UPDATES

ദിലിപിനെതിരെ കുറ്റപത്രം തയാറായിരുന്നു, കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതിനു പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലെന്ന് സൂചന

കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ട്‌ മതി കുറ്റപത്രം സമര്‍പ്പണം എന്ന അഭിപ്രായവും ശക്തമാണ്

നടന്‍ ദിലീപിനെതിരെ കുറ്റപത്രം തയാറാക്കിയിട്ടും ഇത് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുന്നതിനു പിന്നില്‍ പോലീസ് തലപ്പത്തുള്ളവരുടെ ഇടപെടലെന്ന് സൂചന. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റമാരോപിച്ച് പ്രതിചേര്‍ത്ത നടന്‍ ദിലീപിനെതിരെ കുറ്റപത്രം ഇതിനകം തന്നെ തയാറായിരുന്നെന്നും എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കാതിരുന്നത് ഒരുന്നത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണെന്നുമാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ദിലീപിന് ജാമ്യം ലഭിച്ച് കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് അറിവ്.

കുറ്റപത്രം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ ദിലീപ് ജാമ്യത്തിനപേക്ഷിച്ചപ്പോള്‍ പോലും അത് കോടതിയില്‍ സമര്‍പ്പിച്ചില്ല. തല്‍ക്കാലം കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന തരത്തില്‍ തലപ്പത്തുള്ള ഒരു ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കാരണം കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ ദിലീപിന് 85-ാം ദിവസം ജാമ്യം ലഭിക്കില്ലായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കോടതി സ്വാഭാവികമായും വിചാരണ തുടങ്ങാന്‍ ആവശ്യപ്പെടും. അങ്ങനെ വന്നാല്‍ ദിലിപിനെ ജുഡീഷ്യല്‍ കസറ്റഡിയുടെ ഭാഗമായി ജയില്‍ തന്നെ പാര്‍പ്പിക്കേണ്ടി വരും. ഇത് തടയാനായാണ് ആ ഇടപെടലുണ്ടായതെന്നാണ് സംശയം. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ 85-ാം ദിവസം ജാമ്യം നിഷേധിച്ചാലും 90 ദിവസം കഴിയുമ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിനു ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിടും”- കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഒരുന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഇതേവരെ അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് പോലീസ് ദിലീപില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചു. പിന്നീട് കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കായതുമില്ല. പ്രബലനായ, സമൂഹത്തില്‍ വിവിധതരത്തില്‍ സ്വാധീനമുള്ള ഒരു പ്രതിയ്ക്ക് ജാമ്യം ലഭിച്ചാല്‍ പോലീസിനേയും സാക്ഷികളേയുമുള്‍പ്പെടെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. പോലീസിന്റെ അനാസ്ഥമൂലം ഇത്തരത്തില്‍ ഒരു സാധ്യതയാണ് പ്രതിയ്ക്ക് മുന്നില്‍ തുറന്ന് കൊടുത്തിരിക്കുന്നതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ‘കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ ജാമ്യം കിട്ടില്ലായിരുന്നു എന്നതൊഴിച്ചാല്‍ ഇനി കുറ്റപത്രം സമര്‍പ്പിക്കുന്നത് എന്ന് എന്നുള്ള ചോദ്യത്തിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കാരണം പ്രതി പുറത്തിറങ്ങിക്കഴിഞ്ഞു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ച് കിട്ടിയതെങ്കിലും പ്രതിയുടെ സ്വാധീനശേഷി ചെറുതല്ല. പഴുതടച്ച് തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കാം എന്ന സാധ്യതയാണ് ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. എന്നാല്‍ അതുപോലെ തന്നെ പഴുതുകള്‍ തുറക്കപ്പെടാം എന്ന ഒരു സാധ്യത കൂടിയുണ്ട്. ഇത്രയും പ്രബലനായ പ്രതിക്ക് ആരെയും സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഒരുപക്ഷേ കഴിഞ്ഞേക്കും. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം അത്തരം കാര്യങ്ങളുണ്ടായാല്‍ അത് കേസ് തന്നെ ഇല്ലാതായി പോവാനും കാരണമായേക്കാം.’

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ നേരത്തെ തന്നെ തീരുമാനമുണ്ടായിരുന്നു എന്നും വിവരമുണ്ട്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കണമെന്ന തീരുമാനമുണ്ടായിരുന്നതായാണ് അറിവ്. തുടര്‍ന്ന്, സെപ്തംബര്‍ മാസത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ അന്വേഷണ സംഘം ദിലീപിനെതിരായി ലഭിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും, ചലച്ചിത്രമേഖലയിലെ പല പ്രമുഖരേയും ചോദ്യം ചെയ്യുക വഴി ലഭിച്ച തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, കേസില്‍ ദിലീപിനെതിരായി നില്‍ക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിനു കഴിയാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിന് കാരണമാവുന്നതെന്നും പോലീസിലെ മറ്റ് ചില കേന്ദ്രങ്ങള്‍ അഭിപ്രായപെടുന്നുണ്ട്. നിലവില്‍ ശേഖരിച്ചിരിക്കുന്ന തെളിവുകള്‍ ശക്തമല്ലാത്തതിനാല്‍ പഴുതടച്ചുള്ള അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഇനിയും കഴിയുമെന്ന വിശ്വാസത്തിലാവണം ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു ഇടപെടല്‍ നടത്തിയതെന്നും ചില ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. എന്നാല്‍ ജാമ്യം ലഭിച്ച ആളിന്റെ രാഷ്ടീയ, സാമ്പത്തിക സ്വാധീന ശക്തി തുടര്‍ന്നുള്ള കേസന്വേഷണത്തെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയും ഇക്കൂട്ടര്‍ പങ്കുവക്കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍