UPDATES

വയനാട് എന്ന ഒറ്റപ്പെട്ട തുരുത്ത്; എല്ലാം നശിച്ച ജനതയാണിവര്‍

ഓഗസ്റ്റ് ഒൻപതിനാണ് ക്യാമ്പ് തുടങ്ങിയത്. ക്യാമ്പിൽ ഈ കുടുംബങ്ങളെല്ലാം സുരക്ഷിതരാണ്. പക്ഷെ മഴ വിട്ടൊഴിഞ്ഞ് താത്കാലിക സംവിധാനങ്ങൾ സർക്കാർ അവസാനിപ്പിക്കുമ്പോൾ ഇവരെങ്ങോട്ട് പോകും.

ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരയോടെ മാനന്തവാടിയിൽ മാനം അല്‍പ്പമൊന്നു തെളിഞ്ഞപ്പോൾ വലിയ ആശ്വാസമായിരുന്നു എല്ലാവർക്കും. പക്ഷെ അധിക നേരം അത് നീണ്ടുനിന്നില്ല. 9.45- ഓടെ മാനം വീണ്ടും കറുത്തു. പിന്നെ ഇടതടവില്ലാതെ മണിക്കൂറുകൾ നീണ്ടുനിന്ന മഴ. രാത്രി വരെയും ശക്തമായ മഴ തുടർന്നു.

കണ്ണൂർ-വയനാട് അതിർത്തിയായ നിടുംപൊയിലിൽ നിന്ന് പേരിയ ചുരം വഴി വയനാട്ടിലേക്കുള്ള യാത്ര അത്രയൊന്നും ദുഷ്കരമല്ലെങ്കിലും റോഡിന്റെ വശങ്ങളിൽ പലയിടത്തും മണ്ണിടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അപകട ഭീഷണി ഉയർത്തുന്ന വൻ മരങ്ങളും റോഡരികിൽ ഉണ്ട്. പേരിയ പിന്നിട്ട് നാല്പത്തിരണ്ട് എന്ന സ്ഥലമെത്തിയപ്പോൾ റോഡിന്റെ സ്ഥിതി അതിദയനീയം. നിറയെ കുഴികൾ, എല്ലാം വെള്ളക്കെട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ നിലം പതിച്ച മരങ്ങളുടെ ശേഷിപ്പുകൾ റോഡിന്റെ ഒരു വശത്ത്. മറുവശത്ത് വയലുകളും വാഴത്തോട്ടങ്ങളും നിറയെ വെള്ളം.

കണ്ണൂരിൽ നിന്ന് പുലർച്ചെ പുറപ്പെട്ട കെഎസ്ആർടിസി ബസ് ഒരുവിധം തലപ്പുഴ എത്തിയപ്പോൾ അവിടെ ആൾക്കൂട്ടം. ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായിരിക്കുന്നതായി വാർത്ത പരന്നു. അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും. തലപ്പുഴയിലും വാളാടും മഴ വലിയ തോതിൽ നാശം വിതച്ചിരുന്നു. ഒപ്പം മക്കിമലയിൽ ഉരുൾപൊട്ടിയെന്ന സംശയവും പരന്നു. നാട്ടുകാരിലും യാത്രക്കാരിലും ഒരുപോലെ ഭീതിയുണർത്തുന്ന വാർത്തകൾ.

തുടർച്ചയായി പെയ്യുന്ന മഴയിൽ ഭയചകിതരായവരെയും ആശങ്ക വിട്ടൊഴിയാത്ത മുഖങ്ങളെയുമാണ് മാനന്തവാടി നഗരത്തിൽ കണ്ടത്. നഗരത്തിൽ നിന്ന് അധികം ദൂരെയല്ലാത്ത താഴെ അങ്ങാടിയിലെ ന്യൂമാൻസ് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. 236 കുടുംബങ്ങളിൽ നിന്നായി 895 പേരാണ് ക്യാമ്പിലുള്ളതെന്നു അവിടെ ഉണ്ടായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ പി യു സിത്താര പറഞ്ഞു. പനമരത്തെ ക്യാമ്പിൽ ആയിരത്തിലേറെ പേരാണ് കഴിയുന്നത്. അഗ്രഹാരം, താഴെ അങ്ങാടി, ചാമാടി, പാണ്ടിക്കടവ്, എടവക പ്രദേശങ്ങളിൽ നിന്നുള്ള ആദിവാസികൾ അടക്കമുള്ള കുടുംബങ്ങളാണ് ന്യൂമാൻസ് കോളേജിലെ ക്യാമ്പിൽ കഴിയുന്നത്.

ഓഗസ്റ്റ് ഒൻപതിനാണ് ക്യാമ്പ് തുടങ്ങിയത്. ക്യാമ്പിൽ ഈ കുടുംബങ്ങളെല്ലാം സുരക്ഷിതരാണ്. പക്ഷെ മഴ വിട്ടൊഴിഞ്ഞ് താത്കാലിക സംവിധാനങ്ങൾ സർക്കാർ അവസാനിപ്പിക്കുമ്പോൾ ഇവരെങ്ങോട്ട് പോകും… ആശങ്കയും സങ്കടവും ജീവിതത്തെ പിടികൂടിയ, നിരാശ മുറ്റി നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ! ഉണ്ടായിരുന്നതെല്ലാം ഒരൊറ്റ രാത്രികൊണ്ട് പ്രളയത്തിൽ തകർന്നടിഞ്ഞു പോയ നിസ്സഹായർ. സഹായങ്ങൾ നിരവധി എത്തുന്നുണ്ട്. അതിലേറെയും ഭക്ഷണവും വസ്ത്രവുമാണ്. പക്ഷെ അതിനെക്കാളുപരി കിടപ്പാടം തകർന്നടിഞ്ഞു പോയവർ, വീട്ടുപകരണങ്ങളും പുസ്തകങ്ങളുമടക്കം നശിച്ചു പോയവർ. കഠിനാധ്വാനത്തിലൂടെ കൂലിപ്പണി എടുത്തും മറ്റും സ്വരുക്കൂട്ടി വച്ച സ്വപ്നങ്ങളാണ് പ്രളയത്തിൽ പൊലിഞ്ഞത്. കർഷക തൊഴിലാളികളും വീട്ടുജോലിക്കാരും പലവിധ കൂലിവേല ചെയ്യുന്നവരുമൊക്കെയാണ് ക്യാമ്പിലുള്ളത്. മുന്‍പോട്ടുള്ള ജീവിതത്തെ കുറിച്ച് ഒരെത്തും പിടിയും കിട്ടാതെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നവർ.

സർക്കാർ സംവിധാനത്തിന്റെ ഭാഗമായുള്ളതും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങൾ ക്യാമ്പിൽ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. വെള്ളം കയറിയ വീടുകൾ ശുചീകരിക്കാൻ പോയപ്പോൾ കണ്ട കാഴ്ചകൾ ദയനീയമായിരുന്നുവെന്ന് വളണ്ടിയർമാർ പറഞ്ഞു. ഭക്ഷണം പാകം ചെയ്യുന്ന പത്രങ്ങൾ ഉൾപ്പടെ വീട്ടുപകരണങ്ങൾ എല്ലാം ഒഴുകിപ്പോയി. വീടിന്റെ അകങ്ങളിൽ മുഴുവൻ ചെളിയും മണ്ണും കെട്ടിക്കിടക്കുന്നു… ചുവരുകൾ വിണ്ടു കീറിയ അവസ്ഥയിൽ…

മഴ അല്പമൊന്നു ശമിച്ചപ്പോൾ അവശേഷിക്കുന്ന വീടുകളിലേക്ക് തിരികെ പോയവരായിരുന്നു ക്യാമ്പിലെ പലരും. പക്ഷെ മഴ വീണ്ടും ശക്തി പ്രാപിച്ചപ്പോൾ, ബാണാസുരസാഗർ ഡാമിന്റെ ഷട്ടർ വീണ്ടും തുറന്നപ്പോൾ ഉള്ള ചുവരുകളെപോലും വെള്ളമെടുത്തു. അങ്ങനെ അവർ വീണ്ടും ക്യാമ്പിൽ എത്തപ്പെട്ടു. തൊട്ടടുത്ത മാനന്തവാടി ഹൈസ്കൂളിലും ഒരു ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.

ഇടതടവില്ലാതെ പെയ്ത മഴയിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ ദൈന്യത പറഞ്ഞറിയിക്കാനാവാത്തതാണ്. മാനന്തവാടി ന്യൂമാൻസ് കോളേജിലെ ക്യാമ്പിൽ എടവക പഞ്ചായത്ത് നാല്, അഞ്ച് വാർഡുകളിലെ ഭൂരിഭാഗം ആദിവാസി കുടുംബങ്ങളും ഉണ്ട്. ചെറിയ കുട്ടികൾ അടക്കമുള്ളവർ. ചെറിയ കോൺക്രീറ്റ് വീടുകളും ഓടിട്ട വീടുകളുമെല്ലാം പൂർണമായോ ഭാഗികമായോ തകർന്നു. വീടുകളിലെ സാധനങ്ങൾ മുഴുവൻ വെള്ളം കയറി നശിച്ചു. പാത്രങ്ങളെല്ലാം ഒലിച്ചു പോയി. കുട്ടികളുടെ പുസ്തകങ്ങൾ പൂർണമായും വെള്ളം കയറി നശിച്ചു. വിലപ്പെട്ട രേഖകൾ ഒന്നുമില്ല. ചിലരുടെയെങ്കിലും കയ്യിൽ ആകെയുള്ളത് റേഷൻ കാർഡ് മാത്രമാണെന്ന് എസ് ടി പ്രമോട്ടറായ പി കെ ഉഷ പറയുന്നു. ക്യാമ്പിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ മുഖ്യ ജീവിത മാർഗമായിരുന്ന ആടുകളും കോഴികളുമെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. സന്നദ്ധ സംഘടനകൾ എത്തിച്ചു നൽകിയ വസ്ത്രങ്ങളും ക്യാമ്പിലെ ഭക്ഷണവും ഇവർക്ക് ആശ്വാസമാകുന്നുണ്ട്. പക്ഷെ ക്യാമ്പ് അവസാനിക്കുമ്പോൾ എങ്ങോട്ട് പോകുമെന്ന ആശങ്ക വിട്ടൊഴിയുന്നില്ല. സർക്കാരിന്റെ സഹായ പദ്ധതികൾ കാര്യക്ഷമമാണെങ്കിലും നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടാൽ ഈ ആദിവാസി കുടുംബങ്ങളുടെ ജീവിതവും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം ദുരിതപൂര്‍ണമാകും.

താഴെ അങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കാര്യമായ കേടുപാടില്ലാതെ അവശേഷിക്കുന്ന വീടുകളും തകർച്ച ഭീഷണിയിലാണ്. മുറ്റങ്ങളിലെല്ലാം വെള്ളം കെട്ടി നിൽക്കുന്നു. മഴ കനക്കുമ്പോൾ വെള്ളം അകത്തേക്ക് കയറും. ഈ കുടുംബങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പിലാണ്. പെരുമഴ ആർത്തലച്ചു വരുമ്പോൾ കൈക്കുഞ്ഞുങ്ങളടക്കമുള്ളവർ എങ്ങോട്ട് പോകുമെന്ന ഭയചിന്തയോടെ പ്രാർത്ഥനയുമായി കഴിയുന്നവരുമുണ്ട്.

താഴെ അങ്ങാടിയിലും പാണ്ടിക്കടവിലും ചാമടിയിലും അഗ്രഹാരത്തിലും എടവകയിലും മാത്രമല്ല, വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. രാവിലെ മുതൽ മഴ നിർത്താതെ പെയ്തപ്പോൾ വള്ളിയൂർകാവ്-പനമരം റോഡിൽ ഉച്ചയോടെ വെള്ളം കയറി. അതോടെ വാഹന ഗതാഗതവും നിലച്ചു.

ഓരോ പ്രദേശവും ഒറ്റപ്പെട്ട ഓരോ തുരുത്തുകൾ ആയിരിക്കുകയാണ് മനന്തവാടിയിലും സമീപസ്ഥലങ്ങളും. അക്ഷരാർത്ഥത്തിൽ പ്രളയത്തിന്റെ ദുരിതങ്ങൾ നിസ്സഹായരായി അനുഭവിക്കേണ്ട അവസ്ഥയിലാണ് വയനാട്ടിലെ ജനത.

ഇടുക്കി അണക്കെട്ടില്‍ കാണിച്ച ജാഗ്രത മറ്റുള്ളവയുടെ കാര്യത്തില്‍ അധികൃതര്‍ മറന്നു പോയതാണോ?

‘ഇതു പോലൊരു വയനാടിനെ ഞങ്ങൾ മുൻപ് കണ്ടിട്ടില്ല’: വയനാട്ടുകാർ പറയുന്നു

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍