UPDATES

അട്ടപ്പാടിയില്‍ മറ്റൊരു കുഞ്ഞ് കൂടി മരിച്ചു; കോടികള്‍ ഒഴുക്കിയിട്ടും എന്തുകൊണ്ട് ശിശുമരണങ്ങള്‍ അവസാനിക്കുന്നില്ല?

2013ല്‍ 63 കുഞ്ഞുങ്ങളായിരുന്നെങ്കില്‍ 2018ല്‍ അത് 13 ആണ്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മരണം ഇല്ലാതാക്കാന്‍ ഇനിയുമായിട്ടില്ല

‘അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം’ എന്നത് ഇപ്പോള്‍ ഒരു ക്ലീഷേ ആണ്. ഓരോ കുഞ്ഞിന്റെയും മരണമറിയിച്ചുകൊണ്ടുള്ള വാര്‍ത്തകളിലാണ് അട്ടപ്പാടി എന്ന സ്ഥലത്തിന്റെ പേര് കേരളം കൂടുതലും കേള്‍ക്കാറ്. 2013ല്‍ 63 കുഞ്ഞുങ്ങളായിരുന്നെങ്കില്‍ 2018ല്‍ അത് 13 ആണ്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മരണം ഇല്ലാതാക്കാന്‍ ഇനിയുമായിട്ടില്ല. 2018ല്‍ അട്ടപ്പാടിയൊഴിച്ചാല്‍ ബാക്കിയുള്ള കേരളത്തില്‍ കുഞ്ഞുങ്ങളുടെ മരണ സംഖ്യ 10 ആണെങ്കില്‍ അതിനേക്കാള്‍ ഏറിയാണ് അട്ടപ്പാടിയിലെ മരണനിരക്ക്. ഗര്‍ഭസ്ഥ ശിശുക്കളുടെ മരണമുള്‍പ്പെടെ 19 കുഞ്ഞ് ജീവനുകളാണ് കഴിഞ്ഞ വര്‍ഷം ഇല്ലാതായത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. 40 ദിവസം പ്രായമായ ആണ്‍കുഞ്ഞ് രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ മരണമടഞ്ഞു.

ജെല്ലിപ്പാറ ഓന്തമലയില്‍ കുമാരന്‍-ചിത്ര ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അട്ടപ്പാടിയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ശിശുമരണമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയുടെ കൈകാലുകള്‍ മരവിച്ച നിലയില്‍ കണ്ടത്. പിന്നീട് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ചിത്ര കുമാരന്‍ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കുട്ടിക്ക് മുലപ്പാല്‍ നല്‍കി ഉറക്കിക്കിടത്തിയതാണെന്നും മരണ കാരണം എന്തെന്ന് വ്യക്തമല്ലെന്നും ബന്ധുക്കള്‍ പറയുന്നു. അസ്വാഭിക ശിശുമരണങ്ങള്‍ക്ക് പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന സബ് കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ജനിക്കുമ്പോള്‍ കുട്ടിക്ക് രണ്ടരകിലോ തൂക്കമുണ്ടായിരുന്നു. അതിനാല്‍ പോഷകാഹാരക്കുറവല്ല കുട്ടിയുടെ ജീവനെടുത്തത് എന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചതാവാനുള്ള സാധ്യത പറയുമ്പോഴും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം എന്തെന്ന് പറയാനാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതിനാല്‍ മറ്റെന്തെങ്കിലും കാരണം മരണത്തിന് പിന്നിലുണ്ടോ എന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. പുകയില ഉപയോഗിക്കുന്ന അമ്മ മയങ്ങിയപ്പോള്‍ ഉണ്ടായ അശ്രദ്ധയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കെട്ടിയതാവാമെന്ന സംശയവും അവര്‍ പ്രകടിപ്പിക്കുന്നു.

2018ല്‍ മരിച്ച 13 കുട്ടികളില്‍ അഞ്ച് കുട്ടികളുടെ മരണം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിഗമനം. 2014ല്‍ 30ഉും, 2016ല്‍ ആറും, 2017ല്‍ 14ഉും കുട്ടികള്‍ അട്ടപ്പാടിില്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും ഇരട്ടി വരുമെന്നാണ് അട്ടപ്പാടിയിലെ ട്രൈബല്‍ പ്രൊമോട്ടര്‍മാരില്‍ ചിലരും സാമൂഹ്യപ്രവര്‍ത്തകരും പറയുന്നത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് ഇതില്‍ പകുതിയോളം കുട്ടികള്‍ മരിച്ചതെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തുമ്പോഴും അട്ടപ്പാടിയില്‍ മാത്രം എന്തുകൊണ്ട് ഇത് എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ഇതിന് മുമ്പ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നെല്ലിയാമ്പതി ഊരില്‍ പഴനി സ്വാമിയുടെ ഭാര്യ തങ്കമ്മ പ്രസവിച്ച കുട്ടിയാണ് മരിച്ചത്. വേണ്ട സമയത്ത് ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് ശിശു മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞത്. 19ാം തീയതിയാണ് തങ്കമ്മയെ പ്രസവത്തിനായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ തങ്കമ്മക്ക് പ്രസവ വേദന അനുഭവപ്പെട്ടു. എന്നാല്‍ കോട്ടത്തറ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു. ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുട്ടി മരിച്ചിരുന്നു. ഒക്ടോബര്‍ മാസത്തില്‍ നാല് കുഞ്ഞുങ്ങള്‍ മരിച്ചു. ഇതില്‍ രണ്ട് കുട്ടികള്‍ക്ക് ആവശ്യത്തിന് തൂക്കമുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബറിലെ മരണം നടന്നപ്പോള്‍ വീണ്ടും അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ചര്‍ച്ചയായി. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അട്ടപ്പാടി സന്ദര്‍ശിച്ചു. തുടര്‍ന്ന് അട്ടപ്പാടിയില്‍ ഇപ്പോഴും ശിശുമരണങ്ങള്‍ തുടരുന്നതെന്തുകൊണ്ടെന്ന് പഠനം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. യൂണിസെഫിനോട് ഇക്കാര്യത്തില്‍ പനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. യൂണിസെഫ് സംഘം പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ലഭ്യമായില്ല.

കാരണമെന്ത് തന്നെയായാലും അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ മരണം സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങളിലേക്കും അടിസ്ഥാന സൗകര്യമില്ലായ്മയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. ആദിവാസി മേഖലകളുടെ അടിസ്ഥാനസൗകര്യ വികസനം, സമഗ്ര ആരോഗ്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി കോടികളുടെ പാക്കേജാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്നത്. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും മേഖലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലൂടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ട നടപടികള്‍ പാക്കേജുകളില്‍ നിര്‍ദ്ദേശിച്ചിരുന്നു. ആദിവാസി അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷകാഹാര പദ്ധതി, ഓരോ ആദിവാസി ഊരുകളിലും ആഹാരം പാകം ചെയ്ത് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വിതരണം ചെയ്യുന്ന സമൂഹ അടുക്കള പദ്ധതി, റോഡ്, ആരോഗ്യം, കുടിവെള്ളം എന്നിവയ്ക്കായുള്ള പദ്ധതി എന്നിങ്ങനെ കോടികള്‍ അട്ടപ്പാടിയിലേക്ക് ഒഴുകി. 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ മാത്രം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 500 കോടിയിലധികം തുക അട്ടപ്പാടിയില്‍ ചെലവഴിച്ചിട്ടുമുണ്ട്. എന്നിട്ടും ഇപ്പോഴും തൂക്കക്കുറവുള്ള കുട്ടികള്‍ ജനിക്കുകയും പലകാരണങ്ങളാല്‍ കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്യുന്നത് പദ്ധതി നടത്തിപ്പിലെ വീഴ്ചകളാണ് തെളിയിക്കുന്നത്.

അട്ടപ്പാടിയിലെ സാമൂഹ്യപ്രവര്‍ത്തകനായ രാജേന്ദ്രപ്രസാദ് പറയുന്നു, ‘മരണം 63 ല്‍ നിന്നും 13ല്‍ എത്തി എന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ചെയ്യുന്നതിന് പരിധികളുണ്ട്. മരുന്നും ചികിത്സയും ബോധവല്‍ക്കരണവും നല്‍കാമെന്നതിനപ്പുറത്തേക്ക് അവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്കും നയിക്കുന്നത്. അതിന് അവര്‍ക്ക് ഭൂമി നല്‍കി കൃഷി ചെയ്യുന്ന അവസ്ഥയിലേക്കെത്തിക്കണം. സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെടാനുള്ള അവസരവും സാധ്യതകളും ആദിവാസികള്‍ക്ക് നല്‍കണം. അങ്ങനെ അവരുടെ ജീവിത രീതിയില്‍ തന്നെ മാറ്റം വരുത്തിയേ മരണങ്ങള്‍ ഇല്ലാതാക്കാനാവൂ. വനാവകാശ നിയമ പ്രകാരം 563 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ആദിവാസികള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ആ ഭൂമിയില്‍ കൃഷി ചെയ്യുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് നല്‍കിയും ആദിവാസികള്‍ക്ക് കൃഷി തുടങ്ങാനുള്ള സഹായം നല്‍കിയും സര്‍ക്കാര്‍ അത്തരമൊരു കാര്യത്തിലേക്കെത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ സ്വയംതൊഴില്‍ അവസരങ്ങള്‍ നല്‍കിയോ, ചെറുകിട കുടില്‍ വ്യവസായങ്ങളില്‍ പങ്കാളികളാക്കിയോ, വിദ്യാഭ്യാസമുള്ള അട്ടപ്പാടിയിലെ ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കിയോ മൂലധനാധിഷ്ഠിതമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ അട്ടപ്പാടിയില്‍ എന്തെങ്കിലും മാറ്റം വരൂ.’

റഫര്‍ ചെയ്യാന്‍ ഒരു ആശുപത്രി

അട്ടപ്പാടിക്കാര്‍ മുഴുവന്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരോ ഡോക്ടര്‍മാരോ ഇല്ലാത്ത ആശുപത്രിയില്‍ എത്തുന്നവരെ പലരേയും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്ത് വിടേണ്ട ഗതികേടിലാണ് ആശുപത്രി അധികൃതര്‍. എന്നാല്‍ ഇവിടെയെത്തുന്ന ഗര്‍ഭിണികളുടെ അവസ്ഥയാണ് കഷ്ടം. ഊരുകളില്‍ നിന്ന് മൈലുകള്‍ താണ്ടി, ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നടന്ന് ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് സ്‌കാനിങ്ങ് സൗകര്യം പോലും ഇവിടെയില്ല. ഇങ്ങനെയെത്തുന്ന ഗര്‍ഭിണികളെ ഒരു ദിവസം ആശുപത്രിയില്‍ നിര്‍ത്തി, അടുത്ത ദിവസം ആംബുലന്‍സില്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്കെത്തിച്ച് സ്‌കാനിങ് നടത്തും. ഇതാണ് നടന്നുവരുന്ന രീതി. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ സ്‌കാനിങ് മിഷ്യന്‍ നല്‍കി. എന്നാല്‍ അത് സ്‌കാനിങ്ങിന് ഉപയോഗിക്കാന്‍ കഴിയില്ല. കളര്‍ ഡോപ്ലര്‍ സംവിധാനം മിഷ്യനിലില്ല. 54 ബെഡ് ആയിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. അതിനനുസരിച്ച് ജീവനക്കാരും ഉണ്ടായിരുന്നു. പിന്നീട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൂടി സര്‍ക്കാര്‍ കോട്ടത്തറ ആശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തി. എന്നാല്‍ അതിനനുസരിച്ച് പോസ്റ്റുകള്‍ ഉണ്ടാവണമെന്ന കോടതി ഉത്തരവ് മാത്രം നടപ്പായില്ല. മൂന്ന് ഗൈനക്കോളജിസ്റ്റ് തസ്തികയാണ് ആശുപത്രിയിലുള്ളത്. രണ്ട് പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. സീനിയര്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ പലരേയും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടിയും വരുന്നു. എല്ലാ മാസവും സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറയുന്നു.

‘എന്ത് ചെയ്യാനാണ്? സര്‍ക്കാര്‍ തരണ്ടേ? ഇവിടെ ഇപ്പോള്‍ ഒരു സ്‌കാനിങ് മിഷ്യന്‍ ഉണ്ട്. ഉണ്ട് എന്ന് പറയാമെന്നല്ലാതെ അതുകൊണ്ട് കാര്യമില്ല. കളര്‍ ഡോപ്ലര്‍ ഉണ്ട് എന്ന് പറഞ്ഞാണ് ഇത് കൊണ്ടുവച്ചത്. പക്ഷെ സോണോളജിസ്റ്റ് വന്ന് നോക്കിയപ്പോള്‍ ഇതില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാത്രമേയുള്ളൂ. എന്നുമാത്രമല്ല ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പോലും അറിയില്ലെന്നാണ് സോണോളജിസ്റ്റ് പറയുന്നത്. ആദ്യകാലത്തിറങ്ങിയ, ഇപ്പോള്‍ ആരും തന്നെ ഉപയോഗിക്കാത്ത ഒരു സ്‌കാനിങ് മിഷ്യനാണ് സര്‍ക്കാര്‍ തന്നത്. അതുകൊണ്ട് ഇഎംഎസ് ആശുപത്രിയില്‍ കൊണ്ട് പോയി ഗര്‍ഭിണികളുടെ സ്‌കാനിങ് നടത്തും. എത്ര കഷ്ടപ്പെട്ടാലാണ് ഒരു ഗര്‍ഭിണിക്ക് ഊരില്‍ നിന്ന് ഈ ആശുപത്രിയിലേക്ക് എത്താന്‍ കഴിയുക. അവരെ ഇവിടെ താമസിപ്പിച്ച് ചുരത്തിലൂടെ വണ്ടിയില്‍ കൊണ്ട് പോയി സ്‌കാന്‍ ചെയ്യിക്കണം. വലിയ സ്‌ട്രെസ് ആണ് ഗര്‍ഭിണിയായ സ്ത്രീയ്ക്ക് നമ്മള്‍ കൊടുക്കുന്നത്. അതും ഇപ്പോള്‍ ചുരത്തിലെ റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമായിക്കിടക്കുകയാണ്. ഞങ്ങള്‍ കുറേ ബഹളം വച്ചിട്ടാണ് ഇപ്പോള്‍ പാറയെങ്കിലും നിരത്തിക്കിട്ടിയത്. അതിലൂടെ പോയി തിരിച്ചെത്തി ഊരിലേക്ക് നടന്നെത്തുമ്പോഴേക്കും ചിലപ്പോള്‍ അബോര്‍ഷനും സംഭവിക്കാറുണ്ട്. സ്‌കാന്‍ ചെയ്യാനുള്ള മിഷ്യന്‍ എത്തിച്ചാലും അത് ചെയ്യാനുള്ള സോണോളജിസ്റ്റ് ഇല്ല. ഗൈനക്കോളജിസ്റ്റുകള്‍ തന്നെയാണ് സ്‌കാനിങ് ചെയ്യേണ്ടി വരിക. ആഴ്ചയിലൊരിക്കലെങ്കിലും സോണോളജിസ്റ്റിനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ഇതുവരെ നല്‍കിയിട്ടില്ല. ഒരു ഗൈനക്കോളജിസ്റ്റ് തസ്തിക ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ട് പേരില്‍ ഒരാള്‍ ലീവെടുത്താല്‍ കാര്യങ്ങളെല്ലാം അവതാളത്തിലാവും. ഉള്ളതും ജൂനിയര്‍ ഡോക്ടര്‍മാരാണ്. അതിനാല്‍ എന്തെങ്കിലും ഒരു സംശയം വന്നാല്‍ റഫര്‍ ചെയ്ത് വിടുകയാണ്. ഒരു സീനിയര്‍ ഡോക്ടറെയെങ്കിലും ഇവിടെ നിയമിക്കണമെന്നും എപ്പോഴും ആവശ്യപ്പെടാറുള്ളതാണ്. ഒരു കുഞ്ഞ് മരിക്കുമ്പോള്‍ കോടികള്‍ എത്തിച്ചിട്ട് കാര്യമില്ല. ഒരു കുഞ്ഞും മരിക്കാതിരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കണ്ടത്. 12 കോടി രൂപയ്ക്ക് ഇഎംഎസ് ആശുപത്രിയുമായി ടൈ അപ് ഉണ്ടായതാണ് ആകെ ഒരു ആശ്വാസമായിരിക്കുന്നത്.

Read More: ഇനിയും മറച്ചുവച്ചിട്ട് കാര്യമില്ല; ഒരു കുഞ്ഞ് കൂടി മരിച്ചു; ജയ അരി കൊടുത്താല്‍ തീരുന്നതല്ല അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍

100 ബെഡ് ആക്കി ആശുപത്രിയെ ഉയര്‍ത്തി. പക്ഷെ അതിനനുസരിച്ച് സ്റ്റാഫ് ഇല്ല. പോസ്റ്റും ഇല്ല. 100 ബെഡ് എന്ന് പറഞ്ഞാല്‍ ആശുപത്രിയില്‍ ഇപ്പോള്‍ 180-190 പേഷ്യന്റ്‌സ് എങ്ങനെയായാലും കാണും. ആവശ്യമില്ലാതെ എത്രയോ ആശുപത്രികളില്‍ ജീവനക്കാരെ കൂട്ടത്തോടെ നിയമിച്ചിരിക്കുന്നു. ഈ പാറ്റേണ്‍ ഒന്ന് റീ അറേഞ്ച് ചെയ്ത് തന്നാല്‍ മതി. ഒന്നാമത് ആദിവാസികളുടെ എണ്ണം ഇപ്പോള്‍ തന്നെ കുറവാണ്. അവരുടെ ഇടയില്‍ ഒരു ജീവനെങ്കില്‍ ഒരു ജീവന്‍, അത് ഇല്ലാതാവാതെയിരിക്കണമെന്നേയുള്ളൂ. അതിനാണ് നിരന്തരമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതും. പക്ഷെ പതിയെയാണെങ്കിലും മരണങ്ങള്‍ കുറയുന്നു എന്നത് ഒരു ശുഭസൂചനയാണ്. 2013ലെ അടിയന്തിര സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി കിച്ചന്‍ വരുന്നത്. ആദിവാസികള്‍ക്ക് ഭക്ഷണം കിട്ടുന്നുണ്ട്. എന്നാല്‍ പയറ് വര്‍ഗങ്ങളോ പച്ചക്കറികളോ മറ്റ് ധാന്യങ്ങളോ കിട്ടുന്നില്ല. അത് വീട്ടില്‍ നിന്ന് തന്നെ കിട്ടിയാലേ ഗര്‍ഭിണികളുടെ അടക്കം ആരോഗ്യം മെച്ചപ്പെടൂ. അത്തരമൊരു സാമൂഹ്യസാഹചര്യത്തിലേക്ക് അവരെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഒരു വര്‍ഷത്തേക്ക് കമ്മ്യൂണിറ്റി കിച്ചന്‍ നടപ്പാക്കി, ഒരു വര്‍ഷത്തിനുള്ളില്‍ കൃഷിയും തൊഴിലുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നായിരുന്നു അന്നത്തെ നിര്‍ദ്ദേശം. പക്ഷെ ഇപ്പോഴും കമ്മ്യൂണിറ്റി കിച്ചന്‍ തന്നെ തുടരുകയാണ്.യഥാര്‍ഥത്തില്‍ ഐഎഎസ് ലെവലിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇവിടെ ആദിവാസികള്‍ക്കായുള്ള എല്ലാ പ്രവര്‍ത്തനങ്ങളേയും പദ്ധതികളേയും കോര്‍ഡിനേറ്റ് ചെയ്യാന്‍ വേണം.’

അട്ടപ്പാടിയില്‍ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ട്. ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആദിവാസി മേഖലകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തിയാണ് ആരോഗ്യ പ്രവര്‍ത്തനം. വിവിധ പരിശോധനകളും സ്‌കാനിങ്ങും ഉള്‍പ്പെടെ നടത്താനുള്ള സൗകര്യങ്ങളും, ഡോക്ടര്‍മാരും ഉള്‍പ്പെടെ പ്രാഥമികാരോഗ്യങ്ങളെ ശക്തിപ്പെടുത്തിയാല്‍ ആദിവാസികള്‍ക്ക് ആശ്വാസമാവും എന്ന അഭിപ്രായമാണ് അട്ടപ്പാടിക്കാര്‍ക്കുള്ളത്. റഫര്‍ ചെയ്യേണ്ടുന്ന കേസുകള്‍ മാത്രം മറ്റ് ആശുപത്രികളിലേക്ക് വിട്ട്, ഊരുകളിലെ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന തരത്തിലേക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മാറണമെന്നാണ് ഇവരുടെ ആവശ്യം.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍