UPDATES

വൈഷ്ണവ് ആത്മഹത്യ ചെയ്തിട്ട് രണ്ടു മാസം; വയനാട് ദ്വാരകയിലെ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ അദ്ധ്യാപകനെ രക്ഷിക്കാന്‍ സഭയും പോലീസും ശ്രമിക്കുന്നതായി പിതാവ്

തന്റെ മരണത്തിനു കാരണക്കാരന്‍ സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിളാണെന്നും, അദ്ദേഹത്തെ നീതിക്കു വിട്ടുകൊടുക്കണമെന്നും വ്യക്തമായി സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പുണ്ടായിട്ടും പക്ഷേ, നോബിള്‍ ഇപ്പോഴും സ്വതന്ത്രനാണ്

ശ്രീഷ്മ

ശ്രീഷ്മ

‘എന്റെ മകനെ എനിക്കിനി തിരിച്ചു കിട്ടില്ല. അവനെ എനിക്കു നഷ്ടപ്പെട്ടു കഴിഞ്ഞു. പക്ഷേ ഞാനൊരു അച്ഛന്‍ മാത്രമല്ല, പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്. ഇനിയൊരു മാതാപിതാക്കള്‍ക്കും ഈ അനുഭവമുണ്ടാകാതിരിക്കാന്‍ ഞാന്‍ നിയമപരമായി പോരാടുക തന്നെ ചെയ്യും.’ വേദനയോടെയാണ് വിനോദ് പറഞ്ഞു നിര്‍ത്തിയത്. വയനാട് വെള്ളമുണ്ട തരുവണ സ്വദേശിയായ വിനോദിന്റെ മകന്‍ വൈഷ്ണവ് മരിച്ചിട്ട് രണ്ടു മാസമാകുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന വൈഷ്ണവ് സ്വന്തം മുറിയ്ക്കകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. വൈഷ്ണവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ വിനോദ് നടത്തുന്ന പോരാട്ടത്തിന് പക്ഷേ, തടസ്സങ്ങളേറെയാണ്. രണ്ടു മാസത്തിനു ശേഷവും പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യാത്തതും, പ്രതി സ്വതന്ത്രനായി ജാമ്യത്തില്‍ തുടരുന്നതും ഈ തടസ്സങ്ങളില്‍ ചിലതു മാത്രമാണ്.

പഠിക്കാന്‍ മിടുക്കനും ശാന്തസ്വഭാവക്കാരനുമായിരുന്ന വൈഷ്ണവിനെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ലതു മാത്രമാണ് പറയാനുള്ളത്. മാസങ്ങള്‍ക്കു മുന്‍പ് പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസോടെ ജയിച്ചതിന് പഞ്ചായത്തിന്റെ പ്രോത്സാഹനമേറ്റുവാങ്ങിയതും, സ്‌കൂളിനും വീടിനുമിടയില്‍ മാത്രം നിലനിന്നിരുന്ന വൈഷ്ണവിന്റെ ലോകത്തെക്കുറിച്ചും തരുവണക്കാര്‍ ഓര്‍ക്കുന്നുണ്ട്. ആര്‍ക്കും ഒരു തരത്തിലുമുള്ള ഉപദ്രവമുണ്ടാക്കുകയോ സമപ്രായക്കാര്‍ക്കുള്ള മറ്റു പിടിവാശികള്‍ കാണിക്കുകയോ ചെയ്യാതിരുന്ന വൈഷ്ണവ്, ഓട്ടോ ഡ്രൈവറായ വിനോദിന്റെ ഭാഗ്യമാണെന്നും വലിയ നിലയില്‍ എത്തുമെന്നുമാണ് പ്രദേശവാസികള്‍ കരുതിയിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിതമായി വൈഷ്ണവിന്റെ വിയോഗം.

കഴിഞ്ഞ ഡിസംബര്‍ പത്താം തീയതിയാണ് വൈഷ്ണവ് ആത്മഹത്യ ചെയ്യുന്നത്. മാനന്തവാടി ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന വൈഷ്ണവ്, ഇതേ സ്‌കൂളിലെ അധ്യാപകനായ നോബിളിനെതിരെ പരാമര്‍ശങ്ങളുള്ള ആത്മഹത്യാക്കുറിപ്പും എഴുതിയിരുന്നു. തന്റെ മരണത്തിനു കാരണക്കാരന്‍ സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിളാണെന്നും, അദ്ദേഹത്തെ നീതിക്കു വിട്ടുകൊടുക്കണമെന്നും വ്യക്തമായി സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പുണ്ടായിട്ടും പക്ഷേ, നോബിള്‍ ഇപ്പോഴും സ്വതന്ത്രനാണ്. അതിന്റെ കാരണമാണ് വിനോദിന് അറിയേണ്ടതും. ‘അവനെ പഠിപ്പിക്കുന്ന അധ്യാപകന്‍ പോലുമല്ല ഈ നോബിള്‍. ആ സ്‌കൂള്‍ മാനേജ്‌മെന്റിലെ പ്രധാനിയാണിയാള്‍. എല്ലാ ക്ലാസ്സിലും കയറിച്ചെല്ലുകയും എല്ലാ വിദ്യാര്‍ത്ഥികളോടും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നയാളാണ്. ഈ അധ്യാപകന്റെ മോശം സ്വഭാവത്തെക്കുറിച്ചും ഇയാള്‍ ഉണ്ടാക്കുന്ന ശല്യത്തെക്കുറിച്ചും ഈ സ്‌കൂളില്‍ മുന്‍പു പഠിച്ചിറങ്ങിയ എത്രയോ കുട്ടികള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്റെ മകനെ അധ്യാപകര്‍ക്ക് നന്നായറിയാം. അവനെ ഒരു കാര്യത്തിനും നിര്‍ബന്ധിക്കുകയോ വഴക്കു പറയുകയോ ചെയ്യേണ്ട കാര്യമില്ല. അല്ലാതെ തന്നെ അവന്‍ എല്ലാം കണ്ടറിഞ്ഞു ചെയ്യും. പിന്നെ എന്തിനാണ് ഈ അധ്യാപകന്‍ അവനോട് മോശമായി പെരുമാറിയതെന്നറിയില്ല.’

പഠനവും പുസ്തകങ്ങളുമായി ജീവിച്ചിരുന്ന തന്റെ മകനു പക്ഷേ, ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ താങ്ങാനുള്ള കഴിവില്ലായിരുന്നെന്ന് വിനോദ് പറയുന്നുണ്ട്. ചെറിയ സംഘര്‍ഷങ്ങള്‍ വന്നാല്‍ പതറിപ്പോകുമായിരുന്ന വൈഷ്ണവിനെ തങ്ങളാരും വീട്ടില്‍പ്പോലും വഴക്കു പറയാറുണ്ടായിരുന്നില്ലെന്നും. അതിന് വൈഷ്ണവ് ഇടവരുത്തിയിട്ടില്ലായിരുന്നെന്നും വിനോദ് വിശദീകരിക്കുന്നു. മറ്റു വിദ്യാര്‍ത്ഥികളോട് കര്‍ക്കശമായി ഇടപെടുന്ന അതേ തരത്തില്‍ തന്റെ മകനോടും മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയില്‍ അധ്യാപകന്‍ പെരുമാറിയിരിക്കാമെന്നും, അത് അവനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കാമെന്നുമാണ് വിനോദിന്റെ പക്ഷം. എന്നാല്‍, അധ്യാപകന്‍ തന്നെ ഉപദ്രവിക്കുന്നതായി ഒരിക്കല്‍പ്പോലും വൈഷ്ണവ് സൂചന നല്‍കിയിരുന്നുമില്ല. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു എന്നാണ് കത്തിലുള്ളതെങ്കിലും, ശാരീരിക ബുദ്ധിമുട്ടുകള്‍ ഏതു തരത്തിലുള്ളതായിരുന്നു എന്നതിനെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും അറിവില്ല.

വൈഷ്ണവിന്റെ മരണത്തില്‍ ദുഃഖിക്കുകയും, സദാസമയവും ശാന്തനായ അവനെക്കുറിച്ചോര്‍ത്ത് വേദനിക്കുകയും ചെയ്യുന്ന പരിസരവാസികള്‍ പോലും പക്ഷേ, അധ്യാപകനെ ന്യായീകരിക്കുന്നവരാണ് എന്നതാണ് വിരോധാഭാസം. അയല്‍വാസികളും വിനോദിന്റെ സുഹൃത്തുക്കളുമായ പലരും ഇപ്പോഴും കരുതുന്നത് നോബിള്‍ നിരപരാധിയാണെന്നും തെറ്റിദ്ധാരണ മൂലം കേസിലകപ്പെട്ടതാണെന്നുമാണ്. കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് നോബിളിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്റു ചെയ്തിട്ടുണ്ടെങ്കിലും, നോബിള്‍ തിരികെയെത്തണമെന്ന അഭിപ്രായക്കാരാണ് മറ്റ് അധ്യാപകരെല്ലാം. സ്‌കൂളിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ ശക്തി നോബിളാണെന്നും, വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറാത്തയാളാണെന്നും നാട്ടുകാരില്‍ പലരും പറയുന്നുണ്ട്. ‘പഠിക്കാന്‍ വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. പക്ഷേ, നോബിള്‍ മാഷിന്റെ പേരെഴുതിവയ്ക്കാന്‍ കാരണമെന്താണെന്ന് മനസ്സിലാകുന്നില്ല. സ്‌കൂളിന്റെ നെടുംതൂണാണ് നോബിള്‍. വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും അദ്ദേഹത്തെക്കുറിച്ച് പരാതിയോ എതിര്‍പ്പോ ഇല്ല. ഒരു അധ്യാപകന്റെ ജീവിതമാണ് തകര്‍ന്നു പോയത്. മറ്റു സുഹൃത്തുക്കളൊന്നുമില്ലാതെ പഠനം മാത്രമായി മുന്നോട്ടു പോയിരുന്ന കുട്ടിയാണ് വൈഷ്ണവ്. അവന്റെ മരണത്തില്‍ എല്ലാവര്‍ക്കും ദുഃഖമുണ്ട്. പക്ഷേ, നിരപരാധിയായ അധ്യാപകനെ പഴിചാരുന്നത് ശരിയാണെന്ന് തോന്നുന്നില്ല.’

എന്നാല്‍, മകന്റെ ആത്മഹത്യാക്കുറിപ്പിനെ തള്ളിക്കളയാന്‍ മാതാപിതാക്കള്‍ തയ്യാറല്ല. ഇത്തരം തിരിച്ചടികള്‍ ആദ്യഘട്ടത്തിലേ തങ്ങള്‍ പ്രതീക്ഷിച്ചതാണെന്നാണ് ഇവര്‍ക്കു പറയാനുള്ളത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളായ ദ്വാരക സേക്രഡ് ഹാര്‍ട്ടിലെ അധ്യാപകനെ സംരക്ഷിക്കാന്‍ സഭ ഒന്നടങ്കം ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങള്‍ മകന്‍ മരിച്ച അന്നു തന്നെ കണ്ടു തുടങ്ങിയതാണെന്ന് ഇവര്‍ പറയുന്നു. സ്‌കൂളിലെ മാനേജ്‌മെന്റില്‍ വലിയ പിടിപാടുള്ളയാളാണ് നോബിളെന്നും, പല തരത്തില്‍ നോബിളിനെ രക്ഷിച്ചെടുക്കാന്‍ സഭയും വിശ്വാസികളും അതുകൊണ്ടു തന്നെ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വിനോദിന് സംശയമുണ്ട്. വെള്ളമുണ്ട പൊലീസടക്കം ഇവര്‍ക്ക് അനുകൂലമാണെന്നാണ് വിനോദിന്റെ അനുഭവം. വൈഷ്ണവ് മരിച്ച ദിവസം, പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച ശരീരം തിരിച്ചെത്തിക്കുന്നതിനു മുമ്പുതന്നെ, തന്റെ മൊഴിയെടുക്കാനെത്തിയ വെള്ളമുണ്ട പൊലീസിന്റെ പ്രവര്‍ത്തികള്‍ മനുഷ്യത്വരഹിതമായിരുന്നുവെന്ന് വിനോദ് ഓര്‍ക്കുന്നു.

‘അവന്റെ സംസ്‌കാരം പോലും കഴിയുന്നതിനു മുന്നെയാണ് എന്റെ മൊഴിയെടുത്തത്. വെള്ളമുണ്ട സ്‌റ്റേഷന്‍ എ.എസ്.ഐയാണ് സ്‌റ്റേറ്റ്‌മെന്റ് എടുത്തത്. മാതാപിതാക്കള്‍ നോര്‍മലാകട്ടെ, എന്നിട്ട് സംസാരിക്കാമെന്ന് പലരും പറഞ്ഞെങ്കിലും അന്നു തന്നെ എന്റെ സ്റ്റേറ്റ്‌മെന്റ് എടുക്കണമെന്ന് ഇയാള്‍ക്കെന്തോ നിര്‍ബന്ധമായിരുന്നു. ഈ സമയത്തു തന്നെ ഈ പോലീസുകാരന്‍ സ്‌കൂളിനെയും അധ്യാപകനെയും വെള്ളപൂശുന്ന തരത്തിലാണ് എന്നോട് സംസാരിച്ചിരുന്നത്. മികച്ച സ്‌കൂളാണ്, ഈ സ്‌കൂള്‍ മികച്ചതായി തുടരാനുള്ള കാരണം തന്നെ ഈ അധ്യാപകനാണ് എന്നൊക്കെയായിരുന്നു പരാമര്‍ശം. അന്നു തന്നെ വൈഷ്ണവിന്റെ അമ്മയുടെ സ്റ്റേറ്റ്‌മെന്റും എടുക്കണമെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. സഭയുടെ സ്വാധീനം ഈ കേസിലുണ്ടായിട്ടുണ്ടെന്ന് ഉറപ്പാണ്.’

പൊലീസിന്റെ മെല്ലെപ്പോക്ക് നയം എസ്.പിയടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നതാണെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ അവര്‍ക്കും വിവരം കൊടുത്തിരുന്നുവെന്നും വിനോദ് പറയുന്നുണ്ട്. എന്നാല്‍ ഒരു ദിവസം വന്ന് വിവരങ്ങള്‍ രേഖപ്പെടുത്തി തിരികെപ്പോയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പിന്നീട് തിരിച്ചെത്തിയതുമില്ല. ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്ത 306ാം വകുപ്പു പ്രകാരം കുറ്റം ചുമത്തുമെന്നാണ് ആദ്യം വിനോദിനെ അറിയിച്ചിരുന്നതെങ്കിലും, 305ാം വകുപ്പാണ് നോബിളിനെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. എഫ്.ഐ.ആറിന്റെ കോപ്പി മാത്രമേ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളൂ എന്നും, വൈഷ്ണവ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലും കോടതിയിലെത്തിയിട്ടില്ല എന്നും വിനോദ് കണ്ടെത്തിയിട്ടുണ്ട്. അധ്യാപകന്റെ പേര് നേരിട്ടു പരാമര്‍ശിക്കുന്ന ആത്മഹത്യാക്കുറിപ്പ് നിലനില്‍ക്കുമ്പോള്‍, ഒരുതരത്തിലും ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നറിയുന്ന പൊലീസുദ്യോഗസ്ഥര്‍ മനഃപൂര്‍വം ഇയാളെ സംരക്ഷിക്കാനാണ് കോടതിയില്‍ അതു ഹാജരാക്കാതിരുന്നതെന്നാണ് വിനോദിന്റെ പരാതി.

ഇതേസമയം, സ്‌കൂളധികൃതര്‍ നടത്തുന്നതും അധ്യാപകനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണെന്ന് വൈഷ്ണവിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. കുട്ടികളെ ശാസിക്കാതെ പഠിപ്പിച്ചാല്‍ ഫലമുണ്ടാകുകയില്ലെന്നും, തങ്ങളാരും ഇനി കുട്ടികളെ ശാസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റും പറഞ്ഞ് രക്ഷിതാക്കളെ സമ്മര്‍ദ്ദത്തിലാക്കുകയും, അതോടൊപ്പം നോബിള്‍ മാഷ് തിരിച്ചെത്താത്തിടത്തോളം സ്‌കൂളില്‍ അധ്യയനം ശരിയായി നടക്കില്ലെന്ന പ്രതീതിയുണ്ടാക്കാനും മറ്റ് അധ്യാപകര്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്. സി.ഇ മാര്‍ക്കിന്റേയും പരീക്ഷാഫലങ്ങളുടേയും കാര്യം പറഞ്ഞ് ഭയപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും വിദ്യാര്‍ത്ഥികളില്‍ നിന്നും ഒപ്പിട്ടു വാങ്ങിക്കുന്നത് അധ്യാപകനെ തിരിച്ചെത്തിക്കാനുള്ള തന്ത്രമാണെന്നും ഒരു വിഭാഗം പറയുന്നു. രണ്ടു ഭാഗവും ചിന്തിച്ച ശേഷം തീരുമാനമെടുക്കണമെന്നും, കുട്ടികളുടെ ഭാവി വച്ച് കളിക്കരുതെന്നും രക്ഷിതാക്കള്‍ക്ക് ഉപദേശവും ലഭിക്കുന്നുണ്ട്.

സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളും അവിടത്തെ അധ്യാപകനെയും സംരക്ഷിക്കാന്‍ സഭ നേരിട്ടിടപെടുന്നതായാണ് വിനോദിന്റെ അനുഭവം. പൊതുപ്രവര്‍ത്തകനായ വിനോദിന്റെ സുഹൃത്തുക്കളിലും സഹപ്രവര്‍ത്തകരിലും പെട്ട പലരും, സഭയ്‌ക്കെതിരായി നിലപാടെടുക്കാന്‍ മടിച്ച് ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ചെയ്തത്. വൈഷ്ണവിന്റെ മരണത്തെത്തുടര്‍ന്ന് വീട്ടിലെത്തി അനുശോചനമര്‍പ്പിക്കാന്‍ പോലും ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. വരാന്‍ കഴിഞ്ഞ കുറച്ചു കുട്ടികളോടാകട്ടെ, മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം കൊടുത്താണ് പറഞ്ഞുവിട്ടിരുന്നത്. ഇക്കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ അധ്യാപകനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയാന്‍ അധികം ചിന്തിക്കേണ്ടതില്ലെന്നു പറയുന്ന വിനോദിന് പക്ഷേ, തന്റെ മകന്‍ അനുഭവിച്ച സംഘര്‍ഷം എന്തുകൊണ്ടാണ് അവന്റെ സ്‌കൂള്‍ കണക്കിലെടുക്കാത്തത് എന്നു ചോദിക്കാനേ സാധിക്കുന്നുള്ളൂ.

കേസ് എടുത്തിട്ടുണ്ടെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നുമല്ലാതെ പുതിയതൊന്നും വെള്ളമുണ്ട പൊലീസിനും പറയാനില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ വിനോദ് അറിയിച്ചതനുസരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലെത്തി വൈഷ്ണവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. അന്നു നല്‍കിയ വാക്കനുസരിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം വൈഷ്ണവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് നിയമസഭയില്‍ ചോദ്യമുന്നയിക്കുകയും ചെയ്തു. അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നായിരുന്നു ചോദ്യത്തിന് മറുപടി. നിയമസഭയില്‍ വരെ എത്തിയ സ്ഥിതിക്ക് ഇനി തന്റെ മകന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് വിനോദ്.

‘കെമിസ്ട്രി അധ്യാപകനായ നോബിള്‍ എന്ന വ്യക്തിയുടെ കടുത്ത മാനസികവും ശാരീരികവുമായ പീഢനത്തെത്തുടര്‍ന്ന് മരണപ്പെടാന്‍ പോകുന്നു’ എന്നും ‘ നോബിള്‍ സാറിനെ നീതിക്ക് വിട്ടു നല്‍കുക, നിയമവിധേയമായ ശിക്ഷ വാങ്ങിക്കൊടുക്കുക’ എന്നും സ്വന്തം കൈപ്പടയില്‍ വൈഷ്ണവ് എഴുതിയ കത്ത് തെളിവായി കൈയിലുള്ളപ്പോള്‍, കേസ് രജിസ്റ്റര്‍ ചെയ്ത നിമിഷം തന്നെ അധ്യാപകന് ജാമ്യം വാങ്ങിച്ചു നല്‍കിയ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിനോദ്. ഇനിയൊരു പിതാവിനും തന്റെ സ്ഥിതിയുണ്ടാകാതിരിക്കാന്‍ നിയമം അനുവദിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അധ്യാപകന് വാങ്ങിക്കൊടുക്കണമെന്നാണ് ഈ അച്ഛന്റെ ലക്ഷ്യം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍