UPDATES

ട്രെന്‍ഡിങ്ങ്

കിളികളുടേതല്ല, കീഴാറ്റൂരില്‍ ഇനി ‘കഴുകന്‍’മാരുടെ രാഷ്ട്രീയമോ?

ശത്രുവിന്റെ ശത്രു ഞങ്ങള്‍ക്ക് മിത്രമെന്ന് സുരേഷ് കീഴാറ്റൂര്‍

ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക രക്ഷാ മാര്‍ച്ച് കീഴാറ്റൂര്‍ വയലില്‍ നിന്നാരംഭിച്ചു. കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ആരംഭിച്ചത് വയല്‍ക്കിളികളുടെ സമരപ്പന്തലിനോട് ചേര്‍ന്ന് ബിജെപി സ്ഥാപിച്ച സമരപ്പന്തലിലാണ്. ബിജെപി നേതക്കള്‍ക്കൊപ്പം വേദി പങ്കിട്ടും ബിജെപി പിന്തുണ ഏറ്റുവാങ്ങിയും വയല്‍ക്കിളികള്‍ മാര്‍ച്ചിനൊപ്പം ചേര്‍ന്നു. വയല്‍ക്കിളികളുടെ സമരം പൂര്‍ണമായും ബിജെപി ഏറ്റെടുത്തതിന്റെ തെളിവാണ് ഇന്നു നടന്ന കര്‍ഷക രക്ഷാ മാര്‍ച്ച് എന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നു, എന്നാല്‍ തങ്ങളുടേത് സിപിഎം വിരുദ്ധ രാഷ്ട്രീയമല്ലെന്നും സമരം വിജയിക്കുന്നതിനായുള്‌ല പ്രായോഗിക രാഷ്ട്രീയം മാത്രമാണ് തങ്ങള്‍ സ്വീകരിച്ചതെന്നുമാണ് വയല്‍ക്കിളികളുടെ വാദം.

മാര്‍ച്ച് 25ന് നടന്ന ബഹുജന മാര്‍ച്ചില്‍ വയല്‍ക്കിളികളെ പിന്തുണച്ചുകൊണ്ട് സുരേഷ് ഗോപി എംപിയും മറ്റ് ബിജെപി നേതാക്കളും എത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേരളത്തില്‍ അവശേഷിക്കുന്ന വയലുകള്‍ നിലനിര്‍ത്തുന്നതിനായി കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ബിജെപി നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ഇതോടെ സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള ബിജെപി രാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുകയാണ് വയല്‍ക്കിളികള്‍ എന്ന് സിപിഎം നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അതേ വേദിയില്‍ വിഎം സുധീരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു. ഇതോടെ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ കോണ്‍ഗ്രസുകാരാണെന്ന വാദവുമായാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ എത്തിയത്. എന്നാല്‍ ബിജെപിയുടെ പിന്തുണയാണ് അന്ന് ഏറെയും ചോദ്യം ചെയ്യപ്പെട്ടത്. പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരിലേക്ക് പ്രവേശിക്കാനുള്ള തന്ത്രമായാണ് ബിജെപി പിന്തുണയെ തുടക്കം മുതല്‍ വിലയിരുത്തപ്പെട്ടത്. ബിജെപിയുടെ ദേശീയ നേതാക്കളടക്കം പങ്കെടുത്ത കര്‍ഷക രക്ഷാ മാര്‍ച്ച് വിമര്‍ശകരുടെ വാദഗതികള്‍ക്ക് ശക്തി പകരുന്നതായി.

ബംഗാളില്‍ സിപിഎമ്മിന് അന്ത്യം കുറിച്ചത് നന്ദിഗ്രാമിലെ പോരാട്ടമാണെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ അന്ത്യശ്വാസം മുഴങ്ങുന്നത് കീഴാറ്റൂരിലാണെന്നാണ് കര്‍ഷക രക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞത്. കീഴാറ്റൂര്‍ വയലിലെ ഒരു തരിമണ്ണ് പോലും അഴിമതിക്കാര്‍ക്ക് വിട്ടുകൊടുക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും കീഴാറ്റൂരിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ബിജെപി എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍; ‘കര്‍ഷകരെ കൊന്നൊടുക്കി ഭൂമി തട്ടിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പിറന്ന മണ്ണിനുവേണ്ടിയുള്ള പോരാട്ടമാണ് കീഴറ്റൂരില്‍ നടക്കുന്നത്. വയല്‍ മണ്ണിട്ടു നികത്തുകയും ഇവിടെ നിന്നുള്ള മണ്ണ് കോരിക്കടത്തുകയും ചെയ്യുന്നതിലൂടെ മുന്നൂറ് കോടി രൂപയുടെ വരെ അഴിമതിക്കാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിനെതിരെ ബിജെപി രംഗത്ത് വന്നതോടെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും മുന്നോട്ട് വന്നത്. എന്നാല്‍ അവര്‍ സമരം പാതിവഴിയില്‍ ഉപേക്ഷിക്കും. ലക്ഷ്യം നേടുന്നതുവരെ ബിജെപി സമരക്കാരായ കര്‍ഷകര്‍ക്കൊപ്പമുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകവേട്ട അവസാനിപ്പിക്കണം. ബിജെപി നടത്തുന്ന ജാഥയെ ഭയന്നാണ് സിപിഎം ജില്ലയില്‍ ജാഥകള്‍ നടത്തുന്നത്. അതിന്റെ പേര് കര്‍ഷകരോടുള്ള മാപ്പപേക്ഷാ ജാഥ എന്നാക്കണം.’

വയല്‍ക്കിളികള്‍; രാഷ്ട്രീയം കവിതയല്ല, ഗദ്യത്തില്‍ ഒരു തീരുമാനമായാല്‍ മതി

പ്രസംഗത്തിന് ശേഷം കീഴാറ്റൂര്‍ സമരനായിക നമ്പ്രാടത്ത് ജാനകി രാഹുല്‍ സിന്‍ഹയ്ക്ക് പാളത്തൊപ്പിയും കതിര്‍ക്കറ്റയും നല്‍കി. സമരനേതാവ് സുരേഷ്‌ കീഴാറ്റൂര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഹുല്‍ നന്ദിഗ്രാമില്‍ നിന്നുകൊണ്ടുവന്ന മണ്ണ് നമ്പ്രാടത്ത് ജാനകിയും രാഹുലും ചേര്‍ന്ന് കീഴാറ്റൂര്‍ വയലില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തികളിലൂടെ വയല്‍ക്കിളികള്‍ പൂര്‍ണമായും ബിജെപിയുടെ നിയന്ത്രണത്തിലായെന്ന ആരോപണമാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറയുന്നത് ‘കീഴാറ്റൂര്‍ സമരത്തെ ബിജെപി റാഞ്ചിയെടുത്തു. ജമാഅത്തെ ഇസ്ലാമിയും ബിജെപിയും സമരത്തെ ഹൈജാക്ക് ചെയ്തിരുന്നു. മാവോയിസ്റ്റുകള്‍ തുറന്നുവിട്ട ഭൂതത്തെ ബിജെപി ആവാഹിച്ചു. സമരക്കാര്‍ കൂടുതല്‍ ഒറ്റപ്പെടും. ബിജെപി നടത്തുന്ന മാര്‍ച്ചിന് കര്‍ഷകരരക്ഷാ മാര്‍ച്ച് എന്ന് പേരിട്ടത് അപഹാസ്യകരമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം നാല്‍പ്പതിനായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.’

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയമല്ലെന്നും രാഹുല്‍ സിന്‍ഹ കീഴാറ്റൂരിലെ കാര്യങ്ങളറിയാതെയാണ് പ്രസംഗിച്ചതെന്നും സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്നാല്‍ സമരം വിജയിക്കാനായി ആര് പിന്തുണച്ചാലും അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു ‘ഒരാളും ഈ സമരം ഏറ്റെടുത്തിട്ടില്ല. പക്ഷെ ഇത് ഒരു സിപിഎം ഗ്രാമമാണ്. പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഞങ്ങള്‍ക്ക് പ്രധാനമായും വേണ്ടത് ഞങ്ങളുടെ വയല്‍ രക്ഷിക്കുകയാണ്. ആറന്മുളയിലും ബിജെപി ഉണ്ടായിരുന്നു. ഒരു സമരം നടക്കുമ്പോള്‍ ഫാസിസമെന്നും വര്‍ഗ്ഗീയതയെന്നും പറഞ്ഞ് നിങ്ങള്‍ വരും. പക്ഷെ ഒരു കാര്യം പറയട്ടെ ഞങ്ങളുടെ സമരം വയല്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ഇതിനിടയിലേക്ക് ബിജെപി വരുന്നത് അവരുടെ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ്. ബിജെപിയുടെ രാഷ്ട്രീയമാണ് നിങ്ങള്‍ പരിശോധിക്കുന്നതെങ്കില്‍ വയല്‍ക്കിളികളുടെ സമരം പരാജയപ്പെടും. ഞങ്ങള്‍ക്ക് വേണ്ടത് പിന്തുണയാണ്. വിജയിക്കുക എന്നത് ഞങ്ങളുടെ ആവശ്യമാണ്. അതില്‍ ഫാസിസമോ വര്‍ഗ്ഗീയതയോ ഒന്നുമില്ല. കേരളത്തിലെ ഒരു അതിജീവന സമരമാണ് ഇവിടെ നടക്കുന്നത്. ഇത് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടെ. കേന്ദ്രം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രിതിനിധികള്‍ കീഴാറ്റൂരില്‍ വന്നു. അവര്‍ വന്ന് പോകട്ടെ എന്ന് മാത്രമാണ് ഞങ്ങള്‍ കരുതുന്നത്. ഈ സമരം വിജയിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവരുടെ പിന്തുണ വേണം. ഈ സമരം പരാജയപ്പെട്ടാല്‍ ധാര്‍ഷ്ട്യത്തോടെ തന്നെ ഇവിടുത്തെ വയലുകള്‍ നികത്തപ്പെടും. പ്രായോഗികമായ രാഷ്ട്രീയം ഞങ്ങള്‍ ഉപയോഗിച്ചു. സിപിഎമ്മിനെ കുഴിച്ചുമൂടും എന്നാണ് രാഹുല്‍ സിംഗ് പറഞ്ഞത്. കേരളത്തിലെ സിപിഎമ്മിനെക്കുറിച്ച് അറിയാതെ പറയുന്നതാണ് അത്. കീഴാറ്റൂര്‍ സമരം കൊണ്ട് ഞങ്ങള്‍ സിപിഎം വിരുദ്ധരാണെന്ന് കരുതരുത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഈ പടിക്ക് പുറത്താണ്. സിപിഎമ്മിനെതിരെ കിട്ടുന്ന ഏതൊരു വടിയും ബിജെപി ഉപയോഗിക്കും. അതൊരു വസ്തുതയാണ്. ആ വസ്തുതയാണ് ബിജെപിയെ കീഴാറ്റൂരില്‍ എത്തിച്ചത്. കേന്ദ്രതലത്തില്‍ നിന്നാണ് ഇവിടെ ഞങ്ങള്‍ക്കൊരു മറുപടി വേണ്ടത്. ശത്രുവിന്റെ ശത്രു ഞങ്ങള്‍ക്ക് മിത്രമാണ്. ഞങ്ങള്‍ക്കും ജീവിക്കണം.’

‘കൂടെ നില്‍ക്കുന്നവരെയെല്ലാം ചേര്‍ത്ത് സമരം’; വയല്‍ക്കിളി സമരം സിപിഎമ്മില്ലാത്ത ‘ആറന്‍മുള’യോ?

അടുത്ത ദിവസങ്ങളില്‍ കീഴാറ്റൂര്‍ സമരത്തിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചിലും പങ്കെടുക്കുമെന്ന് വയല്‍ക്കിളികള്‍ അറിയിക്കുന്നു. എന്നാല്‍ കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ ഉദ്ദേശശുദ്ധിയെച്ചൊല്ലി സംശയമില്ലാത്തവര്‍ പോലും സമരം തങ്ങളുടേതാക്കി തീര്‍ക്കാനുള്ള ബിജെപിയുടെ തന്ത്രത്തെയാണ് സംശയത്തോടെ വീക്ഷിക്കുന്നത്.

സുരേഷ് ഗോപിയെ ഒളിച്ചുകടത്തിയ കീഴാറ്റൂരിലെ ട്രോജന്‍ ജനത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍