എന്ന കാര്യത്തിലായിരുന്നു ഏവരുടേയും സംശയം. ദിവസങ്ങളോളം അത്യാസന്ന നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കിടന്ന അര്‍ജുന്റെ തിരിച്ചുവരവിനായി എല്ലാവരും കാത്തിരുന്നു. കുത്തേറ്റ് കരളിന് കാര്യമായി പരിക്കേറ്റ അര്‍ജ്ജുന്റെ നില ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ തുടര്‍ന്നു. പിന്നീട് പതിയെ അവന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആശുപത്രിയില്‍ വച്ച് ബോധം തെളിഞ്ഞ് കണ്ണുതുറന്ന അര്‍ജ്ജുന്‍ ആദ്യം അന്വേഷിച്ചത് തനിക്കൊപ്പം കുത്തേറ്റ അഭിമന്യുവിനെക്കുറിച്ചായിരുന്നു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും അവന്റെ കുടുംബവും കൂട്ടുകാരും സഹപാഠികളും അല്ലെങ്കില്‍ സമൂഹം തന്നെ അര്‍ജ്ജുന്റെ മനസ്സിന് ധൈര്യം പകര്‍ന്ന് കൂടെ നിന്നു.

14 ദിവസത്തെ ആശുപത്രി ജീവിതത്തിനൊടുവില്‍ ജൂലൈ 15ന് അര്‍ജ്ജുന്‍ വീട്ടിലേക്ക് തിരികെയെത്തി. ചികിത്സ തുടര്‍ന്നു. ഹരിപ്പാട് സ്വദേശിയായ അര്‍ജ്ജുന്‍ കൃഷ്ണന്‍ മഹാരാജാസ് കോളേജില്‍ പഠിക്കണമെന്ന അതിയായ ആഗ്രത്തിലാണ് കോളേജിലേക്കെത്തുന്നത്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന മകനെ തിരികെ മഹാരാജാസ് കോളേജിലേക്ക് തന്നെ അയക്കാന്‍ വീട്ടുകാര്‍ മടിച്ചു. മറ്റേതെങ്കിലും കോളേജിലേക്ക് പഠനം മാറ്റാം എന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അഭിമന്യുവിന്റെ കാമ്പസില്‍ തന്നെ പഠിക്കണമെന്ന് തീരുമാനിച്ചായിരുന്നു അര്‍ജുന്‍ തിരിച്ചുവരവ്. കോളേജില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍, സെപ്തംബര്‍ 11 നാണ് അര്‍ജ്ജുന്‍ തിരികെ കാമ്പസില്‍ എത്തുന്നത്. വന്‍ സ്വകരണമൊരുക്കിയാണ് അര്‍ജ്ജുനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാന്വസിലേക്ക് സ്വീകരിച്ചത്. 73 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കാമ്പസില്‍ തിരിച്ചെത്തിയ ഫിലോസഫ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അര്‍ജ്ജുന് വീരപരിവേഷം തന്നെ എസ്എഫ്‌ഐ നല്‍കുകയും ചെയ്തു.

Read More: മഹാരാജാസിലെ എസ് എഫ് ഐക്കാരെ, ഇത് അഭിമന്യുവിനോട് കാണിക്കുന്ന അനീതിയാണ്-എഡിറ്റോറിയല്‍

കെ എസ് യു പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ, ‘കഴിഞ്ഞ വര്‍ഷം മുണ്ട് പോലും ഉടുക്കാത്ത അത്ര സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളായിരുന്നു അര്‍ജ്ജുന്‍. ഈ വര്‍ഷവും മുന്‍നിരയിലൊന്നും അര്‍ജ്ജുനെ കണ്ടിട്ടില്ല. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തിയ അര്‍ജ്ജുന്റെ ഇമേജ് ആകെ മാറി. കോളേജില്‍ സ്റ്റാര്‍ ആവുകയും എസ്എഫ്‌ഐയുടെ നേതാവായി മാറുകയും ചെയ്തു. പിന്നീട് എസ്എഫ്‌ഐയുടെ മുന്‍നിരയില്‍ തന്നെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജീവമാവുകയും ചെയ്തു. അര്‍ജ്ജുന്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ അങ്ങേയറ്റം പ്രാര്‍ഥനയോടെ കഴിഞ്ഞവരാണ് ഞങ്ങള്‍. കാമ്പസ് രാഷ്ട്രീയം വയലന്‍സിലേക്ക് പോവാതെ ഇനിയെങ്കിലും സമാധാനം വരണമെന്ന് ഞങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തിരികെ വന്ന അര്‍ജ്ജുന്‍ അഗ്രസീവ് ആയാണ് ഓരോ വിഷയങ്ങളിലും ഇടപെട്ടുകൊണ്ടിരുന്നത്. അക്രമരാഷ്ട്രീയത്തിന്റെ ഇരകളിലൊരാള്‍ തന്നെ അക്രമത്തിന് നേതൃത്വം നല്‍കുക എന്ന് അത്യന്തം ദു:ഖകരമാണ്.’

ചികിത്സാ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവേണ്ടതിനാല്‍ കാക്കനാട് അര്‍ജ്ജുനും കുടുംബത്തിനും പാര്‍ട്ടി തന്നെ വീടെടുത്ത് നല്‍കിയിരുന്നു. പിന്നീട് കോളേജില്‍ പോവുന്ന ദൂരം ഒഴിവാക്കാനായി കടവന്ത്രയില്‍ വാടകവീടെടുത്ത് നല്‍കിയതും പാര്‍ട്ടിയാണ്. അഭിമന്യുവിന്റെ മരണമുണ്ടാക്കിയ മുറിവും തനിക്ക് നേരിട്ട അനുഭവങ്ങളും അര്‍ജ്ജുനെ കൂടുതല്‍ പാര്‍ട്ടിക്കാരനാക്കുകയായിരുന്നു എന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. അര്‍ജ്ജുന്റെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയുള്ള കോട്ടയം എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് പ്രജിത്ത് കെ ബാബു പറയുന്നു, ‘കൂടെയുള്ളയാള്‍ കൊല്ലപ്പെട്ടു. അര്‍ജ്ജുന് കുത്തേറ്റു. കാമ്പസിലെ അര്‍ജ്ജുന്‍ മാറിയിട്ടുണ്ട്. തന്റെ രാഷ്ട്രീയം ഒന്നുകൂടി ഉറച്ചു എന്നാണ് അവന്‍ തിരികെയെത്തിയ ശേഷം പറഞ്ഞത്. ഒരു പടികൂടി മുന്നോട്ട് പോയി ഉത്തരവാദിത്തത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യാനാണ് അവന്‍ പിന്നീട് തീരുമാനിച്ചത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയെന്ന് പറഞ്ഞ് അര്‍ജ്ജുനെ പാര്‍ട്ടി പ്രത്യേകമായി ഉയര്‍ത്തിപ്പിടിക്കുന്നില്ല. ഇനി അങ്ങനെ പാര്‍ട്ടി വിചാരിച്ചാല്‍ തന്നെ താന്‍ ഒരു എസ് എഫ് ഐ യൂണിറ്റ് അംഗം മാത്രമാണെന്നും അതിനനുസരിച്ചുള്ള പ്രവര്‍ത്തനമാണ് താന്‍ ചെയ്യുകയെന്നുമാണ് അര്‍ജ്ജുന്‍ പറയാറ്. എസ് എഫ് ഐ യൂണിറ്റ് അംഗം എന്നതില്‍ കൂടുതലോ കുറവോ അല്ല താനെന്നും അവന്‍ ഉറച്ച് വിശ്വസിക്കുന്നു. എല്ലാ കാമ്പയിനിനും ഇറങ്ങി പ്രവര്‍ത്തിക്കാറുമുണ്ട്. അല്ലാതെ ഇരയായിക്കൊണ്ട് വീട്ടില്‍ കയറിയിരിക്കുകയല്ല. അതിന്റെ ആവശ്യവുമില്ല. ആരോഗ്യ പ്രശ്‌നം ഉള്ളതിനാല്‍ അധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയില്ലെന്ന് മാത്രമേയുള്ളൂ. സാധാരണ വിദ്യാര്‍ഥി എങ്ങനെ പെരുമാറുമോ അങ്ങനെ തന്നെയേ അര്‍ജ്ജുനും പെരുമാറാറുള്ളൂ.’

കഴിഞ്ഞ ദിവസം കെ എസ് യു പ്രവര്‍ത്തകനെ ആക്രമിക്കാനോങ്ങുന്ന അര്‍ജ്ജുന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഒരിക്കല്‍ കാമ്പസില്‍ കുത്തേറ്റ് വീണ 19 വയസ്സുള്ള വിദ്യാര്‍ഥി തിരികെ കാമ്പസില്‍ എത്തുമ്പോള്‍ സമാധാനത്തിനായി നിലകൊള്ളുമെന്ന ധാരണകളെക്കൂടിയാണ് അര്‍ജ്ജുന്‍ തിരുത്തിയതെന്ന് കെ എസ് യു പ്രവര്‍ത്തകര്‍ പറയുന്നു.

Read More: അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍റെ നേതൃത്വത്തില്‍ മഹാരാജാസില്‍ കെ എസ് യുക്കാര്‍ക്ക് മര്‍ദ്ദനം; പ്രതിഷേധം ശക്തം

*കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ടിന്റെ പേരും സ്ഥാനവും തെറ്റായി പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍