UPDATES

ട്രെന്‍ഡിങ്ങ്

ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തെന്ന് ഇപ്പോള്‍ വ്യക്തമായി; കുമ്മനത്തിന്റേത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ തന്നെ

കുമ്മനും ടീമും സോഷ്യല്‍ മീഡിയയിലാകെ വീണിടത്ത് കിടന്ന് ഉരുളുന്നത് കേരളത്തില്‍ തിരിച്ചടിയാകുമെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചരണത്തില്‍ നിന്നു തന്നെ കേന്ദ്ര നേതൃത്വത്തിന് ബോധ്യമായിട്ടുണ്ടാകും

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വിധിയെഴുതാന്‍ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കേരളത്തില്‍ നിന്നും തട്ടിയത്. കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ശാഖകളില്‍ നിന്നും ശാഖകളിലേക്ക് ചര്‍ച്ചയാകുകയും ചെയ്തു. എങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ വലിയ പദവിയിലാണ് ഇപ്പോള്‍ കുമ്മനമെന്ന് പറഞ്ഞ് ആശ്വസിക്കുകയായിരുന്നു ‘രാജ്യസ്‌നേഹികള്‍’.

എന്നാല്‍ ഇന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോഴാണ് കുമ്മനത്തെ എന്തുകൊണ്ടാണ് ഇത്ര പെട്ടന്ന് കേരളത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്ന് വ്യക്തമാകുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ചെങ്ങന്നൂര്‍ ‘ചെങ്ക’ന്നൂര്‍ ആയിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാാര്‍ത്ഥി സജി ചെറിയാന്‍ ഇരുപത്തിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും സജി പിന്നില്‍ പോയിട്ടില്ലെന്നത് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസും ബിജെപിയും തകര്‍ന്നടിഞ്ഞതിന്റെ തെളിവായി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം നേടാനായത്.

ഈ സാഹചര്യത്തില്‍ കുമ്മനത്തിന്റെ കേരളത്തിലെ അസാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. കാരണം കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപിക്കാണ് ചെങ്ങന്നൂരിലെ ഫലം കൂടുതല്‍ തിരിച്ചടിയായിരിക്കുന്നത്. നിയമസഭയില്‍ രണ്ടാമതൊരു സീറ്റ് അവകാശപ്പെട്ടാണ് ബിജെപി ഈ തെരഞ്ഞെടുപ്പിന് ഗോദയിലിറങ്ങിയത്. രാജ്യത്ത് ബിജെപി ദുര്‍ബലമാകുന്നുവെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ അപ്രസക്തമാകുമെന്നുമൊക്കെ ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ ചെങ്ങന്നൂരില്‍ കാണാമെന്നാണ് ഇത്രനാളും ബിജെപിക്കാര്‍ അവകാശപ്പട്ടുകൊണ്ടിരുന്നതും. തെക്കേഇന്ത്യയില്‍ താമരയ്ക്ക് പറ്റിയ വളമില്ലെന്ന് പറഞ്ഞപ്പോഴും അവര്‍ അതുതന്നെ ആവര്‍ത്തിച്ചു. കേരളത്തിലെ സംഘ പ്രവര്‍ത്തകരുടെ ഈ ആത്മവിശ്വാസം കണ്ടപ്പോള്‍ കടുത്ത ഇടതുപക്ഷക്കാര്‍ പോലും ഒന്ന് ആശങ്കയിലായി. പി എസ് ശ്രീധരന്‍ പിള്ളയെന്ന ‘സൗമ്യ’നായ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തിലെ ജനപ്രീതിയും വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍ കേരളത്തിലുള്ള ഏറ്റവും കരുത്തനായ നേതാവ് കുമ്മനത്തിന്റെ സാമിപ്യവുമായിരുന്നു ആ ആശങ്കയ്ക്ക് കാരണം.

2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെകെ രാമചന്ദ്രന്‍ നായരാണ് വിജയിച്ചതെങ്കിലും ബിജെപിക്ക് ഏറെ ആത്മവിശ്വാസം നല്‍കിയ തെരഞ്ഞെടുപ്പായിരുന്നു അത്. ചരിത്രത്തിലാദ്യമായി അവര്‍ക്ക് മണ്ഡലത്തില്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടാണ് അപ്പോള്‍ ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥിനേക്കാള്‍ (44,897) 2215 വോട്ടിന്റെ മാത്രം കുറവിലാണ് അന്ന് പി എസ് ശ്രീധരന്‍ പിള്ള (42,682) മൂന്നാമതെത്തിയത്. സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താമെന്നായിരുന്നു അവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയ ഫലമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ 52,880 വോട്ടാണ് നേടിയതെങ്കില്‍ ഇത്തവണ സജി ചെറിയാന്‍ അത് 67,303 വോട്ടാക്കി. എല്ലാ പഞ്ചായത്തുകളിലും ഏക മുന്‍സിപ്പാലിറ്റിയിലും ഭൂരിപക്ഷം നേടിയ സജിയുടെ ജയം 20,956 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. 46,347 വോട്ട് നേടിയ കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ടായിരത്തിനടുപ്പിച്ച് വോട്ടുകള്‍ അധികം നേടി. ‘നാട്ടുരാജ്യങ്ങളെല്ലാം പിടിച്ചെടുത്തു ഇനി കേരളം കൂടി പിടിച്ചാല്‍ മിതി’യെന്ന് പറഞ്ഞ് ഇറങ്ങി തിരിച്ച ബിജെപിയ്ക്ക് ശ്രീധരന്‍ പിള്ളയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും ഏഴായിരത്തോളം വോട്ടുകളാണ് നഷ്ടമായത്. 35,270 വോട്ടുകള്‍ മാത്രമാണ് ഇത്തവണ അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് കാര്യമായ വോട്ട് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ ബിജെപിയ്ക്കാകട്ടെ കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു.

പിണറായി വിജയനെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കുന്ന ബിജെപിക്ക് അദ്ദേഹം ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ കേരളത്തിലുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടും അതൊന്നും വോട്ടാക്കാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, കയ്യിലുണ്ടായിരുന്നത് കൂടി പോകുകയും ചെയ്തു എന്ന അവസ്ഥയാണ്. ഇവിടെയാണ് കുമ്മനത്തിന്റെ നാടുകടത്തല്‍ പ്രസക്തമാകുന്നത്. തെരഞ്ഞെടുപ്പിലായാലും അല്ലാതെയായാലും സംസ്ഥാനത്ത് ഇത്രമാത്രം വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കാന്‍ ശേഷിയുള്ള മറ്റൊരു നേതാവ് ബിജെപിക്കില്ലെന്നിരിക്കെ ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തിനാണെന്ന് ആര്‍ക്കും മനസിലായില്ല എന്നതാണ് സത്യം. എന്നാല്‍ കേരളത്തിലെ സാധാരണ സംഘ പ്രവര്‍ത്തകര്‍ക്ക് മനസിലാകാതിരുന്ന ഒരു കാര്യം അങ്ങ് ഡെല്‍ഹിയിലിരിക്കുന്ന അമിത് ഷാ മുന്‍കൂട്ടി മനസിലാക്കിയിരുന്നു എന്ന് വേണം ഈ ഫലത്തില്‍ നിന്നും മനസിലാകാന്‍. രാജ്യത്ത് നടന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ട അതേ തിരിച്ചടി ഇവിടെയുമുണ്ടാകുമെന്ന് തന്നെയാണ് അമിത് ഷായും നരേന്ദ്ര മോദിയും തിരിച്ചറിഞ്ഞത്. ഈ തോല്‍വിയ്ക്കുള്ള മുന്‍കൂര്‍ ശിക്ഷയായി വേണം ഈ നാടുകടത്തലിനെ കാണാന്‍. ഈ സംഘഭക്തനെ ശിക്ഷിക്കാന്‍ മാത്രം എന്ത് തെറ്റാണ് എന്ന ചോദ്യമാണ് അപ്പോള്‍ ഉയരേണ്ടത്. കുമ്മനം ആരായിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കിടയിലെ സ്ഥാനം എന്താണെന്നും പരിശോധിച്ചാല്‍ അതിനുള്ള ഒരു ഉത്തരം കിട്ടും.

2015ല്‍ കുമ്മനം അപ്രതീക്ഷിതമായി ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുമ്പോള്‍ ദേശീയ നേതൃത്വത്തിനും കേരളത്തിലെ ചെറുകിട ശാഖകള്‍ക്ക് പോലും ഏറെ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്.  അതിന് കാരണം അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് തന്നെയാണ്. കേരളത്തില്‍ സംഘപരിവാറിനെ ഇത്രമാത്രം വളര്‍ത്തിയത് കുമ്മനമാണെന്ന് കേരളത്തിലെ ചില സംഭവങ്ങളും അവയുടെ പരിണിതഫലങ്ങളും വ്യക്തമാക്കും. നിലയ്ക്കല്‍ പ്രശ്‌നം, ആറന്മുള മാരാമണ്‍ കല്‍ക്കെട്ടു വിഷയം, മാറാട് കലാപം, ആറന്മുള വിമാനത്താവളം, ലവ് ജിഹാദ് എന്ന ആശയം, ഹാദിയ വിഷയം എന്നിവയിലെ കുമ്മനം ടച്ച് അവിസ്മരണീയമായ മാറ്റങ്ങളാണ് കേരള ജനതയുടെ മനസിലുണ്ടാക്കിയത്. നിലയ്ക്കലില്‍ സുറിയാനി ക്രിസ്ത്യന്‍ പള്ളിക്കെതിരായ പ്രക്ഷോഭത്തിലൂടെയാണ് കുമ്മനം തന്റെ ഹിന്ദുത്വ വര്‍ഗ്ഗീയതയെ കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്ക് പകര്‍ന്നത്. ശബരിമലയ്ക്ക് സമീപം ഒരു ക്രിസ്ത്യന്‍ പള്ളിയെന്നത് ഹിന്ദുവൈകാരികതയായി പര്‍വതീകരിച്ചാല്‍ അത് സംഘപരിവാറിന് ദൂരവ്യാപകമായി നേടിക്കൊടുക്കുന്ന നേട്ടത്തെക്കുറിച്ച് കേരളത്തിലെ മറ്റ് സംഘനേതാക്കള്‍ക്കില്ലാതിരുന്ന ബോധം കുമ്മനത്തിനുണ്ടായിരുന്നു. നിലയ്ക്കല്‍ പള്ളി പൊളിക്കാനായില്ലെങ്കിലും ഹിന്ദു-ക്രിസ്ത്യന്‍ ബന്ധത്തിലുണ്ടായ ഉലച്ചില്‍ കുമ്മനത്തിന്റെ പദ്ധതികള്‍ വിജയം കണ്ടതിന് തെളിവായി.

ആറന്മുളയില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പമ്പാ തീരത്ത് കല്‍ക്കെട്ട് നിര്‍മ്മിച്ച് വേര്‍തിരിച്ച നായനാര്‍ സര്‍ക്കാര്‍ ശ്രമത്തിനെതിരെ കര്‍സേവകര്‍ ആഹ്വാനം ചെയ്ത സമരത്തിന് നേതൃത്വം നല്‍കിയതും കുമ്മനമാണ്. ഇക്കാലത്ത് പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ യോഗങ്ങളില്‍ ആര്‍എസ്എസ് ആക്രമണങ്ങള്‍ പതിവായി. മാറാട് കലാപം കേരളത്തെയാകെ ബാധിച്ച വര്‍ഗീയ വിഷയമാക്കിയെടുത്തതും മറ്റാരുമല്ല. ആറന്മുള വിമനത്താവള വിഷയത്തില്‍ സിപിഎം പുറംതിരിഞ്ഞു നിന്നപ്പോള്‍ ഈ വിഷത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് സംഘപരിവാറിന് അനുകൂലമാക്കാനും കുമ്മനത്തിന് സാധിച്ചു. ഇത്തരത്തില്‍ സംഘപരിവാറിന്റെ അജണ്ട കൃത്യമായി നടപ്പാക്കാന്‍ ശേഷിയുള്ള നേതാവെന്ന നിലയിലാണ് ആര്‍എസ്എസ് കുമ്മനത്തെ പ്രസിഡന്റാക്കാന്‍ ബിജെപിയോട് ആവശ്യപ്പെടുന്നതും ബിജെപി ആ ആവശ്യം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നതും. 1987ലെയും പിന്നീട് ബിജെപി പ്രസിഡന്റായ ശേഷം നടന്ന 2016ലെയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തതോടെ സംഘപരിവാര്‍ കുമ്മനത്തെ ചുറ്റിപ്പറ്റി ആകാശക്കോട്ട കെട്ടിത്തുടങ്ങി.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും കണക്കു കൂട്ടലുകളെല്ലാം കിറുകൃത്യമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസിനെക്കാളുച്ചത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചരണം നടത്താന്‍ ബിജെപിക്ക് സാധിക്കുന്നത് കുമ്മനത്തിന്റെ രാഷ്ട്രീയ ബുദ്ധിയാണ്. ജനകീയമാകുന്ന വിഷയങ്ങളില്‍ ആരെക്കാളും മുമ്പ് ഇടപെട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനും സാധിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു അവര്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ബിജെപിയ്ക്കും കുമ്മനത്തിനും സംഭവിക്കുന്ന മണ്ടത്തരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന മറ്റൊരു വിഭാഗം ഇവിടെയുണ്ടായിരുന്നു; ട്രോളര്‍മാര്‍. അവര്‍ കുമ്മനത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു കോമാളിയായി മാത്രം ചിത്രീകരിച്ചു. പ്രത്യേകിച്ചും 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം. ബിജെപി പ്രസിഡന്റാകുന്നതിന് മുമ്പത്തേത് പോലെ പല ജനകീയ പ്രശ്‌നങ്ങളിലും ഇപ്പോഴും ഇടപെട്ടെങ്കിലും അതെല്ലാം ട്രോളുകളില്‍ അവസാനിച്ചു. കുമ്മനടി, കുമ്മോജി, കുമ്മാട്ടി, കുമ്മനാന തുടങ്ങിയ ട്രോള്‍ വാചകങ്ങളും കുമ്മനത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളില്‍ ജനപ്രിയമായി. കൂട്ടത്തില്‍ സംസ്ഥാന ദേശീയ വ്യത്യാസമില്ലാതെ മറ്റ് ബിജെപി നേതാക്കളെയും അവര്‍ ട്രോളി.

അതിനുള്ള അവസരങ്ങള്‍ കുമ്മനും ടീമും ധാരളമായി തരികയും ചെയ്തു. അട്ടപ്പാടിയില്‍ ദളിത് യുവാവ് മധുവിനെ തല്ലിക്കൊന്ന വിഷയത്തിലെ പ്രതിഷേധവും കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമെല്ലാം കുമ്മനത്തെ ട്രോളാന്‍ ട്രോളര്‍മാര്‍ക്ക് ലഭിച്ച ചില അവസരങ്ങള്‍ മാത്രം. കുമ്മനം മാത്രമല്ല, കുമ്മനത്തോടൊപ്പം കേരളത്തില്‍ ജനരക്ഷാ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ച അമിത്ഷായെയും യോഗി ആദിത്യനാഥിനെയും സ്മൃതി ഇറാനിയെയും ഒന്നും കേരളത്തിലെ ട്രോളര്‍മാര്‍ വെറുതെവിട്ടില്ല. പലവട്ടം ദേശീയ നേതൃത്വം താക്കീത് നല്‍കിയിട്ടും കേരളത്തിലെ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ‘മസാല’ നല്‍കുന്നത് തുടര്‍ന്നപ്പോള്‍ ആദ്യം തെറിച്ചത് കുമ്മനത്തിന്റെ തലയാണെന്ന് മാത്രം. ഇന്ത്യന്‍ നേതാക്കളില്‍ നിലവില്‍ ഇത്രമാത്രം ട്രോള്‍ ചെയ്യപ്പെടുന്ന നേതാവ് വേറെയുണ്ടായിരിക്കില്ലെന്നത് തന്നെ കാരണം. കുമ്മനത്തെ ഉപയോഗിച്ച് കേരളത്തില്‍ ചുവടുറപ്പിക്കാമെന്ന പ്രതീക്ഷ ഈ ഘട്ടത്തില്‍ നടക്കില്ലെന്ന് ഉറപ്പു വന്നതോടെയാണ് ട്രോളുകള്‍ക്ക് വലിയ സാധ്യതയില്ലാത്ത മിസോറാമിലേക്ക് പറപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുന്നത്. ഒപ്പം ക്രിസ്തീയ ഭൂരിപക്ഷമുള്ള മിസോറാമില്‍ ബിജെപിയെ എങ്ങനെ ശക്തിപ്പെടുത്തണമെന്ന് കുമ്മനത്തിനറിയാമെന്ന് അവര്‍ക്ക് നന്നായി അറിയാം.

കുമ്മനത്തിന് ലഭിച്ചത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്നാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ കോടിയേരിയുടെ വിലയിരുത്തല്‍ ശരിയാണെന്ന് കാണാം. കുമ്മനവും ടീമും സോഷ്യല്‍ മീഡിയയിലാകെ വീണിടത്ത് കിടന്ന് ഉരുളുന്നത് കേരളത്തില്‍ തിരിച്ചടിയാകുമെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചരണത്തില്‍ നിന്നു തന്നെ കേന്ദ്ര നേതൃത്വത്തിന് ബോധ്യമായിട്ടുണ്ടാകും. ട്രോളുകളുടെ ഉപജ്ഞാതാക്കളായ യുവാക്കള്‍ ബിജെപിയിലേക്ക് ആകൃഷ്ടരാകുന്നുവെന്നാണ് കുമ്മനം മുമ്പ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. രാഷ്ട്രീയ ‘ചാണക്യ’നായ അമിത് ഷാ ഈ പള്‍സ് നേരത്തെ തന്നെ മനസിലാക്കിയിരിക്കും. തന്നെ പറഞ്ഞ് പറ്റിക്കുന്നോ അല്ലെങ്കില്‍ തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്നായിരിക്കും ഷാ അവിടെ ചിന്തിച്ചത്. ട്രോളുകള്‍ക്ക് യാതൊരു സാധ്യതകളുമില്ലെന്ന് കരുതപ്പെടുന്ന മിസോറാമിലേക്ക് തന്നെ നാടുകടത്താന്‍ തീരുമാനിച്ചതും അതിനാലാകും. മിസോറാമില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കുമ്മനത്തെ അവിടേക്ക് തന്നെ ഗവര്‍ണറായി അയയ്ക്കുന്നതെന്നാണ് പറയപ്പെടുന്നത്. കര്‍ണാടകത്തില്‍ പാളിയെങ്കിലും ഇനിയും സാധ്യതകളേറെയുള്ള കളികള്‍ രാജ്ഭവനുകളില്‍ നിന്നും സാധ്യമാകുമല്ലോ? എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി കുപ്പായം തുന്നി പെട്ടിയില്‍ വച്ച് നടക്കുന്ന കുമ്മനം ഈ നിയമനത്തില്‍ അസംതൃപ്തനാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണത്തില്‍ നിന്നും മനസിലാക്കുന്നത്. നേതൃത്വത്തിന്റെ നിര്‍ബന്ധം ഒന്നുകൊണ്ട് മാത്രമാണ് ചുമതലയേറ്റതെന്നും വ്യക്തമാണ്.

പിന്‍കുറിപ്പ്: കാവിലെ പാട്ടുമത്സരവും കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അടുത്ത കൊല്ലം മെയില്‍ നടക്കാനിരിക്കുന്ന വലിയ ഉത്സവത്തിന് കാണാമെന്നാണ് ഇപ്പോള്‍ കേരളത്തിലെ സംഘികള്‍ പറയുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍