UPDATES

ട്രെന്‍ഡിങ്ങ്

തോറ്റെങ്കിലും അരൂരില്‍ ആരിഫിനെ മുട്ടുകുത്തിച്ച ഷാനിമോള്‍ വരുമോ? അരൂര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അത്ര എളുപ്പമല്ല ഇരുമുന്നണിക്കും

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനാണ് പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്

അഞ്ചിടത്ത് ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുഴക്കുന്ന മണ്ഡലമാണ് അരൂര്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും പല കാരണങ്ങളില്‍ തട്ടി സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. എ എം ആരിഫ് മൂന്നു തവണ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച അരൂരില്‍, മണ്ഡലം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് എല്‍ഡിഎഫിന്. ശക്തനായ എതിരാളി ഒഴിയുമ്പോള്‍ കെ ആര്‍ ഗൗരിയമ്മയ്ക്ക് ശേഷം നേടാനാവാത്ത വിജയം ഏത് വിധേനയും ഉറപ്പിക്കാനാണ് യുഡിഎഫ് ശ്രമം. സ്ഥാനാര്‍ഥി സാധ്യതാ ലിസ്റ്റിലുള്ള പലരുടേയും പേരുകള്‍ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരിഫിനോട് 8878 വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ മത്സരിച്ചേക്കുമെന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. ജയിക്കാനായില്ലെങ്കിലും ആരിഫിന്റെ സ്വന്തം മണ്ഡലമായ അരൂരില്‍ നേടിയ ഭൂരിപക്ഷമാണ് ഷാനിമോളെ അരൂരില്‍ നിര്‍ത്തണമെന്ന ഒരു വിഭാഗം നേതാക്കളുടെ ആവശ്യത്തിന് പിന്നില്‍. 38,519 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരിഫ് ജയിച്ചത്. എന്നാല്‍ ആ ഭൂരിപക്ഷത്തെ അട്ടിമറിച്ച് അരൂര്‍ മണ്ഡലത്തില്‍ ഷാനിമോള്‍ 648 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു. മത്സരത്തിന് ഇല്ലെന്ന് ആദ്യം ഷാനിമോള്‍ അറിയിച്ചെങ്കിലും പിന്നീട് അനുകൂല പ്രതികരണം നല്‍കിയെന്നാണറിവ്. എന്നാല്‍ എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

വട്ടിയൂര്‍ക്കാവ് മണ്ഡലം തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം എ ഗ്രൂപ്പ് ഉയര്‍ത്തിയിരുന്നെങ്കിലും ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല നേതാക്കളെ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ വിഷ്ണുനാഥിനെ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് ഉമ്മന്‍ ചാണ്ടി വച്ചത്. എന്നാല്‍ ചെന്നിത്തല അത് വെട്ടി. അതോടെ അരൂരില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതയാണെങ്കിലും ഷാനിമോളെ അരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എ ഗ്രൂപ്പ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും ഷാനിമോള്‍ക്ക് എതിരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് വഴി വച്ചത് ഐ ഗ്രൂപ്പുകാര്‍ക്കിടയിലെ ഭിന്നിപ്പാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ വിയോജിപ്പുകള്‍ ഷാനിമോള്‍ സ്ഥാനാര്‍യാവാനുള്ള സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു.

എന്നാല്‍ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ ജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലത്തില്‍ ഷാനിമോള്‍ മികച്ച സ്ഥാനാര്‍ഥിയാണെന്ന കണക്കുകൂട്ടലാണ് ഒരു വിഭാഗം നേതാക്കള്‍ക്ക്. മഞ്ചേശ്വരത്ത് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍, അഞ്ചില്‍ രണ്ട് സീറ്റില്‍ മുസ്ലിം പ്രാതിനിധ്യം പാര്‍ട്ടി അുവദിക്കുമോ എന്ന തരത്തിലും ചര്‍ച്ചകള്‍ മുന്നോട്ട് പോവുന്നു.

എ ഗ്രൂപ്പില്‍ നിന്നുള്ള കെ രാജീവനും എസ് രാജേഷുമാണ് സ്ഥാനാര്‍ഥി സാധ്യതാ ലിസ്റ്റിലുള്ളവര്‍. മുന്‍ ജില്ലാ പഞ്ചായത്തംഗമായ കെ രാജീവന്‍ സ്ഥാനാര്‍ഥിയാവാനുള്ള സാധ്യതയാണ് എ ഗ്രൂപ്പ് നേതാക്കള്‍ പങ്കുവക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായ എസ് രാജേഷിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ഡിസിസി പ്രസിഡന്റ് എം ലിജു അരൂരില്‍ മത്സരിക്കും എന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. ഈഴവ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും അറിയുന്നു. എന്നാല്‍ ലിജു മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

ക്രിസ്ത്യന്‍, ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാല്‍ അരൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താം എന്നതാണ് നിലവില്‍ എത്തിയിരിക്കുന്ന ധാരണ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനാണ് പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. സംസ്ഥാന കമ്മറ്റി അംഗവും അരൂരില്‍ പ്രവര്‍ത്തന പരിചയവുമുള്ള സി ബി ചന്ദ്രബാബുവിന്റേതാണ് മറ്റൊരു പേര്. പി പി ചിത്തരഞ്ജന്‍ പരിഗണിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതിനുള്ള സാധ്യതയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെ അരൂരില്‍ നിര്‍ത്തണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ബിഡിജെഎസിന് സീറ്റ് നല്‍കണമെന്നായിരുന്നു മറ്റ് ചിലരുടെ വാദം. ഒടുവില്‍ അരൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് എന്‍ഡിഎ ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍