ശബരിമല വിഷയത്തില്‍ ഒരു ഘട്ടത്തിലും പങ്കാളികളാകാത്ത മുസ്ലിം മതവിഭാഗക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന്റെ കാരണം ബോധപൂര്‍വമായി കലാപത്തിനു വേണ്ടി നടത്തിയ ശ്രമമല്ലാതെ മറ്റെന്താണെന്ന് സിപിഎം
കാസര്‍ഗോട് ബായാറില്‍ മദ്രസാധ്യാപകനെ ആക്രമിച്ചത് വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടെന്ന ആരോപണം നിഷേധിച്ച് ബി.ജെ.പി ജില്ലാ നേതൃത്വം. സംഭവത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സി.പി.എമ്മും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗുമടക്കമുള്ളവര്‍ ഹര്‍ത്താല്‍ തടയാനെന്ന വ്യാജേന നടത്തിയ അതിക്രമങ്ങളുടെ ഭാഗമാണ് കരീം മുസല്യാര്‍ക്കു നേരെയുണ്ടായ ആക്രമണമെന്നും ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറയുന്നു.
‘ഹര്‍ത്താല്‍ ദിവസം ആ പ്രദേശത്ത് പലയിടത്തും പല പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. സി.പി.എമ്മും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗുമടക്കമുള്ളവര്‍ അവിടെ വ്യാപകമായി അക്രമമഴിച്ചുവിട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അധികമുണ്ടാകാറില്ലാത്തയിടങ്ങളിലാണ് ഇവരെല്ലാം ചേര്‍ന്ന് അന്ന് ഹര്‍ത്താല്‍ തടയാനെന്ന മറവില്‍ ആക്രമണം നടത്തിയത്. അതിന്റെ ഭാഗമായി നടന്നിട്ടുള്ള ഒരുപാട് അനിഷ്ട സംഭവങ്ങളിലൊന്നാണിത്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസുമാണ് ഇതിനു പുറകിലെന്നു പറഞ്ഞ് അത് ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്.
മദ്രസാധ്യാപകന്‍ എന്ന നിലയ്‌ക്കോ, ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടയാളെന്ന നിലയ്‌ക്കോ അല്ല അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. സി.പി.എമ്മും പോപ്പുലര്‍ ഫ്രണ്ടുമടക്കമുള്ളവര്‍ പ്രകോപനമുണ്ടാക്കി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അങ്ങനെയുള്ള ഒരു സംഭവം മാത്രമാണത്. അല്ലാതെ ആര്‍.എസ്.എസോ ബി.ജെ.പിയോ സംഘടിച്ച് ഒരു ആക്രമണവും നടത്തിയിട്ടില്ല. ബാക്കിയെല്ലാം രാഷ്ട്രീയ ലാഭത്തിനായുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്.’
കരീം മുസല്യാരെ ആക്രമിച്ച കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച് അറസ്റ്റു ചെയ്തിടുള്ള പത്തു പേരും ആര്‍.എസ്.എസ്-ബി.ജെ.പി പശ്ചാത്തലമുള്ളവരാണെന്ന് മഞ്ചേശ്വരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വസ്തുത നിലനില്‍ക്കെയാണ് ആര്‍.എസ്.എസോ ബി.ജെ.പിയോ സംഘടിച്ച് ഒരു തരത്തിലുള്ള ആക്രമണവും നടത്തിയിട്ടില്ലെന്ന ബി.ജെ.പി നേതാവിന്റെ പ്രതികരണം. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അനവധി അനിഷ്ട സംഭവങ്ങളിലൊന്ന് എന്ന തരത്തിലാണ് ബി.ജെ.പി ജില്ലാ നേതൃത്വം വിഷയത്തെ നോക്കിക്കാണുന്നത്.
അതേസമയം, സി.പി.എം കൂടി ഉള്‍പ്പെട്ട സംഘര്‍ഷങ്ങളാണ് മഞ്ചേശ്വരത്തുണ്ടായിട്ടുള്ളതെന്നും, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബി.ജെ.പിയുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നുമുള്ള ആരോപണങ്ങളെ സി.പി.എം പ്രാദേശിക നേതൃത്വം തള്ളിക്കളയുന്നുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ശ്രീകാന്തടക്കമുള്ളവര്‍ക്ക് ഈ കലാപാഹ്വാനത്തില്‍ പങ്കുണ്ടെന്നാണ് സി.പി. എം ഏരിയ സെക്രട്ടറി സുബൈറിന്റെ ആരോപണം.
‘ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസ് നടത്തിയിട്ടുള്ള ഹര്‍ത്താല്‍ കേരളത്തിലാകെ സി.പി.എമ്മിനെതിരായിരുന്നുവെങ്കില്‍, മഞ്ചേശ്വരം താലൂക്കില്‍ അത് മുസ്ലീങ്ങള്‍ക്കെതിരായിരുന്നു. അവിടെ ആക്രമിക്കപ്പെട്ടത് മുഴുവന്‍ മുസ്ലീങ്ങളാണ്. മുസ്ലീം വീടുകളും മുസ്ലീങ്ങളുടെ സ്ഥാപനങ്ങളും പേരു നോക്കി തെരഞ്ഞുപിടിച്ചാണ് ആക്രമിച്ചിട്ടുള്ളത്. കാസര്‍കോട് ടൗണിലും ബന്ദിയോട് ഉള്‍പ്പടെ മഞ്ചേശ്വരത്തിന്റെ പല ഭാഗങ്ങളിലും അടച്ചിട്ട കടകള്‍ പോലും പേരു നോക്കി ആക്രമിച്ചിട്ടുണ്ട്.
ബോധപൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ആ ശ്രമത്തില്‍ ശ്രീകാന്തുള്‍പ്പടെ അവിടുത്തെ യുവമോര്‍ച്ച നേതാക്കളടക്കം പങ്കാളികളാണ്. ഇനിയും പലരും പിടിക്കപ്പെടാനുണ്ട്. ഈ വിഷയം മറയാക്കി പോപ്പുലര്‍ ഫ്രണ്ടുകാരും മുസ്ലിം തീവ്രവാദികളും അവിടെ അഴിഞ്ഞാടാന്‍ ശ്രമിച്ചിട്ടുണ്ടെന്ന കാര്യവും മറന്നുകൂടാ. ക്ഷേത്രത്തില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതൊക്കെ അതിന്റെ ഭാഗമാണ്. അതെല്ലാം പ്രതിഷേധിക്കേണ്ടതും അപലപിക്കപ്പെടേണ്ടതുമായ കാര്യങ്ങളാണ്. ഇതാണ് യഥാര്‍ത്ഥ വസ്തുത. അല്ലാതെ സി.പി.എം കാര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. പിടിക്കപ്പെട്ടവരില്‍ സി.പി.എം കാരുമില്ല.’
കരീം മുസലിയാരെ ആക്രമിച്ച കേസിലെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാര്യം തിരിച്ചറിയാമെന്നും, ശബരിമല വിഷയത്തില്‍ ഒരു ഘട്ടത്തിലും പങ്കാളികളാകാത്ത മുസ്ലിം മതവിഭാഗക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന്റെ കാരണം ബോധപൂര്‍വമായി കലാപത്തിനു വേണ്ടി നടത്തിയ ശ്രമമല്ലാതെ മറ്റെന്താണെന്നും സുബൈര്‍ ചോദിക്കുന്നു. ബായാര്‍ പ്രദേശത്ത് ഇത്രയേറെ രൂക്ഷമായ ശ്രമങ്ങള്‍ക്കു ശേഷവും വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ സാധിക്കാഞ്ഞതിന്റെ കാരണം സി.പി.എമ്മാണെന്നും പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നുണ്ട്.
‘ബായാര്‍ പ്രദേശത്ത് ഇത്ര ശ്രമിച്ചിട്ടും വര്‍ഗ്ഗീയ പ്രശ്‌നമുണ്ടാക്കാന്‍ അവര്‍ക്കു കഴിയാത്തതിന്റെ കാരണം, അവിടുത്തെ ഹിന്ദുക്കളും മുസ്ലിങ്ങളുമടങ്ങുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഒന്നിച്ചു നിന്ന് ആര്‍.എസ്.എസിനെ പ്രതിരോധിച്ചു എന്നതാണ്. ആ പ്രതിരോധത്തിന്റെ ഭാഗമായി ആര്‍.എസ്.എസുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബായാറില്‍ ചില സഖാക്കള്‍ വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യവുമാണ്.
നേരേ മറിച്ച് ബന്ദിയോട് സി.പി.ഐ.എമ്മിന് വലിയ സ്വാധീനമുള്ള മേഖലയല്ല. അവിടെ ആര്‍.എസ്.എസ് ഏകപക്ഷീയമായി സംഘര്‍ഷമഴിച്ചുവിടുകയും, മറുവശത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഈ അവസരമുപയോഗിച്ച് വര്‍ഗ്ഗീയമായിത്തന്നെ ചേരിതിരിഞ്ഞ് സംഘട്ടനങ്ങളുണ്ടാകുകയും ചെയ്തു. നിരപരാധികളായ കുറേയാളുകളുടെ വീടുകളും അതിനെത്തുടര്‍ന്ന് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബായാറില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്തത്ര വലിയ വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ ഉണ്ടായേനെ എന്നതാണ് യാഥാര്‍ത്ഥ്യം.’
നിരപരാധിയായ ഒരു മനുഷ്യനെ തല്ലിക്കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നതെന്നും, റിയാസ് മൗലവിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെടുത്തിത്തന്നെയാണ് ഈ വിഷയത്തെ കാണേണ്ടതെന്നുമാണ് സി.പി.എം നേതാക്കളുടെ പക്ഷം. സമാനമായ രീതികളും ഉദ്ദേശലക്ഷ്യങ്ങളും പരിഗണിച്ചാല്‍ അങ്ങിനെ വിലയിരുത്താനേ തരമുള്ളൂ എന്നും ഇവര്‍ പറയുന്നു.