UPDATES

കടല്‍ കരയെ വിഴുങ്ങുമ്പോള്‍ കേരളത്തില്‍ കാലാവസ്ഥ മാറ്റ അഭയാര്‍ത്ഥികള്‍ കൂടുന്നു

തീരങ്ങളെ സംരക്ഷിക്കുന്നതിന് കടല്‍തീരങ്ങളില്‍ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കണം. പ്രാകൃതിക നടപടികള്‍ക്ക് മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ, മനുഷ്യനിര്‍മ്മിത ഘടനകള്‍ക്കാവില്ല

ഹരിത ജോണ്‍

ഹരിത ജോണ്‍

തന്റെ തകര്‍ന്ന വീടിന്റെ വാതില്‍പ്പടികളില്‍ ഇരിക്കുകയാണ് 65-കാരിയായ മറിയ. വാതിലിനോട് ചേര്‍ന്ന ഒരു ചുമര്‍ മാത്രമാണു അവശേഷിക്കുന്നത്. എല്ലാ ദിവസവും അവര്‍ ‘വീട്ടിലേക്ക്’ വരും, താനും കുടുംബവും ആ പുതിയ വീട് കെട്ടാന്‍ തുടങ്ങിയ നാളുകളെ ഓര്‍ത്തെടുത്ത് വൈകുന്നേരം വരെയിരിക്കും.

“രണ്ടു കൊല്ലമാണ് ഞാനും കുടുംബവും ഇവിടെ കഴിഞ്ഞത്. ഒരു ദിവസം രാത്രി കടല്‍ക്ഷോഭത്തിന്റെ മുന്നറിയിപ്പ് വന്നു, ഞങ്ങളോടു ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറാന്‍ പറഞ്ഞു. പിറ്റെന്നു രാവിലെ ഞങ്ങള്‍ വന്നു നോക്കിയപ്പോള്‍ വീട് തിരയെടുത്തിരുന്നു. ഞങ്ങളുടെ ഹൃദയം തകര്‍ന്നുപോയി.”

തിരുവനന്തപുരത്തെ വലിയതുറ കടല്‍തീരത്താണ് മറിയ താമസിക്കുന്നത്. ഔദ്യോഗിക രേഖകള്‍ പ്രകാരം തീരം കടലെടുത്തുപോവുകയും കടല്‍ക്ഷോഭവും മൂലം വലിയതുറയില്‍ 110 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. അടുത്തുള്ള മീന്‍പിടിത്ത തൊഴിലാളികളുടെ ഗ്രാമങ്ങളായ പൂന്തുറ, പനത്തുറ, ബീമാപള്ളി എന്നിവിടങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ മറ്റൊരു 100 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഏതാണ്ട് 200 മീന്‍പിടിത്ത കുടുംബങ്ങള്‍ താത്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറ്റിയ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് മാറ്റുകയായിരുന്നു. അവരില്‍ മിക്കവരും എന്നും കടല്‍തീരത്ത് പോയി തങ്ങളുടെ തകര്‍ന്ന വീടുകള്‍ കാണും.

“കഴിഞ്ഞ അഞ്ചു കൊല്ലമായി ഞങ്ങളീ വിദ്യാലയങ്ങളിലാണ് താമസിക്കുന്നത്. എന്റെ കുട്ടിക്ക് ഒരു വീട്ടില്‍ കഴിയുന്നത് എങ്ങനെയെന്ന് അറിയില്ല, അവനിവിടെയാണ് ജനിച്ചത്. ആ തീരത്ത് ആദ്യ വരിയില്‍ മൂന്നു കിടപ്പുമുറികളുള്ള ഒരു വീടുണ്ടായിരുന്നു ഞങ്ങള്‍ക്ക്,” അഭയാര്‍ത്ഥികളില്‍ ഒരാളായ മിനി കണ്ണുനീരോടെ പറഞ്ഞു.

വലിയതുറയിലെ ആല്‍ഫൈന് കടലെടുക്കുന്ന തീരത്തുള്ള വീടിനെക്കുറിച്ചോര്‍ത്ത് രാത്രി ഉറക്കമില്ല. പത്തു കൊല്ലം മുമ്പ് പണി തീരുമ്പോള്‍ കടല്‍തീരത്തുനിന്നും 550 മീറ്റര്‍ അകലെയായിരുന്നു അവരുടെ വീട്. ഇപ്പോളത് വെറും മൂന്നു മീറ്റര്‍ അകലത്താണ്. “വാതിലുകളിലും ജനാലകളിലും ഇപ്പോള്‍ത്തന്നെ വിള്ളലുകള്‍ വീണിരിക്കുന്നു. ഞങ്ങള്‍ സാധനങ്ങളെല്ലാം കെട്ടിവെച്ചിരിക്കുകയാണ്. എപ്പോ വേണമെങ്കിലും ഇവിടെ നിന്നും ഓടാന്‍ പാകത്തില്‍.”

ജില്ലയില്‍ ഏറ്റവുമധികം പ്രശ്നം ബാധിച്ച തീരമായ വലിയതുറയില്‍ കടലിനോടടുത്ത മൂന്നു വരിയിലെ വീടുകള്‍ മുഴുവന്‍ തകര്‍ന്നിരിക്കുന്നു. മറ്റൊരു മൂന്നു വരിയിലെ വീടുകള്‍-ഏതാണ്ട് 100 എണ്ണം-വലിയ ഭീഷണിയിലാണ്. ആല്‍ഫിന്റെ വീടുപോലെ മിക്കതിലും വിള്ളലുകള്‍ വീണു തുടങ്ങി.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ശംഖുമുഖം. ഇവിടെ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ജൂണില്‍ തുടങ്ങിയ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ തീരം ഇടിഞ്ഞുപോയി.

“രണ്ടു തരത്തിലുള്ള കടലെടുപ്പുകളുണ്ട്: ചാക്രികവും പടിപടിയായി വര്‍ധിക്കുന്നതും. കടല്‍ക്ഷോഭത്തിന്റെ കാലത്ത് കടലെടുത്തുപോവുകയും പിന്നീട് അക്കൊല്ലത്തെ ശാന്തമായ കാലത്ത് കടലൊഴിഞ്ഞു തൂര്‍ന്ന് സന്തുലിതമാക്കുന്ന ചാക്രിക കടലെടുപ്പിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ പടിപടിയായി വര്‍ധിക്കുന്ന കടലെടുപ്പ് ശാന്തമായ കാലത്തും നടക്കുന്നതാണ്. അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നായതിനാല്‍ അതിനെയാണ് നേരിടേണ്ടത്. പടിപടിയായി വര്‍ധിക്കുന്ന കടലെടുപ്പിന്റെ കാരണങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തുകയും ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം,” ദേശീയ സമുദ്രവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഇളങ്കോവന്‍ പറഞ്ഞു.

കടല്‍ത്തീരം പുന:സ്ഥാപിക്കപ്പെട്ടില്ല എന്നതിനാല്‍ വലിയതുറ, പൂന്തുറ, പനത്തുറ, ഭാഗങ്ങളിലെ കടലെടുപ്പ് പടിപടിയായി വര്‍ധിക്കുന്ന കടലെടുപ്പാണ് എന്നു കരുതേണ്ടിവരും. പക്ഷേ ശംഖുമുഖത്തേത് ചാക്രിക കടലെടുപ്പാണ്. കടല്‍ക്ഷോഭ കാലം കഴിഞ്ഞാല്‍ കടല്‍ത്തീരം തിരിച്ചുകിട്ടാറുണ്ട്.

കടല്‍ഭിത്തി കെട്ടലാണ് കടലെടുപ്പിനെതിരെ കേരളത്തിന്റെ പ്രധാന പ്രതിരോധം. എന്നാല്‍ പരാജയമാണെന്ന് തെളിഞ്ഞ ഇവ വാസ്തവത്തില്‍ പ്രതികൂല ഫലമാണ് ഉണ്ടാക്കുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു.

Also Read: നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

തിരകള്‍ നേരിട്ട് തീരത്തടിച്ചു മണ്ണൊലിപ്പുണ്ടാകാതിരിക്കാന്‍ കടല്‍ത്തീരത്തിനോട് ചേര്‍ന്ന്, കടലിനും കരയ്ക്കും ഇടയില്‍ പണിയുന്ന കല്‍ഭിത്തികളാണ് കടല്‍ഭിത്തികള്‍. കേരളത്തിന്റെ 590 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്ത് 310 കിലോമീറ്ററും കടല്‍ഭിത്തിയുണ്ട്.

ഭൌമശാസ്ത്ര പഠന കേന്ദ്രത്തിലെ (CESS) മുന്‍ ശാസ്ത്രജ്ഞനായ കെ.വി തോമസ് പറയുന്നത്, കടല്‍ഭിത്തി നിര്‍മ്മാണം വാസ്തവത്തില്‍ കടലെടുപ്പിന് കാരണമാകും എന്നാണ്. മണ്‍സൂണ്‍ കാലത്തെ കടലെടുപ്പ് സാധാരണമാണ്. പക്ഷേ കടല്‍ഭിത്തി കാരണം മഴയ്ക്ക് ശേഷം കടല്‍ത്തീരം പുനസ്ഥാപിക്കപ്പെടുന്നില്ല. ഒലിച്ചുപോയ എക്കല്‍ ഇതുമൂലം തിരിച്ചടിയുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

എന്തുകൊണ്ടാണ് വലിയതുറ, ശംഖുമുഖം കടല്‍ത്തീരങ്ങള്‍ ഏറ്റവും കൂടുതലായി കടലെടുപ്പ് ബാധിക്കപ്പെട്ടവയായത് എന്നദ്ദേഹം പഠനം നടത്തി. “ശംഖുമുഖവും, വലിയതുറയും, ഈ രണ്ടു കടല്‍ത്തീരങ്ങളും കടല്‍ഭിത്തികളുടെ ഇടയിലാണ് കിടക്കുന്നത്. തെക്ക് ഭാഗത്ത് അവസാനിക്കുന്ന ഒരു കടല്‍ഭിത്തിക്കും ആളുകള്‍ ഇടയില്‍ താമസിക്കുന്ന മറുവശത്തു നിന്നും തുടങ്ങുന്ന മറ്റൊരു കടല്‍ഭിത്തിക്കും ഇടയിലാണ് വലിയതുറതീരം കിടക്കുന്നത്. അതുകൊണ്ട് ഈ വിടവില്‍ ജലനിരപ്പ് ഉയരുന്നതിന് ഇടയായി. അങ്ങനെയാണ് നമുക്ക് വലിയതുറയില്‍ നൂറോളം വീടുകള്‍ നഷ്ടപ്പെട്ടത്,” അദ്ദേഹം പറഞ്ഞു.

2017-ലെ ഓഖി ചുഴലിക്കാറ്റും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. “കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കടലെടുപ്പ് കൂടുതലാണ്. കാരണം ഓഖി ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ അതിനുശേഷവും തുടര്‍ന്ന കടലിലെ ന്യൂനമര്‍ദ്ദം മൂലം പരിഹരിക്കപ്പെട്ടില്ല,” തോമസ് പറഞ്ഞു.

“നമുക്ക് 590 കിലോമീറ്ററോളം കടല്‍ത്തീരമുണ്ട്. കടല്‍ഭിത്തി നിര്‍മ്മാണം ആശിച്ച ഫലമുണ്ടാക്കിയെന്ന് എനിക്കു തോന്നുന്നില്ല. കടല്‍ഭിത്തികളും പുലിമുട്ടുകളും ശാസ്ത്രീയ പരിഹാരങ്ങളല്ല. കടല്‍ത്തീരത്ത് തടയുണ്ടാക്കുന്നത് ആവാസവ്യവസ്ഥയെ തകര്‍ക്കും. അത് കടലിന്റെ ആഴം കൂട്ടും,” സംസ്ഥാന ജൈവ വൈവിധ്യ സമിതിയുടെ മുന്‍ അദ്ധ്യക്ഷന്‍ ഉമ്മന്‍ സി ഉമ്മന്‍ പറഞ്ഞു.

പ്രാകൃതിക പരിഹാരങ്ങളാണ് ഏക വഴിയെന്ന് ഉമ്മന്‍ ആവര്‍ത്തിച്ചു. “നമ്മുടെ തീരങ്ങളെ സംരക്ഷിക്കുന്നതിന് കടല്‍തീരങ്ങളില്‍ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കണം. പ്രാകൃതിക നടപടികള്‍ക്ക് മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ, മനുഷ്യനിര്‍മ്മിത ഘടനകള്‍ക്കാവില്ല. തീരസസ്യങ്ങളും കണ്ടല്‍ക്കാടുകളും തീരത്തെ മണലിനെ പിടിച്ചുനിര്‍ത്തും”

IANS

ഹരിത ജോണ്‍

ഹരിത ജോണ്‍

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍