UPDATES

ട്രെന്‍ഡിങ്ങ്

പിണറായിയുടെ ശ്രദ്ധക്ക്: “കടക്ക് പുറത്ത്” എന്ന് ജനങ്ങളെക്കൊണ്ട് പറയിക്കരുത്

പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന സ്വകാര്യചടങ്ങിന്റേയോ അതീവ രഹസ്യസ്വഭാവമുള്ള യോഗങ്ങളുടേയോ ഒന്നും ദൃശ്യം പകര്‍ത്താനല്ല ക്യാമറകളും മൈക്കുകളുമായി മാധ്യമപ്രവര്‍ത്തകര്‍ ചെന്നത്

“മമ്മൂട്ടി ഭൂമി കയ്യേറി എന്ന് നിന്നോട് ആരാ പറഞ്ഞേ? വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞ് നടന്നോ”

വര്‍ഷം 2007, സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ന്യൂഡല്‍ഹി കേരള ഹൗസിന്റെ കോണിപ്പടികള്‍ ഇറങ്ങിവരുകയാണ്. കോണിപ്പടി കയറിപ്പോകുന്ന സ്വന്തം പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനെയാണ് അദ്ദേഹം കണ്ണുരുട്ടിക്കൊണ്ട് ഇങ്ങനെ ശകാരിച്ചത്. ചാനല്‍ ക്യാമറകളുടെ മുമ്പിലായിരുന്നു സൂപ്പര്‍ ഡയലോഗ് പ്രകടനം. വിരണ്ടുപോയ പാവം പ്രവര്‍ത്തകന്‍ സ്തംഭിച്ചുപോയി. ചെയ്ത കുറ്റം ഇതാണ് – ഒരു മുദ്രാവാക്യം വിളിച്ചു. വേറൊന്നും ചെയ്തിട്ടില്ല. ഈയടുത്ത മാസങ്ങളിലൊരിക്കല്‍ ചോദ്യങ്ങളുമായി തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി, “മാറി നില്‍ക്ക്” എന്ന് ദേഷ്യത്തോടെ പറഞ്ഞ് മുന്നോട്ട് പോകുന്ന് പിണറായി വിജയനേയും നമ്മള്‍ കണ്ടു. ഇന്ന് വീണ്ടും മാധ്യമങ്ങളോടുള്ള രോഷപ്രകടനം ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലെ സൂപ്പര്‍ ഡയലോഗായി പിണറായി അവതരിപ്പിച്ചു.

വീണ്ടും ഫ്‌ളാഷ് ബാക്കിലേയ്ക്ക് പോകാം. വിഎസിന്റെ പൂച്ചകള്‍ മൂന്നാറില്‍ എലികളെ പിടിക്കുന്ന കാലമാണ്. കയ്യേറ്റങ്ങള്‍ ഇടിച്ചുനിരത്തുന്ന ജെസിബികളെ പരിഹസിച്ച് എം മുകുന്ദന്‍ ദിനോസറുകളുടെ കാലം എഴുതിക്കൊണ്ടിരുന്ന സമയവുമായിരിക്കണം അത്. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ ഡല്‍ഹിയിലെത്തി. ആവേശം മൂത്ത പ്രവര്‍ത്തകന്‍ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന വിഎസിന് അഭിവാദ്യം അര്‍പ്പിക്കുന്ന കൂട്ടത്തില്‍ – “ബിസിജിയും മമ്മൂട്ടിയും” എന്നൊക്കെ പറഞ്ഞ് ഒരു മുദ്രാവാക്യം വിളിച്ചു. ആവേശം കയറി വിളിച്ചുപോയതാണ്.. സംസ്ഥാന സെക്രട്ടറിയുടെ ചെവിയില്‍ ഇക്കാര്യമെത്തുമെന്നും അദ്ദേഹം തന്നെ ചാനല്‍ ക്യാമറകള്‍ക്ക് വച്ച് ഇത്തരത്തില്‍ ശകാരിക്കും എന്നൊന്നും ഈ പ്രവര്‍ത്തകന്‍ കരുതിയിട്ടുണ്ടാകില്ല. മൂന്നാറില്‍ ഭൂമി കയ്യേറി എന്ന ആരോപണം പല പ്രമുഖര്‍ക്കും എതിരെ ഉയര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ നടന്‍ മമ്മൂട്ടിയുടെ പേരും ഉയര്‍ന്നിരുന്നു. മമ്മൂട്ടിക്കെതിരെ ഉയര്‍ന്ന ആരോപണത്തോട് പ്രതികരിക്കാനും രോഷം കൊള്ളാനും അദ്ദേഹം പോലും കാണിക്കാതിരുന്ന ആവേശമാണ് പിണറായി അന്ന് കാണിച്ചത്.

ഇന്ന് ക്ഷണിക്കാത്ത കല്യാണത്തിന് വീട്ടിലേയ്ക്ക് കയറി വന്നവരോട് പോലും കാണിക്കാവുന്ന മര്യാദകള്‍ കാണിക്കാതെ മുഖ്യന്‍ മാധ്യമങ്ങളെ ‘ഗെറ്റ് ഔട്ട്’ അടിച്ചപ്പോള്‍ ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലെ പിണറായിയുടെ രോഷപ്രകടനങ്ങളെ കുറിച്ച് ഓര്‍ത്തുപോയതാണ്. മമ്മൂട്ടിയുമായുള്ള വ്യക്തിപരമായ അടുപ്പമുള്ളത് കൊണ്ടായിരിക്കണം അന്ന് അദ്ദേഹത്തെ ആ മുദ്രാവാക്യം വിളി ഇത്തരത്തില്‍ രോഷം കൊള്ളാന്‍ പ്രേരിപ്പിച്ചത്. പക്ഷെ തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അല്ലെങ്കില്‍ അനുരഞ്ജന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ “കടക്കൂ പുറത്ത്” എന്ന് ആക്രോശിച്ച് പുറത്താക്കാനുള്ള പ്രേരണ എന്തായിരുന്നു എന്ന് വ്യക്തമല്ല.

പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന സ്വകാര്യചടങ്ങിന്റേയോ അതീവ രഹസ്യസ്വഭാവമുള്ള യോഗങ്ങളുടേയോ ഒന്നും ദൃശ്യം പകര്‍ത്താനല്ല ക്യാമറകളും മൈക്കുകളുമായി മാധ്യമപ്രവര്‍ത്തകര്‍ ചെന്നത്. ഇത്തരത്തിലുള്ള യോഗങ്ങള്‍ നടക്കുമ്പോള്‍ നേതാക്കള്‍ സംസാരിക്കുന്നത് കേട്ടുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കാറുമില്ല. യോഗത്തിനായി എത്തിയ നേതാക്കള്‍ ഇരിക്കുന്ന ദൃശ്യം പകര്‍ത്തി അവര്‍ പുറത്തുപോവുകയും യോഗവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ചെയ്യുന്നത്. യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യോഗം നടക്കുന്ന മുറിക്കുള്ളില്‍ നില്‍ക്കണ്ട ആവശ്യവുമില്ല. മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വിഷയങ്ങളൊന്നും ഈ ചര്‍ച്ചയില്‍ വരേണ്ട കാര്യവുമില്ല. മാധ്യമങ്ങള്‍ ഈ യോഗം നടക്കുന്ന സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അനൌചിത്യമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ തന്നെ അത് മര്യാദയോടെ അവരോട് പറയാമായിരുന്നു.

ഈ യോഗത്തിന് എന്ത് രഹസ്യസ്വഭാവമാണുള്ളത്? ബിജെപി – ആര്‍എസ്എസ് നേതാക്കളുമായി സിപിഎം സംസ്ഥാന സെക്രട്ടറിയും മറ്റും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമാധാന ചര്‍ച്ച നടത്തുന്നതില്‍ എന്താണ് ഇത്ര രഹസ്യസ്വാഭാവം. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം താന്‍ ഇരിക്കുന്ന വീഡിയോ ദൃശ്യവും ചിത്രങ്ങളും ട്രോളര്‍മാര്‍ ഉപയോഗിക്കും എന്ന് പേടിച്ചിട്ടാണോ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചില ന്യായീകരണ തൊഴിലാളികള്‍ ഇത്തരം തമാശകളൊക്കെ പറയുന്നുണ്ട്. പക്ഷെ ഇത്തരം തമാശകളൊന്നും ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രിക്ക് ചേരില്ല. തനിക്ക് അതൃപ്തിയുള്ള രീതിയില്‍ പെരുമാറുന്നത് ആരായാലും അത് തുറന്നുകാണിക്കുന്ന പ്രകൃതക്കാരനാണ് പിണറായി വിജയന്‍. ക്യാമറ ഉണ്ടോ ഇല്ലേ എന്നൊന്നും അദ്ദേഹം നോക്കാറില്ല. യാതൊരു കാപട്യവുമില്ലാതെ തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് എന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള പൊതുധാരണ. തുറന്ന പെരുമാറ്റം വളരെ നല്ലതാണ്. പക്ഷെ അത് മര്യാദയില്ലായമയെ ന്യായീകരിക്കുന്നില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും വരുന്ന മാധ്യമപ്രവര്‍ത്തകരോട് യാതൊരു മര്യാദയുമില്ലാതെ മാടമ്പികളെ പോലെ പെരുമാറുന്നത് മുഖ്യമന്ത്രിയായാലും പാര്‍ട്ടി സെക്രട്ടറിയായാലും തികഞ്ഞ അല്‍പ്പത്തരവും ജനാധിപത്യവിരുദ്ധവുമാണെന്ന് തന്നെ പറയേണ്ടി വരും.

സാധാരണഗതിയില്‍ പിണറായി വിജയന്റെ ആക്രോശങ്ങള്‍ക്കും കടുപ്പിച്ച മറുപടികള്‍ക്കും മുന്നില്‍ തുടര്‍ചോദ്യങ്ങള്‍ ഒഴിവാക്കി മാധ്യമപ്രവര്‍ത്തകര്‍ പതുങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍  ആവര്‍ത്തിച്ച് ചോദിച്ചു: “എന്തിനാണ് ഞങ്ങളെ ഈ രീതിയില്‍ പുറത്താക്കിയത്”. ചോദ്യങ്ങള്‍ അവസാനിക്കും എന്നോ അതില്‍ നിന്ന് ഒളിച്ചോടാമെന്നോ വിചാരിക്കേണ്ടെന്ന വ്യക്തമായ സന്ദേശം തന്നെയാണത്. കടക്ക് പുറത്ത് എന്ന് പറഞ്ഞതിന് മുഖ്യന് മറുപടി ഉണ്ടായിരുന്നില്ല. ആഴ്ചയില്‍ ഒരിക്കല്‍ നടത്തിയിരുന്ന കാബിനറ്റ് ബ്രീഫിംഗ് ഒഴിവാക്കി ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന് തീരുമാനിച്ചതുകൊണ്ടൊന്നും ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല.

ഞാന്‍ അങ്ങോട്ട് പറയും നിങ്ങള്‍ അത് വായിച്ചും കേട്ടും അറിഞ്ഞാല്‍ മതിയെന്ന മട്ടില്‍ പറയാന്‍ പത്രങ്ങളും റേഡിയോകളും മാത്രമുണ്ടായിരുന്ന കാലത്തെ നേതാക്കള്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല. അപ്പോളാണ് ഫേസ്ബുക്കും ട്വിറ്ററും എല്ലാം ഉപയോഗിക്കുന്നൊരു നേതാവ് ഇത്തരത്തില്‍ പെരുമാറുന്നത്. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് പലപ്പോഴും അപക്വമായതും അംഗീകരിക്കാന്‍ കഴിയാത്തതുമായ പെരുമാറ്റങ്ങള്‍ ഉണ്ടാകാറുണ്ട് എന്ന വസ്തുത മറക്കുന്നില്ല. എന്നാല്‍ ഇവിടെ അത്തരത്തിലൊരു പെരുമാറ്റവും മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാന്‍ മാത്രം ഉണ്ടായതായി കാണുന്നില്ല. അപ്പോള്‍ ഇത് തികഞ്ഞ ധാര്‍ഷ്ട്യത്തിന്റെ മാത്രം പ്രശ്‌നമാണ് എന്ന് വേണം മനസിലാക്കാന്‍.

തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുന്ന അസാധാരണമായ സാഹചര്യങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്ത് അരക്ഷിതാവസ്ഥയുണ്ടാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടുവരാനും ബിജെപിയും സംഘപരിവാറും കിണഞ്ഞുശ്രമിക്കുന്നുണ്ട്. സ്വാഭാവികമായും മുഖ്യമന്ത്രിക്ക് അസ്വസ്ഥതകളും സമ്മര്‍ദ്ദങ്ങളും ഉണ്ടാകും. ഇന്ന് ജൂലായ് 31 ആണ്. കൃത്യം 58 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 1959 ജൂലായ് 31നാണ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയത്. സംസ്ഥാനത്ത് വ്യാപകമായി അക്രമമഴിച്ചുവിട്ടും പൊലീസ് വെടിവയ്പുകളുണ്ടാക്കിയുമാണ് വിമോചന സമരക്കാര്‍ ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കിയത്. അതിന്റെ ചെറിയ പതിപ്പുകളെന്ന വണ്ണം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്ന പോലൊരു ഏക പാര്‍ട്ടി മേധാവിത്തത്തിന്റെ അവസ്ഥയിലേയ്ക്കാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നീങ്ങുന്നത് (അന്നത്തേയും ഇന്നത്തേയും കേരളത്തിന്റെ സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമാണെങ്കില്‍ പോലും. അന്നത്തേതുപോലെ ജനവിരുദ്ധ – മൂലധന താല്‍പര്യങ്ങള്‍ക്കും ആഗോള മുതലാളിത്തത്തിനും ഏതെങ്കിലും തരത്തില്‍ ഭീഷണി സൃഷ്ടിക്കുന്ന സര്‍ക്കാരുമല്ല പിണറായിയുടേത്‌ ). പക്ഷെ ഇത്തരം പെരുമാറ്റങ്ങള്‍ കൊണ്ട് അതിന് ഒരു പരിഹാരവും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ഈ യോഗത്തിന്റെ ദൃശ്യം പകര്‍ത്തുന്നത് ഏത് തരത്തിലുള്ള പ്രശ്‌നമാണ് ഉണ്ടാക്കുക എന്ന് സാമാന്യയുക്തിക്ക് നിരക്കുന്ന വിധത്തില്‍ പിണറായിക്ക് ഒന്ന് പറഞ്ഞുതരാമായിരുന്നു.

വളരെ ഗൗരവത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു, ചെയ്യുന്നു എന്നൊക്കെയുള്ള പ്രതിച്ഛായയുള്ള അല്ലെങ്കില്‍ അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന താങ്കള്‍ ഇത്തരത്തിലുള്ള കുട്ടിക്കളികളിലൂടെ സ്വയം പരിഹാസ്യനാവരുത്. മാധ്യമങ്ങള്‍ പലപ്പോഴും ധാര്‍ഷ്ട്യക്കാരനായോ ചിലപ്പോഴെല്ലാം വില്ലന്‍ വേഷത്തിലോ ഒക്കെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള താങ്കള്‍ ഒരു ഹാസ്യതാരമായി മാറുന്നതായിരിക്കും ഫലം. പിന്നെ താങ്കളുടെ തൊട്ടുപുറകില്‍ നിന്നിരുന്ന സിപിഎം സംസ്ഥാന കോടിയേരി കോടിയേരി ബാലകൃഷ്ണനെ കുറിച്ചാണ്. “പറഞ്ഞിട്ടാണ്” എന്ന് ആരോ പറയുന്നതിന്റെ അശരീരിയും “എന്ത് പറഞ്ഞിട്ട്?” എന്ന് താങ്കള്‍ ചൂടാവുന്നതും കേട്ടു. അദ്ദേഹം, താങ്കള്‍ ഇത് പറയുമ്പോളും പുറത്തിറങ്ങി മാധ്യമങ്ങളെ കാണുമ്പോളുമെല്ലാം ചിരിക്കുകയായിരുന്നു. എവിടെയും തൊടാതെ ഉരുണ്ടുകളിച്ചതിന് ശേഷം എന്തിനാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പെരുമാറിയത് എന്ന ചോദ്യത്തിന് “അത് ശ്രദ്ധയില്‍ പെട്ടിട്ടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന മറുപടി. മലയാളം അറിയാവുന്ന എല്ലാവരും കോടിയേരിയുടെ ആ മറുപടി കേട്ട് പകച്ചുപോയിട്ടുണ്ടാവണം.

“കടക്കൂ പുറത്ത്” എന്ന് ആര്‍ക്കും ആരോടും പറയാവുന്ന കാര്യമാണ്. അത് പിണറായിക്ക് മാത്രം കഴിയുന്ന കാര്യമല്ല. എല്ലാകാലത്തും എല്ലാം ഒരുപോലെ ആയിരിക്കില്ല. എല്ലാ കാലത്തും പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുകയുമില്ല. “കടക്കൂ പുറത്ത്” എന്ന് കേരളത്തിലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ടി വരാതെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച്‌ ഇറങ്ങിപ്പോകാന്‍ താങ്കള്‍ക്ക് കഴിയട്ടെ. അഭിവാദ്യങ്ങള്‍.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍