UPDATES

കുടുംബശ്രീയില്‍പ്പോലും അവര്‍ക്ക് ജാതിവിലക്കാണ്; പുരോഗമന കേരളം അറിയുന്നുണ്ടോ?

കുടുംബത്തിന് നേരെ കഴിഞ്ഞ ആഴ്ച നടന്നത് രണ്ട് ആക്രമണം; മൌനം പാലിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍

ദീഷ്‌ണ സി.

ദീഷ്‌ണ സി.

“പ്രണയിച്ചു വിവാഹം ചെയ്തു എന്ന കാരണത്താലാണ് കഴിഞ്ഞ ആറുവർഷമായി ഞങ്ങൾ ആക്രമിക്കപ്പെടുന്നത്. ശാരീരികമായും മാനസികമായും മുറിപ്പെടുത്തിയും, സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തിയും, ഊരുവിലക്ക് അടിച്ചേല്പിച്ചും ജാതിരാഷ്ട്രീയം ഞങ്ങളെ വിടാതെ പിന്തുടരുകയാണ്. ഈ ആഴ്ച്ച ഇത് രണ്ടാം തവണയാണ് മർദ്ദനമേറ്റ് ആശുപത്രിയിൽ കിടക്കേണ്ടിവരുന്നത്. ഭാഗ്യം കൊണ്ടുമാത്രമാണ് കഴിഞ്ഞദിവസം ജീവനോടെ രക്ഷപ്പെടാൻ സാധിച്ചത്. വർഷങ്ങൾക്ക് മുൻപ് നടന്ന പ്രണയവിവാഹത്തെ ചൊല്ലി ഇന്നും സമുദായനേതാക്കൾ ഏകാധിപതികളെപ്പോലെ പെരുമാറുമ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലുള്ള ഞാനും കുടുംബവും എങ്ങനെയാണ് തുടർന്ന് ജീവിക്കുന്നത്? ഇത്രയധികം വിഷമങ്ങൾ സഹിക്കാൻ മാത്രം ഞങ്ങൾ ചെയ്ത തെറ്റെന്തായിരുന്നു?”

സാക്ഷര, പുരോഗമന കേരളത്തിലെ ഒരു യുവാവാണ് ആശുപത്രി കിടക്കയിൽ വച്ച് ഇങ്ങനെ  ചോദിക്കുന്നത്. വയനാട് മാനന്തവാടി എരുമത്തെരുവ് സ്വദേശി അരുണും കുടുംബവുമാണ് സാമുദായിക വിലക്കുകളിലകപ്പെട്ട്, സാമൂഹ്യജീവിതം തടയപ്പെട്ട് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് മാധ്യമ വാര്‍ത്തകളിലൂടെ പൊതുസമൂഹത്തിന് മുന്‍പില്‍ എത്തിയതിന് ശേഷവും ജാതി വിലക്ക് കൂടുതല്‍ ആക്രമണോത്സുകമായി തുടരുന്നു എന്നതിന്റെ തെളിവാണ് ഇവര്‍ക്ക് നേരെ ഉണ്ടായ ആക്രമണവും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലും നേരിടുന്ന വിലക്കും.

അരുണും ഭാര്യ സുകന്യയും യാദവ സമുദായത്തില്‍ വ്യത്യസ്ഥ ഗോത്രങ്ങളില്‍ ഉൾപ്പെടുന്നവരാണ് എന്നു പറഞ്ഞുകൊണ്ടാണ് സമുദായത്തിന്റെ ഭ്രഷ്ടും ഊരുവിലക്കും കഴിഞ്ഞ ആറുവർഷമായി ഈ ദമ്പതികൾ അനുഭവിച്ചു വരുന്നത്. ഇപ്പോൾ വധഭീഷണിയും മർദ്ദനവും. പ്രണയിച്ചു വിവാഹം ചെയ്തു എന്ന ഒറ്റക്കാരണത്താലാണ് അരുൺ ഇന്ന് ആശുപത്രിക്കിടക്കയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരുണിന് നേരെ ആദ്യ അക്രമമുണ്ടാകുന്നത്. യാദവസമുദായത്തില്‍പ്പെട്ട തിരിച്ചറിയാവുന്ന കുറച്ചുപേർ സംഘം ചേർന്നായിരുന്നു തങ്ങളെ ആക്രമിച്ചതെന്ന് അരുണ്‍ പറഞ്ഞു. അരുണിന്റെ ഭാര്യാ പിതാവും സുഹൃത്തും കുടുംബത്തിന് സഹായങ്ങൾ ചെയ്യുന്ന അസീസ് എന്ന വ്യക്തിയും അരുണിനൊപ്പം ആക്രമിക്കപ്പെട്ടു. ചൊവ്വാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച്ച ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും വെള്ളിയാഴ്ച്ച വീണ്ടും ആക്രമിക്കപ്പെടുകയുമായിരുന്നു. നൂറിലധികം പേർ ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്നും സമുദായത്തിൽപ്പെട്ട ഇവരിൽ ചിലരെയെങ്കിലും നന്നായി പരിചയമുണ്ടെന്നും അരുൺ പറയുന്നു.

“ഞാനും കുടുംബവും അനുഭവിക്കുന്ന സാമുദായിക ഭ്രഷ്ടിനും ഊരുവിലക്കിനുമെതിരെയുള്ള ഞങ്ങളുടെ വാദം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒഫീഷ്യൽ റിപ്പോർട്ട് അന്വേഷണ വിധേയമായി സബ് കളക്ടർ പ്രസിദ്ധീകരിച്ചതും നിരന്തര പീഡനങ്ങൾ ചൂണ്ടിക്കാട്ടി സമുദായതിനെതിരെ ഞങ്ങൾ പരാതി നൽകിയതുമാവാം അവരെ ചൊടിപ്പിച്ചത്. കുട്ടികളടക്കം വരുന്ന നൂറിലധികം പേർ ചേർന്ന വലിയ സംഘമാണ് വെള്ളിയാഴ്ച്ച ഞങ്ങളെ ആക്രമിച്ചത്. ഇതേ വിഭാഗത്തിന്റെ ആക്രമണം കൊണ്ടുതന്നെ പരിക്കേറ്റ് ചികിത്സ കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് വീണ്ടും ആക്രമിക്കപ്പെടുന്നത്. എനിക്കൊപ്പം എന്റെ സുഹൃത്തിനും ഭാര്യാപിതാവിനും മർദനമേറ്റു. ശരീരമാസകലം അടിച്ചും തൊഴിച്ചും മുറിവേല്പിച്ചു. തുടർന്ന് ഞങ്ങളെ അടിച്ചോടിക്കുകയാണുണ്ടായത്. തൊട്ടടുത്ത ടൗൺ വരെ നിർത്താതെ ഓടേണ്ടിവന്നു. ഒടുക്കം, അവിടുത്തെ നാട്ടുകാർ ചേർന്നാണ് ഞങ്ങളെ ആശുപത്രിയിലെത്തിക്കുന്നത്. മർദ്ദനമേറ്റ ശേഷം എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് മരണത്തിൽനിന്നും രക്ഷപെട്ടത്. സാക്ഷര കേരളത്തിൽ ഇന്ന് ജാതിയുടെ പേരിൽ ഇത്തരം ക്രൂരകൃത്യങ്ങൾ നടക്കുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവർ എത്രപേരുണ്ടാകും? നിരവധി തവണ പരാതി നൽകിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പല രാഷ്ട്രീയ നേതാക്കളെയും സമീപിച്ചെങ്കിലും യാദവ സമുദായത്തിലെ ഭൂരിപക്ഷ ജനവിഭാഗങ്ങളും ഞങ്ങൾക്കെതിരായതിനാൽ വോട്ടുബാങ്ക് കുറയുമെന്ന ഭയത്താൽ അവരും കയ്യൊഴിയുകയാണ്. ഭീഷണിപ്പെടുത്തലുകൾ നിരവധി തവണ നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിനായി ഇനി ആരെയാണ് ഞങ്ങൾ ആശ്രയിക്കേണ്ടത്? ഒരു ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള എന്റെ അവകാശം നിഷേധിക്കുന്ന സാമുദായിക ശക്തികൾക്കെതിരെ നടപടിയെടുക്കാൻ ഒരു നിയമം പോലും മുന്നോട്ട് വരുന്നില്ല എന്നത് സമുദായത്തിന് അധികാരികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.” അരുൺ പ്രതികരിക്കുന്നു.

ജാതി വിലക്കിന്റെ കേരളം; പ്രണയവിവാഹം കഴിച്ച ഇവര്‍ അഞ്ചു വര്‍ഷമായി ‘കുലംകുത്തി’കള്‍

2012ലാണ് അരുണും സുകന്യയും വിവാഹിതരാകുന്നത്. പ്രണയവിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങളിൽ എതിർപ്പുകൾ ഉണ്ടായിരുന്നില്ലെങ്കിലും, സമുദായത്തിൽ നിന്നും ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു. സുകന്യയുടെ അച്ഛന്‍ ഗോവിന്ദരാജ് സാമ്പത്തികമായി അത്യാവശ്യം ഉയര്‍ന്ന നിലയിലുള്ള ആളായിരുന്നു. രണ്ടു പേരും യാദവ സമുദായത്തില്‍ പെട്ടവരാണെങ്കിലും സാമ്പത്തികമായ വ്യത്യാസം തന്നെയായിരുന്നു പ്രധാന പ്രശ്നം. പ്ലസ്ടു വരെ പഠിച്ചിട്ടുള്ള അരുണ്‍ ഡ്രൈവര്‍ ജോലിയായിരുന്നു ചെയ്തിരുന്നത്.

അരുണിനും സുകന്യയ്ക്കും ഭ്രഷ്ടും ഊരുവിലക്കും യാദവ സമുദായം ഏർപ്പെടുത്തി. കല്യാണമോ ചോറൂണോ മരണമോ തുടങ്ങി പിന്നീട് കുടുംബത്തിലുണ്ടായ ഒരു ചടങ്ങിനും പങ്കെടുക്കാൻ ഇരുവർക്കും അനുമതി ലഭിച്ചിരുന്നില്ല. സുകന്യയുടെ പ്രസവത്തിന് സഹായം ചെയ്യാൻ പോലും ആരും ഒപ്പമുണ്ടായിരുന്നില്ല. ഭ്രഷ്ടിനൊപ്പം നിരവധി കുപ്രചരണങ്ങളും ഈ കുടുംബത്തെത്തേടിയെത്തി. സുകന്യക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ പോലും സാമുദായിക നേതാക്കൾ ഉന്നയിച്ചു. പ്രധാനമന്ത്രിയടക്കം നിരവധി ഉന്നതർക്ക് പരാതി നൽകിയിരുന്നെങ്കിലും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സമുദായ ശക്തിക്കെതിരെ ആരും നടപടി സ്വീകരിക്കുന്നില്ലെന്ന് സുകന്യ പരാതിപ്പെടുന്നു. കുടുംബശ്രീയിൽ പോലും വിലക്കേർപ്പെടുത്തപ്പെട്ട ഈ യുവതി ഓരോ നിമിഷവും അപമാനിതയായും ഭയപ്പെട്ടും നിൽക്കേണ്ടി വരുന്ന ജീവിതാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു;

ജാതി സമ്പ്രദായമെന്ന മഹാവിപത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഞങ്ങൾ. പ്രണയവിവാഹത്തിന്റെ പേരിലാണ് വർഷങ്ങളായി ശാരീരികമായും മാനസികമായും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. വിവാഹത്തിന് ശേഷം കുടുംബത്തിലെ ഒരു ചടങ്ങിനും പങ്കെടുക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല. ഞങ്ങൾ ഏതെങ്കിലും പരിപാടിയിൽ പങ്കെടുത്താൽ അതെല്ലാം അവർ മുടക്കിയിരുന്നു.അതിനാൽത്തന്നെ സമുദായത്തെ ഭയന്ന് മംഗളകർമങ്ങൾക്കും ചടങ്ങുകൾക്കും ബന്ധുക്കൾ ഞങ്ങളെ ക്ഷണിക്കാറില്ല. തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞങ്ങളുടെ വിവാഹാനന്തര ജീവിതം. എന്റെ പ്രസവത്തിനു പോലും ആരുടെയും സഹായം ലഭിക്കാതെ ഭർത്താവും ഞാനും മാത്രമാണ് എല്ലാം ചെയ്തുതീർത്തത്. എന്റെ അമ്മയ്ക്ക് കുഞ്ഞിനെക്കാണാൻ ഒളിച്ചും പതുങ്ങിയും വരേണ്ട അവസ്ഥയായിരുന്നു. ഞങ്ങൾ കുലംകുത്തികളാണെന്ന് പ്രസ്താവിച്ചുകൊണ്ട് അവർ നോട്ടീസ് അടിച്ചിറക്കുന്നത് അതിനുശേഷമാണ്. നിരന്തര പ്രശ്നങ്ങൾ സഹിക്കവയ്യാതെ പ്രധാനമന്ത്രിക്കും മാനന്തവാടി ഡിവൈഎസ്പിക്കും ഞങ്ങൾ പരാതി നൽകി. പ്രധാനമന്ത്രിക്ക് നൽകിയ പരാതി വഴിയാണ് യാദവ സമുദായത്തിന്റെ ഈ മുഖം പുറം ലോകം തിരിച്ചറിയുന്നത്. ചാനൽ ചർച്ചകളിലെല്ലാം ‘ഗർഭിണിയായ ശേഷം വിവാഹിതയായ’ വ്യക്തിയായാണ് സുകന്യയെന്നു തുടങ്ങിയ ലൈംഗികാരോപണങ്ങൾ വരെ നേതാക്കൾ ഉന്നയിച്ചു.

മതമില്ലാത്ത ജീവനുകളെ ചൊല്ലി വിജൃംഭിക്കുന്നവരേ, ‘ലജ്ജിക്കുക സാക്ഷര കേരളമേ’ എന്നു നെഞ്ചുകീറി പറയുന്ന ഈ പെണ്‍കുട്ടിയെ കേള്‍ക്കൂ…

കുടുംബശ്രീ എന്നത് ഒരു സാധാരണ വീട്ടമ്മയ്ക്ക് ഒരുപാട് സഹായങ്ങൾ നൽകുന്ന ഒരു സേവനമാണ്. അവിടെപ്പോലും ഇന്നെനിക്ക് വിലക്കുകളാണ്. ഞാൻ അംഗമായിരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് പലരും സംയുക്തമായി തീരുമാനിച്ച് കുടുംബശ്രീ പിരിച്ചുവിട്ടതും, ഞാൻ അംഗമല്ലാത്ത പുതിയ കുടുംബശ്രീ രൂപീകരിച്ചതും. സാമ്പത്തിക സഹായം ലഭിക്കുന്നില്ല എന്നതിനപ്പുറം ഈയൊരു സംഭവം എനിക്ക് ഒരുപാട് മാനസിക പ്രയാസങ്ങൾ ഉണ്ടാക്കി. ഞങ്ങളെ സഹായിക്കാൻ ആരും മുന്നോട്ടു വരാത്തതും ഇത്തരം കാരണങ്ങളാലാണ്. ആരെല്ലാം സഹായിക്കുന്നോ, അവർക്കെല്ലാം ഭീഷണികളും ഭ്രഷ്ടുകളുമാണ്. അസീസ് എന്ന അച്ഛന്റെ സുഹൃത്ത് ഞങ്ങൾക്ക് ചെയ്തുതന്ന സഹായത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ച അവസ്ഥ വരെയുണ്ടായി. ഈ ആഴ്ച്ച രണ്ടുതവണയായി ഭർത്താവിനും അച്ഛനും സുഹൃത്തുക്കൾക്കും മർദ്ദനമേൽക്കേണ്ടി വരുന്നു. അധികാരികളുടെ മൗനം സമുദായത്തിന്റെ പ്രലോഭനങ്ങൾക്കടിമപ്പെടുന്നതിന്റെ തെളിവാണ്. സ്വതന്ത്രമായി ജീവിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരനുമുള്ള അവകാശമാണ്. ഒരു ജാതിക്കും അതിൽ കൈകടത്താനുള്ള സ്വാതന്ത്ര്യമില്ല. ഞങ്ങൾക്ക് നീതി ഉറപ്പുവരുത്തേണ്ടത് ഭരണകൂടവും അധികരികളുമാണ്. പ്രതീക്ഷയോടെ മുന്നോട്ടുതന്നെ…”

ആന്ധ്രയില്‍ നിന്നുള്ളവാരാണ് യാദവ വിഭാഗം. കുലത്തൊഴില്‍ പശു/എരുമ കറവയാണ്. മാനന്തവാടിയില്‍ യാദവ സമുദായം താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത് തന്നെ എരുമത്തെരു എന്നാണ്. ബ്രിട്ടീഷുകാരുടെ കൂടെ കറവക്കാരായി മാനന്തവാടിയില്‍ എത്തിയതാണ് ഇവര്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നത്. മലബാറില്‍ കണ്ണൂര്‍ കൂത്തുപറമ്പ്, താഴെ ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലും ഈ സമുദായം ഉണ്ട്.

അരുണും സുഹൃത്തുക്കളും ആക്രമിക്കപ്പെട്ട കേസ് രജിസ്റ്റർ ചെയ്‌തെന്നും, വരും ദിവസങ്ങളിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും മാനന്തവാടി പോലീസ് അറിയിച്ചു.

ദുരഭിമാന കൊല, ആള്‍ക്കൂട്ട കൊല, ഖാപ് പഞ്ചായത്തുകള്‍; കേരളം മറ്റൊന്നല്ല

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍