ബി.ജെ.പി പരിപാടിയുടെ വേദിയില്‍ തങ്ങളിരിക്കുന്ന ചിത്രങ്ങള്‍ ഗ്രൂപ്പുകളിലും മറ്റും കണ്ടതോടെയാണ് മുതലെടുപ്പിന്റെ യഥാര്‍ത്ഥ വശം രാജപുരത്തെ ക്രൈസ്തവരില്‍ പലരും തിരിച്ചറിയുന്നത്
ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടികളിലേക്ക് ആളെക്കൂട്ടാനും പുതിയ യൂണിറ്റുകള്‍ ആരംഭിക്കാനും ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ നടക്കുന്നതായി കാസര്‍ഗോഡെ മലയോരമേഖലകളില്‍ നിന്നും വ്യാപക പരാതികള്‍ ഉയരുന്നു. ബി.ജെ.പിയുടെ ഉപസംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയില്‍ അംഗങ്ങളല്ലാത്തവരെയടക്കം തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞയാഴ്ച നടന്ന ജില്ലാ കണ്‍വെന്‍ഷനിലെത്തിച്ചതായി പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകരടക്കമുള്ളവര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്രങ്ങള്‍ക്കൊപ്പം മുസ്ലിം-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും ധനസഹായങ്ങള്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നേരത്തേതന്നെ ന്യൂനപക്ഷ മോര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് എത്തിച്ചുനല്‍കാമെന്നു വാഗ്ദാനം നല്‍കി വിശ്വാസികളെ മോര്‍ച്ചയുടെ സമ്മേളനത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങളില്‍ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ട്.
രാജപുരത്തു നടന്ന കണ്‍വെന്‍ഷനിലേക്ക് ആളുകളെ എത്തിച്ചത് ഇത്തരത്തില്‍ ഗ്രാന്റ് ലഭിക്കുമെന്നു പറഞ്ഞും, സംഘടനയുടെ പരിപാടിയാണ് നടക്കുന്നതെന്ന കാര്യം മറച്ചുവച്ചുമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പള്ളിയില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളനുസരിച്ച് കണ്‍വെന്‍ഷന്‍ നടന്നയിടത്തു ചെല്ലുകയും, ബി.ജെ.പിയുടെ പരിപാടിയാണ് നടക്കുന്നതെന്ന കാര്യം തിരിച്ചറിഞ്ഞ ശേഷം തിരിച്ചെത്തി പുരോഹിതരോട് വഴക്കുണ്ടാക്കുകയും ചെയ്തവരുണ്ടെന്നാണ് പേരു വെളിപ്പെടുത്താത്ത സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. പുരോഹിതര്‍ പള്ളിയില്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടതിനാലാണ് പോയതെന്നും ബി.ജെ.പിയുടെ മീറ്റിംഗാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് കാര്യമന്വേഷിച്ചപ്പോള്‍ ഇവര്‍ പറഞ്ഞത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നപോലെയാണ് ഇവരെല്ലാം സംസാരിച്ചത്. മലയോര മേഖലയില്‍ ന്യൂനപക്ഷ മോര്‍ച്ചയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുപോരുന്നുണ്ടെങ്കിലും, വ്യത്യസ്ത രാഷ്ട്രീയ താല്‍പര്യങ്ങളുള്ളവരെയടക്കം സംഘടനയുടെ വേദിയിലെത്തിക്കാനായാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. വിശ്വാസികളെ സംഘടിപ്പിച്ച് യൂണിറ്റുകള്‍ രൂപീകരിക്കാനുള്ള ഉദ്ദേശവും ഈ നീക്കത്തിനു പിന്നിലുണ്ടെന്നും ആരോപണങ്ങളുയരുന്നുണ്ട്.
പ്രദേശത്തെ മിക്ക പള്ളികള്‍ക്കും കടങ്ങളുണ്ടെന്നും, ഇത് തീര്‍പ്പാക്കാന്‍ സഹായിക്കുന്ന ഫണ്ടുകള്‍ നല്‍കുമെന്ന് ബോധ്യപ്പെടുത്തിയാണ് പുരോഹിതര്‍ വഴി വിശ്വാസികളെ സംഘടനയിലേക്ക് എത്തിക്കുന്നതെന്നും വാദങ്ങളുണ്ട്. അതേസമയം, ഇടവകക്കാര്‍ മാത്രമല്ല, വികാരികളും തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും ഒരു വിഭാഗമാളുകള്‍ക്ക് അഭിപ്രായമുണ്ട്. ‘കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് പാസ്സാക്കിത്തരാനായി ന്യൂനപക്ഷ സെല്ലിന്റെ ഉദ്യോഗസ്ഥര്‍ വരുന്നു എന്നടക്കം പറഞ്ഞ് ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹികള്‍ പുരോഹിതരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കേള്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിപാടിയാണെന്ന് തെറ്റിദ്ധരിച്ചാണ് വിശ്വാസികളോട് പുരോഹിതര്‍ പങ്കെടുക്കാനാവശ്യപ്പെട്ടതെന്നും പറയപ്പെടുന്നു. എങ്ങിനെയാണെങ്കിലും, വലിയൊരു വിഭാഗം വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയിരിക്കുന്നത് എന്നത് സത്യമാണ്. പാര്‍ട്ടി പരിപാടിയാണെന്ന് തിരിച്ചറിഞ്ഞ പലരും ക്ഷുഭിതരായാണ് തിരിച്ചുപോന്നത്. പുരോഹിതന്മാരും ട്രാപ്പില്‍ കുടുങ്ങിപ്പോയതാണെന്നു തോന്നുന്നു.’
ബി.ജെ.പി പരിപാടിയുടെ വേദിയില്‍ തങ്ങളിരിക്കുന്ന ചിത്രങ്ങള്‍ ഗ്രൂപ്പുകളിലും മറ്റും കണ്ടതോടെയാണ് മുതലെടുപ്പിന്റെ യഥാര്‍ത്ഥ വശം രാജപുരത്തെ ക്രൈസ്തവരില്‍ പലരും തിരിച്ചറിയുന്നത്. 2019ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നതടക്കമുള്ള ആഹ്വാനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ വേദിയിലാണ് പാര്‍ട്ടിയോട് ആശയപരമായി അടുപ്പമില്ലാത്തവരെ തെറ്റിദ്ധരിപ്പിച്ച് എത്തിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് സഭാ വിശ്വാസികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തെറ്റിദ്ധാരണ പരത്തലെന്നും പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്. നേരത്തേ കത്തോലിക്കാ സഭയിലെ പുരോഹിതരടക്കം കാസര്‍ഗോഡ് ന്യൂനപക്ഷ മോര്‍ച്ചയുടെ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, ഇത്തരത്തിലൊരു ആരോപണം വിശ്വാസികള്‍ക്കിടയില്‍ നിന്നും ഉയരുന്നത് ഇതാദ്യമാണ്. ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് കാസര്‍ഗോഡ്.
അതേസമയം, ഇത്തരം ആരോപണങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, ന്യൂനപക്ഷ മോര്‍ച്ചയിലേക്ക് മുസ്ലിം-ക്രിസ്ത്യന്‍ മതവിശ്വാസികള്‍ അടുക്കുന്നതില്‍ വിറളിപൂണ്ട ചിലരാണ് പ്രചരണങ്ങള്‍ക്കു പിന്നിലെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റെ ശ്രീകാന്തിന്റെ പക്ഷം. ബി.ജെ.പിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാനും വോട്ടു പിടിക്കാനും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കേണ്ട ആവശ്യമില്ലെന്നും, വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീകാന്ത് പ്രതികരിക്കുന്നു. ഗ്രാന്റ് ലഭിക്കേണ്ടിയിരുന്ന പള്ളിയെ തഴഞ്ഞ് മറ്റൊരു പള്ളിക്ക് നല്‍കി എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു എന്നതൊഴിച്ചാല്‍, ജില്ലാ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ആരോപണത്തിന് സാധ്യത പോലുമില്ലെന്നാണ് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യുവിന്റെ വാദം. എങ്കിലും, വിശ്വാസികളെ കൂട്ടത്തോടെ തെറ്റിദ്ധരിപ്പിച്ചുള്ള ഈ നീക്കത്തിനെതിരെ നിലപാടെടുത്തിരിക്കുകയാണ് ഭൂരിഭാഗമാളുകളും.