കൂട്ടുകാരിയുമായൊത്ത് ജീവിക്കണമെന്ന ആഗ്രഹവും, വഞ്ചിക്കപ്പെട്ടതിന്റെ വേദനയുമാണ് നിയമത്തിന്റേയും മാധ്യമങ്ങളുടേയും സഹായം തേടാന്‍ കാരണമെന്ന് ദീപു പറയുന്നു
‘ഞാനിപ്പോള്‍ പുറത്തേക്കു പോലും ഇറങ്ങാറില്ല. പരിഹസിക്കുന്നതു പോലെയാണ് എല്ലാവരുടെയും നോട്ടവും സംസാരവും. ഞാന്‍ ചതിക്കപ്പെട്ടതാണ്. ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകാന്‍ പാടില്ല.’ കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ദീപു പറഞ്ഞുതുടങ്ങിയതിങ്ങനെയാണ്. പേരാമ്പ്ര സ്വദേശിയായ ദീപു ദര്‍ശന്‍ കഴിഞ്ഞ ഒക്ടോബര്‍ 25നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സുഹൃത്തായ വടകര സ്വദേശിനിയുമൊത്തുള്ള ജീവിതത്തിനു വേണ്ടിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് താന്‍ തയ്യാറായതെന്നും, എന്നാല്‍ ഇപ്പോള്‍ യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്നും ദീപു പറയുന്നു.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നിച്ചു ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട് പ്രണയിച്ച സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു ലക്ഷം രൂപ മുടക്കി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നെന്ന് ദീപു വിശദീകരിക്കുന്നു. ‘ഞാന്‍ സര്‍ജറി ചെയ്യാമെന്നും അതിനു ശേഷം വിവാഹിതരായി ഒരുമിച്ചു ജീവിക്കാമെന്നും ഞങ്ങള്‍ ഒരുമിച്ചടുത്ത തീരുമാനമാണ്. അതിനു വേണ്ടി ഒരുപാട് അന്വേഷണങ്ങളും ഒരുമിച്ച് നടത്തിയിരുന്നു. ഒന്നിച്ച് ജോലി ചെയ്തിരുന്ന സമയത്ത് യൂട്യൂബില്‍ നോക്കിയും പലരോടും അന്വേഷിച്ചുമാണ് സര്‍ജറിയെക്കുറിച്ചും മറ്റും തീരുമാനിച്ചത്. പൂനെയില്‍ നഴ്‌സായ സുഹൃത്തിന്റെ കൂടി ഉപദേശം സ്വീകരിച്ചാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് സര്‍ജറി നടത്തുന്നത്. സര്‍ജറിക്കായി പോകുന്നതിനു മുന്നേ ഒപ്പം ഇറങ്ങിവരാമെന്നും, വീട്ടില്‍ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അവള്‍ തന്നെ പറയുകയായിരുന്നു.’
‘ഞാനെടുത്തു കൊടുത്ത വസ്ത്രങ്ങളും അത്യാവശ്യം സര്‍ട്ടിഫിക്കറ്റുകളും പായ്ക്കു ചെയ്ത് അതിന്റെ ഫോട്ടോ വരെ എനിക്കയച്ചു തന്നതാണ്. 23ാം തീയതി വന്നു കാത്തു നില്‍ക്കാമെന്നു പറഞ്ഞ സ്ഥലത്ത് അവളെ കണ്ടില്ല. ഫോണിലും കിട്ടുന്നുണ്ടായിരുന്നില്ല. എപ്പോഴത്തേയും പോലുള്ള പിണക്കമാണെന്നു കരുതി ഞാന്‍ യാത്ര മുടക്കാതെ ചെന്നൈക്കു പോയി, സര്‍ജറി നടത്തി. ഈ സമയത്തൊന്നും വിളിച്ച് കിട്ടാതായപ്പോഴാണ്, അവള്‍ക്കു വീട്ടുകാര്‍ കല്യാണമുറപ്പിച്ചിരുന്ന വ്യക്തിയുമായി ബന്ധപ്പെടുന്നത്. ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത പോലെ അവള്‍ മറ്റുള്ളവരോട് സംസാരിക്കുകയും, ഇയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ മെസേജയയ്ക്കുകയും ചെയ്തു. അതിനു ശേഷമാണ് പൊലീസില്‍ പരാതി കൊടുക്കുന്നത്.’
പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനില്‍ ദീപു പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചിരുന്നു. ദീപുവുമായി അടുത്ത ബന്ധമോ പ്രണയമോ ഇല്ലെന്ന് യുവതി ആവര്‍ത്തിച്ചതോടെ വിഷയം സംസാരിച്ചു തീര്‍ക്കാന്‍ പൊലീസും നിര്‍ദ്ദേശിച്ചു. തനിക്ക് മാനസിക രോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലും യുവതിയും കൂടെയുള്ളവരും ശ്രമിച്ചതായി ദീപു ആരോപിക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കാര്യം ദീപുവിന്റെ നാട്ടുകാര്‍ക്ക് അറിയാതിരുന്നതിനാല്‍, സിറ്റിയോടടുത്ത ഏതെങ്കിലും സ്ഥലത്തു വച്ച് ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, അടുത്ത ദിവസം തന്നെ യുവതിയുടെ ബന്ധുക്കള്‍ തന്റെ നാട്ടിലെത്തി വാര്‍ഡ് മെംബറടക്കമുള്ളവരോട് സംസാരിക്കുകയായിരുന്നെന്ന് ദീപു പറയുന്നു.
നാട്ടുകാരുടെ ഭീഷണിയുള്ളതുകൊണ്ടാകാം യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയതെന്നാണ് ദീപുവിന്റെ പക്ഷം. ‘ചര്‍ച്ചകളിലൊക്കെ പൊതുവായി സംസാരിക്കുമ്പോള്‍ എതിര്‍ത്തു പറയുന്നുണ്ടെങ്കിലും, പത്തു മിനുട്ട് ഒറ്റയ്ക്കു സംസാരിച്ചപ്പോള്‍ എന്നെ ഇപ്പോഴും ഇഷ്ടമാണെന്നാണ് അവള്‍ പറഞ്ഞത്. എന്റെയൊപ്പം വരുമെന്നു പറഞ്ഞാല്‍, തിരികെപ്പോകുന്ന വഴി ജീപ്പ് കൊക്കയിലേക്ക് മറിക്കും എന്ന് ബന്ധുക്കളുടെ ഭീഷണിയുണ്ടെന്നും പറഞ്ഞു. ശരിക്കും മരിക്കേണ്ടത് എന്റെ അച്ഛനും അമ്മയുമല്ലേ. അവര്‍ പോലും പിടിച്ചു നില്‍ക്കുന്നില്ലേ?’ തുടര്‍ന്ന് ദീപു ഹേബിയസ് കോര്‍പ്പസും സമര്‍പ്പിച്ചിരുന്നു. അവിടെയും ഫലമുണ്ടായില്ല. കോടതിയില്‍ വച്ചും പലതരത്തിലുള്ള പരിഹാസങ്ങള്‍ നേരിടേണ്ടി വന്നതായി ദീപു ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനു ശേഷം മാധ്യമങ്ങള്‍ വഴിയെങ്കിലും തനിക്കു സംഭവിച്ചത് ലോകത്തെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ കോഴിക്കോട് പ്രസ് ക്ലബിലെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.
തന്റെ വീട്ടില്‍പ്പോലും ആരുമറിയാതെയാണ് ശസ്ത്രക്രിയ നടന്നതെന്ന് ദീപു പറയുന്നു. ‘വീട്ടില്‍പ്പോലും ആരെയും ഞാന്‍ അറിയിച്ചിരുന്നില്ല. അറിഞ്ഞു കഴിഞ്ഞപ്പോള്‍ വീടാകെ മരണവീടുപോലെയായിരുന്നു. ഇപ്പോള്‍ എല്ലാവരും പിന്തുണയുമായി കൂടെയുണ്ട്.’ താന്‍ പെണ്‍കുട്ടിയായി ജീവിക്കുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും, അര്‍ച്ചന എന്ന പേരിലുള്ള മുന്‍പത്തെ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്നും ദീപു വ്യക്തമാക്കുന്നുണ്ട്. അതേസമയം, വാര്‍ത്താ സമ്മളനത്തെത്തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍പ്പെട്ട പലരും തന്നെ വിളിച്ച് വാര്‍ത്ത കാരണം അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചതായും, അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ താനാഗ്രഹിക്കുന്നതായും ദീപു പറയുന്നു:
‘എന്റെ കാര്യം കൊണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകരുത്. ഞാനുമായി പ്രണയബന്ധത്തിലായിരുന്ന ആ കുട്ടിയുടെ താല്‍പര്യപ്രകാരം മാത്രമാണ് ഞാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. സാധാരണഗതിയില്‍ ഈ സര്‍ജറിക്ക് വിധേയരാകുന്നത് നിലവിലെ ശരീരവുമായി തുടരാനുള്ള ശാരീരികവും മാനസികവുമായുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ്. എന്റെ വാര്‍ത്ത പുറത്തു വന്നതോടെ അവരേയും എന്റെ സാഹചര്യത്തിലുള്ളവരായി കാണും എന്ന പരാതി അവര്‍ പറയുന്നുണ്ട്. അക്കാര്യം വ്യക്തമാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.’
കൂട്ടുകാരിയുമായൊത്ത് ജീവിക്കണമെന്ന ആഗ്രഹവും, വഞ്ചിക്കപ്പെട്ടതിന്റെ വേദനയുമാണ് നിയമത്തിന്റേയും മാധ്യമങ്ങളുടേയും സഹായം തേടാന്‍ കാരണമെന്ന് ദീപു പറയുന്നുണ്ട്. ദീപു എന്ന പേരു തനിക്കായി കണ്ടെത്തിയതു പോലും യുവതിയാണെന്നും, പരപ്രേരണയാലോ ബന്ധുക്കളോടുള്ള ഭയത്തിന്റെ പുറത്തോ മാത്രമാണ് തന്നെ തള്ളിപ്പറയുന്നതെന്നും പറയുമ്പോള്‍ ദീപുവിന്റെ വാക്കുകള്‍ ഇടറുന്നുണ്ട്. മുഴുവന്‍ തെറ്റ് തന്റെ ഭാഗത്താണെന്നുള്ള രീതിയിലെ നാട്ടുകാരുടെ പെരുമാറ്റവും കുറ്റപ്പെടുത്തലും കാരണം പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണിപ്പോള്‍ ദീപു. ചെയ്ത തെറ്റ് യുവതി അംഗീകരിക്കണമെന്നും, ഇനിയാര്‍ക്കും തന്റെ അവസ്ഥ ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും ദീപു പറയുന്നു.