UPDATES

ട്രെന്‍ഡിങ്ങ്

ചങ്ങനാശ്ശേരി ആത്മഹത്യ: മൃതദേഹത്തില്‍ പരിക്കില്ല, മാനസിക പീഡനം നടന്നിട്ടുണ്ടോ എന്നു അന്വേഷിക്കും

മരിച്ച സുനില്‍കുമാറിന്റെ മൃതദേഹമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രേഷ്മയുടെ മൃതദേഹം ബന്ധുക്കളെത്തിയതിന് ശേഷമേ പരിശോധിക്കുകയുള്ളൂ

ചങ്ങനാശേരിയില്‍ പോലീസ് ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സുനില്‍കുമാറിന്റെ മൃതദേഹത്തില്‍ പരിക്കില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഇടിവോ ചതവോ ഏറ്റതിന്റെ പാടുകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ദമ്പതികള്‍ ആത്മഹത്യചെയ്തത് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിലും പോലീസ് മര്‍ദ്ദിച്ചതായി പറയുന്നുണ്ട്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ആന്തരാവയവങ്ങള്‍ക്ക് പരിക്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനാവൂ.

മരിച്ച സുനില്‍കുമാറിന്റെ മൃതദേഹമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രേഷ്മയുടെ മൃതദേഹം ബന്ധുക്കളെത്തിയതിന് ശേഷമേ പരിശോധിക്കുകയുള്ളൂ. ശരീരത്തിന് പുറത്ത് പരിക്കുകള്‍ കാണാത്തത് പോലീസിന് ഒരു പരിധിവരെ ആശ്വാസമാണ്. എന്നാല്‍ മരിച്ച ദമ്പതികളെ പോലീസ് മാനസികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് തന്റെ സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ നിന്ന് സ്വര്‍ണം കളവുപോയെന്ന് കാണിച്ച് ചങ്ങനാശേരി നഗരസഭാ അംഗം കൂടിയായ സജികുമാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. വര്‍ഷങ്ങളായി സജികുമാറിന്റെ സ്ഥാപനത്തില്‍ ജോലി നോക്കുന്ന സുനില്‍കുമാറിനേയും ഭാര്യ രേഷ്മയേയും സംശയത്തിലുള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് ഇരുവരേയും ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതലുള്ള ചോദ്യം ചെയ്യല്‍ രാത്രി ഒമ്പത് മണിയോടെയാണ് അവസാനിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണമോ അതിന് തുല്യമായ പണമോ സജികുമാറിന് നല്‍കാമെന്ന് ഇരുവരും സമ്മതിച്ചതായി പോലീസ് പറയുന്നു. എന്നാല്‍ സമയം ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ വിസമ്മതിച്ച് പോലീസ് ഇരുവരെയും മര്‍ദ്ദിച്ച് അതിന് സമ്മതിപ്പിച്ചതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സജികുമാറിന്റെ ആഭരണനിര്‍മ്മാണശാലയില്‍ നിന്ന് പലപ്പോഴായി 400ഗ്രാമിലധികം സ്വര്‍ണം സുനില്‍കുമാര്‍ എടുത്തിരുന്നതായി ഇരുവരും സമ്മതിച്ചിരുന്നതായാണ് ചങ്ങനാശേരി എസ്‌ഐ ഷമീര്‍ഖാന്‍ പറയുന്നത്. ’33പവന്‍ സ്വര്‍ണത്തിന്റെ വിലയായ എട്ടുലക്ഷം രൂപ വ്യാഴാഴ്ച സജികുമാറിന് നല്‍കാമെന്ന് എഴുതി ഒപ്പിട്ട് നല്‍കി. ചോദ്യം ചെയ്യുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. അതില്‍ നിന്ന് എല്ലാം വ്യക്തമാവും. വീട്ടില്‍ പോവാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെയാണ് 100രൂപ സുനില്‍കുമാറിന് നല്‍കി പറഞ്ഞയച്ചത്’ എസ്‌ഐ പറയുന്നു. ദമ്പതികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് എസ്‌ഐയെ കോട്ടയം എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഇതിനിടെ ആത്മഹത്യാക്കുറിപ്പില്‍ സജികുമാറാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദി എന്ന് ഇവര്‍ എഴുതിയിട്ടുണ്ട്. 100 ഗ്രാം സ്വര്‍ണം സുനില്‍കുമാര്‍ പലതവണയായി ആഭരണശാലയില്‍ നിന്ന് എടുത്തിട്ടുണ്ടെന്ന് ആത്മഹത്യാകുറിപ്പില്‍ കത്തെഴുതിയ രേഷ്മ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ ബാക്കി സ്വര്‍ണം വീട് വക്കുന്നതിനും മറ്റുമായി സജികുമാര്‍ തന്നെ വിറ്റിട്ട് തങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്തുകയാണെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ സജികുമാര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ‘മോഷണത്തെക്കുറിച്ച് രണ്ടാഴ്ച മുമ്പെ ഊമക്കത്ത് കിട്ടിയിരുന്നു. സുനില്‍കുമാര്‍ സ്വര്‍ണം മറിച്ച് വില്‍ക്കുന്നതായി കത്തില്‍ വിവരമുണ്ടായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ 400 ഗ്രാമിലധികം സ്വര്‍ണം മോഷണം പോയിട്ടുള്ളതായി വ്യക്തമായി. പിന്നീട് പോലീസില്‍ പരാതി നല്‍കി. 33 പവന്‍ എടുത്തെന്നും മടക്കിത്തരാമെന്ന് സുനില്‍ സമ്മതിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറഞ്ഞത്. പരാതിയില്‍ കേസെടുക്കണ്ടെന്ന് ഞാന്‍ തന്നെയാണ് പോലീസില്‍ എഴുതി നല്‍കിയത്. സ്വര്‍ണം കിട്ടും എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്തത് സുനിയെ സഹായിക്കാനാണ്. പക്ഷെ അത് തെറ്റായിപ്പോയി’ സജികുമാര്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍