UPDATES

‘അവസാനം പോകുമ്പോ ഈ വഴിയും സ്ഥലവുമൊന്നും അച്ചനും കൊണ്ടുപോകില്ല’; മതില്‍ കെട്ടി അയല്‍ക്കാരുടെ വഴിയടച്ചത് വ്യാകുലമാതാ പള്ളിയാണ്

വഴി അടച്ചിട്ട് രണ്ടു വര്‍ഷം; സമരം തുടങ്ങിയിട്ട് 270 ദിവസം; സമരത്തിനിറങ്ങിയ ക്രൈസ്തവ കുടുംബത്തെ പള്ളി പുറത്താക്കി

ശ്രീഷ്മ

ശ്രീഷ്മ

‘അവസാനം പോകുമ്പോ ഈ വഴിയും സ്ഥലവുമൊന്നും അച്ചനും കൊണ്ടുപോകില്ല, ഞാനും കൊണ്ടുപോകില്ല. ഈ സമരം വിജയിക്കണം, എന്റെ വഴി തുറന്നു തരണം. അല്ലെങ്കില്‍ ഞാന്‍ ഇവിടെ കിടന്നു മരിച്ചോട്ടെ.’ പറയുന്നത് തൃശ്ശൂര്‍ മാഞ്ഞാലി സ്വദേശിയായ ജമീല അബ്ദുല്‍ കരീമാണ്. വഴിക്കുള്ള അവകാശത്തിനായി, തന്റെ വീടിനെ മറച്ചു കെട്ടിയ ‘വര്‍ഗ്ഗീയ മതില്‍’ പൊളിച്ചു നീക്കാനായി, അനിശ്ചിതകാല നിരാഹാര സമരത്തിലാണ് ഒക്ടോബര്‍ മൂന്നു മുതല്‍ ജമീല. ജമീലയുടെ സമരമാകട്ടെ, ഒരു പള്ളിയുടെ അധികാരികള്‍ക്കെതിരെയും.

രണ്ടു വര്‍ഷമായി ജമീലയുടേതടക്കം പന്ത്രണ്ടു കുടുംബങ്ങളുടെ വഴി മുടക്കിക്കൊണ്ട് കുന്നുംപുറം വ്യാകുലമാതാ പള്ളിയുടെ അധികൃതര്‍ മതില്‍ കെട്ടിയടച്ചിട്ട്. പള്ളിയിലേക്ക് വഴിക്കെന്ന പേരില്‍ 1994ല്‍ സര്‍ക്കാരില്‍ നിന്നും നേടിയെടുത്ത പട്ടയത്തില്‍, വഴി സംബന്ധിച്ച പൊതുജനത്തിന്റെ അവകാശങ്ങള്‍ മാനിക്കണമെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും, പ്രതിഷേധങ്ങള്‍ക്കു ചെവികൊടുക്കാന്‍ പള്ളിക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പട്ടയം നല്‍കിയ സമയത്തുതന്നെ ആശങ്കകളുയര്‍ത്തിയിരുന്നെങ്കിലും, പള്ളി അധികാരികള്‍ വാക്കു നല്‍കി വഞ്ചിക്കുകയായിരുന്നെന്ന് സഞ്ചാര സ്വാതന്ത്ര്യ സമരസമിതി കണ്‍വീനറായ ഷാമോനും പറയുന്നു.

‘സര്‍ക്കാര്‍ വക റവന്യൂ പുറമ്പോക്കു ഭൂമിയായ 62 സെന്റ് പള്ളിക്ക് പതിച്ചുകൊടുത്തിരിക്കുന്നത് വഴിയാവശ്യത്തിനായി ഉപയോഗിക്കാനാണ്. 62 സെന്റു ഭൂമി വഴിക്കായി പതിച്ചുകൊടുത്തതു തന്നെ വലിയ പ്രശ്‌നമാണ്. ആ സമയത്തു തന്നെ നൂറ്റിയഞ്ചോളം ആളുകള്‍ ഒപ്പിട്ട പരാതി ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും കൊടുത്തതാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ആര്‍ച്ചും അടച്ചുകെട്ടിയ വഴിയും പൊളിച്ചുമാറ്റാന്‍ എ.ഡി.എം. ഉത്തരവിട്ടിരുന്നു. പള്ളിയധികാരികള്‍ക്കു സമ്പത്തുണ്ട്. അവര്‍ എല്ലാ ഉത്തരവുകള്‍ക്കും സ്റ്റേ വാങ്ങിക്കൊണ്ടിരിക്കുകയാണ്.’

ഇരുന്നൂറ്റിയെഴുപതു ദിവസങ്ങളായി ഈ അഞ്ചു വീട്ടുകാര്‍ പ്രദേശത്ത് കുത്തിയിരിപ്പു സമരത്തിലാണ്. മതില്‍ പൊളിക്കാന്‍ പള്ളിയോ, സ്ഥലം തിരിച്ചെടുക്കാന്‍ സര്‍ക്കാരോ തയ്യാറാകുന്ന വരെ സമരം തുടരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും, ഒരു തരത്തിലുള്ള നീക്കുപോക്കും ഉണ്ടാകാതിരുന്നതിനാല്‍ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്കു കടക്കുകയാണിവര്‍. വഴി നഷ്ടപ്പെട്ട എല്ലാവര്‍ക്കും വേണ്ടി, അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ് ജമീല.

‘എന്റെ വീട്ടില്‍ നിന്നും ഇറങ്ങാനുള്ള വഴി അവര്‍ അടച്ചുകെട്ടി. അടുത്ത വീട്ടുകാരുടെ വഴിയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. എല്ലായിടത്തു നിന്നും അനുകൂലമായ ഓര്‍ഡറുകള്‍ സമ്പാദിച്ചെങ്കിലും, പള്ളിക്കാര്‍ വഴങ്ങുന്നില്ല. വോട്ടുബാങ്കായതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇടപെടാന്‍ മടിയാണ്. ഞങ്ങള്‍ മൂന്നുനാലു വീട്ടുകാരുടെ വോട്ടുകിട്ടിയില്ലെങ്കിലെന്ത് എന്ന മട്ടാണ് അവര്‍ക്ക്. ഇത് ഞങ്ങള്‍ക്കുള്ള വഴിയാണ്, ഈ വഴിയുപയോഗിക്കുന്ന നാലാമത്തെ തലമുറയാണിത്. അത് ഇവിടെ എല്ലാവര്‍ക്കും അറിയാം. പക്ഷേ വിരലിലെണ്ണാവുന്നവരേ ഞങ്ങളുടെ പക്ഷത്തുള്ളൂ. പന്ത്രണ്ടു കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിട്ടും അഞ്ചു കുടുംബങ്ങളേ സമരത്തിനിറങ്ങിയിട്ടുള്ളൂ. ബാക്കിയുള്ള ക്രിസ്ത്യന്‍ കുടുംബങ്ങളെയും അവര്‍ കൂടെ നിര്‍ത്തിയിട്ടുണ്ട്.’ ജമീല പറയുന്നു.

പള്ളിയെ സംബന്ധിച്ച് വഴി അത്യന്താപേക്ഷികമല്ലെന്നതാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ന്യായം. നിലവില്‍ പള്ളിയുടെ പടിഞ്ഞാറുവശത്തായി പഞ്ചായത്തു റോഡുണ്ട്. ‘ഈ സ്ഥലം സ്വന്തമാക്കുക എന്നതുമാത്രമായിരുന്നു പള്ളിയുടെ അജണ്ട. ഇതിനു മുന്‍പും പള്ളി ഒരേക്കര്‍ മുപ്പത്തിയേഴു സെന്റ് വരുന്ന ഭൂമിയും, എണ്‍പത്തഞ്ചു സെന്റ് സര്‍ക്കാര്‍ ഭൂമിയും പതിച്ചു വാങ്ങിച്ചു വില്‍പ്പന നടത്തിയിട്ടുണ്ട്. പള്ളിക്ക് ഇതൊരു കച്ചവടമാണ്. വഴിക്കുവേണ്ടിയെന്ന പേരില്‍ സ്വന്തമാക്കിയ ഈ ഭൂമിയില്‍ തന്നെ പത്തിരുപതടി താഴ്ചയില്‍ മണ്ണെടുത്തിട്ടുണ്ട്. അമ്പത്താറു ലക്ഷം രൂപയുടെ മണ്ണാണ് ഇങ്ങനെ എടുത്തു വിറ്റത്. എഴുന്നൂറ്റമ്പതു രൂപ കൊടുത്തു വാങ്ങിച്ച സ്ഥലത്ത് മണ്ണെടുത്തു വിറ്റ് പത്തിരട്ടി ലാഭമുണ്ടാക്കി എന്നാണ് സത്യം.’

ഭൂമിക്ക് രൂപമാറ്റം വരുത്താന്‍ പാടില്ല, വില്‍പ്പന നടത്താന്‍ പാടില്ല, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നുള്ള നിബന്ധനകളോടെ നല്‍കിയ പട്ടയമാണ് പള്ളിക്കുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. നിബന്ധനകള്‍ ലംഘിച്ച സ്ഥിതിക്ക് വ്യവസ്ഥ ചെയ്ത പ്രകാരം പട്ടയം റദ്ദു ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു തന്നെയാണ് ഇവരുടെ പക്ഷം. തലമുറകളായി ഉപയോഗിക്കുന്ന വഴി തങ്ങള്‍ക്കു വിട്ടുതരില്ല എന്ന കടുംപിടിത്തം പള്ളിയധികാരികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍, ഒത്തുതീര്‍പ്പിനു തയ്യാറായേനെയെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.

എന്നാല്‍, പഞ്ചായത്ത് ഓഫീസ് അടക്കമുള്ളയിടങ്ങളില്‍ നിന്നും നിര്‍ദ്ദേശിച്ച ഒത്തു തീര്‍പ്പുകളില്‍ നിന്നും പള്ളിയധികാരികള്‍ പിന്‍വാങ്ങുകയായിരുന്നു. നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ രമ്യമായി പരിഹരിക്കാന്‍ തയ്യാറാകണമെന്നു പറഞ്ഞ കലക്ടറെ ‘വര്‍ഗ്ഗീയവാദി’ എന്നു വിളിക്കുകയാണ് അവര്‍ ചെയ്തതെന്ന് ഷാമോന്‍ പറയുന്നു. ‘സമരം ചെയ്യുന്നവരില്‍ മൂന്നു കുടുംബങ്ങള്‍ ദരിദ്രരായ മുസ്‌ലിം മതവിശ്വാസികളാണ്. മറ്റു രണ്ടു കുടുംബങ്ങള്‍ സിറിയന്‍ ക്രൈസ്തവരും. അതിലൊരു കുടുംബം ഈ പള്ളിയോടടുത്തായിരുന്നതിനാല്‍ ഇവിടെ അംഗത്വമുണ്ടായിരുന്നവരാണ്. സമരത്തിന്റെ പേരില്‍ അവരെ പള്ളിയില്‍ നിന്നും പുറത്താക്കി. അതുകൊണ്ടു തന്നെ മറ്റു ക്രൈസ്തവരാരും സമരത്തോടു സഹകരിക്കാനും തയ്യാറാകുന്നില്ല.’

സാമ്പത്തിക ലാഭത്തിനായി ദരിദ്ര കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണത്തോട് പള്ളി വികാരി ഫാദര്‍ കോളിന്‍സ് ഇലഞ്ഞിക്കല്‍ പ്രതികരിച്ചതിങ്ങനെയാണ്: ‘ഇത് കോടതിയില്‍ ഇരിക്കുന്ന കേസാണ്. ഇരുവിഭാഗങ്ങളും നിയമനടപടിക്കു നീങ്ങിയിട്ടുണ്ട്. കോടതി ഒരു ഉത്തരം പറയട്ടെ. കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണല്ലോ. വസ്തു ആരുടേതാണെന്ന വിഷയത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമൊന്നുമില്ല. വ്യക്തമായ രേഖകള്‍ ഞങ്ങളുടെ കൈവശമുണ്ട്. ഞങ്ങള്‍ക്ക് ഈ സ്ഥലം എങ്ങിനെ കിട്ടിയെന്നും ആരാണ് സ്ഥലത്തിന് കരമടയ്ക്കുന്നതെന്നും എല്ലാം വ്യക്തമാക്കുന്ന രേഖകളുണ്ട്. പള്ളിയുടെ സ്ഥലമാണത്. അവര്‍ക്കിത് പൊതുവഴിയാക്കണമെങ്കില്‍, കോടതിയില്‍ പറഞ്ഞു വാങ്ങിക്കട്ടെ.’

സമരം ചെയ്യുന്ന അഞ്ചു കുടുംബങ്ങള്‍ ഇത്രനാള്‍ ഉപയോഗിച്ചു വന്ന വഴിക്കു പകരം മറ്റേതു വഴിയുപയോഗിക്കണം എന്ന ചോദ്യത്തിനുമാത്രം പള്ളിയധികാരികള്‍ക്കു മറുപടിയില്ല. ‘പള്ളിയുടെ മണ്ണു സംരക്ഷിക്കേണ്ട കടമ വിശ്വാസികള്‍ക്കുണ്ടെ’ന്നും, ‘ഭീഷണിയുടെ സ്വരം പള്ളിയോടു വേണ്ടെ’ന്നും പറയുന്ന പോസ്റ്ററുകള്‍ ഇതിനോടകം തന്നെ പ്രദേശത്ത് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഏതറ്റം വരെ പോകേണ്ടിവന്നാലും സമരമവസാനിപ്പിക്കില്ലെന്നുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ജമീല.

മതഫാസിസത്തിന്‍റെ ചില ‘ഗര്‍ഭംകലക്കി’കള്‍; ഒല്ലൂരില്‍ സംഭവിക്കുന്നത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍