UPDATES

ട്രെന്‍ഡിങ്ങ്

‘കണക്കി’ല്ലാതെ ഇതരസംസ്ഥാന തൊഴിലാളികള്‍; ആവാസ് ഇന്‍ഷ്വറന്‍സില്‍ അംഗമായത് 2.89 ലക്ഷം പേര്‍ മാത്രം

സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി

പെരുമ്പാവൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിനു പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിനൊപ്പം തന്നെ ചൂണ്ടിക്കാണിക്കപ്പെട്ട ഒരു വിഷയമാണ് സംസ്ഥാനത്തേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള കൃത്യമായ കണക്കും വിവരങ്ങളും ഉണ്ടാക്കുക എന്നത്. എന്നാല്‍ ഈ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലേക്ക് ജോലിയന്വേഷിച്ച് വരുന്ന മറ്റ് സംസ്ഥാനക്കാരുടെ എണ്ണം ദിനംപ്രതിയെന്നോണം കൂടുമ്പോഴും ഇവരില്‍ ബഹുഭൂരിപക്ഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തത് വലിയ തിരിച്ചടിയാകുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 2018 ജൂലായ് 29 വരെ സംസ്ഥാനത്ത് ആകെ 2,89,324 തൊഴിലാളികളുടെ പേരു വിവരങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതൊണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതരസംസ്ഥാനക്കാരുടെ സമഗ്രആരോഗ്യ സുരക്ഷയോടൊപ്പം വിവരശേഖരണവും ലക്ഷ്യമാക്കിയാണ് ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇതരസംസ്ഥാനക്കാര്‍ ഏറ്റവും കൂടുതല്‍ തൊഴിലെടുക്കുന്ന എറണാകളം ജില്ലയില്‍ ഇവര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോഴും വിവരശേഖരണം സാവധാനത്തിലാകുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

അതേസമയം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി ഒമ്പതുമാസങ്ങള്‍ കഴിയുമ്പോള്‍ ഏറ്റവും കുടുതല്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചത് എറണാകുളം ജില്ലയില്‍ നിന്നാണ്. ജില്ലയില്‍ നിന്നും ഇതുവരെ 60,544 ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണ് ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ വകുപ്പിന് ലഭിച്ചത്. ഇതരസംസ്ഥാനക്കാര്‍ പ്രതിയായ ജിഷ വധക്കേസ്, നിമിഷയുടെ കൊലപാതകം ഉള്‍പ്പെടെ നടന്ന പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നത്. അനൗദ്യോഗിക കണക്കനുസരിച്ച് കേരളത്തില്‍ ഇരുപതുലക്ഷത്തോളം അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നുണ്ട്. ഇതില്‍ എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ മാത്രം അഞ്ചു ലക്ഷത്തോളം ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം.

2017 നവംബറില്‍ ആരംഭിച്ച ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്ത് ആകെയുള്ള ഇതരസംസ്ഥാന തൊഴിലാളികളില്‍ 2,89,704 പുരുഷന്‍മാരും 1,602 സ്ത്രീകളും, 61 ഭിന്നലിംഗക്കാരുമാണ് അംഗമായിട്ടുള്ളത്. ജില്ല തിരിച്ചുള്ള കണക്കനുസരിച്ച് കാസര്‍ഗോഡ് 8,360, കണ്ണൂര്‍ 18,167, കോഴിക്കോട് 29,597, വയനാട് 7001, മലപ്പുറം 17,842, പാലക്കാട് 15,234, തൃശൂര്‍ 26,906, എറണാകുളം 60,544, ആലപ്പുഴ 20,919, കോട്ടയം 14,566, ഇടുക്കി 11,573, പത്തനംതിട്ട 15,558, കൊല്ലം 16,014, തിരുവനന്തപുരം 27,423, എന്നിങ്ങനെയാണ്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കനുസരിച്ച് പശ്ചിമ ബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തുന്നത്. 1,18,990 പേരാണ് ബംഗാള്‍ സ്വദേശികളായി പദ്ധതിയില്‍ അംഗമായവര്‍. അസമില്‍ നിന്ന് 41,369, ഒഡീഷ 32,667, ബിഹാര്‍ 29,073, തമിഴ്‌നാട് 25,846, ജാര്‍ഖണ്ഡ് 13,885 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. തൊഴില്‍ തേടി കേരളത്തില്‍ എത്തുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരില്‍ നല്‍കണമെന്നുള്ള അറിയിപ്പ് ഗൗരവത്തോടെ കാണണമെന്നും തൊഴില്‍ നൈപുണ്യ വകുപ്പ് ആവശ്യപ്പെടുന്നു. ഇത്തരം കണക്കുകള്‍ തൊഴില്‍ദാതാക്കളും സ്ഥാപനങ്ങളും ശേഖരിക്കാന്‍ വിമുഖ കാട്ടുന്നതും സര്‍ക്കാരിന്റെ ഉദ്യമത്തെ പിന്നോട്ടടിക്കുന്നുണ്ട്.

സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി കുടിയേറ്റ തൊഴിലാളികള്‍ക്കായി കേരളത്തിലാണ് ആദ്യമായി സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യവും നടപ്പാക്കുന്നത്.

ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇവരെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയെന്നതും പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ, അപകടമരണത്തിന് 2,00,000 രൂപയുടെ പരിരക്ഷ, ബയോമെട്രിക് കാര്‍ഡ് മുഖേന പണരഹിതമായി ആശുപത്രിസേവനങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ സവിശേഷതകള്‍. 18 വയസിനും 60 വയസിനും ഇടയിലുള്ള എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ചികിത്സാ സഹായം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആവാസ് പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും.

ഭായിമാരെ ‘കൊള്ള’യടിക്കുന്ന മലയാളി; ഇതരസംസ്ഥാന തൊഴിലാളികളെ തല്ലിയോടിക്കാന്‍ ആക്രോശിക്കുന്നവര്‍ ഇതുംകൂടി അറിയണം

“ഞങ്ങളെ ആരെങ്കിലും കൊല്ലുമോ?” ഭയമുണ്ട്, പക്ഷേ കേരളം വിടില്ലെന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍