UPDATES

കുളത്തൂപ്പുഴയിലെ നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തി; സര്‍വകക്ഷി യോഗത്തിന് ശേഷം

സര്‍വകക്ഷി യോഗത്തില്‍ വീട്ടുകാര്‍ തിരിച്ചെത്തേണ്ടതിന്റെ ആവശ്യകത നാട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു

കുളത്തൂപ്പുഴയില്‍ ഏഴു വയസ്സുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ നാടുകടത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചെത്തുന്നു. രണ്ട് ദിവസം മുമ്പ് ഏരൂരില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് പുതിയ നീക്കം. പെണ്‍കുട്ടിയുടെ വീട്ടുകാരെ നാട്ടുകാര്‍ നാടുകടത്തിയ വാര്‍ത്ത അഴിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മറ്റ് മാധ്യമങ്ങളും ആള്‍ക്കൂട്ട വിചാരണ വാര്‍ത്തയാക്കിയിരുന്നു.

സര്‍വകക്ഷി യോഗത്തില്‍ വീട്ടുകാര്‍ തിരിച്ചെത്തേണ്ടതിന്റെ ആവശ്യകത നാട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. തുടര്‍ന്ന് ഇന്നലെ യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ കിളിമാനൂരില്‍ ഇവര്‍ അഭയം തേടിയ ബന്ധു വീട്ടിലെത്തുകയും നാട്ടിലേക്ക് മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. കേസിന്റെ തെളിവിടുപ്പിനും ഇവര്‍ തിരികെയെത്തേണ്ടത് ആവശ്യമാണ്. ഇന്ന് ഇവര്‍ കിളിമാനൂരില്‍ നിന്നും കുളത്തൂപ്പുഴയിലേക്ക് മടങ്ങി.

പെണ്‍കുട്ടിയുടെ മരണത്തിന് കാരണം ‘വഴിപിഴച്ച’ സ്ത്രീകളാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മരണം നടന്നതിന്റെ പിറ്റേന്ന് ഇവരെ നാട്ടില്‍ നിന്നും ഓടിച്ചത്. കുട്ടിയുടെ അമ്മ, അമ്മയുടെ സഹോദരി, ആ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവായ മറ്റൊരു സ്ത്രീ, അമ്മയുടെ അമ്മയും അച്ഛനും കുട്ടികള്‍ എന്നിവരെയാണ് നാട്ടുകാര്‍ ആട്ടിയോടിച്ചത്. കുട്ടി മരിച്ചപ്പോള്‍ മുതല്‍ രോഷാകുലരായ നാട്ടുകാര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയായിരുന്നു. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നെന്നും വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ എന്നിങ്ങനെയായിരുന്നു നാട്ടുകാരുടെ ആരോപണങ്ങള്‍. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷ് ആണ് കേസിലെ പ്രതി. ഇയാള്‍ അമ്മയുടെ സഹോദരിയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആണ്. ഇയാളെ ഈ വീട്ടില്‍ താമസിപ്പിച്ചത് സ്ത്രീകളുടെ സ്വഭാവദൂഷ്യം മൂലമാണ് എന്നിങ്ങനെയാണ് നാട്ടുകാര്‍ നിരത്തുന്ന വാദം. ഇയാളെ വീട്ടില്‍ താമസിപ്പിച്ചില്ലായിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടി മരിച്ച അന്ന് മുതല്‍ കുടുംബത്തിനെതിരെ നാട്ടുകാര്‍ വ്യാപക പ്രചരണം തുടങ്ങിയിരുന്നു. കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി കാലങ്ങളായി അകന്നു കഴിയുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കുട്ടിയെ സംസ്‌കരിച്ചില്ല. മൂന്ന് കിലോമീറ്റര്‍ അകലെ പാണയം കച്ചിട്ടയിലുള്ള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വനിത കമ്മിഷന്‍ അംഗങ്ങള്‍ കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും അമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അപ്പോഴും ഇവര്‍ വഴിപിഴച്ചവരാണെന്നും ജോലി കൊടുക്കരുതെന്നുമാണ് നാട്ടുകാര്‍ വാദിച്ചത്. പിന്നീടും കുടുംബത്തിനെതിരായ ആക്രമം ശക്തമായതോടെയാണ് അവര്‍ നാടുവിടാന്‍ പ്രേരിതരായത്. തുടര്‍ന്ന് സ്വന്തം വീടുപേക്ഷിച്ച് കിളിമാനൂരിലുള്ള ബന്ധുവീട്ടില്‍ അഭയം തേടുകയായിരുന്നു.

Also Read: ‘പിഴച്ച’ സ്ത്രീകളെ തുരത്തി നാട്ടുകാര്‍; കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബത്തെ നാടുകടത്തി ആള്‍ക്കൂട്ട നീതി

അതേസമയം തന്റെ മക്കള്‍ വഴിപിഴച്ചവരെല്ലെന്നും കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ തങ്ങളാണെന്ന നാട്ടുകാരുടെ വാദം തെറ്റാണെന്നും കുട്ടിയുടെ അമ്മൂമ്മ അനിത അഴിമുഖത്തോട് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു. താനും ഭര്‍ത്താവും കഷ്ടപ്പെട്ടാണ് കുട്ടികളെ വളര്‍ത്തുന്നത്. മകളുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ചുറ്റിലും താമസിക്കുന്നത്. അവര്‍ പിരിഞ്ഞതിന് ശേഷമാണ് മകളെക്കുറിച്ച് അപവാദം പ്രചരണം ആരംഭിച്ചതെന്നും അനിത പറഞ്ഞു.

അതേസമയം കുടുംബം താല്‍ക്കാലികമായി വീട്ടില്‍ നിന്നും മാറിനില്‍ക്കുകയാണെന്നും കുടുംബത്തിന് സംരക്ഷണം നല്‍കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നുമാണ് ഏരൂര്‍ എസ്‌ഐ ഗോപകുമാര്‍ പറഞ്ഞത്. പൊതുജന വികാരം വീട്ടുകാര്‍ക്കെതിരായതിനാലാണ് തങ്ങള്‍ അവരെ ഇവിടെ നിന്നും മാറ്റിയതെന്നും പോലീസ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍