UPDATES

ട്രെന്‍ഡിങ്ങ്

എജ്ജാതി അയിത്തമാടോ പോലീസിലും? പോലീസിലെ അയിത്തം തുറന്നെഴുതിയതിന്റെ പിറ്റേന്ന് മകനെ അറസ്റ്റ് ചെയ്തെന്ന് ചിത്രലേഖ

ചിത്രലേഖയുടെ പോലീസ് സംരക്ഷണം ബീറ്റ് ബുക്കില്‍ ഒതുങ്ങുന്നു

ചിത്രലേഖയുടെ പോലീസ് സംരക്ഷണം ബീറ്റ് ബുക്കില്‍ ഒതുങ്ങുന്നു. തനിക്കും കുടുംബത്തിനും പണിതുകൊണ്ടിരിക്കുന്ന വീടിനും ഭീഷണിയുണ്ടെന്ന പരാതിയിന്മേലാണ് ചിത്രലേഖയ്ക്ക് പോലീസ് സംരക്ഷണം അനുവദിക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പോലീസ് സുരക്ഷ ചിത്രലേഖയ്ക്ക് ലഭിച്ചു തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇവര്‍ക്ക് പോലീസ് സംരക്ഷണം ലഭിക്കുന്നില്ല.

“ജൂണ്‍ 29ാം തീയതി സംരക്ഷണം നല്‍കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അയിത്തത്തെക്കുറിച്ച് ഞാന്‍ ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരുന്നു. അതിന്റെ പിറ്റേ ദിവസം മകനെ അറസ്റ്റ് ചെയ്തു. അതില്‍പ്പിന്നെ പോലീസ് സംരക്ഷണമില്ല.” ചിത്രലേഖ വിശദീകരിച്ചു.

ജൂണ്‍ 29ാം തീയതി ചിത്രലേഖ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. “രണ്ടു മാസമായി എനിക്ക് പോലീസ് പ്രൊട്ടക്ഷന്‍. എന്റെ വീട്ടില്‍ നിന്ന് ചായ വേണോ എന്നു ചോദിച്ചാല്‍ വേണ്ടാ എന്നു മറുപടി. പക്ഷെ അപ്പുറത്തെ വീട്ടില്‍ പോയി ചായ കുടിക്കുകയും ചെയ്യും, എജ്ജാതി അയിത്തമാടോ പോലീസിലും. ജാതിയില്ലാ സഖാവാണെ പോലീസ് മന്ത്രി” എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. അതിന് ശേഷമാണ് സംരക്ഷണത്തിനായി പോലീസ് എത്താതെയായത് എന്ന് ചിത്രലേഖ ആരോപിക്കുന്നു. പോലീസ് കുറിപ്പ് എഴുതിയതിന് പിറ്റേ ദിവസം തന്നെ തന്റെ മകനെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“മകനെ മോഷണക്കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷ്ടിച്ച മരം ശ്രീശാന്ത് എന്ന ആശാരിയുടെ കമ്പനിയില്‍ മാര്‍ച്ച് 18ന് കൊണ്ടുപോയി എന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. ജൂലൈ മാസത്തില്‍, മോഷ്ടിച്ചു കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന മരം മുഴുവനായി കണ്ടെടുക്കുകയായിരുന്നു.” ഇത് എസ്‌ഐ ഷാജി പട്ടേരി ആസൂത്രിതമായി ഒരുക്കിയ കള്ളക്കേസ് ആണെന്ന് ചിത്രലേഖ പറയുന്നു. ഒരു മരം വിറ്റ് കാശാക്കാതെ അഞ്ച് മാസം കാത്തുസൂക്ഷിക്കുമോയെന്നും ചിത്രലേഖ ചോദിക്കുന്നു. “എന്നെയും കുടുംബത്തിനെയും ഒരുപാട് ദ്രോഹിക്കുന്നുണ്ട്. മക്കളെയെങ്കിലും വെറുതെ വിട്ടു കൂടെ ഇവര്‍ക്ക്?”

പയ്യന്നൂര്‍ എടാട്ട് ഓട്ടോ സ്റ്റാന്‍ഡിലെ സിപിഎമ്മിന്റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായുള്ള ചിത്രലേഖയുടെ പോരാട്ടം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഓട്ടോ ഡ്രൈവറായ ചിത്രലേഖ ദളിത് അവകാശ പ്രവര്‍ത്തക എന്ന നിലയില്‍ സമരരംഗങ്ങളില്‍ സജീവമായിരുന്നു. ചിത്രലേഖയുടെ വീടിനും ഓട്ടോറിക്ഷയ്ക്കും നേരെ നിരവധി തവണ ആക്രമണമുണ്ടായിട്ടുമുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചെടുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പിന്നാലെ, ജീവന് ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണം അനുവദിച്ചത്. കണ്ണൂര്‍ മയ്യില്‍ കാട്ടാമ്പള്ളിയില്‍ നിര്‍മാണം നടക്കുന്ന വീടിന് സമീപത്തെ വാടകവീട്ടിലാണ് ചിത്രലേഖയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. “ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് കുടുംബത്തിലെ എല്ലാവര്‍ക്കും സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ പോലീസ് നാടകം കളിക്കാനാണെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ” എന്ന് ചിത്രലേഖ ചോദിക്കുന്നു.

സഖാക്കളോടാണ്: ഓര്‍മയുണ്ടോ ചിത്രലേഖയെ? ഒരുനാള്‍ നിങ്ങള്‍ മറുപടി പറയേണ്ടി വരും

സിപിഎം സ്തുതിപാഠകര്‍ കേള്‍ക്കാന്‍; ചിത്രലേഖയുടെ ഓട്ടോ വീണ്ടും നശിപ്പിച്ചു

ചിത്രലേഖ: പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിതം

തലശ്ശേരിയില്‍ ദളിത് രാഷ്ട്രീയം പറഞ്ഞ് തമ്മിലടിക്കുന്നവര്‍ പയ്യന്നൂരിലെ ചിത്രലേഖയെ മറക്കരുത്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍