UPDATES

ജിയോ ബാഗുകളില്‍ നിറയ്ക്കാന്‍ മണലില്ലെന്ന് പറയുമ്പോഴും തീരം കുഴിച്ച് പഞ്ചായത്ത് മണല്‍ വില്‍ക്കുന്നെന്നാരോപിച്ച് ചെല്ലാനം നിവാസികള്‍; ശാശ്വതനടപടി വേണം, ഇനി ദുരിതാശ്വാസ ക്യാമ്പുകളിലേക്കില്ല

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പോലും കേസില്‍ കുടുക്കുകയാണെന്ന് ആരോപണം

കടല്‍ക്ഷോഭം ഉണ്ടായാലും ഇത്തവണ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറില്ലെന്ന് എറണാകുളം ചെല്ലാനം നിവാസികള്‍.  കടല്‍ഭിത്തി തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും നടപടിയെടുക്കാന്‍ വിസമ്മതിക്കുന്ന അധികൃതര്‍, പ്രതിഷേധിക്കുന്നവരെ കേസില്‍ പെടുത്തി ദുരിതത്തിലാക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രളയ കാലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് പോയവര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം കേസെടുത്തത്.

വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി കൈയൊഴിയുന്ന ഭരണസംവിധാനങ്ങള്‍ക്കെതിരേ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചതിന്റെ പേരിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത് ദ്രോഹിക്കുന്നതെന്ന് ചെല്ലാനം തീരസംരക്ഷണ സമിതി ആരോപിക്കുന്നു. രൂക്ഷമായ കടല്‍ക്ഷോഭം തീരത്തെയാകെ തകര്‍ക്കുമ്പോഴും ഒന്നും ചെയ്യാത്ത പഞ്ചായത്തിനെതിരേ പ്രതിഷേധിച്ചതിനാണ് വൈദികരും സ്ത്രീകളും ഉള്‍പ്പെടെ 20 ഓളം പേര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നതെന്നാണ് തീരസംരക്ഷണ സമിതി പറയുന്നത്. കടല്‍ തീരത്തേക്ക് കയറിവരുന്നതിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ജിയോ ബാഗുകളില്‍ നിറയ്ക്കാന്‍ മണ്ണുപോലും വിട്ടുനല്‍കാതിരിക്കുന്ന പഞ്ചായത്ത് ഭരണസമതിയാണ് തങ്ങള്‍ക്കെതിരേ കേസ് എടുക്കാന്‍ പൊലീസിനെ നിര്‍ബന്ധിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

തീരസംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫാ. മൈക്കിള്‍ പുന്നശ്ശേരിയും പഞ്ചായത്ത് ഉപരോധത്തില്‍ എടുത്ത കേസില്‍ പ്രതിയാണ്. രണ്ടാം പ്രതിയായാണ് വൈദികന്റെ പേര് ചേര്‍ത്തിരിക്കുന്നത്. കടല്‍ക്ഷോഭത്തില്‍ എന്ത് അപകടവും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നിരിക്കെ അത് തടയാന്‍ശ്രമിക്കാത്തവരാണ് തങ്ങളെ കുറ്റവാളികളാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഫാ. മൈക്കിള്‍ അഴിമുഖത്തോട് പ്രതികരിച്ചത്.

‘ഓഖി തകര്‍ത്തൊരു തീരമാണിത്. ഓഖി വന്നതിനു പിന്നാലെ ഈ തീരത്തെ ജനങ്ങള്‍ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം തേടി സമരം ചെയ്യുകയാണ്. രണ്ടര വര്‍ഷത്തോളമായി തുടരുന്ന സമരം. ഇതുവരെ ഞങ്ങളൊരു നിയമലംഘനവും നടത്തിയിട്ടില്ല. വര്‍ഷങ്ങളായി ജനങ്ങള്‍ ഉയര്‍ത്തുന്ന അവരുടെ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടത്തിനെതിരേ തികച്ചും ജനാധിപത്യരീതിയില്‍ നടത്തിയ ഉപരോധത്തിന്റെ പേരിലാണ് ഇപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. സ്ത്രീകളടക്കം പ്രതികളാണ്. പ്രളയകാലത്ത് ഈ കരയില്‍ നിന്നും 450 മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ രേഖപ്പെടുത്തിയ കണക്കാണിത്. ഇവരെയെല്ലാം വിളിച്ച് അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ 450 നു മുകളില്‍ ആളുകള്‍ ചെല്ലാനം പ്രദേശത്ത് നിന്നും രക്ഷാപ്രവര്‍ത്തിനു പോവുകയും നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ മറ്റുള്ളവരെ രക്ഷിക്കാന്‍ ഇറങ്ങിയവരാണ് ഇപ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ വഴിയില്ലാതെ സമരം ചെയ്യാന്‍ ഇറങ്ങേണ്ടി വന്നിരിക്കുന്നത്. പ്രളയം പോലെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒന്നല്ല കടലാക്രമണം. ഓഖിയ്ക്ക് ശേഷം ഇവിടെ കടലാക്രമണം രൂക്ഷമാണ്. അന്നുതൊട്ട് ശാശ്വതമായൊരു പരിഹാരം ഇതിനു കണ്ടെത്തണം എന്ന് ആവശ്യപ്പെടുന്നതാണ്. വാഗ്ദാനങ്ങള്‍ അല്ലാതെ ഒന്നും ചെയ്തിട്ടില്ല. എട്ടരക്കോടി രൂപ ഫണ്ട് അനുവദിച്ചിട്ടും രണ്ടവര്‍ഷമായിട്ടും അത് ഉപയോഗിച്ച് താത്കാലികമായ സംരക്ഷണം ഉറപ്പാക്കാന്‍ പോലും പഞ്ചായത്ത് ശ്രമിച്ചിട്ടില്ല. കടല്‍ഭിത്തി വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്, അതൊന്നു പുനര്‍നിര്‍മിക്കാന്‍ പോലും തയ്യാറായിട്ടില്ല. മണ്‍സൂണ്‍ ആരംഭിച്ചപ്പോള്‍ തന്നെ കടല്‍ കയറിത്തുടങ്ങി. കടലിനോട് മല്ലടിച്ച് സാമ്പാദിക്കുന്നത് സ്വരുക്കൂട്ടിവച്ച് ഉണ്ടാക്കുന്നതാണ് ഇവിടുത്തെ ഓരോ മത്സ്യത്തൊഴിലാളിയുടെയും വീട്. അതാണ് ഒരു വേലിയേറ്റം ഉണ്ടായാല്‍ തന്നെ വെള്ളത്തിലാകുന്നത്. സ്വന്തം കൂര തകര്‍ന്നുപോകുന്നത് കണ്ട് വിറങ്ങലിച്ച് നില്‍ക്കാന്‍ മാത്രമേ ഇവിടെയുള്ളവര്‍ക്ക് സാധിക്കുന്നുള്ളൂ. ഇപ്പോള്‍ തന്നെ വീടും റോഡും എല്ലാം വെള്ളത്തിലായി. മണ്‍സൂണ്‍ കൂടുതല്‍ ശക്തമായാല്‍ ഇതിലും രൂക്ഷമാകും അവസ്ഥ. എല്ലാ കൊല്ലവും ഇവിടുള്ളവരെ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആകെ ചെയ്യുന്നകാര്യം. ഇത്തവണ ഞങ്ങളാരും തന്നെ ഒരു ക്യാമ്പിലേക്കും പോകുന്നില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്. ശാശ്വതമായരു സംരക്ഷണമാണ് ഈ തീരത്തിനു വേണ്ടത്’

കൊച്ചിന്‍ പോര്‍ട്ടിന്റെ വരവോടെയാണ് ചെല്ലാനം തീരശോഷണത്തിന്റെ പിടിയില്‍ അകപ്പെടുന്നതെന്നാണ് തീരദേശവാസികള്‍ പറയുന്നത്. വല്ലാര്‍പാടം കണ്ടയ്നെര്‍ ടെര്‍മിനല്‍ വന്നതോടെ അതിന്റെ ശക്തികൂടി. ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ കൂടി യാഥാര്‍ത്ഥ്യമായതോടെ തീരം കൂടുതല്‍ അപകടകരമായി മാറി. 2017 ല്‍ ഓഖി അടിച്ചതോടെയാണ് ചെല്ലാനം എത്രമാത്രം അപകടസാഹചര്യത്തില്‍ നില്‍ക്കുന്ന തീരമാണെന്ന് മസിലാകുന്നത്. രണ്ടു പേര്‍ ഇവിടെ മരിച്ചു. നിരവധി വീടുകളാണ് അന്ന് നശിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ജനങ്ങള്‍ സമരത്തിന് ഇറങ്ങുന്നത്. ശക്തമായ ആ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലാക്കുന്നത് 2018 ഏപ്രില്‍ മുപ്പതിനകം കടല്‍ഭിത്തി നിര്‍മിക്കാമെന്ന ഉറപ്പിലായിരുന്നു. എന്നാല്‍ ആ ഉറപ്പ് പാഴാവുകയും മേയില്‍ വീണ്ടും കടല്‍ കയറി ചെല്ലാനത്ത് നാശം വിതയ്ക്കുകയും ചെയ്തു. ജനം വീണ്ടും സമരത്തിനിറങ്ങി. ഈ സമയത്ത് ഉണ്ടായ തീരുമാനമാണ് ജിയോ ബാഗുകള്‍. കരിങ്കല്ലുകള്‍ കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് തടസം നേരിട്ട സാഹചര്യത്തിലാണ് 25 മീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വ്യാസവുമുള്ള ജിയോടെക്സ്റ്റയില്‍ ട്യൂബുകള്‍ കടലാക്രമണത്തെ തടയാന്‍ തീരത്ത് ഉപയോഗിക്കാമെന്ന നിര്‍ദേശം വരുന്നത്. 2018 മേയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇതിന്റെ ഉത്ഘാടനവും നിര്‍വഹിച്ചിരുന്നു. ജിയോ ട്യൂബുകള്‍ മണല്‍ നിറച്ച് തീരസംരക്ഷണ ഭിത്തിയായി ഉപയോഗിക്കുന്നതിന് ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അതൊരു പാഴ്ശ്രമമായിരുന്നുവെന്നാണ് തീരസംരക്ഷണ സമിതിയംഗം ആനി ജോസഫ് പറയുന്നത്. ‘കടലില്‍ നിന്നും മണ്ണ് ഡ്രെഡ്ജ് ചെയ്ത് ബാഗുകള്‍ നിറയ്ക്കാനായിരുന്നു പദ്ധതി. എന്നാല്‍ കരാറെടുത്തവര്‍ ഇവിടെയെത്തിയത് ആവശ്യമായ ഉപകരണങ്ങളൊന്നും ഇല്ലാതെ. 25 എച്ച് പി മോട്ടറുമായി വന്നു കടലില്‍ നിന്നും മണ്ണ് നിറയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. കുറച്ച് ബാഗുകള്‍ നിറച്ച് അവര്‍ പണി നിര്‍ത്തി. മാത്രമല്ല, മണ്ണ് എടുക്കാന്‍ വേണ്ടിയെന്നോണം നൂറ്റമ്പത് മീറ്റര്‍ പ്രദേശത്ത് ഒരു മീറ്റര്‍ വീതിയിലും 15 മീറ്റര്‍ ആഴ്ത്തിലും കുഴിച്ചിട്ട്. ഇതോടെ തീരം കൂടുതല്‍ നാശത്തിലായി. ഇങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ തീരസംരക്ഷണം നടത്തുന്നത്.’

ജിയോ ബാഗുകളില്‍ നിറയ്ക്കാന്‍ മണ്ണില്ലാതെ കഷ്ടപ്പെടുമ്പോഴും ഉള്ള മണ്ണ് ലേലം ചെയ്ത് പഞ്ചായത്ത് പണം സമ്പാദിക്കുകയാണെന്ന ആരോപണമാണ് തീരദേശവാസികള്‍ ഉയര്‍ത്തുന്നത്. തിരസംരക്ഷണ സമിതി അംഗം ആനി ജോസഫ് പറയുന്നു: മുന്‍പ് കടലില്‍ നിന്നും വെള്ളം കയറുമ്പോള്‍ അത് ഒഴുകി പോയിരുന്നത് ഉപ്പത്തികാട് തോട്ടിലൂടെയും വിജയന്‍ കനാലിലൂടെയുമായിരുന്നു. വെള്ളം കയറി സുഗമമായി ഒഴുകി പോകാന്‍ പ്രദേശവാസികള്‍ കനാലിലെയും തോട്ടിലെയും മണ്ണ് കോരി വൃത്തിയാക്കിക്കൊണ്ടുമിരുന്നു. എന്നാല്‍ പഞ്ചായത്ത് ഇത് തടസപ്പെടുത്തി. പ്രദേശവാസികള്‍ മണ്ണ് കോരരുതെന്നായിരുന്നു പഞ്ചായത്തിന്റെ ഉത്തരവ്. ഇതോടെ വിജയന്‍ കനാലും ഉപ്പത്തികാട് തോടും മണ്ണ് നിറഞ്ഞ് വെള്ളം ഒഴുകാത്ത അവസ്ഥയായി. ഇത് തീരത്ത് ദോഷം ചെയ്തു. പഞ്ചായത്ത് ചെയ്തതാകട്ടെ ഈ മണ്ണ് ലേലം ചെയ്ത് പണം ഉണ്ടാക്കുകയായിരുന്നു. ഇപ്പോള്‍ ജിയോ ബാഗുകള്‍ നിറയ്ക്കാന്‍ മണ്ണ് ഇല്ലാത്ത അവസ്ഥയിലും പഞ്ചായത്ത് ജനങ്ങളുടെ ആവശ്യത്തിന് മണ്ണ് വിട്ടു തരാതെ അതു വിറ്റ് കാശുണ്ടാക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ പ്രതിഷേധം അതിനെതിരെയാണ്. എന്നാല്‍ പഞ്ചായത്ത് ചെയ്തതാകട്ടെ ഞങ്ങള്‍ക്കെതിരേ കേസ് കൊടുക്കുകയാണ”

എന്നാല്‍ ഈ ആരോപണം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി നിഷേധിച്ചു.

‘ഓഖി കഴിഞ്ഞു ചേര്‍ന്ന അവലോകന യോഗത്തില്‍ വിജയന്‍ കനാലിലും ഉപ്പത്തിക്കാട് തോട്ടിലെയും മണ്ണിന്റെ കാര്യം ചര്‍ച്ചയാക്കിയിരുന്നു. ഇറിഗേഷന്‍ വകുപ്പിന് കീഴിലാണ് ഉപ്പത്തിക്കാട് തോടും വിജയന്‍ കനാലും ഉള്ളത്. അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ യോഗത്തില്‍ ഉണ്ടായിരുന്ന തഹസില്‍ദാര്‍ ചൂണ്ടിക്കാണിച്ച പ്രശ്നം കടലില്‍ നിന്നുള്ള ഏതു ധാതുവിന്റെയും അവകാശം റവന്യു വകുപ്പിനാണെന്നും അതിനാല്‍ റവന്യു വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നാണ്. അതനുസരിച്ച് ജില്ല കളക്ടറോട് പഞ്ചായത്ത് ആവശ്യം അറിയിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരമാണ് മണ്ണ് ലേലം ചെയ്യാന്‍ തീരുമാനിക്കുന്നത്. ജിയോ ട്യൂബുകളില്‍ നിറയ്ക്കാനുള്ള മണ്ണ് കടലില്‍ നിന്നും എടുക്കാമെന്നുള്ള തീരുമാനം ഉള്ളതുകൊണ്ടായിരുന്നു വിജയന്‍ കനാലിലെയും ഉപ്പത്തികാട് തോട്ടിലെയും മണ്ണ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ഇങ്ങനെയൊരു തീരുമാനത്തില്‍ പഞ്ചായത്തിന് യാതൊരു ഇടപെടലിനും സാധ്യതയില്ലായിരുന്നു. കളക്ടറുടെതായിരുന്നു തീരുമാനം. അതനുസരിച്ച് മണ്ണ് ലേലം ചെയ്തു കൊടുത്തു. എന്നാല്‍ ലേലം എടുത്തയാള്‍ താന്‍ മുടക്കിയ പണത്തിന് അനുസരിച്ചുള്ള മണ്ണ് ഇല്ലെന്നു കാണിച്ച് കേസ് കൊടുത്തു. അതോടെ തോട്ടില്‍ നിന്നും കനാലില്‍ നിന്നും മണ്ണ് എടുക്കുന്നത് നിര്‍ത്തിവച്ചു. ഈ വിഷയം കളക്ടറുടെ മുന്നില്‍ എത്തിയപ്പോള്‍ തത്കാലം മണ്ണ് കോരി പഞ്ചായത്തിന്റെ അധീനതയില്‍ സൂക്ഷിക്കാനും കാരാറുകാരനുമായുള്ള കേസ് കഴിയുമ്പോള്‍ തുകയ്ക്ക് അനുസൃതമായ മണ്ണ് വിട്ടുകൊടുക്കാനും ആര്‍ഡിഒ ഉത്തരവ് ഇട്ടു. ഇതുപ്രകാരമാണ് മണ്ണ് കോരി പഞ്ചായത്ത് സൂക്ഷിക്കുന്നത്. ഈ മണ്ണ് കോരിയത് പഞ്ചായത്തിന്റെ സ്വന്തം തീരുമാനപ്രകാരമല്ല, ഇതില്‍ നിന്നും ഒരു രൂപപോലും പഞ്ചായത്തിന് കിട്ടിയിട്ടുമില്ല. ഇതിനിടയിലാണ് കടല്‍ക്ഷോഭം രൂക്ഷമാകുന്നതും ജിയോ ബാഗില്‍ നിറയ്ക്കാന്‍ മണ്ണ് ഇല്ലാത്ത സാഹചര്യം വരുന്നതും. ഇതോടെ എവിടെ നിന്നാണെങ്കിലും മണ്ണ് കണ്ടെത്തി ജിയോ ബാഗുകള്‍ നിറയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്തിന്റെ അധീനതയില്‍ സൂക്ഷിച്ചിരിക്കുന്ന മണ്ണും ഉപയോഗിക്കാന്‍ കളക്ടര്‍ (മുന്‍ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള) അനുമതി നല്‍കിയിരുന്നു. എന്നാല്‍ കടലില്‍ നിന്നും മണ്ണ് ജിയോ ബാഗുകള്‍ നിറയ്ക്കാന്‍ ലഭിച്ചു തുടങ്ങിയതിനാല്‍ ഈ മണ്ണ് ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ആവശ്യം വന്നാല്‍ ഇതും ഉപയോഗിക്കാന്‍ പഞ്ചായത്ത് സന്നദ്ധരാണ്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെയാണ് ചിലയാളുകള്‍ പഞ്ചായത്തിനെതിരേ ആക്ഷപം ഉന്നയിക്കുന്നത്. പഞ്ചായത്ത് ഉപരോധിക്കുമെന്നു വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചപ്പോള്‍ അതൊരു ജനകീയ പ്രതിഷേധമായി കണ്ട് സഹകരിക്കുകയാണ് പഞ്ചായത്ത് ചെയ്തത്. എന്നാല്‍ ഉപരോധ സമരക്കാര്‍ പഞ്ചായത്ത് ഓഫിസ് ചങ്ങലയും താഴുമിട്ട് പൂട്ടുകയും മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തതോടെയാണ് പൊലീസ് സ്വമേധയ കേസ് എടുക്കുന്നത്’

പഞ്ചായത്തിന്റെ ഈ വാദങ്ങള്‍ സത്യം മറച്ചു വയ്ക്കുന്നതാണെന്നാണ് തീരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുമ്പോഴും മണ്ണ് വിറ്റ് പണം ഉണ്ടാക്കാന്‍ നോക്കുകയായിരുന്നു പഞ്ചായത്തെന്നാണ് തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി എ ഡല്‍ഫിന്‍ അഴിമുഖത്തോട് പറഞ്ഞു. ആദ്യം അഞ്ച് ലക്ഷം രൂപയ്ക്ക് പഞ്ചായത്തും പിന്നീട് ഇറിഗേഷന്‍ വകുപ്പും ജിയോളജി വകുപ്പും ചേര്‍ന്ന് 35 ലക്ഷം രൂപയ്ക്കും മണ്ണ് ലേലം ചെയ്തെന്നാണ് ഡല്‍ഫിന്റെ ആക്ഷേപം. ജിയോ ബാഗുകള്‍ നിറയ്ക്കാന്‍ മണ്ണില്ലെന്നിരിക്കെയാണ് ഈ പ്രവര്‍ത്തികള്‍ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ സൈന്യം എന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചവര്‍ ഉള്‍പ്പെടെയാണ് ഈ തീരത്ത് ജീവിക്കാന്‍ വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. സ്വന്തം ജീവനുവേണ്ടി പോരാടുകയാണവര്‍. നിരായുധരാക്കപ്പെട്ട സൈന്യമാണവരിപ്പോള്‍. ലോകത്ത് മറ്റൊരിടത്തും ഇത്രയും ഗതികെട്ട സൈന്യം ഉണ്ടാകില്ല; ഡല്‍ഫിന്‍ പ്രതികരിക്കുന്നു. ചെല്ലാനത്ത് വേണ്ടത് തട്ടിക്കൂട്ട് പ്രവര്‍ത്തനങ്ങള്‍ അല്ലെന്നും ഇനിയെങ്കിലും ശാശ്വതമായൊരു പരിഹാരം ഇവിടെ ഉണ്ടാക്കണമെന്നും ഡല്‍ഫിന്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യം ഐഐടി വിദഗ്ദര്‍ ഇവിടെ എത്തി വിശദമായി പഠനം നടത്തണമെന്നാണെന്നു ഡല്‍ഫിന്‍ പറയുന്നു. കൊച്ചിയില്‍ നേവിയുടെ ദ്രോണാചാര്യ എന്ന പേരുള്ള ക്വാര്‍ട്ടേഴ്സിന് പിന്നില്‍ കടല്‍ഭിത്തി കെട്ടിയിരിക്കുന്ന മോഡലില്‍ ചെല്ലാനത്തും പദ്ധതി കൊണ്ടുവരണമെന്നും ഡല്‍ഫിന്‍ ചൂണ്ടിക്കാട്ടുന്നു. പുലിമുട്ടുകളോടു കൂടിയ വലിയ കടല്‍ഭിത്തികളാണ് അവിടെയുള്ളത്. കൂടാതെ ബ്രേക്ക് വാട്ടര്‍ സംവിധാനവുമുണ്ട്. ഇത് തിരമാലകള്‍ ശക്തിയോടെ തീരത്ത് അടിക്കുന്നതിനെ തടയും. ഇത്തരം സംവിധാനങ്ങള്‍ ചെല്ലാനത്തും ഒരുക്കണം. തങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു മോഡല്‍ മാത്രമാണിതെന്നും ഇതിലും ഫലപ്രദമായ വഴികള്‍ ഐഐടി പഠന സംഘത്തെ കൊണ്ട് കണ്ടെത്തുകയാണ് വേണ്ടതെന്നും ഡല്‍ഫിന്‍ പറയുന്നു.

അതേസമയം ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ അവശ്യമായ നടപടികള്‍ സ്വീകരിച്ചു പോരുകയാണെന്നാണ് പഞ്ചായത്തും ജില്ല ഭരണകൂടവും അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ല കളക്ടര്‍ സുഹാസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. താത്കാലിക സംവിധാനം എന്ന നിലയില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. അടുത്ത കാലവര്‍ഷത്തിനു മുന്‍പായി സ്ഥിരം പ്രതിരോധ സംവിധാനം ഒരുക്കാനുള്ള പദ്ധികള്‍ സംബന്ധിച്ച ആസൂത്രണം അന്തിമഘട്ടത്തില്‍ ആണെന്നും എട്ടുകോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും ദീര്‍ഘകാല ടെന്‍ഡറില്‍ ഈ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

പഞ്ചായത്തും കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നു പ്രസിഡന്റ് മേഴസി ജോസി പറയുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗങ്ങള്‍ വിളിച്ചു കൂട്ടുന്നുണ്ട്. മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയ്ക്ക് അടിയന്തിരമായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ ചെല്ലാനം പഞ്ചായത്തിനും വിഹിതം ഉണ്ട്. ഇത് തീരദേശ സംരക്ഷണത്തിനായി ഉപയോഗിക്കും. കൂടുതല്‍ തുക ആവശ്യപ്പെട്ട് എംഎല്‍എ വീണ്ടും മന്ത്രിയെ കാണുന്നുണ്ട്. പഞ്ചായത്ത് മണല്‍ വിറ്റു കാശ് ഉണ്ടാക്കിയെന്നു പറയുന്നവര്‍ ഇക്കാര്യങ്ങളൊന്നും അറിയാതെയാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പിക്കുമെന്നു പഞ്ചായത്തും ജില്ല ഭരണകൂടവും ഇത്തരത്തില്‍ ഉറപ്പ് പറയുമ്പോഴും തീരദേശജനതയുടെ ഭീതി ഒഴിവാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നതാണ് യഥാര്‍ത്ഥ്യം. കഴിഞ്ഞ കാലങ്ങളിലായെല്ലാം അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപകടങ്ങളാണ് അവരെ ഭീതിയിലാഴ്ത്തുന്നതും. കടല്‍ക്ഷോഭത്തില്‍ നിന്നും തങ്ങള്‍ക്ക് ശാശ്വതമായൊരു പരിഹാരമാണ് വേണ്ടതെന്ന് ഇവര്‍ ആവശ്യപ്പെടുന്നതും അതാണ്.

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍