UPDATES

ഊക്കന്‍സ്, ഹുങ്കന്‍സ് ഗ്യാംഗുകള്‍ക്ക് പിന്നില്‍ എം ഇ എസ് മാനേജ്മെന്‍റോ വിദ്യാര്‍ത്ഥി സംഘടനകളോ? ദേശീയ കായിക താരത്തിന് മര്‍ദ്ദനമേറ്റതില്‍ ആരാണ് യഥാര്‍ത്ഥ പ്രതി?

എം എസ് എഫിനെതിരെ ആരോപണം കടുപ്പിച്ച് എസ് എഫ് ഐ, വിദ്യാര്‍ത്ഥി രാഷ്ട്രീയം കാമ്പസുകളില്‍ വേണ്ടെന്ന് പ്രിന്‍സിപ്പല്‍

മണര്‍കാട് കല്ലടി എംഇഎസ് കോളേജില്‍ ദേശീയ വുഷു താരം കൂടിയായ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത സംഭവത്തില്‍ എംഎസ്എഫിന് പങ്കുണ്ടെന്ന ആരോപണം ശരിയല്ലെന്ന് നേതൃത്വം. കല്ലടി കോളേജില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ‘ഊക്കന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഗ്യാംഗ് ആണ് സംഭവത്തിനു പിന്നിലുള്ളതെന്നും എംഇഎസിന് കീഴിലുള്ള കോളേജുകള്‍ അരാഷ്ട്രീയവത്കരിക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കങ്ങളുടെ ഇരയാണ് മര്‍ദ്ദനമേറ്റ കുട്ടിയെന്നും എംഎസ്എഫ് പറയുന്നു. തന്നെ മര്‍ദ്ദിച്ചതിനു പിന്നില്‍ ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരും ഇല്ലെന്നും കോളേജിലെ ഒരു ഗ്യാംഗ് ആണ് അക്രമത്തിനു പിന്നില്‍ ഉള്ളതെന്നുമാണ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ദില്‍ഷാദ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎസ്എഫിന് പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എസ്എഫ്‌ഐ.

കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുന്ന എംഇഎസ് മനേജ്‌മെന്റിന്റെ താത്പര്യങ്ങളാണ് ഇത്തരം അക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം പറയുന്നത്. വിദ്യാര്‍ത്ഥിയെ അക്രമിച്ചതില്‍ എംഎസ്എഫിന് യാതൊരു പങ്കും ഇല്ല. ഇക്കാര്യം മര്‍ദ്ദമനേറ്റ വിദ്യാര്‍ത്ഥി തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അക്രമികള്‍ ആ കോളേജില്‍ സജീവമായൊരു ഗ്യാംഗില്‍പെട്ടവരാണ്. പ്രതികളായവര്‍ എംഎസ്എഫ് യൂണിറ്റ് ഭാരവാഹികള്‍ ആണെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. ഇതിനെതിരേ നിയമപരമായി നീങ്ങാനും എംഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ അക്രമിച്ചവര്‍ക്ക് എംഎസ്എഫിന്റെ കോളേജ് യൂണിറ്റിലോ പ്രാദേശിയ യൂണിറ്റിലോ അംഗത്വം പോലുമില്ല.

തങ്ങളുടെ കാമ്പസുകളില്‍ നിന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതാക്കുകയാണ് എംഇഎസ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. അതിനുവേണ്ടി വിദ്യാര്‍ത്ഥി സംഘടനകളെ നിശബ്ദമാക്കുകയും ഇതുപോലുള്ള ഗ്യാംഗുകളെ വളര്‍ത്തുകയുമാണ് പ്രിന്‍സിപ്പലും മാനേജ്‌മെന്റും ചെയ്യുന്നതെന്നും എംഎസ്എഫ് ആരോപിക്കുന്നു. ഇത്തരം ഗ്യാംഗുകള്‍ മാനേജ്‌മെന്റിന്റെ പരോക്ഷമായ പിന്തുണയോടെ ശക്തി പ്രാപിക്കുന്നതിന്റെ ദുരന്തങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന അക്രമം. ഇതേ ഗ്യാംഗുകളുടെ അക്രമത്തിന്റെ ഫലമായി ഒരു വിദ്യാര്‍ത്ഥിക്ക് കാഴ്ച്ച നഷ്ടപ്പെട്ട സംഭവും ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും മാനേജ്‌മെന്റ് നിശബ്ദത പാലിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ മുഹമ്മദ് ദില്‍ഷാദ് എന്ന വിദ്യാര്‍ത്ഥിക്ക് നേരിടേണ്ടി വന്ന മര്‍ദ്ദനം; എംഎസ്എഫ് പാലക്കാട് ജില്ല പ്രസിഡന്റ് ഷറഫുദ്ദീന്‍ പറയുന്നു.

ഹൈക്കോടതി ഉത്തരവിലൂടെ എംഇഎസ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിലക്ക് നേടിയെടുത്തതോടെയാണ് ഗ്യാംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തപ്പെട്ടതെന്നാണ് എംഎസ്എഫ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. കല്ലടിയില്‍ മാത്രമല്ല, എംഇഎസ്സിന്റെ മറ്റു കോളേജുകളിലെല്ലാം ഇത്തരം പ്രശ്‌നങ്ങളുണ്ട്. ഗ്യാംഗുകള്‍ ഉണ്ടായാലും വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണ്ടെന്നാണ് എംഇഎസ്സിന്റെ നിലപാട്. ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് കാമ്പസുകളെ കൊണ്ടുപോകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കല്ലടി കോളേജ്. ക്രിമിനല്‍ സംഘങ്ങളെപോലെയാണ് ഈ ഗ്യാംഗുകള്‍ പ്രവര്‍ത്തിക്കുന്നത്. മദ്യവും സിഗരറ്റുമൊക്കെ ഉപയോഗിക്കുന്നവരും അതിനുവേണ്ടി ജൂനിയര്‍ കുട്ടികളോട് കാശ് ചോദിക്കുകയും കൊടുത്തില്ലെങ്കില്‍ മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്നത് ഇവരുടെ പതിവാണ്. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാംഗ് ചെയ്യുന്നതും തങ്ങള്‍ക്ക് വിരോധമുള്ളവരെ, അനുസരിക്കാത്തവരെ എല്ലാം മര്‍ദ്ദിക്കുകയും ചെയ്യുന്നതും ഈ ഗ്യാംഗുകള്‍ തുടര്‍ന്നു വരുന്ന പ്രവര്‍ത്തികളാണ്. ദില്‍ഷാദിനെ തല്ലുന്നതും അങ്ങനെയാണ്. ഊക്കന്‍സ് എന്ന പേരുള്ള ഗ്യാംഗിലെ ചിലര്‍ക്ക് ദില്‍ഷാദിനോട് വിരോധം ഉണ്ടാവുകയും അതിന്റെ പേരില്‍ കോളേജിനു പുറത്തുള്ള ബസ് സ്റ്റോപ്പില്‍വച്ച് മര്‍ദ്ദിക്കുകയുമായിരുന്നു; എംഎസ്എഫ് കോളേജ് യൂണിറ്റ് ഭാരവാഹിയായ ഷിബിലി മുണ്ടക്കാണി പറയുന്നു.

കല്ലടി എംഇഎസ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് കാമ്പസില്‍ നടക്കാറുണ്ടെങ്കിലും സ്‌കൂള്‍ പാര്‍ലമെന്ററി രീതിയിലാണ് അത് നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്. നിലവില്‍ എംഎസ്എഫ് ആണ് യൂണിയന്‍ ഭരിക്കുന്നത്. എന്നാല്‍ സാധാരണ നിലയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിനോ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കോ അനുവാദം ഇല്ലെന്നാണ് എംഎസ്എഫ് യൂണിറ്റ് നേതൃത്വം പറയുന്നത്. ‘പ്രകടനം നടത്താനോ മുദ്രാവാക്യം വിളിക്കാനോ അനുമതിയില്ല. ചെറിയ തോതില്‍ പ്രകടനം വിളിച്ചാല്‍ പോലും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കാന്‍ നോക്കും. ഇ-ഗ്രാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയെന്ന പേരില്‍ വനിത നേതാക്കള്‍ അടക്കം എട്ട് എംഎസ്എഫ് ഭാരവാഹികളെയാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇ-ഗ്രാന്‍ഡിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ രണ്ടു വര്‍ഷത്തെ ഫീസ് അടയ്ക്കണമെന്ന നിര്‍ദേശം വന്നതിനു പിന്നാലെ പാലക്കാട് പട്ടികജാതി വികസന ഓഫിസില്‍ വിവിധ മാനേജ്‌മെന്റ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ കല്ലടി എംഇഎസ് കോളേജിലെ പ്രിന്‍സിപ്പല്‍ മാത്രം ആ യോഗത്തില്‍ പങ്കെടുത്തില്ല. അന്ന് യോഗത്തില്‍ പങ്കെടുന്ന പല കോളേജുകളും വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാതെ സ്വന്തം നിലയ്ക്ക് ഫീസ് അടയ്ക്കാം എന്നു തീരുമാനത്തില്‍ എത്തിയെങ്കിലും എംഇഎസ് കേളേജ് പ്രിന്‍സിപ്പല്‍ നിര്‍ബന്ധം പിടിച്ചത് വിദ്യാര്‍ത്ഥികള്‍ തന്നെ ഫീസ് അടയ്ക്കണം എന്നായിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിച്ചാണ് എംഎസ്എഫ് വനിത വിഭാഗം യൂണിറ്റ് പ്രസിഡന്റ് അടക്കം പ്രിന്‍സിപ്പാലിനെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് കാമ്പസില്‍ പ്രകടനം നടത്തിയത്. ഇതിന്റെ പ്രതികാരം എന്നോണമാണ് എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്യുന്നത്. എംഇഎസ്സിന്റെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അമര്‍ച്ച ചെയ്യാന്‍ നോക്കുന്നത് ഇത്തരത്തിലെല്ലാമാണ്. എന്നാല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നിശബ്ദരാകും തോറും ഗ്യാംഗുകള്‍ കൂടുതല്‍ പ്രബലരാവുകയാണ്’; ഷിബിലി പറയുന്നു.

മുപ്പതോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ ഗ്യാംഗുകള്‍ കല്ലടി എംഇഎസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു. മൂന്നാംവര്‍ഷക്കാരായ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരിക്കും ഗ്യാംഗുകള്‍ പ്രവര്‍ത്തിക്കുക. അവര്‍ പോകുമ്പോള്‍ പകരം അടുത്ത മൂന്നാംവര്‍ഷക്കാര്‍ ഗ്യാംഗുകളുമായി വരും. ഒന്നാംവര്‍ഷക്കാരായി വരുന്ന കുട്ടികളെ ഈ ഗ്യാംഗുകള്‍ പലതും പറഞ്ഞ് തങ്ങളുടെ കൂട്ടത്തില്‍ചേര്‍ക്കും. എതിര്‍ക്കുന്നവരെ മര്‍ദ്ദിക്കും. വിദ്യാര്‍ത്ഥി സംഘടനകളെ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നതുകൊണ്ട് തങ്ങളുടെ കൂടെ ചേര്‍ന്നില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും അടിച്ചുപൊളിക്കാനും ആഘോഷിക്കാനുമൊക്കെ ഗ്യാംഗുകളുടെ ഭാഗമായാല്‍ മാത്രമെ കഴിയൂ എന്നൊക്കെയുള്ള വാഗ്ദാനങ്ങളും ഉപദേശങ്ങളുമൊക്കെയാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്. ഇതുകേട്ട് കുട്ടികള്‍ അവര്‍ക്കൊപ്പം പോകും. പക്ഷേ, ഇത്തരം ഗ്രൂപ്പുകള്‍ അരാജകത്വത്തിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്. അവിടെയാണ് പ്രശ്‌നം. മാനേജ്‌മെന്റിന് ഇക്കാര്യങ്ങളൊന്നും അറിയാത്തതുകൊണ്ടല്ല, അവര്‍ മൗനം പാലിക്കുകയാണ്. കാരണം, അവരെ സംബന്ധിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതാവുക മാത്രമാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ ഗ്യാംഗകളായി മാറിയാല്‍ അവര്‍ പിന്നെ സംഘടനകള്‍ക്കൊപ്പം രാഷ്ട്രീയം പറയാനോ കൊടിപിടിക്കാനോ മുദ്രാവാക്യം വിളിക്കാനോ വരില്ലെന്ന് മാനേജ്‌മെന്റിന് അറിയാം. അതുകൊണ്ടവര്‍ ഇത്തരം ഗ്യാംഗുകളെ വളര്‍ത്തും; എംഎസ്എഫ് നേതാക്കള്‍ പറയുന്നു.

അതേസമയം മുഹമ്മദ് ദിര്‍ഷാദ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ എംഎസ്എഫ് തന്നെയാണ് പ്രതിസ്ഥാനത്ത് എന്നാണ് എസ്എഫ്‌ഐയുടെ വാദം. കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാംഗുകളുടെയെല്ലാം നേതാക്കന്മാരായിട്ടുള്ളത് എംഎസ്എഫ് യൂണിറ്റ് ഭാരവാഹികളാണെന്നാണ് എസ്എഫ് ഐ ആരോപിക്കുന്നത്. ഊക്കന്‍സ് എന്ന ഗ്യാംഗിലെ ഒരാള്‍ ധരിച്ചിരുന്ന അതേ കളര്‍ ഷര്‍ട്ട് ധരിച്ചു വന്നു എന്ന കുറ്റത്തിനാണ് മുഹമ്മദ് ദില്‍ഷാദിനെ ആക്രമിക്കുന്നത്. ഷര്‍ട്ട് മാറ്റാന്‍ ദില്‍ഷാദിനോട് പറയുകയും അതേ തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും ചെയ്തതിനു പിന്നാലെയാണ് ദില്‍ഷാദിനെ അവര്‍ ആക്രമിക്കുന്നത്. മറ്റൊരു കോളേജില്‍ പഠിച്ചിരുന്ന ദില്‍ഷാദ് തന്റെ കായിക ഭാവിക്ക് കൂടുതല്‍ പ്രോത്സാഹനം ഇവിടെ നിന്നും കിട്ടുമെന്നു കരുതിയാണ് കല്ലടി എംഇഎസ്സിലേക്ക് വരുന്നത്. വുഷുവില്‍ ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ ആയിരുന്നു ദില്‍ഷാദ് ആഗ്രഹിച്ചത്. ഇവിടെ അതിനുള്ള പ്രോത്സാഹനം കിട്ടുകയും ചെയ്യുന്നിടമാണ്. എന്നാല്‍ തന്റെ കായിക ഭാവി തന്നെ ഇല്ലാതാക്കുന്ന മര്‍ദ്ദനത്തിനാണ് ദില്‍ഷാദ് ഇരയായത്. ഈ മാസം 20,21 തീയതികളില്‍ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കവെയാണ് അക്രമം നേരിട്ടത്. ഇയര്‍ബാലന്‍സ് ശരിയാവത്തതുകൊണ്ട് ദില്‍ഷാദിന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. എംഎസ്എഫ് മറുപടി പറയേണ്ട വിഷയമാണിത്. പ്രതികള്‍ എംഎസ്എഫുമായും മുസ്ലിം ലീഗുമായും ബന്ധമുള്ളവരാണ്. മാത്രമല്ല, അവിടെ നടന്നിരിക്കുന്നത് റാഗിംഗ് ആണ്. എന്നാല്‍ പൊലീസ് ഐപിസി 325 പ്രകാരം മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. അടിയും വഴക്കും ഉണ്ടാക്കുന്നതിന് കേസ് എടുക്കുന്ന വകുപ്പ്. സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന കുറ്റമേയുള്ളൂ. റാഗിംഗ് ആക്ട് പ്രകാരം കേസ് എടുത്തിട്ടില്ല. ഇതിനെതിരേ എഎസ്എഫ് രംഗത്തിറങ്ങിയിട്ടുണ്ട്. എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്; എസ് എഫ് ഐ നേതാവ് ദിനനാഥ് പറയുന്നു.

എന്നാല്‍ കല്ലടി എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് റാഗിംഗ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ടെന്നാണ് മണ്ണാര്‍കാട് പൊലീസ് പറയുന്നത്.

കല്ലടി എംഇഎസില്‍ വിദ്യാര്‍ത്ഥി ഗ്യാംഗുകളെ മാനേജ്‌മെന്‍റ് പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെ തള്ളിക്കളഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനകളെ കുറ്റപ്പെടുത്തുകയാണ് പ്രിന്‍സിപ്പല്‍ ഒ പി സലാഹുദ്ദീന്‍. കാമ്പസില്‍ ഗ്യാംഗുകള്‍ ഉണ്ടാക്കിയതും അതിന്റെ നേതൃസ്ഥാനങ്ങള്‍ വഹിച്ചതും തനിക്കും മാനേജ്‌മെന്റിനും എതിരേ ആരോപണം ഉയര്‍ത്തുന്ന അതേ വിദ്യാര്‍ത്ഥി സംഘടനകളില്‍ ഉണ്ടായിരുന്നുവരാണെന്നാണ് സലാഹുദ്ദീന്‍ പറയുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരേ നില്‍ക്കുന്നുവെന്നത് ശരിയാണെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം കാമ്പസുകളില്‍ ആവശ്യമില്ലാത്തതാണെന്ന നിലപാടാണ് തനിക്കുള്ളതെന്നും കൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ഒ പി സലാഹുദ്ദീന്‍റെ വാക്കുകള്‍;

‘കാമ്പസുകള്‍ രാഷ്ട്രീയവത്കരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാനേജ്‌മെന്റിനും പ്രിന്‍സിപ്പിലിനുമെതിരേ ആരോപണം ഉയര്‍ത്തുന്നത്. ഇപ്പോള്‍ നടന്ന സംഭവം അതിനവര്‍ ഉപയോഗപ്പെടുത്താനാണ് നോക്കുന്നത്. കല്ലടി എംഇഎസ്സില്‍ മാത്രമല്ല, വിദ്യാര്‍ത്ഥി ഗ്യാംഗുകള്‍ കേരളത്തിലെ പല കാമ്പസുകളിലും ഉണ്ട്. ഇത്തരം ഗ്യാംഗുകളെ കോളേജ് മാനേജ്‌മെന്റുകളാണ് പ്രോത്സാഹിപ്പിക്കുന്നതെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. കല്ലടി എംഇഎസില്‍ ഒരിക്കലും ഗ്യാംഗുകളെ പ്രോത്സാഹിപ്പിക്കാന്‍ മാനേജ്‌മെന്റോ പ്രിന്‍സിപ്പലായ ഞാനോ ശ്രമിച്ചിട്ടില്ല. എന്നുമാത്രല്ല ഇത്തരം ഗ്യാംഗുകളെ ഇല്ലാതാക്കാനെ ശ്രമിച്ചിട്ടുള്ളൂ. ഗ്യാംഗുകളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ തെറ്റ് കാണിച്ചാല്‍ ഉടനടി നടപടിയെടുക്കാനാണ് ഞങ്ങള്‍ എപ്പോഴും തയ്യാറായിട്ടുള്ളത്. അതിന്റെ തെളിവുകള്‍ എന്റെ കൈവശമുണ്ട്. ഗ്യാംഗുകളെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് രണ്ടു വര്‍ഷം മുമ്പ് കാമ്പസില്‍ പൂര്‍ണമായ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിച്ചത് തന്നെ. മറ്റ് കലാലയങ്ങളില്‍ നടക്കുന്നതുപോലെ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തി. എംഎസ്ഫും എസ് എഫ് ഐയും കെഎസ് യുവും എല്ലാം മത്സരിക്കുകയും പ്രചാരണം നടത്തുകയുമൊക്കെ ചെയ്തു. അക്കൊല്ലം എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് ഭരണത്തില്‍ വന്നത്.

എന്നാല്‍ ഇതേ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തന്നെ കാമ്പസിനകത്ത് ഗ്യാംഗുകളെ മുന്നോട്ടുകൊണ്ടു പോവുകയാണ് തുടര്‍ന്നും ചെയ്തത്. എസ്എഫ്‌ഐയിലും കെഎസ്‌യുവിലും എംഎസ്എഫിലും എഐഎഎസ്എഫിലും ഉള്ളവര്‍ തന്നെയായിരുന്നു അന്നാ കാമ്പസില്‍ ഏറ്റവും ശക്തമായി നിന്നിരുന്ന ‘ഹുങ്കന്‍സ്’ എന്ന ഗ്യാംഗിലെ പ്രധാനികള്‍. ഇവരുടെ പല ചെയ്തികളും അതിരു കടന്നതോടെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങയത്. ഹുങ്കന്‍സ് ഗ്യാംഗിലെ പല വിദ്യാര്‍ത്ഥികളെയും പല കേസുകളിലായി പിടികൂടുകയും അവരെ കോളേജില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കോളേജിനകത്ത് നടക്കുന്ന അടപിടികള്‍ പുറത്ത് സെറ്റില്‍ ചെയ്യുന്ന പരിപാടി സംഘടനകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോളേജിനുള്ളില്‍ നടന്ന പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പിലിനും മാനേജ്‌മെന്റിനും അച്ചടക്ക കമ്മിറ്റിക്കും ബോധ്യപ്പെട്ടാല്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തുടങ്ങി. ഏതാനും വിദ്യാര്‍ത്ഥികളെ അത്തരം നടപടികളുടെ പേരില്‍ പുറത്താക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ സമരത്തിന് ആസൂത്രണം നടത്തുകയായിരുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു സമരാഹ്വാനം. ഹുങ്കന്‍സിലെ ആളുകളെയാണ് പുറത്താക്കുന്നതെന്നും അങ്ങനെ വന്നാല്‍ നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതെയാകും ഹുങ്കന്‍സില്‍ ആളുകള്‍ കുറയുമെന്നൊക്കെയായിരുന്നു വിദ്യാര്‍ത്ഥികളോട് സമരത്തിനുള്ള കാരണങ്ങളായി പറഞ്ഞിരുന്നത്. സമരം നടത്തി അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു നോട്ടീസ് പോലും നല്‍കാതെയാണ് സമരം തുടങ്ങിയത്. എന്ത് ആവശ്യത്തിന്റെ പേരിലാണ് സമരം നടത്തുന്നതെന്നു വിശദീകരിക്കാനോ, സമരത്തിനു മുമ്പ് ചര്‍ച്ച ആവിശ്യപ്പെടാനോ ഒന്നും നില്‍ക്കാതെയാണ് പൊടുന്നനെയുള്ള സമരം.

ഇത്തരം സമരങ്ങളെ ശക്തമായി നേരിടാന്‍ തന്നെയായിരുന്നു മാനേജമെന്റിന്റെ തീരുമാനം. ഒരു വെള്ളിയാഴ്ച്ചയായിരുന്നു സമരം അടുത്ത ദിവസങ്ങള്‍ ശനിയും ഞായറുമാണ്.തിങ്കളാഴ്ച്ച ക്ലാസുകള്‍ നടക്കുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ തിങ്കളാഴ്ച്ച വീണ്ടും സമരം. അതെന്തിനാണെന്നു ചോദിച്ചപ്പോള്‍, പ്രിന്‍സിപ്പല്‍ കാരണം ബോധിപ്പിക്കണം എന്ന വിചിത്രമായ ആവശ്യമായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. അല്ലാത്ത പക്ഷം അവര്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന വെല്ലുവിളിയും. ആരൊക്കെയാണ് ഈ വിദ്യാര്‍ത്ഥികള്‍ എന്നു ഞാന്‍ ചോദിച്ചു. അവരപ്പോള്‍ എസ് എഫ് ഐ, എംഎസ്എഫ്, കെഎസ് യു, ഫ്രറ്റേണിറ്റി, എ ഐ എസ് എഫ് സംഘടനകളില്‍ നിന്നുള്ള അഞ്ചുപേരുടെ പേര് എഴുതി ഒപ്പിട്ട് നല്‍കി. ഒരു കാരണവും ഇല്ലാതെ ക്ലാസ് മുടിക്കുകയും വനിത അധ്യാപകരെ ക്ലാസില്‍ കയറി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുകയും കോളേജില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതിന്റെ പേരില്‍ അഞ്ച് സംഘടനകളില്‍ നിന്നുമുള്ള അഞ്ചുപേരെ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലേക്ക് വിദ്യാര്‍ത്ഥികളെത്തി. സമരം ചെയ്തവര്‍ക്കെതിരേ നടപടി പാടില്ല എന്നതായിരുന്നു അവരുടെ ഉപാധി. അതെനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും അന്വേഷണ കമ്മിഷനെ വച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് വരട്ടെയെന്നും ഞാന്‍ പറഞ്ഞു. കോളേജില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് പിഴയായി അയ്യായിരം രൂപ ഫൈന്‍ അടച്ചാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇതേ തുടര്‍ന്ന് എംഎസ്എഫ്, കെഎസ്‌യു, ഫ്രറ്റേണിറ്റി എന്നീ സംഘടനകളില്‍ ഉള്ളവര്‍ ഫൈന്‍ അടച്ചു. എന്നാല്‍ എസ് എഫ് ഐയും എ ഐ എസ് എഫും ഫൈന്‍ അടയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എസ് എഫ് ഐ ആ സമരം ഏറ്റെടുക്കുകയും ചെയ്തു. എസ് എഫ് ഐയുടെ സമരത്തിന് ഡിവൈഎഫ് ഐയും സിപിഎമ്മുമെല്ലാം പിന്തുണയും കൊടുത്തതോടെ സമരം ശക്തമായി. എന്നെ പുറത്തിറങ്ങാന്‍ അനുവദിക്കാതെയൊക്കെ നോക്കി.

വിദ്യാര്‍ത്ഥി രാഷ്ട്രീയം ഗുണകരമായ ഒന്നല്ല. അതുകൊണ്ട് തന്നെ അത് കാമ്പസിനകത്ത് അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്ത കോളേജുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കുന്നില്ല, മികച്ച കോളേജുകളെന്നു പറയുന്നത് ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള കോളേജുകളെക്കുറിച്ച് പറയുന്നതിനു കാരണവും അതാണ്. സമരം നടത്തി പഠിപ്പ് മുടക്കിയതുകൊണ്ട് എന്തെങ്കിലും നേടിയിട്ടുണ്ടോ? ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനെയും പോലെ ഒന്നോ രണ്ടോ നേതാക്കന്മാരൊഴിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം പറഞ്ഞ് നടന്ന എത്ര പേര്‍ വലിയ നേതാക്കളായിട്ടുണ്ട്? ഇതെല്ലാം കൊണ്ടാണ് കാമ്പസുകളില്‍ രാഷ്ട്രീയം വേണ്ട എന്ന നിലപാട് ഞങ്ങള്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ ഇവിടെ നടന്ന അക്രമം ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ നടത്തിയതല്ല. അത്തരം അക്രമങ്ങള്‍ നടക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഒരു സൈക്കിക് പ്രശ്‌നമാണ്. അത് മാറ്റാന്‍ സര്‍ക്കാരന്റെ ശക്തമായ ഇടപെടലാണ് ആവശ്യം. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നതൊക്കെ എല്ലാവരും കണ്ടതാണല്ലോ!’

Read More: ആറു മാസം പോലും ഓടില്ല എന്ന് വിധി എഴുതി; ‘അടുക്കളയില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന കുട്ടികളെ’ വെച്ച് നിരത്തിലിറങ്ങിയ തൃശൂരിലെ വനിത ബസ്സിന് 20 വയസ്

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍