UPDATES

ട്രെന്‍ഡിങ്ങ്

ശിവദാസന്റെ മരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ആദ്യത്തെ കേസ് ഈ നേതാക്കള്‍ക്കെതിരെ തന്നെ വേണം

എങ്ങനെയാണ് ഇത്രപെട്ടന്ന് തന്നെ ശിവദാസനെ ഏറ്റെടുക്കാനും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനും ബിജെപിക്ക് സാധിച്ചത്?

പന്തളത്ത് കഴിഞ്ഞ ദിവസം മരിച്ച ശിവദാസനെ വളരെ പെട്ടെന്ന് തന്നെ ബിജെപി ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ശബരിമല സ്ത്രീപ്രവേശനം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അവര്‍ക്കൊരു ബലിദാനിയെ വേണമായിരുന്നു. ശിവദാസനാണ് തങ്ങള്‍ കാത്തിരുന്ന ആ ബലിദാനിയെന്ന് അവര്‍ തിരിച്ചറിഞ്ഞത് പെട്ടന്നാണ്. ശബരിമലയില്‍ സുപ്രിംകോടതി ഉത്തരവ് വന്നപ്പോള്‍ തുടക്കത്തില്‍ കാണിക്കാതിരുന്ന ആവേശം പിന്നീട് അവര്‍ക്ക് കൈവന്നത് നാം കണ്ടതാണ്. ശബരിമലയിലേത് വൈകി വന്ന വിവേകമാണെന്ന് അവര്‍ തന്നെ സമ്മതിക്കാറുമുണ്ട്.

എന്നാല്‍ ഇവിടെ ഈ അബദ്ധം പറ്റരുതെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മരണത്തിന്റെ വാര്‍ത്ത സ്ഥിരീകരിച്ച ഉടന്‍ തന്നെ ബിജെപിയുടെ ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായതില്‍ നിന്നും മറ്റെന്താണ് മനസിലാക്കേണ്ടത്. ശബരിമല വിഷയത്തില്‍ ആദ്യം ഒരു ഗുരുസ്വാമിയുടെ ആത്മഹത്യ ആയിരുന്നു ആര്‍ എസ് എസ്-ബി ജെ പി പാളയം കത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആ ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക ബാധ്യതയാണെന്ന് വെളിപ്പെട്ടതോടെ ആ നീക്കം അടപടലം പൊളിഞ്ഞു. എന്നിട്ടും ബിജെപി നേതാക്കള്‍ ആ ഗുരുസ്വാമിയുടെ വീട് സന്ദര്‍ശിക്കുകയും അയ്യപ്പ സ്വാമിക്ക് ആദ്യ ബലിദാനിയെന്ന പതിവ് വിഷം പുറംതള്ളുകയും ചെയ്തു. പക്ഷേ, അത് വിലപ്പോയില്ല. ഇപ്പോളിതാ ‘ഇതാണ് ശരിയ്ക്കും ആദ്യ ബലിദാനി’യെന്ന് പറഞ്ഞുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ്.

സന്നിധാനത്തെ പോലീസ് നടപടിയില്‍ ഒരു അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയുടെ സാധ്യത ഗുരുസ്വാമിയുടെ ആത്മഹത്യയേക്കാള്‍ വളരെയധികം അപകടം പിടിച്ചതാണ്. ഒരു മൃതദേഹം കൊണ്ടും വ്യാജ വാര്‍ത്തകള്‍കൊണ്ടും എങ്ങനെ ധ്രുവീകരണ രാഷ്ട്രീയം കളിക്കാമെന്നും നാടുകത്തിക്കാമെന്നും അതിലൂടെ അധികാരത്തിലേറാമെന്നും ബിജെപി ഉത്തരേന്ത്യയില്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഇവിടെ ശിവദാസന്റെ മൃതദേഹത്തിന്റെ സാധ്യത തിരിച്ചറിയാന്‍ സംഘ പരവാറിന് ഒട്ടും സമയം വേണ്ടി വന്നില്ല. സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ ആ പ്രചരണം കാണുന്നതിനും എത്രയോ മുമ്പ് തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സംഘ് അത് ഓപ്പറേറ്റ് ചെയ്ത് കഴിഞ്ഞിരുന്നു. ലക്ഷക്കണക്കിന് പേരെ അത് വിശ്വസിപ്പിക്കും ചെയ്തിരിക്കുന്നു. പത്തനംതിട്ടയില്‍ ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ കേള്‍ക്കാനിഷ്ടപ്പെടാത്ത വാര്‍ത്തകളൊന്നുമുണ്ടാകില്ലെന്ന് ആഗ്രഹിക്കാന്‍ മാത്രമേ സാധിക്കൂ. കാരണം, നിമിഷ നേരം കൊണ്ട് ആസൂത്രണം ചെയ്ത ഈ ഹര്‍ത്താലിനെ വിജയിപ്പിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. എന്നാല്‍ മാത്രമാണ് ശിവദാസന്റെ മരണം പോലീസ് നടപടി മൂലമാണെന്ന അവരുടെ നുണ കൂടുതല്‍ പ്രചരിപ്പിക്കാനാകൂകയുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഈ നുണ പ്രചരിക്കുന്നതിന് മുമ്പ് തന്നെ ബിജെപി അനുകൂലികള്‍ക്കിടയിലെങ്കിലും ഈ നുണയെ വിശ്വസിപ്പിക്കാന്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ സംഘപരിവാറിന് സാധിച്ചിരുന്നുവെന്നതാണ് സത്യം.

സത്യമെന്താണെന്ന് പോലീസ് ഇന്നലെ മുതല്‍ വിശദമാക്കാന്‍ ശ്രമിച്ചിട്ടും ഇന്ന് പത്തനംതിട്ടയിലെ ഹര്‍ത്താല്‍ ഇതുവരെയും വിജയിച്ചുവെന്ന് തെളിയിക്കുന്നത് ആ നുണയുടെ കരുത്ത് കൂടിയാണ്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ബിജെപി എന്തും ചെയ്യുമെന്ന ആശങ്കയെയും ഇതിന്റെ കാരണമായി പരിഗണിക്കേണ്ടതാണെങ്കിലും ഈ നുണയെ കണ്ടില്ലെന്ന് നടിക്കാനാകില്ല. 16, 17 ദിവസങ്ങളിലാണ് ശബരിമലയില്‍ ലാത്തി ചാര്‍ജ്ജ് നടന്നത്. 18നാണ് ശിവദാസനെ കാണാതായതെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 19ന് ഇയാള്‍ ശബരിമലയിലെ ഒരു ഭക്തന്റെ കൈവശമുണ്ടായിരുന്ന ഫോണ്‍ ഉപയോഗിച്ച് വീട്ടിലേക്ക് വിളിച്ചതായും വീട്ടുകാരുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവുമില്ല. ‘പത്തനംതിട്ട നിലക്കല്‍ റൂട്ടിലെ ളാഹയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന സംശയം തീരുന്നേ ഇല്ല. മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. അതും ഓടി വന്നതാണോ. ഇതാണ് രീതി, നുണ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുക, അതു വഴി കലാപം ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം’ പ്രസ്താവനയില്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

വീട്ടുകാരുടെ പരാതി പുറത്തു വന്നപ്പോള്‍ തന്നെ സംഘപരിവാര്‍ ശിവദാസന്റെ തിരോധാനം ആഘോഷിക്കാന്‍ ആരംഭിച്ചിരുന്നു. സംഘപരിവാര്‍ പേജുകളിലൂടെയാണ് പല മാധ്യമങ്ങളും ഇദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞതും. അതായത് ശിവദാസന്റെ തിരോധാനം കത്തിക്കാനുള്ള സമയം ഇന്നലെയല്ല അവര്‍ക്ക് ലഭിച്ചതെന്ന് വ്യക്തം. ഏറെ നാളായി അതിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നിരിക്കണം ആര്‍ എസ് എസ് -ബി ജെ പി കേന്ദ്രങ്ങള്‍. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്നലെ ഇത്ര പെട്ടന്ന് തന്നെ ശിവദാസനെ ഏറ്റെടുക്കാനും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനും അവര്‍ക്ക് സാധിക്കുന്നത്.

ഈ സാഹചര്യത്തിലാണ് പോലീസ് പുലര്‍ത്തുന്ന ജാഗ്രത വ്യക്തമാകുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആദ്യമേ മുന്നറിയിപ്പ് നല്‍കിയ പോലീസ് ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു കഴിഞ്ഞു. ഇന്നലെ ശിവദാസന്റെ മരണം പുറത്തു വന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ഈ കേസുകള്‍ മറ്റ് ജില്ലകളിലേക്കും ഒരുപക്ഷെ സംസ്ഥാനത്തിന് പുറത്തേക്കോ രാജ്യത്തിന് പുറത്തേക്കോ നീളുമെന്ന് ഉറപ്പാണ്. അതേസമയം കേവലം അണികളില്‍ മാത്രമാണോ ഈ കേസുകള്‍ ഒതുങ്ങേണ്ടത്?

ഇന്നലെ ശിവദാസന്റെ മരണം പുറത്തുവന്നതിന് പിന്നാലെ മാതൃഭൂമി ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ബിജെപി നേതാവ് ജെ ആര്‍ പത്മകുമാറാണ് നട്ടാല്‍ മുളയ്ക്കാത്ത ഈ നുണ ആദ്യമായി പ്രഖ്യാപിച്ചത്. ശിവദാസന്‍ അയ്യപ്പന് വേണ്ടി ബലിദാനിയായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും പോലീസുമാണ് മരണത്തിന് ഉത്തരവാദിയുമെന്ന് എന്തൊരു ആവേശത്തോടെയാണ് അയാള്‍ ചാനലിലിരുന്ന് വിളിച്ചു കൂവിയത്. ശിവദാസന്റെ മരണത്തെക്കുറിച്ച് പോലും പലരും അറിഞ്ഞിട്ടുണ്ടാകുക പത്മകുമാറിന്റെ ഈ വാക്കുകളിലൂടെയായിരിക്കും. പ്രചരിപ്പിക്കാനുറപ്പിച്ച ആ നുണയെ ചാനല്‍ ചര്‍ച്ചയുടെ സഹായത്തോടെ അയാള്‍ ആയിരക്കണക്കിന് ആളുകളില്‍ എത്ര പെട്ടന്നാണ് എത്തിച്ചത്? ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ളയും പിന്നീട് ഈ നുണ പ്രചരണത്തെ ഏറ്റെടുക്കുന്നത് കാണാനായി. പതിവ് പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നായിരുന്നു പിള്ളയുടെ ആവശ്യം. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇദ്ദേഹം പറയുന്നു.

ബിജെപിയുടെ നുണ പ്രചരണങ്ങളില്‍ എല്ലാക്കാലത്തും മുന്നില്‍ തന്നെയുണ്ടാകാറുള്ള കെ സുരേന്ദ്രനും ഇതില്‍ മാറിനിന്നില്ല. ‘ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണ്. അയ്യപ്പധര്‍മ്മം കാക്കാന്‍ ബലിദാനിയായ ശ്രീ ശിവദാസ്, അങ്ങയുടെ വീരബലിദാനം അയ്യപ്പധര്‍മ്മം നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാന്‍. അഞ്ചാംതീയതി നടതുറക്കുമ്പേള്‍ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാന്‍ പോകുന്നില്ല’. എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പ വിശ്വാസികളായ വ്യക്തികളെ ബിജെപി എങ്ങനെയാണ് പ്രകോപിപ്പിച്ച് കൂടെ നിര്‍ത്തുന്നത് എന്നതിന് ഇതിനേക്കാള്‍ നല്ല തെളിവ് വേറെയില്ല. 3.9 ലക്ഷം ആളുകളാണ് സുരേന്ദ്രനെ ഫേസ്ബുക്ക് പേജില്‍ പിന്തുടരുന്നത്. അതായത് ഈ നുണ ഒറ്റയടിക്ക് എത്തിച്ചേര്‍ന്നത് ഇത്രയേറെ പേരിലാണ്.

ശിവദാസന്റെ മരണത്തിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുന്ന പോലീസ് ആദ്യം പരിഗണിക്കേണ്ടത് ഈ നേതാക്കന്മാരുടെ കേസാണെന്ന് പറയുന്നത് അതിനാലാണ്. ഇവര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ നുണകളെ ശരിയാക്കുന്നതില്‍ പോലീസിനും പങ്കുണ്ടെന്ന് പറയേണ്ടി വരും.

മുറിവില്‍ വിഷം പുരട്ടുന്ന ചാനല്‍ മുറിയിലെ ‘കോട്ടിട്ട ജഡ്ജി’മാര്‍ കേരളത്തോട് ചെയ്യുന്നത്

‘വഴി നടക്കാന്‍ അനുവദിക്കുന്നില്ല’: പന്തളത്ത് മരിച്ച ശിവദാസന്റെ പരാതി പുറത്ത്

‘ജനം ടി വി വാര്‍ത്ത എന്നു പറഞ്ഞാല്‍ മതി വ്യാജന്‍ ആണെന്ന് ഉറപ്പല്ലേ’യെന്ന് ചോദ്യം: ‘ഏറെക്കുറെ’യെന്ന് കേരള പോലീസ്

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്

മകന്റെ നിർണായക മൊഴി : ശിവദാസന്‍റെ മരണം പൊലീസ് നടപടിയിലല്ല, ബിജെപിയുടെ കള്ളം പൊളിയുന്നു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍