UPDATES

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം ശൈശവ വിവാഹവും: പഠനം

കേരള മഹിളാ സമഖ്യയാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച് സാമ്പത്തിക സര്‍വേ നടത്തിയത്

അട്ടപ്പാടിയില്‍ 22.91 ശതമാനം പെണ്‍കുട്ടികള്‍ ഇപ്പോഴും ശൈശവ വിവാഹം ചെയ്യപ്പെടുന്നുവെന്ന് പഠനം. ഇതില്‍ 6.25 ശതമാനം പെണ്‍കുട്ടികളും 17 വയസിനുള്ളില്‍ ഗര്‍ഭിണികളാകുന്നു. 27 ശതമാനം സ്ത്രീകള്‍ 18 വയസിനും 25 വയസിനുമിടയില്‍ ഗര്‍ഭം ധരിക്കുന്നു. കേരള മഹിളാ സമഖ്യയാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച് സാമ്പത്തിക സര്‍വേ നടത്തിയത്.

തിരഞ്ഞെടുത്ത 48 അമ്മമാരിലും 54 ശിശുമരണത്തിലുമാണ് സര്‍വേ നടത്തിയത്. പുതൂര്‍, അഗളി, ഷോളയാര്‍ എന്നീ മേഖലകളില്‍ നിന്നാണ് സര്‍വേ നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസമുള്ള പുതൂര്‍ മേഖലയില്‍ ആവശ്യത്തിനുള്ള യാത്രാ സൗകര്യമോ ആശുപത്രി സൗകര്യമോ ഇപ്പോഴും ലഭ്യമാക്കിയിട്ടില്ല എന്ന് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് മഹിളാ സമഖ്യാ സംസ്ഥാന മേധാവി പി.യു ഉഷ പറഞ്ഞു.

സാക്ഷരതാ നിരക്ക്, ശൈശവ വിവാഹം, ഗര്‍ഭിണിയാകുന്ന വയസ്, മരണ കാരണങ്ങള്‍, എന്നിവയാണ് പ്രധാനമായും സര്‍വ്വേ നടത്താനുള്ള സൂചകങ്ങളായി ഉപയോഗിച്ചിരുന്നത്. ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍ എന്നീ ആദിവാസി വിഭാഗങ്ങളാണ് ഈ ഭാഗങ്ങളില്‍ കൂടുതലും താമസിക്കുന്നത്. ഇതില്‍ ഇരുളര്‍ വിഭാഗത്തില്‍ കുഞ്ഞുങ്ങളെ നഷ്ടമായ 38 അമ്മമാരാണ് ഉള്ളത്.

സാക്ഷരതാ നിരക്ക് താരതമ്യേന ഉയര്‍ന്നതാണെങ്കിലും പക്ഷേ മറ്റൊരാളുമായി സംവദിക്കാനുള്ള കഴിവ് പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ അവര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന് മഹിളാ സമഖ്യ റിപ്പോര്‍ട്ട് പറയുന്നു. ആദിവാസി ഗോത്രഭാഷയും പൊതുസമൂഹം സംസാരിക്കുന്ന മലയാള ഭാഷയും തമ്മിലുള്ള അന്തരമാണ് ഇതിനൊരു കാരണമായി സര്‍വ്വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. ‘പത്താം ക്ലാസ് വരെയുള്ള പഠനം അവര്‍ക്ക് സുഗമമാണ്. പക്ഷേ അത് കഴിഞ്ഞ് ഉപരിപഠനത്തിന് പോകാന്‍ അവര്‍ക്ക് സാധിക്കാറില്ല. സിംഗിള്‍ വിന്‍ഡോ സിസ്റ്റം അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാറില്ല എന്നതാണ് അതിനൊരു കാരണം. അതൊരു ആദിവാസി വിരുദ്ധ സംവിധാനമാണ്.’ പി.ഇ ഉഷ വിശദീകരിച്ചു. മൊബൈല്‍, ഇന്‍ര്‍നെറ്റ് സംവിധാനങ്ങള്‍ ലഭ്യമാകാത്തതും അത് മനസിലാക്കാനുള്ള ശേഷിക്കുറവും ഇവരുടെ ഉപരിപഠന സാധ്യത ബാധിക്കുന്നുണ്ടെന്ന് മഹിളാ സമഖ്യ വിശദമാക്കി.

കൂടാതെ പലപ്പോഴും ആദ്യ മൂന്ന് മാസത്തിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന് ഇവര്‍ മനസിലാക്കുന്നതെന്നും അട്ടപ്പാടി മഹിളാ സമഖ്യ സേവിനിയായ മാലതി സര്‍വേ അവതരിപ്പിക്കുന്നതിനിടയില്‍ പറഞ്ഞു. നിര്‍ബന്ധിച്ചാല്‍ മാത്രമേ അവര്‍ കൃത്യസമയത്ത് ഇഞ്ചെക്ഷന്‍ പോലുള്ള എടുക്കാറുള്ളൂവെന്നും സ്വയം ആരോഗ്യ കാര്യങ്ങളില്‍ ഇവര്‍ ശ്രദ്ധ നല്‍കാറില്ലെന്നുമാണ് അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സേവിനിമാര്‍ പങ്കുവെച്ച വിവരങ്ങള്‍. സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം സ്ത്രീകളുടെയും ആദ്യത്തെ കുട്ടി മരണപ്പെട്ടിരുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. പല സമയത്തും അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് പോലുള്ള സംവിധാനങ്ങള്‍ ലഭ്യമാകാറില്ലെന്ന് അട്ടപ്പാടിയിലെ മഹിളാ സമഖ്യ സേവിനി രാമി പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഭയന്ന് മറ്റ് ആശുപത്രികളിലേക്ക് വിടാനുള്ള പ്രവണതയും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടെന്ന് രാമി സൂചിപ്പിച്ചു.

‘സര്‍വ്വേയില്‍ പങ്കെടുത്തതില്‍ 55 ശതമാനം അമ്മമാരും ഹോസ്റ്റലില്‍ ദിവസങ്ങളോളം താമസിച്ചിരുന്നവരാണ്. പോഷകാഹാരക്കുറവോ, വിളര്‍ച്ചയോ ഉള്ള കുട്ടികള്‍ക്ക് ട്രൈബല്‍ ഹോസ്റ്റലുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും വെച്ച് തന്നെ പരിഹാരം കാണാന്‍ കഴിയും. ആദിവാസികളായ കുട്ടികള്‍ക്ക് രക്തപരിശോധനയും സമീകൃത ആഹാരവും ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഹോസ്റ്റലില്‍ ചെയ്യാവുന്നതാണ്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 60 ശതമാനം ആളുകളിലും 10ല്‍ താഴെയാണ് ഹീമോഗ്ലോബിന്‍ അളവ്.’ മഹിളാ സമഖ്യയിലെ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ ബോബി അഭിപ്രായപ്പെട്ടു.

ശിശുക്കള്‍ മരിച്ച അമ്മമാരില്‍ 22 ശതമാനം പേരുടെയും അമ്മ വഴിയുള്ള ബന്ധുക്കള്‍ക്കും കുഞ്ഞുങ്ങളെ നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായുള്ള ശിശുമരണത്തിലേക്ക് ഇത് സംശയമുണര്‍ത്തുന്നുണ്ട്. ആദിവാസി സമൂഹത്തിന്റെ നിലനില്‍പിന് തന്നെ ബാധിക്കുന്ന ഒരു സൂചനയായി അത് പരിഗണിക്കാവുന്നതാണ്. പോഷകാഹാരക്കുറവ് മൂലം വിളര്‍ച്ചയുള്ള കുട്ടികള്‍ ഗര്‍ഭിണികളാകുമ്പോള്‍ കുടുംബക്കാര്‍ തന്നെ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. രണ്ടാമത് ഗര്‍ഭം ധരിക്കുന്ന അമ്മമാരുടെ പഴയ മെഡിക്കല്‍ രേഖകള്‍ ഇവരുടെ കൈവശമില്ലാത്തത് ചികില്‍സയെ ബാധിക്കുന്ന വിഷയമാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 15 പേരില്‍ മാത്രമാണ് മെഡിക്കല്‍ രേഖകള്‍ ഉണ്ടായിരുന്നതെന്ന് മഹിളാ സമഖ്യ അറിയിച്ചു.

ചുവന്ന രക്താണുവിന്റെ കുറവ്, ഹീമോഗ്ലോബിന്റെ അളവിലുള്ള കുറവ്, കൃത്യമല്ലാത്ത ആര്‍ത്തവം എന്നിവ ഇവര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ഭക്ഷണക്രമത്തിലുണ്ടായ ഭീമമായ വ്യത്യാസം ഇവരുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടാകുമെന്ന് സര്‍വേ അവതരണത്തില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തക ശാന്തി അഭിപ്രായപ്പെട്ടു. ‘റാഗി, ചാമ, തുടങ്ങിയ കൃഷികളില്‍ നിന്നും ആഹാരക്രമത്തില്‍ നിന്നും റേഷനരിയിലേക്ക് മാറിയത് അവരുടെ ഭക്ഷണക്രമത്തെയും ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അവര്‍ക്കിപ്പോഴും പരമ്പരാഗത രീതിയിലുള്ള കൃഷിയും ആഹാരം പാകം ചെയ്യലുമറിയാമെങ്കിലും അവര്‍ അത് പിന്തുടരുന്നില്ല. അവരെ അതിന് പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദിവാസികളുടെ പരമ്പരാഗത രീതിയിലുള്ള കൃഷി പ്രോല്‍സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസഫൈന്‍.ജെ അറിയിച്ചു. വാഴ, കുരുമുളക് എന്നിവയിലേക്ക് മാത്രം ആദിവാസികളുടെ കൃഷി ചുരുങ്ങിപ്പോയിയെന്നും ഇത് അവരുടെ മൊത്തം ആഹാരക്രമത്തെ ബാധിച്ചുവെന്നുമുള്ള അഭിപ്രായങ്ങള്‍ സര്‍വേ അവതരണശേഷമുള്ള ചര്‍ച്ചയില്‍ ഉണ്ടായി. കൃഷിക്കായി രാസവളങ്ങള്‍ ഉപയോഗിക്കുന്നത് വഴി വെള്ളം മലിനമാകാന്‍ തുടങ്ങിയെന്നും ഇത് ആദിവാസികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നുമുള്ള സംശയം ചര്‍ച്ചയില്‍ ഉയര്‍ന്നു.

പട്ടിണിയിലൂടെ തുടരുന്ന വംശഹത്യകള്‍; ഉത്തരവാദികള്‍ ഇവിടെത്തന്നെയുണ്ട്

അട്ടപ്പാടിയില്‍ അവസാന ആദിവാസിയും മരിച്ചു വീഴുന്ന ഒരു കാലത്തിനായാണോ നമ്മള്‍ കാത്തിരിക്കുന്നത്?

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ അവസാനിക്കുന്നില്ല; ഒടുവില്‍ മരണപ്പെട്ടത് ഇരട്ടക്കുഞ്ഞുങ്ങള്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍